Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകളുടെ സ്വപ്‌ന ഭവനത്തിന്റെ നിർമ്മാണം കാണാനായി മകനും കൊച്ചുമകനുമൊപ്പം യാത്ര തുടങ്ങി; മുന്നിൽ പോയ ബൈക്കിനെ ഇടിച്ചു തെറുപ്പിച്ച് രാജമ്മയുടേയും അനിൽകുമാറിന്റേയും ശരീരത്തിലൂടെ കയറി ഇറങ്ങി ചീറിപാഞ്ഞുവന്ന ടിപ്പർ; ടോറസുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണികൾ

മകളുടെ സ്വപ്‌ന ഭവനത്തിന്റെ നിർമ്മാണം കാണാനായി മകനും കൊച്ചുമകനുമൊപ്പം യാത്ര തുടങ്ങി; മുന്നിൽ പോയ ബൈക്കിനെ ഇടിച്ചു തെറുപ്പിച്ച് രാജമ്മയുടേയും അനിൽകുമാറിന്റേയും ശരീരത്തിലൂടെ കയറി ഇറങ്ങി ചീറിപാഞ്ഞുവന്ന ടിപ്പർ; ടോറസുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണികൾ

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: ടിപ്പർ ലോറി അമിത വേഗതയ്ക്കെതിരെ പരാതി നൽകി നാട്ടുകാർ മടുത്തു. കെപി റോഡിലെ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ ഒരുകുടുംബത്തിലെ മൂന്നു ജീവനുകൾ കഴിഞ്ഞ ദിവസം പൊളിഞ്ഞതോടെ വീണ്ടും ടോറസുകളുടെ അമിത വേഗത ചർച്ചയാവുകയാണ്. കായംകുളം-പുനലൂർ റോഡിൽ കുറ്റിത്തെരുവിനു സമീപം ടിപ്പർ ലോറി ബൈക്കിലിടിച്ച് അമ്മയും മകനും കൊച്ചുമകനും മരിച്ചു. നിരവധി ജീവനുകളാണ് ഈ ഭാഗത്ത് പൊലിഞ്ഞിട്ടുള്ളത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നിട്ടും നടപടിയില്ല.

ആലപ്പുഴ കാളാട്ടു വാർഡിൽ വള്ളിക്കാട്ടു പറമ്പിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ രാജമ്മ (66), മകൻ അനിൽകുമാർ (രാജീവ്-40), അനിലിന്റെ മകൻ മിഥുൻ(അച്ചു-ആറ്) എന്നിവരാണു മരിച്ചത്. കളർകോട് ബ്ലോക്ക് ഓഫീസിനുസമീപം വാര്യത്തുവീട്ടിൽ രണ്ടുവർഷമായി വാടകയ്ക്ക് താമസിക്കുകയാണിവർ. കായംകുളം കെ.പി. റോഡിൽ പുള്ളിക്കണക്കിനുസമീപം ഇന്നലെ രാവിലെ 7.20നാണ് അപകടം. മകൾക്ക് വീട് എന്ന സ്വപ്നം പൂവണിയിക്കാൻ പുറപ്പെട്ട രാജമ്മയുടെ യാത്ര മരണയാത്രയായി മാറുകയായിരുന്നു.

മകളുടെ സ്വപ്നഭവനത്തിന്റെ നിർമ്മാണം കാണാനുള്ള യാത്രക്കിടെയാണ് ഇന്നലെ കായംകുളം കാറ്റാനത്തുണ്ടായ വാഹനാപകടത്തിൽ രാജമ്മ മരിച്ചത്. രാജമ്മയുടെ ദീർഘകാലത്തെ മോഹമായിരുന്ന മകൾ രശ്മിയുടെ വീടുപണി. വീട് നിർമ്മാണം ആരംഭിക്കുന്ന വിവരം മരുമകൻ രാജീവും രശ്മിയും കഴിഞ്ഞ ദിവസം ആലപ്പുഴയിലെ കാളാത്തെ വീട്ടിലെത്തി അമ്മയോട് പറഞ്ഞിരുന്നു. ഇതിനായി പത്തനംത്തിട്ട അടൂരിലെ മരുമകന്റെ വീട്ടിലേയ്ക്ക് യാത്രപോയതാണ് ഈ കുടുംബം. രാജമ്മയും മകൻ അനിൽകുമാറും, പേരക്കുട്ടിയും ഒന്നാംക്ലാസ് വിദ്യാർത്ഥിയുമായ മിഥുനും ഇന്നലെ രാവിലെ 6.30നാണ് വീട്ടിൽ നിന്നും പുറപ്പെട്ടത്.

ഇവർ സഞ്ചരിച്ച ബൈക്കിൽ കായംകുളം കറ്റാനത്തുവച്ച് അമിതവേഗതയിലെത്തിയ ടോറസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കായംകുളം ഗവ.ആശുപത്രിയിൽ മൂവരേയും എത്തിച്ചെങ്കിലും രാജമ്മയും മിഥുനും ഇവിടെവച്ച് മരിച്ചു.ഗുരുതര പരിക്കേറ്റ അനിൽ കുമാറിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മൂന്നുമണിയോടെ ഇയാളും മരണത്തിന് കീഴടങ്ങി. രാജമ്മയ്ക്കും മിഥുനും തലയ്ക്ക് ആഴത്തിലേറ്റ മുറിവും അനിൽകുമാറിന് വൃക്കയ്ക്ക് ഏറ്റ ക്ഷതവുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഇന്നലെ രാവിലെ ഏഴരയോടെ കുറ്റിത്തെരുവ് രണ്ടാംകുറ്റി ജംക്ഷനു സമീപമായിരുന്നു അപകടം. അമിതവേഗത്തിൽ കറ്റാനം ഭാഗത്തേക്കു പോയ ടിപ്പർ മുന്നിൽ പോയ ബൈക്കിനെ പിന്നിൽനിന്ന് ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു മൂവരും ലോറിക്കടിയിൽപെടുകയായിരുന്നു. രാജമ്മയുടെയും മിഥുന്റെയും ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങി. ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച പൊലീസ്, ടിപ്പർ ഡ്രൈവർക്കെതിരെ കേസെടുത്തു ലോറി കസ്റ്റഡിയിലെടുത്തു.

രാജമ്മ കളർകോട് കൃഷി വകുപ്പിന്റെ മണ്ണുപരിശോധന കേന്ദ്രത്തിലെ പാർട്ട് ടൈം ജീവനക്കാരിയാണ്. ടൈൽ പണിക്കാരനാണ് അനിൽകുമാർ. നേരത്തേ അനിൽ കുമാർ ദുബായിൽ ജോലി ചെയ്തിരുന്നു. ഏകമകനായ മിഥുൻ കളർകോട് യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി. മൂവരുടെയും സംസ്‌കാരം ഇന്നു രാവിലെ 11 ന് കുടുംബവീട്ടിൽ നടക്കും. അപകടശേഷം ടിപ്പർ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ടിപ്പർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP