Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മായാവതിയും മുലായവും വീണ്ടും കൈകോർക്കുന്ന സാഹചര്യം ഉത്തർപ്രദേശിൽ; മഹാരാഷ്ട്രയിൽ ശിവസേന പിണങ്ങിയതുപോലെ തെലങ്കാനയിൽ ഉടക്കിപ്പിരിഞ്ഞ് ടിഡിപി; കേരളത്തിലും തമിഴ്‌നാട്ടിലും വലിയ സ്‌കോപ്പില്ല; കർണാടകത്തിൽ കോൺഗ്രസ് പിടിമുറുക്കിയാൽ അതും തിരിച്ചടി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലതിലും ഭരണവിരുദ്ധ വികാരം; കൊച്ചുകൊച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചതിന്റെ ബലത്തിൽ വീണ്ടും അധികാരംകൊയ്യാൻ ആവില്ലെന്ന് തിരിച്ചറിഞ്ഞ് മോദിയും അമിത്ഷായും

മായാവതിയും മുലായവും വീണ്ടും കൈകോർക്കുന്ന സാഹചര്യം ഉത്തർപ്രദേശിൽ; മഹാരാഷ്ട്രയിൽ ശിവസേന പിണങ്ങിയതുപോലെ തെലങ്കാനയിൽ ഉടക്കിപ്പിരിഞ്ഞ് ടിഡിപി; കേരളത്തിലും തമിഴ്‌നാട്ടിലും വലിയ സ്‌കോപ്പില്ല; കർണാടകത്തിൽ കോൺഗ്രസ് പിടിമുറുക്കിയാൽ അതും തിരിച്ചടി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലതിലും ഭരണവിരുദ്ധ വികാരം; കൊച്ചുകൊച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചതിന്റെ ബലത്തിൽ വീണ്ടും അധികാരംകൊയ്യാൻ ആവില്ലെന്ന് തിരിച്ചറിഞ്ഞ് മോദിയും അമിത്ഷായും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണത്തേക്കാൾ സീറ്റുകൾ നേടി ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുമോ? ത്രിപുരയുൾപ്പെടെ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടി അധികാരം പിടിച്ചതോടെ ബിജെപിക്കും മോദിക്കും വീണ്ടും കേന്ദ്രംപിടിക്കാൻ സാഹചര്യമൊരുങ്ങിയെന്ന വിലയിരുത്തലുകൾ വരുന്നുണ്ട്.

എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും യുപിയിലും ഉൾപ്പെടെ ഉരുത്തിരിയുന്ന പുതിയ രാഷ്ട്രീയ നീക്കങ്ങൾ വലിയ തലവേദനയാകും ബിജെപിക്ക് എന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും വാദിക്കുന്നു. അടുത്തെത്തിയ കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തറപറ്റിച്ചാൽ അത് ദക്ഷിണേന്ത്യൻ മേഖലയിൽ ബിജെപിക്ക് പുത്തനുണർവാകും എന്നാണ് അമിത്ഷായും കൂട്ടരും കണക്കുകൂട്ടുന്നത്. എന്നാൽ പ്രാദേശിക പാർട്ടികൾ പിടിമുറുക്കിയ ആന്ധ്രയിലും തമിഴ്‌നാട്ടിലും ഏതുതരത്തിലാകും രാഷ്ട്രീയ സമവാക്യങ്ങൾ എന്നതും ചർച്ചയാകുന്നു.

നിലവിൽ കേന്ദ്രസർക്കാരിന്റെ ഭാഗമായ തെലുഗുദേശം പാർട്ടി (ടിഡിപി) ഇന്നലെ പിണങ്ങിപ്പിരിഞ്ഞ സാഹചര്യത്തിൽ 25 ലോക്‌സഭാ സീറ്റുകളുള്ള ആന്ധ്രയിൽ ഇത് ബിജെപിക്ക് തലവേദനയാകുമോ എന്നത് വലിയ ചർച്ചയായി. യുപിയിൽ മുലായവും മായാവതിയും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൈകോർക്കും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്ന സാഹചര്യത്തിൽ നിലവിലുള്ള സീറ്റുകൾ നഷ്ടപ്പെടുന്ന സാഹചര്യം ബിജെപി മുന്നിൽ കാണുന്നുണ്ട്.

യോഗി ആദിത്യനാഥിന് വമ്പൻ വിജയം യുപി അസംബ്‌ളി തിരഞ്ഞെടുപ്പിൽ ലഭിച്ചതിന് പ്രധാന കാരണം അവിടെ എസ്‌പിയും ബിഎസ്‌പിയും ഭിന്നിച്ച് മത്സരിച്ചതാണ്. അവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൈകോർക്കുന്ന സാഹചര്യം ഉണ്ടായാൽ. ഇന്ത്യയിൽ ഏറ്റവുമധികം ലോക്‌സഭാ സീറ്റുള്ള സംസ്ഥാനത്ത് അത് ബിജെപിക്ക് വലിയ തിരിച്ചടിയാകും.

സമാന സാഹചര്യം ആന്ധ്രയിൽ ഉരുത്തിരിയുമോ എന്ന ചോദ്യവും ഉയരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും നിലവിൽ ബിജെപിക്ക് വലിയ പ്രതീക്ഷയില്ല. കർണാടകത്തിൽ അസംബ്‌ളി തിരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ അത് നേട്ടമാകും. എന്നാൽ ശക്തമായ മത്സരം കോൺഗ്രസ് കാഴ്ചവയ്ക്കുമെന്നതും സംസ്ഥാന നേതൃത്വത്തിലെ പ്രശ്‌നങ്ങളുമാണ് ബിജെപിയുടെ തലവേദനകൾ.

ഇതോടെ ദക്ഷിണേന്ത്യയിൽ പ്രധാന പ്രതീക്ഷ ആന്ധ്രയിലാണ്. എന്നാൽ അവിടെ തെലുഗുദേശം ഇപ്പോൾ തെറ്റിപ്പിരിയുന്നതിന്റെ വക്കിലാണ്. എതിരാളികളായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയും കോൺഗ്രസും തമ്മിൽ ചർച്ചകളും നടന്നുകഴിഞ്ഞു. അതേസമയം തെലുഗുദേശം പോയാൽ വൈഎസ്ആറിനെ കൂടെ കൂട്ടാൻ ബിജെപിയും ഒരു കൈ നോക്കുന്നുണ്ട്. നിലവിൽ 25ൽ 17 സീറ്റും ബിജെപി-ടിഡിപി സഖ്യത്തിനാണ്. ഇതിൽ വിള്ളൽ വീഴുമോ എന്നതാണ് ചോദ്യം.

വേണ്ടെങ്കിൽ വേണ്ടെന്ന് പറഞ്ഞ് ടിഡിപിയെ തള്ളി ബിജെപി

ആന്ധ്രാപ്രദേശിനു 'പ്രത്യേക പദവി' വേണമെന്ന ആവശ്യം ഉയർത്തിയും കഴിഞ്ഞ ബജറ്റിൽ ചോദിച്ചതൊന്നും ജെയ്റ്റ്‌ലി തന്നില്ലെന്നു പറഞ്ഞുമാണ് കടുത്ത നടപടിക്ക് ടിഡിപി നീങ്ങിയത്. പാർട്ടിയുടെ രണ്ടു മന്ത്രിമാരും കേന്ദ്ര മന്ത്രിസഭയിൽനിന്ന് ഇന്ന് രാജിവയ്ക്കും. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനെ അറിയിച്ചെന്ന് ബുധനാഴ്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

'നാലു വർഷം ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു. എന്നാൽ അവർ പ്രതികരിച്ചില്ല. ഇതു ഞങ്ങളുടെ അവകാശമാണ്. കേന്ദ്രം നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല. ജനതാൽപ്പര്യം മുൻനിർത്തിയാണ് തീരുമാനം - ഇതായിരുന്നു മോദിയോടുള്ള പിണക്കം ഉൾപ്പെടെ പരാമർശിച്ചുള്ള നായിഡുവിന്റെ പ്രതികരണം. ഈ സമ്മർദ്ദ തന്ത്രത്തിൽ വീണ് പ്രത്യേക പദവി കൊടുക്കുന്ന കാര്യത്തിൽ ബിജെപിക്ക് യോജിപ്പില്ല. വരും ദിവസങ്ങളിൽ അടുത്ത ഘട്ടമായി എംപിമാരുടെ രാജിയിലേക്ക് നീങ്ങാനാണ് ടിഡിപിയുടെ ഒരുക്കം. എൻഡിഎ സഖ്യം ഉപേക്ഷിക്കുന്ന കാര്യത്തിൽ ഒന്നോ രണ്ടോ ദിവസത്തിനകം നായിഡു തീരുമാനമെടുക്കുമെന്ന് ടിഡിപി എംപി ശിവപ്രസാദ് വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ ഈ സാഹചര്യം ബിജെപി മുൻകൂട്ടി കണ്ടിരുന്നു എന്നുവേണം അനുമാനിക്കാൻ. ഇതിന്റെ ഭാഗമായി വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഡ്ഡിയുമായി ബിജെപി നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതോടെയാണ് തെലുഗുദേശം ബിജെപിയുമായി തെറ്റുന്നത്.  ടിഡിപി പോകുന്നെങ്കിൽ പോകട്ടെയെന്ന നിലപാടിലാണ് ബിജെപി. കേന്ദ്രമന്ത്രിമാർ രാജിവയ്ക്കുന്നതിന് മുമ്പുതന്നെ ഇന്ന് ചന്ദ്രബാബു സർക്കാരിൽ നിന്ന് രണ്ട് സംസ്ഥാന മന്ത്രിമാരെ പിൻവലിച്ചിരിക്കുകയാണ് ബിജെപി.

മുമ്പുതന്നെ ആന്ധ്രയ്ക്കു പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ടുള്ള ടിഡിപിയുടെ പ്രതിഷേധത്തിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ചേർന്നപ്പോൾ വൈഎസ്ആർ കോൺഗ്രസ് വിട്ടുനിന്നു. 2019 ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകുമെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉറപ്പുനൽകിയിട്ടുണ്ട്. ഇതോടെ ഈ പ്രാദേശിക വികാരത്തെ മുൻനിർത്തി പ്രാദേശിക പാർട്ടികളും കോൺഗ്രസും നീങ്ങുമ്പോൾ ബിജെപിക്ക് അത് ക്ഷീണമാകും. പ്രത്യേക പദവിയെന്ന ആശയം സമ്മതിച്ചാൽ മറ്റു സംസ്ഥാനങ്ങളിലും ഈ വാദം ഉയരുമെന്നതാണ് ബിജെപി നേരിടുന്ന ഭീഷണി.

2016ലാണു ആന്ധ്രാപ്രദേശിനു പ്രത്യേക പാക്കേജ് അനുവദിക്കാമെന്നു കേന്ദ്രം പ്രഖ്യാപിച്ചത്. പക്ഷേ, ഇതുവരെ ഈ വകുപ്പിൽ ഫണ്ട് ലഭിച്ചില്ലെന്നാണു ടിഡിപി പറയുന്നത്. എന്നാൽ 12,500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. എന്നാൽ പ്രത്യേക സംസ്ഥാന പദവി അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി സൂചന നൽകിയതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രി ടിഡിപി നേതൃയോഗം ചേർന്ന് സഖ്യം വിടാൻ തീരുമാനിച്ചത്.

ശിവസേനയ്ക്ക് പിന്നാലെ ടിഡിപിയും സഖ്യം വിടുമ്പോൾ

മഹാരാഷ്ട്രയിൽ ശിവസേന നേരത്തെ തന്നെ ബിജെപിയിൽ നിന്ന് വേർപിരിഞ്ഞു. ആന്ധ്രയിൽ ഇപ്പോൾ ടിഡിപിയും. ഇത് ബിജെപി നയിക്കുന്ന എൻഡിഎയ്ക്കു വലിയ ക്ഷീണമാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുക. ഏതായാലും ടിഡിപി- ബിജെപി ബന്ധവും അവസാനിച്ചുകഴിഞ്ഞു. ഇന്ന് കേന്ദ്രമന്ത്രിമാർ രാജിവയ്ക്കുന്നതിന് മുമ്പുതന്നെ സംസ്ഥാനത്തെ ബിജെപി മന്ത്രിമാർ രാജി വച്ചിരിക്കുകയാണ് . ടിഡിപിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നു ബിജെപി ആന്ധ്രാപ്രദേശ് ഘടകം ഇന്നലെ തന്നെ കേന്ദ്ര നേതൃത്വത്തോടു നിർദ്ദേശിച്ചിരുന്നു.

കേന്ദ്രമന്ത്രിസഭയിൽ നിന്ന് ടിഡിപി പിന്മാറുന്നതിനു ബദൽ നടപടിയായി നായിഡുവിന്റെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ സന്നദ്ധമാണെന്ന് ബിജെപി മന്ത്രിമാരായ കെ. ശ്രീനിവാസ റാവു, ടി.മാണിക്യാല റാവു എന്നിവർ ഇന്നലെ തന്നെ അറിയിക്കുകയും കേന്ദ്ര സമ്മതത്തോടെ ഇന്നു രാവിലെ രാജി പ്രഖ്യാപിക്കുകയുമായിരുന്നു എന്നാണ് വിവരം.

വൈഎസ് ആർ കോൺഗ്രസിന് ബിജെപിക്കൊപ്പം ചേരാൻ പഴുതു നൽകാതെയാണ് ചന്ദ്രബാബു നായിഡുവിന്റെ നീക്കം. പ്രാദേശിക വികാരം ആണ് പ്രത്യേക പദവി സംസ്ഥാനത്തിന് വേണമെന്നത്. തെലങ്കാന വിഭജനത്തിന് ഒപ്പം ഉന്നയിക്കപ്പെട്ട ആവശ്യം വൈഎസ്ആർ വിഭാഗത്തിന് എതിർക്കാനാവില്ല. വരുന്ന അസംബ്‌ളി തിരഞ്ഞെടുപ്പിൽ ഇത് വിഷയമാക്കി വീ്ണ്ടും അധികാരത്തിലെത്താം എന്നാണ് ചന്ദ്രബാബു നായിഡുവിന്റെ പദ്ധതി.

അതേസമയം 2019ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന കരുനീക്കങ്ങൾക്ക് ഇത്തരത്തിൽ പല തടസ്സങ്ങളുമുണ്ട്. താരതമ്യേന ചെറിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ കുറവാണ്. സീറ്റുകൾ കൂടുതലുള്ള യുപി ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും തിരിച്ചടിക്ക് സാധ്യതയുമുണ്ട്. ബിജെപിക്ക് ക്ഷീണമുണ്ടാകുന്നതിന്റെ നേട്ടം കോൺഗ്രസ് കൊണ്ടുപോകില്ലെങ്കിലും പ്രാദേശിക പാർട്ടികൾ കൂടുതൽ സീറ്റുകൾ നേടുന്നത് വലിയ തിരിച്ചടിയായേക്കും.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മിഷൻ 350 എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. 350 സീറ്റുകൾ പിടിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ മുന്നേറ്റമെങ്കിലും അടുത്ത തവണ ബിജെപിക്ക് ലഭിച്ച ലോകസഭാ സീറ്റുകളിൽ ഇത്തവണ ലഭിച്ചേക്കില്ലെന്ന ആശങ്ക ഉണരുന്നത് ഈ സാഹചര്യത്തിലാണ്. നിലവിലുള്ള 120 സീറ്റുകളെങ്കിലും നഷ്ടപ്പെട്ടേക്കാം എന്ന നിലയുണ്ട്. അതിനെ മറികടക്കാൻ പകരം മറ്റു സംസ്ഥാനങ്ങളിൽ അത്രയും സീറ്റ് നേടുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചടി നേരിടുമെന്ന് ഉറപ്പിച്ച് ബിജെപി കരുനീക്കം

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെ അധികാരത്തിൽ എത്തിച്ചത് ഹിന്ദി ഹൃദയഭൂമിയിലെ കുതിപ്പാണ്. അന്ന് മിക്ക് സംസ്ഥാനങ്ങളിലും ഭരണം മറ്റു കക്ഷികൾക്കായിരുന്നു. എന്നാൽ, ഇന്ന് ചിത്രം മാറി 20 സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്നു. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരവും മോദിയും കൂട്ടരും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ഹിന്ദി ഹൃദയഭൂമിയിൽ നേടി വൻ വിജയം ആവർത്തിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ നിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമായി 120 അധികം സീറ്റുകൾ കരസ്ഥമാക്കുക എന്നാണ് ബിജെപിയുടെ ഉന്നം.

യുപിയിലും ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലുമായി വലിയ മുന്നേറ്റമാണ് കഴിഞ്ഞ തവണ ബിജെപി നടത്തിയത്. ഉത്തരേന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലെ 150ൽ 140 സീറ്റും ബിജെപി നേടി. ഡൽഹിയിലും ഗുജറാത്തിലും രാജസ്ഥാനിലും മുഴവൻ സീറ്റുകൾ. ഉത്തർപ്രദേശിൽ 72ഉം ഇതെല്ലാം അത്ഭുത വിജയമായിരുന്നു.

എന്നാൽ രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണവിരുദ്ധ വികാരം ശക്തമാണ്. ഗുജറാത്തിലും എതിർ സ്വരങ്ങൾ ശക്തം. ഡൽഹി അടക്കമുള്ളിടത്ത് മുഴുവൻ സീറ്റും കിട്ടാനിടയില്ല. ഉത്തരേന്ത്യയിൽ തൂത്തുവാരിയ സീറ്റുകളിൽ കുറഞ്ഞ് 50 എണ്ണമെങ്കിലും ഇത്തവണ നഷ്ടമാകാനാണ് സാധ്യത. അതായത് കഴിഞ്ഞ തവണ നേടിയ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള മാജിക്കൽ പ്രഭാവം മോദിക്ക് ഇന്നില്ലെന്ന് തിരിച്ചറിഞ്ഞാണ് പുതിയ നീക്കങ്ങൾ.

ഉത്തരേന്ത്യയിൽ നഷ്ടമാകാനിടയുള്ള 50 സീറ്റുകൾ രാജ്യത്തിന്റെ മറ്റ് ഭാഗത്ത് നിന്ന് നേടുകയാണ് ലക്ഷ്യം. ത്രിപുര തൂത്തവാരുക ഉൾപ്പെടയുള്ള തന്ത്രങ്ങളാണ് ബിജെപിയുടെ മനസ്സിലുള്ളത്. ത്രിപുരയിൽ വിരലിൽ എണ്ണാവുന്ന സീറ്റുകൾ മാത്രമേ ഉള്ളൂ. അസമും നാഗാലാന്റും മിസ്സോറാമും അരുണാചലും മേഘാലയയിലും എല്ലാം വിജയം നേടി കുറഞ്ഞത് 15 സീറ്റെങ്കിലും ഉറപ്പിക്കുകയാണ് ലക്ഷ്യം.

ഇതിനൊപ്പം കർണ്ണാടകയിലും അന്ധ്രയിലും തെലുങ്കാനയിലും സീറ്റ് കൂട്ടുക. ഗോവയിലും സമ്പൂർണ്ണ വിജയം. കേരളത്തിൽ കുറഞ്ഞത് 3 സീറ്റുകൾ. ഇതെല്ലാം കൂട്ടി 25 ഉം. പിന്നെ ഉത്തരേന്ത്യയിൽ തോറ്റ സീറ്റുകളിലും ശക്തമായ പ്രചരണം. അങ്ങനെ കൈവിട്ടു പോകാനിടയുള്ള 50ഓളം സീറ്റുകൾക്ക് പകരം കണ്ടെത്തുകയാണ് അമിത് ഷായുടെ തന്ത്രം. എന്നാൽ തെലങ്കാനയിൽ ടിഡിപി ബന്ധം വിച്ഛേദിക്കപ്പെടുന്നതോടെ പുതിയ നീക്കങ്ങൾ ഉണ്ടാകും ബിജെപിയിൽ നിന്ന്. മിക്കവാറും വൈഎസ്ആർ കോൺഗ്രസുമായി ബിജെപി സഖ്യത്തിൽ ഏർപ്പെട്ടേക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP