Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ത്രിപുരയിൽ കോൺഗ്രസ്സിന്റെ പഴയ 10 സീറ്റിലും വിജയിച്ചത് സിപിഎം....കമ്മികളെ ചിന്തിക്കൂ, ബിജെപി ആരുടെ കൊട്ടയിൽ ആണ് വളർന്നത്..? ഉള്ള നേതാക്കളെയെല്ലാം ബിജെപി ചാക്കിട്ടുപിടിച്ചതോടെ വട്ടപ്പൂജ്യമായ കോൺഗ്രസിന്റെ നാണക്കേട് തീർക്കാൻ സിപിഎമ്മിന്റെ മേൽ പഴിചാരി സൈബർയുദ്ധം; കഴിഞ്ഞതവണ നേടിയ പത്തിൽ ഒമ്പതും പോയത് ബിജെപിക്ക് തന്നെ; കോൺഗ്രസിനെ വിഴുങ്ങിയതിന് പുറമെ കള്ളവോട്ട് ഇല്ലാതാക്കാനും കരുക്കൾ നീക്കിയതോടെ ബിജെപി നേടിയത് ചരിത്രവിജയം

ത്രിപുരയിൽ കോൺഗ്രസ്സിന്റെ പഴയ 10 സീറ്റിലും വിജയിച്ചത് സിപിഎം....കമ്മികളെ ചിന്തിക്കൂ, ബിജെപി ആരുടെ കൊട്ടയിൽ ആണ് വളർന്നത്..? ഉള്ള നേതാക്കളെയെല്ലാം ബിജെപി ചാക്കിട്ടുപിടിച്ചതോടെ വട്ടപ്പൂജ്യമായ കോൺഗ്രസിന്റെ നാണക്കേട് തീർക്കാൻ സിപിഎമ്മിന്റെ മേൽ പഴിചാരി സൈബർയുദ്ധം; കഴിഞ്ഞതവണ നേടിയ പത്തിൽ ഒമ്പതും പോയത് ബിജെപിക്ക് തന്നെ; കോൺഗ്രസിനെ വിഴുങ്ങിയതിന് പുറമെ കള്ളവോട്ട് ഇല്ലാതാക്കാനും കരുക്കൾ നീക്കിയതോടെ ബിജെപി നേടിയത് ചരിത്രവിജയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ത്രിപുരയിൽ സിപിഎമ്മിനെ തറപറ്റിച്ച് ബിജെപി സഖ്യം ഉജ്വല വിജയം നേടിയതോടെ ഞെട്ടിയത് സിപിഎം മാത്രമല്ല, കോൺഗ്രസും കൂടിയാണ്. 2013ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് 49ഉം സിപിഐക്ക് ഒന്നും കോൺഗ്രസിന് പത്തും സീറ്റായിരുന്നു അസംബ്‌ളിയിൽ. അന്ന് ഒരു സീറ്റുപോലും ഇല്ലാതിരുന്ന ബിജെപിയാണ് ഇത്തവണ വമ്പൻ വിജയം നേടിയത്. ഇക്കുറി ബിജെപിക്ക് 35ഉം സഖ്യകക്ഷിയായ ത്രിപുര ഐപിഎഫിന് എട്ടും സീറ്റ് കിട്ടിയപ്പോൾ സിപിഎമ്മിന് 16 സീറ്റിൽ ഒതുങ്ങേണ്ടിവന്നു.

പക്ഷേ, കോൺഗ്രസ് ഒരു സീറ്റുപോലും കിട്ടാതെ അമ്പേ തോറ്റമ്പിയിട്ടും സിപിഎമ്മിനെ കുറ്റപ്പെടുത്തി പ്രചാരണം തുടങ്ങിയിരിക്കുകയാണ് സൈബർ ലോകത്തെ കോൺഗ്രസ് പോരാളികൾ. അതിന് പറയുന്ന ന്യായമാകട്ടെ വളരെ വിചിത്രവുമാണ്. 'ത്രിപുരയിൽ കോൺഗ്രസ്സിന്റെ പഴയ 10 സീറ്റിലും വിജയിച്ചത് സിപിഎം....കമ്മികളെ ചിന്തിക്കൂ, ബിജെപി ആരുടെ കൊട്ടയിൽ ആണ് വളർന്നത്..?'.. ഇതാണ് സൈബർ ലോകത്തെ കോൺഗ്രസ്സുകാരുടെ ചോദ്യം. പക്ഷേ.. ഒട്ടും വാസ്തവമല്ലാത്ത പ്രചരണമാണ് ഇത്. ബിജെപി ത്രിപുരയിലെ കോൺഗ്രസ് നേതാക്കളെ ഒന്നടങ്കം വിഴുങ്ങിയതോടെയാണ് സത്യത്തിൽ തിരഞ്ഞെടുപ്പുഫലം ഇത്തരത്തിൽ വന്നത് എന്നതാണ് യാഥാർത്ഥ്യം.

കോൺഗ്രസിന്റെ വോട്ട് ഇതോടെ ബിജെപി പാളയത്തിലേക്ക എത്തി. കഴിഞ്ഞതവണ പത്തു സീറ്റേ ഉണ്ടായിരുന്നുള്ളൂ എങ്കിലും കോൺഗ്രസിന് അന്ന് 36.53 ശതമാനം വോട്ടുകൾ കിട്ടിയിരുന്നു. സിപിഎമ്മിന് 48.11 ശതമാനവും സിപിഐക്ക് 1.57 ശതമാനവും ആയിരുന്നു വോട്ടിങ് ശതമാനം. അതിലും താഴെ 1.54 ശതമാനത്തിലായിരുന്നു അക്കുറി ബിജെപി.

ഇത്തവണ ബിജെപി 43ശതമാനം വോട്ടു മാത്രമേ മൊത്തത്തിൽ നേടിയിട്ടുള്ളൂ. സിപിഎം 42.7 ശതമാനം വോട്ടുനേടി. വ്യത്യാസം വെറും 0.3 ശതമാനം മാത്രം. നോട്ടയ്ക്കുപോലും ഒരു ശതമാനം വോട്ടുകിട്ടിയ സ്ഥാനത്ത് കോൺഗ്രസ് ഇക്കുറി നേടിയതാകട്ടെ 1.8 ശതമാനം മാത്രം. ഈ കണക്കുകളിൽ നിന്നുതന്നെ വ്യക്തമാണ് കോൺഗ്രസിന്റെ വോട്ടുകളാണ് ബിജെപി പക്ഷത്തേക്ക് പോയത് എന്നത്.

എന്നാൽ ഇപ്പോൾ കേരളത്തിൽ കോൺഗ്രസ് ചർച്ചയാക്കുന്നത് മറ്റൊന്നാണ്. സിപിഎമ്മിന്റെ തോൽവി കോൺഗ്രസിന്റേതിനേക്കാളും മോശമാണെന്ന് പ്രചരിപ്പിക്കുകയാണ് അവർ. ഇതിന് രണ്ടുണ്ട് കാര്യം. ഒന്ന് കോൺഗ്രസുമായി കൂ്ട്ടുകൂടേണ്ട എന്ന് നയമെടുത്ത കേരള സിപിഎം ഫ്രാക്ഷന് എതിരെ പ്രചരണം നടത്തുക. രണ്ട്. കോൺഗ്രസിന്റെ കഴിഞ്ഞതവണത്തെ പത്തുസീറ്റ് വിട്ടുകൊടുത്തതുകൊണ്ടാണ് സിപിഎമ്മിന് ഇത്തവണ 16 സീറ്റെങ്കിലും കിട്ടിയതെന്ന് സ്ഥാപിക്കുക.

പക്ഷേ, ഇതു രണ്ടും അവാസ്തവമായ പ്രചരണം മാത്രം. സത്യത്തിൽ ബിജെപിയുടെ ഇത്രയും ഉജ്വലമായ വിജയത്തിന് കാരണമായത് ത്രിപുരയിലെ കോൺഗ്രസിന്റെ പിടിപ്പുകേട് തന്നെ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല, കഴിഞ്ഞതവണ കോൺഗ്രസ് നേടിയ പത്തിൽ ഒമ്പതു സീറ്റും ഇക്കുറി പോയത് ബിജെപിക്കാണ്. ഒരു മണ്ഡലത്തിൽ മാത്രമായിരുന്നു കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ സിപിഎം ജയം. അത് കൈലാഷഹറിൽ മോബോഷർ അലിയുടെ വിജയമായിരുന്നു.

അഗർത്തലയിൽ സുദീപ് റോയ് ബർമൻ, ബാധർഘട്ടിൽ ദിലീപ് സർക്കാർ, ധർമ്മനഗറിൽ ബിശ്വബന്ധു സെൻ, കർമചാരയിൽ ദിബചന്ദ്രയും മോഹൻപൂരിൽ രത്തൻലാൽ നാഥും ടൗൺ ബോർഡോവാലിയിൽ ആശിഷ് കുമാർ സാഹയും രാധാകിഷോർപൂരിൽ പ്രാണജിത് സിംഘ റോയിയും കോൺഗ്രസിൽ നിന്ന് കളംമാറി ബിജെപിയിൽ ചേർന്ന് അതേ മണ്ഡലത്തിൽ ഇക്കുറിയും ബിജെപി സീറ്റു നൽകി വിജയിച്ചുകയറിയവർ. കോൺഗ്രസിന്റെ മറ്റു സീറ്റുകളായിരുന്ന ബനമാലിപുരിൽ ബിജെപി മുഖ്യമന്ത്രിയാകാൻ പോകുന്ന ബിപ്‌ളബ്കുമാർ ദേവും ബർജലയിൽ ദിലീപ്കുമാർ ദാസും മാത്രമാണ് പഴയ കോൺഗ്രസുകാർ അല്ലാതെ ജയിച്ചവർ. വസ്തുത ഇതായിരിക്കെയാണ് സിപിഎമ്മിനെതിരെ കോൺഗ്രസ് സൈബർ പോരാട്ടം. കോൺഗ്രസ് നേതാക്കളിൽ വലിയൊരു വിഭാഗം ഇത്തരത്തിൽ ബിജെപിയിലേക്ക് മാറിയതോടെ അണികളും അതേപോലെ ബിജെപി പാളയത്തിലെത്തി. ഇതോടെയാണ് ബിജെപിയുടെ വിജയത്തിന് കളമൊരുങ്ങിയത്.

എന്നാൽ ബിജെപി നേടിയ വിജയത്തിന്റെ പിന്നിൽ മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. മുൻകാലങ്ങളിൽ കള്ളവോട്ട് കൂടുതലായിരുന്നു എന്നും അത് സിപിഎമ്മിന്റെ തുടർഭരണം നിലനിർത്തുന്നതിൽ നിർണായകമായി എന്നുമാണ് ആക്ഷേപം. 2013ൽ 91.82 ശതമാനമായിരുന്നു പോളിങ്. അതിൽ നിരവധിപേർ സിപിഎമ്മിന് കള്ളവോട്ടുചെയ്തുവെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇത്തവണ 78.86 ശതമാനം മാത്രമായി പോളിങ് കുറഞ്ഞു.

കള്ളവോട്ടിനെതിരെ ബിജെപിയും വ്യാപക പ്രചരണം നടത്തിയിരുന്നു. ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി ഇലക്ഷൻ കമ്മിഷനും ജാഗ്രത പാലിച്ചതായും അങ്ങനെ ഇത്തവണ കള്ളവോട്ട് നടക്കാതെ വന്നതോടെ ബിജെപിക്ക് ജയമുണ്ടായെന്നുമാണ് വാദമുയരുന്നത്. ബംഗാളിൽ നിന്ന് ആളെ ഇറക്കി സിപിഎം ഓരോ തവണയും ഭരണം പിടിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇക്കുറി പോളിങ് ശതമാനം കുറഞ്ഞതോടെയാണ് ബിജെപിക്ക് വിജയം ഉണ്ടാകുമെന്ന നിലയിൽ നേരത്തേതന്നെ വിലയിരുത്തലുകളും വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP