Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജൈന സംസ്‌കാരത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കി ഡോക്യുമെന്ററി; 'ചിതറാൽ -ജൈനസംസ്‌കൃതിയുടെ തിരുശേഷിപ്പുകൾ' എന്ന ചെറുചിത്രത്തിന്റെ സംവിധായക ശ്രീദേവി വർമ്മ

ജൈന സംസ്‌കാരത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കി ഡോക്യുമെന്ററി; 'ചിതറാൽ -ജൈനസംസ്‌കൃതിയുടെ തിരുശേഷിപ്പുകൾ' എന്ന ചെറുചിത്രത്തിന്റെ സംവിധായക ശ്രീദേവി വർമ്മ

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡത്തിനു സമീപത്തെ ചിതറാൽ മതവും ചരിത്രവും പ്രകൃതിസൗന്ദര്യത്തിൽ അലിഞ്ഞ് പരിലസിക്കുന്ന വാഗ്ദത്ത ഭൂമിയാണ്. നൈസർഗിക സൗന്ദര്യാതിരേകത്താലും ജൈനവിഹാരത്തിന്റെ അവശേഷിപ്പുകളാലും പ്രസിദ്ധമാണ് ഈ പ്രദേശം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ദേശീയ പൈതൃക സ്മാരകങ്ങളിലൊന്നായ ഈ മലമുകളിലെ ക്ഷേത്രവും പരിസരവും.

തെക്കൻ ശിലാതടങ്ങളിൽ കാണുന്ന ഉറിഞ്ചിപ്പാകൾ ഇവിടെയും കാണാൻ കഴിയും. ദേവി മുറുക്കിത്തുപ്പി എന്ന് തദ്ദേശ വാസികൾ പറയുന്ന റെഡ് അൽഗകളും ഇവിടെയുണ്ട്. ഇത്തരം ആൽഗകൾ കാണുന്ന പാറയ്ക്ക് 1.5 ബില്യൺ വർഷം പഴക്കം ഉണ്ടാവാനാണ് സാധ്യത. എട്ട് ഒമ്പത് നൂറ്റാണ്ടുകളുടെ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന നാനാ മോനാ ലിപിയിലുള്ള വട്ടെഴുത്തുകൾ ഇവിടുത്തെ പാറകളിൽ കാണാം.ഇവിടുത്തെ നിശബ്ദതയിൽ അലിഞ്ഞു ചേർന്നാൽ കാറ്റിനു പോലും പറയുവാൻ ഉണ്ടാകും നമ്മോടു ഒരായിരം കഥകൾ. ഈ കഥകൾ ഉൾക്കൊള്ളിച്ച് കവയിത്രിയും സഞ്ചാരസാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ ശ്രീദേവി വർമ്മ സംവിധാനം ചെയ്ത 'ചിതറാൽ -ജൈനസംസ്‌കൃതിയുടെ തിരുശേഷിപ്പുകൾ' ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ചേർന്ന ചടങ്ങിൽ മാധ്യമപ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ പ്രകാശനം നിർവഹിച്ചു. ഭാരതത്തിന്റെ സാംസ്‌കാരിക പാരന്പര്യങ്ങളെ തിരിച്ചറിയാൻ ഇത്തരം ഡോക്യുമെന്ററികൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സേതുമാധവൻ മച്ചാട് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായക വിധു വിൻസെന്റ് പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമം നടത്തി. സാഹിത്യകാരൻ തലയൽ മനോഹരൻനായർ, ഡോ. സി. ഉദയകല, ശ്രീദേവി വർമ്മ, കവിയും കാർട്ടൂണിസ്റ്റുമായ ഹരി ചാരുത, മാധ്യമപ്രവർത്തകൻ ഗിരീഷ് പരുത്തിമഠം എന്നിവർ പ്രസംഗിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്.

സംവിധായക ശ്രീദേവി വർമ്മയാണ് ചിത്രീകരണത്തിന്റെ രചനയും നിർവഹിച്ചത്. ഹരി ചാരുതയുടെ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ ഈ സംരംഭത്തിന്റെ ഏറ്റവും വലിയ പ്രചോദനമാണ്. സൂര്യകാന്തി വിഷൻ അവതരിപ്പിക്കുന്ന ഈ ഡോക്യുമെന്ററിയുടെ ക്യാമറ തികഞ്ഞ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്തത് സന്ദീപ് ചന്ദ്രനും ചരിത്രചിത്രങ്ങളെ മനോഹരമായി സന്നിവേശിപ്പിച്ച് എഡിറ്റിങ് ക്രിയാത്മകമാക്കിയത് സതീഷ് സാഗരയുമാണ്. സഹസംവിധാനം : രാജീവ് മഠം. സ്റ്റിൽസ് : അജയൻ അരുവിപ്പുറം. സംഗീതം: ബെൻസൻ ബാലരാമപുരം. ഇംഗ്ലീഷ് വിവർത്തനം : അഭീഷ്ടാനാഥ്. വിവരണം: ഗിരീഷ് പരുത്തിമഠം (മലയാളം), ആരുണി ശേഖർ (ഇംഗ്ലീഷ്). മീഡിയ സപ്പോർട്ട് : ഡി ന്യൂസ്. ക്രിയേറ്റീവ് സപ്പോർട്ട് : നെയ്യാർ വരമൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP