Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയസാധ്യത മുൻനിർത്തി സുജാതയെ നിർത്തണമെന്ന നിർദ്ദേശം ജില്ലാ കമ്മറ്റി തള്ളി; സജി ചെറിയാന് നറുക്ക് വീണത് ജില്ലാ നേതാക്കളുടെ ഏകകണ്ഠമായി പിന്തുണയോടെ; സുധാകരന്റെ നിലപാട് നിർണ്ണായകമായി; ബിജെപിയും സിപിഎമ്മും സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടും തീരുമാനമാകാതെ കോൺഗ്രസ്; ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ഒരുക്കങ്ങൾ തകൃതി

ജയസാധ്യത മുൻനിർത്തി സുജാതയെ നിർത്തണമെന്ന നിർദ്ദേശം ജില്ലാ കമ്മറ്റി തള്ളി; സജി ചെറിയാന് നറുക്ക് വീണത് ജില്ലാ നേതാക്കളുടെ ഏകകണ്ഠമായി പിന്തുണയോടെ; സുധാകരന്റെ നിലപാട് നിർണ്ണായകമായി; ബിജെപിയും സിപിഎമ്മും സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടും തീരുമാനമാകാതെ കോൺഗ്രസ്; ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ഒരുക്കങ്ങൾ തകൃതി

ആലപ്പുഴ: ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർത്ഥിയായി സജി ചെറിയാൻ തന്നെ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റാകും അന്തിമ തീരുമാനം എടുക്കുക. മന്ത്രി ജി സുധാകരന്റെ പിന്തുണയാണ് സജി ചെറിയാന് തുണയാകുന്നത്. ബിജെപിക്കായി പിഎസ് ശ്രീധരൻ പിള്ളയാണ് സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥി ആരെന്നതിൽ ഇനിയും വ്യക്തതയില്ല. എം മുരളിയും ശിവദാസൻ നായരും അടക്കമുള്ളവർ സ്ഥാനാർത്ഥികളാക്കാൻ കരുനീക്കം സജീവമാണ്.

ഏപ്രിലിൽ ചെങ്ങന്നൂരിൽ ഉതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് പൊതവേയുള്ള വിലയിരുത്തൽ. കർണ്ണാടക തെരഞ്ഞെടുപ്പ് ദിവസമാകും വോട്ടെടുപ്പെന്നും സൂചനയുണ്ട്. ഇത് മുന്നിൽ കണ്ടാണ് ബിജെപിയും സിപിഎമ്മും നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും നിർണ്ണായകമാണ് ഫലം. ഇത് മനസ്സിലാക്കിയാണ് സിപിഎമ്മും ബിജെപിയും പ്രചരണത്തിൽ വളരെ മുമ്പേ സജീവമാകുന്നത്. അതിനിടെ സജി ചെറിയാൻ മികച്ച സ്ഥാനാർത്ഥിയാണോ എന്ന സംശയം സിപിഎമ്മിലെ ഒരു വിഭാഗത്തിനുണ്ട്. പൊലീസ് തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടിലും ഇത് സൂചിപ്പിക്കുന്നു.

എന്നാൽ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം സജി ചെറിയാനാണ് സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ചു കഴിഞ്ഞു. ഇനി മാറാൻ സാധ്യതയില്ല. സജി ചെറിയാന്റെ സ്ഥാനാർത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചതിനെ തുടർന്ന് ഇന്നലെ ചെങ്ങന്നൂരിൽ ചേർന്ന അടിയന്തര ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ഗുരുദാസൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വിഗോവിന്ദൻ എന്നിവരാണു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം റിപ്പോർട്ട് ചെയ്തത്. ശുപാർശ സെക്രട്ടറിയേറ്റും കേന്ദ്രനേതൃത്വവും അംഗീകരിച്ചാൽ സജി ചെറിയാന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. ജി സുധാകരനെ പിണക്കാൻ കഴിയാത്തതു കൊണ്ടാണ് സജി ചെറിയാനെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അംഗീകരിക്കുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സജി ചെറിയാനെ സ്ഥാനാർത്ഥി ആക്കുന്നതു സംബന്ധിച്ചു ചർച്ച നടന്നിരുന്നു. തുടർന്നു ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നു സജിയുടെ പേരു മാത്രമാണു ശുപാർശ ചെയ്തത്. 2006ൽ സജി ചെങ്ങന്നൂരിൽ നിന്നു മത്സരിച്ചിരുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം 2016 ലെ തെരഞ്ഞെടുപ്പിലാണു കെ.കെ.രാമചന്ദ്രൻ നായരിലൂടെ എൽഡിഎഫ് ചെങ്ങന്നൂർ സീറ്റ് സ്വന്തമാക്കിയത്. രാമചന്ദ്രൻ നായരുടെ വിയോഗത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വരുന്നത്. ഈ സാഹചര്യത്തിൽ ചെങ്ങന്നൂരിൽ സിപിഎമ്മിന് ജയിച്ചേ മതിയാകൂ. അതിനുള്ള കരുത്ത് സജി ചെറിയാനുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. സിപിഎമ്മിനു വലിയ തിരിച്ചടിയായ ത്രിപുര തിരഞ്ഞെടുപ്പു ഫലമാണു ചെങ്ങന്നൂരിലെ ഇടതു സ്ഥാനാർത്ഥി സംബന്ധിച്ച തീരുമാനം വേഗത്തിലാക്കിയത്. എന്നാൽ സജി ചെറിയാന്റെ കാര്യത്തിൽ പുനരാലോചന വേണമെന്ന അഭിപ്രായം അതിശക്തമാണ്.

മാവേലിക്കര എംപിയായിരുന്ന സിഎസ് സുജാതയെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ വി എസ് പക്ഷക്കാരിയായി അറിയപ്പെട്ടിരുന്ന സുജാതയോട് സുധാകരന് താൽപ്പര്യമില്ല. ഇതാണ് സജി ചെറിയാന് തുണയാകുന്നത്. സമുദായിക സമവാക്യങ്ങൾ അനുകൂലമാക്കാൻ സുജാതയാണ് മികച്ചതെന്ന അഭിപ്രായം ഇപ്പോഴും പാർട്ടിയിൽ സജീവമാണ്. എന്നാൽ സജി ചെറിയാനിലൂടെ ന്യൂനപക്ഷ വോട്ട് എൽഡിഎഫിനു ലഭിക്കുമെന്നാണു സിപിഎം കണക്കൂകൂട്ടൽ.

2016 ൽ ശക്തമായ ത്രികോണ മത്സരം നടന്ന ചെങ്ങന്നൂരിൽ, അന്നു മികച്ച പ്രകടനം കാഴ്ചവച്ച ദേശീയ നിർവാഹക സമിതി അംഗം പി.എസ്.ശ്രീധരൻ പിള്ളയെത്തന്നെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ ജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. എം മുരളി കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചനകൾ. അതിനിടെ ത്രിപുര തെരഞ്ഞെടുപ്പിൽ സിപിഎം തോൽവി തിരിച്ചറിഞ്ഞ് ശിവദാസൻ നായരും സീറ്റിനായി രംഗത്ത് വന്നിട്ടുണ്ട്. ഇതിനൊപ്പം എബി കുര്യാക്കോസ് അടക്കമുള്ള പ്രാദേശിക നേതാക്കളും സീറ്റിനായി സജീവമായി രംഗത്തുണ്ട്.

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആം ആദ്മി പാർട്ടിയും തയ്യാറെടുക്കുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം പാർട്ടിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഇവിടെ നടന്നിരുന്നു. സമ്മേളനത്തിൽ പ്രഖ്യാപിച്ചില്ലെങ്കിലും ചെങ്ങന്നൂരിൽ മത്സരിക്കുമെന്നാണു നേതാക്കൾ നൽകുന്ന സൂചന. മണ്ഡലത്തിലെ വീടുകൾ സന്ദർശിച്ചുള്ള ക്യാംപെയിനു ശേഷമേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ. മത്സരിക്കണോ എന്ന കാര്യത്തിൽ ജനഹിതം തേടി നേരത്തേ മണ്ഡലത്തിലുടനീളം എഎപിക്കാർ യാത്ര നടത്തിയിരുന്നു. ദേശീയ നേതാവ് സഞ്ജയ്‌സിങ് എംപി ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിലെത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP