Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തട്ടിപ്പ് നടത്തിയ അഭിഭാഷകനെ കോടതിയിൽ സംരക്ഷിക്കാൻ തെളിവുകൾ നശിപ്പിച്ചു; കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് എതിരായ നടപടി തടയാൻ ഫയൽ പൊലീസ് ആസ്ഥാനത്ത് പൂഴ്‌ത്തി; ജ്യോത്സ്ന എന്ന വീട്ടമ്മയുടെ ഒറ്റയാൾ പോരാട്ടം അട്ടിമറിക്കുന്നത് കാക്കിയിട്ട ഉന്നതർ തന്നെ; വനിതാദിനം ആഘോഷിക്കുന്ന സർക്കാർ കാണുക; നിങ്ങളുടെ പൊലീസ് അഞ്ചു വർഷമായി ഒരു സ്ത്രീയോട് ചെയ്യുന്നത്

തട്ടിപ്പ് നടത്തിയ അഭിഭാഷകനെ കോടതിയിൽ സംരക്ഷിക്കാൻ തെളിവുകൾ നശിപ്പിച്ചു; കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് എതിരായ നടപടി തടയാൻ ഫയൽ പൊലീസ് ആസ്ഥാനത്ത് പൂഴ്‌ത്തി; ജ്യോത്സ്ന എന്ന വീട്ടമ്മയുടെ ഒറ്റയാൾ പോരാട്ടം അട്ടിമറിക്കുന്നത് കാക്കിയിട്ട ഉന്നതർ തന്നെ; വനിതാദിനം ആഘോഷിക്കുന്ന സർക്കാർ കാണുക; നിങ്ങളുടെ പൊലീസ് അഞ്ചു വർഷമായി ഒരു സ്ത്രീയോട് ചെയ്യുന്നത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇന്ന് ലോക വനിതാദിനം. ആഘോഷം കൊഴുപ്പിക്കാൻ സർക്കാരും സർക്കാർ സംവിധാനങ്ങളുമെല്ലാം രംഗത്തുണ്ട്. സ്ത്രീകൾക്ക് വേണ്ടി ഞങ്ങൾ എല്ലാം ചെയ്യുമെന്ന പ്രഖ്യാപനവും നടക്കുന്നു. സ്ത്രീസുരക്ഷ എന്ന മുദ്രവാക്യമുയർത്തി അധികാരത്തിൽ വന്ന സർക്കാരിന്റെ സ്വന്തം പൊലീസ് ഒരു വീട്ടമ്മയോട് ചെയ്യുന്ന നീതികേടാണ് ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അഞ്ചു വർഷമായി അവർ നീതിക്ക് വേണ്ടി പോരാട്ടം തുടരുന്നു. അവർക്ക് നീതി ലഭിക്കാനുള്ള പഴുതുകൾ എല്ലാം അടച്ച് പൊലീസ് മുന്നോട്ടു പോകുന്നു. തട്ടിപ്പുകാരനായ ഒരു വക്കീലിനെ സംരക്ഷിക്കാൻ വേണ്ടി.

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് തന്റെയും ഭർത്താവിന്റെയും കൈയിൽ നിന്ന് 27.50 ലക്ഷം രൂപ തട്ടിയെടുത്ത അഭിഭാഷകനെതിരേ ജ്യോത്സ്ന എന്ന വീട്ടമ്മയാണ് പോരാട്ടം തുടരുന്നത്. പ്രതിയായ അഭിഭാഷകനെ സഹായിക്കാൻ വേണ്ടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം, നിർണായക തെളിവുകൾ ആയിരുന്ന ചെക്ക് നശിപ്പിച്ചു. അതിനെതിരേ വീട്ടമ്മ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥരിൽ ഒരാൾക്ക് എതിരേ മാത്രം നടപടി എടുത്തു. രണ്ടാമത്തെയാളെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തു കൊണ്ടുള്ള ഫയൽ പൊലീസ് ആസ്ഥാനത്ത് പൂഴ്‌ത്തി.

ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തിരുവല്ല ഓഫീസിലെ മുൻ ഡിറ്റക്ടീവ് ഇൻസ്പെക്ടറും ഇപ്പോൾ അഞ്ചൽ സിഐയുമായ എ അഭിലാഷിനെ സസ്പെൻഡ് ചെയ്യാനുള്ള ഉത്തരവാണ് പൊലീസ് ആസ്ഥാനത്ത് ജി സെക്ഷനിൽ പൂഴ്‌ത്തി വച്ചിരിക്കുന്നത്.

ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് സബ് ഇൻസ്പെക്ടറായ കൃഷ്ണകുമാറിനെ ഇതേ കുറ്റത്തിന് സസ്പെൻഡ് ചെയ്തിരുന്നു. ഉടൻ തന്നെ ഡിവൈ.എസ്‌പിയായി സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന അഭിലാഷിനെ സഹായിക്കുന്നതിന് വേണ്ടി പൊലീസിലെ ഉന്നതരാണ് ഫയൽ പൂഴ്‌ത്തി വച്ചിരിക്കുന്നത് എന്നാണ് വിവരം. ബിസിനസ് പങ്കാളിത്തം വാഗ്ദാനംചെയ്ത് ബന്ധുവായ പ്രവാസി ദമ്പതിമാരിൽ നിന്ന് 27 ലക്ഷം രൂപ തട്ടിയെന്ന കേസിൽ പത്തനംതിട്ട ബാറിലെഅഭിഭാഷകനായ സോണി പി ഭാസ്‌കറിനെതിരേയുള്ള നിർണായക തെളിവുകളായ രണ്ട് ചെക്ക് ലീഫുകളാണ് നശിപ്പിക്കപ്പെട്ടത്. ചെങ്ങന്നൂർ എസ്‌ബിറ്റി ശാഖയിൽ നിന്ന് 3.50 ലക്ഷം രൂപ വീതം സോണി മാറിയെടുത്ത ചെക്കുകൾ അന്വേഷണത്തിന്റെ ഭാഗമായി സിഐ അഭിലാഷ്, എസ്ഐ കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് കൈപ്പറ്റിയത്.

എന്നാൽ, ഇവ കോടതിയിൽ എത്തിയില്ല. തുടർന്ന് ജ്യോത്സ്ന ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം സിബിസിഐഡി എസ്‌പി ഷാജി സുഗുണനെ അന്വേഷണം ഏൽപ്പിച്ചു. അദ്ദേഹം കഴിഞ്ഞ മാസം അഞ്ചിന് പത്തനംതിട്ട സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടർ എ. അഭിലാഷ്, സബ് ഇൻസ്പെക്ടർ കൃഷ്ണകുമാർ എന്നിവർ ചെങ്ങന്നൂർ എസ്‌ബിറ്റിയിൽ നിന്ന് കണ്ടെടുത്ത രണ്ടു ചെക്ക് ലീഫുകളും മഹസർ മാത്രം എഴുതി കോടതിയിൽ സമർപ്പിച്ച ശേഷം നശിപ്പിച്ചു കളഞ്ഞുവെന്ന് പറയുന്നു. ഇതേ തുടർന്ന് അഭിലാഷിനെ നാലും കൃഷ്ണകുമാറിനെ അഞ്ചും പ്രതികളാക്കിയെന്നും ഇവർക്കെതിരേ ഐപിസി 201, 420, 34 എന്നീ വകുപ്പുകൾ ചുമത്തിയെന്നും എസ്‌പിയുടെ റിപ്പോർട്ടിലുണ്ട്.

ചെക്ക് നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് തട്ടിപ്പു കേസിലെ പ്രതിയായ അഭിഭാഷകൻ തനിക്കെതിരേ തെളിവില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതിയെ സമീപിച്ചു. ചെക്ക് ലീഫ് നഷ്ടപ്പെടാൻ കാരണക്കാരായ രണ്ട് ഉദ്യോഗസ്ഥരെയും ഉടനടി സസ്പെൻഡ് ചെയ്യണമെന്ന് റിപ്പോർട്ട് എഴുതി ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്ത് എഡിജിപിക്ക് കൈമാറിയിരുന്നു. എഡിജിപി നടപടിക്ക് ശിപാർശ ചെയ്ത് ഡിജിപിക്ക് കൈമാറിയ ഫയൽ സസ്പെൻഷൻ ഉത്തരവ് ഉടൻ പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ ഐജിക്ക് നൽകുകയായിരുന്നു. ഇതാണിപ്പോൾ ജി സെക്ഷനിൽ പൂഴ്‌ത്തി വച്ചിരിക്കുന്നത്. എസ്ഐയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ പരാതിക്കാർ നടത്തിയ അന്വേഷണത്തിലാണ് സിഐയ്ക്കെതിരേയുള്ള നടപടി മരവിപ്പിച്ചുവെന്നും ഫയൽ ജി സെക്ഷനിലുണ്ടെന്നും മനസിലായത്.

തട്ടിപ്പ് കേസിൽ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറായ അഭിലാഷിനെ സൂപ്പർവൈസറി ഓഫീസർ എന്ന് വിശേഷിപ്പിച്ച് ഫയൽ തയാറാക്കി നടപടി ഒഴിവാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. പ്രതിയായ അഭിഭാഷകന്റെ ഹർജിയിൽ കേസ് റദ്ദാക്കിയാൽ അതോടെ അന്വേഷണ ഉദ്യോഗസ്ഥരും രക്ഷപ്പെടുമെന്നും കണക്കു കൂട്ടുന്നു. സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കുന്ന സഹപ്രവർത്തകനെ രക്ഷിക്കാൻ വേണ്ടി പൊലീസ് സേനയിലെ ചിലർ അരയും തലയും മുറുക്കി രംഗത്തുണ്ട്. പ്രധാനമായും പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് കേസ് അട്ടിമറിക്കുന്നത്. 2016 ൽ ഇടതു സർക്കാർ അധികാരമേറ്റപ്പോൾ സിപിഐയുടെ നോമിനിയായി ജില്ലാ ഗവ. പ്ലീഡർ ആകുന്നതിന് സോണി പി. ഭാസ്‌കർ ശ്രമം നടത്തിയിരുന്നു.

ഇക്കാര്യം അറിഞ്ഞ ജ്യോതസ്ന ജില്ലാ കലക്ടർക്ക്, സോണി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഉണ്ടായ അന്വേഷണം മറികടക്കുന്നതിനും സോണിയെ കുറ്റവിമുക്തനാക്കുന്നതിനും വേണ്ടിയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവ് നശിപ്പിച്ചത്. ഇതു സംബന്ധിച്ച പരാതി ഡിജിപിക്ക് പോയതോടെ അന്വേഷണ സംഘം അങ്കലാപ്പിലായി. പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതോടെ അട്ടിമറി ശ്രമം തുടരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP