Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിൽ വകുപ്പിനോട് ചിറ്റമ്മ നയം എന്ന പ്രസ്താവനയുടെ പേരിൽ വിശദീകരണം തേടി സർക്കാർ; കുത്തിയോട്ടത്തെ കുറിച്ചുള്ള പരാമർശവും പുലിവാലായി; കേരളത്തിലെ ആദ്യ വനിതാ ഡിജിപിയും മുഖ്യമന്ത്രിയുടെ രോഷത്തിന്റെ വില അറിഞ്ഞു തുടങ്ങി; ശ്രീലേഖയെ കാത്തിരിക്കുന്നത് ജേക്കബ് തോമസിന്റെ അതേ അനുഭവങ്ങൾ തന്നെയെന്ന് സൂചന

ജയിൽ വകുപ്പിനോട് ചിറ്റമ്മ നയം എന്ന പ്രസ്താവനയുടെ പേരിൽ വിശദീകരണം തേടി സർക്കാർ; കുത്തിയോട്ടത്തെ കുറിച്ചുള്ള പരാമർശവും പുലിവാലായി; കേരളത്തിലെ ആദ്യ വനിതാ ഡിജിപിയും മുഖ്യമന്ത്രിയുടെ രോഷത്തിന്റെ വില അറിഞ്ഞു തുടങ്ങി; ശ്രീലേഖയെ കാത്തിരിക്കുന്നത് ജേക്കബ് തോമസിന്റെ അതേ അനുഭവങ്ങൾ തന്നെയെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാറിനെതിരെ ഒരക്ഷരം മിണ്ടരുത്..! മന്ത്രിമാരുടെ ആജ്ഞകൾ പഞ്ചപുച്ഛമടക്കം കേട്ടിരുന്നോണാം.. അതാണ് ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൽ മുതലുള്ള അവസ്ഥ. ടി പി സെൻകുമാറിനും ജേക്കബ് തോമസിനും ശേഷം മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും നോട്ടപ്പുള്ളിയായി മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥ കൂടി. ജയിൽ ഡിജിപി ആർ ശ്രീലേഖയാണ് അടുത്തിടെ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ സർക്കാറിന്റെ നോട്ടപ്പുള്ളിയായി മാറിയിരിക്കുന്നത്. അതിനായി തീർത്തും നിരുപദ്രവകരമായ പ്രസ്താവന ചൂണ്ടിക്കാട്ടി ശ്രീലേഖയോട് വിശദീകരണം തേടിയിരിക്കയാണ് സർക്കാർ. സർക്കാർ വിരുദ്ധ പരാമർശം നടത്തിയെന്നാണ് ആരോപണം.

ജയിൽ വകുപ്പിനോടു സർക്കാരിനു ചിറ്റമ്മനയമെന്ന വിമർശനത്തിന്റെ പേരിലാണു നടപടി. ഏതാനും ദിവസം മുൻപു ജയിൽ ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലാണു ശ്രീലേഖ ഇക്കാര്യം പറഞ്ഞത്. ഇതേത്തുടർന്നാണു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി വിശദീകരണം തേടിയത്. ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തെ വിമർശിച്ചു ബ്ലോഗിൽ കുറിപ്പിട്ടതിനു കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. ഇതു സംബന്ധിച്ച ഫയലിൽ പൊങ്കാലയുടെ തലേന്നു രാത്രിയാണ് മുഖ്യമന്ത്രി ഒപ്പിട്ടത്.

ഓഖി ദുരന്തത്തിൽ അഴിമതി കണ്ട മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതും സസ്പെന്റ് ചെയ്തതും ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശ്രീലേഖക്കെതിരെ സർക്കാർ തിരിഞ്ഞിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച കുത്തിയോട്ടത്തെ വിമർശിച്ചതിനു ജയിൽ ഡിജിപി: ആർ.ശ്രീലേഖയ്ക്കു ചീഫ് സെക്രട്ടറി പോൾ ആന്റണി കാരണം കാണിക്കൽ നോട്ടിസ് നൽകി. 15 ദിവസത്തിനകം വിശദീകരണം നൽകണം. സർക്കാർ ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കേണ്ടവരാണെന്നും വിവാദ പരാമർശങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശ്രീലേഖയ്ക്കെതിരെ പൊതുജന വികാരം എതിരാണെന്ന് സർക്കാർ തിരിച്ചറിയുന്നു. വിഷയത്തിൽ ചില ഹൈന്ദവ സംഘടനകൾ കേന്ദ്ര സർക്കാരിനെ സമീപിക്കാനും സാധ്യതയുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാർ സ്വമേധയാ നടപടി എടുക്കുന്നത്. ഇടതുപക്ഷത്തിന്റെ മൗനാനുവാദത്തോടെയാണ് ശ്രീലേഖ ആറ്റുകാൽ ക്ഷേത്ര ചടങ്ങിനെ വിമർശിച്ചതെന്ന് ഹൈന്ദവ സംഘടനകൾ പ്രചരണം തുടങ്ങിയിരുന്നു. വർഗ്ഗീയമായി ആളുകളെ ചേരി തിരിപ്പിക്കുന്ന സാഹചര്യവും ഉണ്ടായി. ബാലാവകാശ കമ്മീഷൻ കേസെടുത്തതും ചർച്ചയായി. ഇതിനൊപ്പം സുന്നത്തിനെതിരേയും പ്രതികരണങ്ങളും പരാതികളും ഉണ്ടാക്കി. ഇങ്ങനെ രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ പോന്ന വിഷയമാണ് ശ്രീലേഖ ചർച്ചയാക്കിയതെന്ന വിധത്തിലാണ് പ്രതികരണങ്ങൾ.

ആറ്റുകാൽ ക്ഷേത്ര ഉത്സവത്തിന് സർക്കാർ എല്ലാ സഹായവും നൽകുന്നുണ്ട്. കാലാകാലങ്ങളായി നടക്കുന്നതാണ് കുത്തിയോട്ടം. അതിൽ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥ വിവാദം കണ്ടത് അനവസരത്തിലാണെന്നാണ് സർക്കാർ പക്ഷം. ഈ സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സർക്കാരിന്റെ സൽപേരിനു കളങ്കം വരുത്തുന്ന നിലപാടുകൾ ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകരുതെന്നും ഇതിൽ പറയുന്നു. മറുപടി തൃപ്തികരമല്ലെങ്കിൽ ശ്രീലേഖയെ സസ്പെന്റ് ചെയ്യാനും സാധ്യതയുണ്ട്. വിജിലൻസ് മേധാവി സ്ഥാനത്തേക്ക് സർക്കാർ പരിഗണിച്ച പേരുകളിൽ ഒന്നായിരുന്നു ശ്രീലേഖ. കേഡർ പദവിയില്ലാത്തതു കൊണ്ട് മാത്രമാണ് നൽകാത്തത്. അതിനിടെയാണ് വിവാദം ഉണ്ടാകുന്നത്.

സർക്കാരുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഐപിഎസുകാരൻ ഡിജിപി ടോമിൻ തച്ചങ്കരിയാണ്. തച്ചങ്കരിലും ശ്രീലേഖയും ഒരേ ബാച്ചു കാരണെങ്കിലും ഇരുവരും കടുത്ത ശത്രുതയിലാണ്. പല ഘട്ടങ്ങളിലും ഭിന്നത തുറന്ന പോരിലേക്ക് എത്തുകയും ചെയ്തിരുന്നു. അന്നൊക്കെ ശ്രീലേഖയെ കൈവിടാതെയാണ് ഇടതു സർക്കാർ മുന്നോട്ട് പോയത്. എന്നാൽ ആറ്റുകാൽ വിഷയം അതുപോലയല്ലെന്ന് സർക്കാരും തിരിച്ചറിയുന്നു. ഏതായാലും ശ്രീലേഖയുടെ മറുപടിയാകും നിർണ്ണായകം. തെറ്റ് സമ്മതിച്ച് മാപ്പ് അപേക്ഷ നൽകിയാൽ ശ്രീലേഖയ്ക്കെതിരെ നടപടിയെടുക്കില്ല. അല്ലാത്ത പക്ഷം നടപടി വരുമെന്നാണ് സൂചന. ഐപിഎസു നേടുന്ന ആദ്യ മലയാളി വനിതയാണ് ശ്രീലേഖ.

അതേസമയം സർക്കാറിന്റെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമായ ചില കാരണങ്ങളുമുണ്ടെന്ന സൂചനയുണ്ട്. ഷുഹൈബിനെ ജയിലിൽ വെച്ച് വധിക്കാൻ ശ്രമം നടന്നെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ ആരോപിച്ചിരുന്നു. ഈ പ്രസ്താവനയെ ശരിവെക്കുന്ന വിധത്തിൽ ശ്രീലേഖ പ്രതികരിക്കുകയുമുണ്ടായി. ഇതോടെ വിഷയത്തിൽ സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു. സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ശുഹൈബിനെ ചട്ടം ലംഘിച്ച് സബ് ജയിലിൽ നിന്നും സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയെന്നാണ് കെ സുധാകരൻ ആരോപിച്ചിരിക്കുന്നത്. ശുഹൈബിനെ ജയിലിൽ വച്ച് ആക്രമിക്കാൻ വേണ്ടിയായിരുന്നു ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ചട്ടംലംഘിച്ചുള്ള ജയിൽമാറ്റമെന്നും കെ സുധാകരൻ ആരോപിച്ചക്കുകയുണ്ടായി. ഈ വിവരമറിഞ്ഞ താൻ ജയിൽ ഡിജിപിയെ കാര്യങ്ങൾ ധരിപ്പിച്ചതുകൊണ്ടാണ് ശുഹൈബിന്റെ ജീവൻ രക്ഷിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ജയിൽ ഡിജിപി ശ്രീലേഖയുടെ ഇടപടെൽ കൊണ്ടുമാത്രമാണ് അന്ന് ശുഹൈബിന്റെ ജീവൻ രക്ഷിക്കാനായത്. ശുഹൈബിനെ ജയിൽമാറ്റുന്നുവെന്ന കാര്യം താനാണ് ശ്രീലേഖയെ അറിയിച്ചത്. ഉടൻതന്നെ ജയിൽ ഡിജിപി വിഷയത്തിൽ ഇടപെടുകയും ജയിൽ ഉദ്യോഗസ്ഥരെ വിളിച്ച് സംസാരിക്കുകയും ചെയ്തു. സംഭവത്തിൽ ഡിജിപി ജയിൽ ഉദ്യോഗസ്ഥരെ ശാസിക്കുകയും ജയിൽമാറ്റം റദ്ദാക്കുകയും ചെയ്തു. ജയിൽ ഡിജിപി ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കിൽ സിപിഎം പ്രവർത്തകർ അന്നുതന്നെ ശുഹൈബിനെ കൊലപ്പെടുത്തിയേനെയന്നും കെ സുധാകരൻ പറഞ്ഞിരുന്നു. ഈ സംഭവവും ശ്രീലേഖക്കെതിരെ തിരിയാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചു എന്നാണ് അറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP