Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുഷാറിനെ എംപിയാക്കുന്നത് കേന്ദ്രമന്ത്രിയാക്കാൻ തന്നെ; തിരുവനന്തപുരത്ത് മത്സരത്തിന് തയ്യാറെടുക്കാൻ സുരേഷ് ഗോപിക്കും നിർദ്ദേശം; ലോക്സഭാ സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കൽ കരുതലോടെ മാത്രം; മാണിയേും സുധാകരനേയും ലക്ഷ്യമിട്ട് അനുനയ ശ്രമങ്ങൾ; ചെങ്ങന്നൂരിൽ സഭയെ ഒപ്പം കൂട്ടും; കുമ്മനത്തെ മുന്നിൽ നിർത്തിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് അമിത് ഷാ; കേരളത്തിൽ ബിജെപി ആഗ്രഹിക്കുന്നത് നാഗാലാന്റ് മോഡൽ

തുഷാറിനെ എംപിയാക്കുന്നത് കേന്ദ്രമന്ത്രിയാക്കാൻ തന്നെ; തിരുവനന്തപുരത്ത് മത്സരത്തിന് തയ്യാറെടുക്കാൻ സുരേഷ് ഗോപിക്കും നിർദ്ദേശം; ലോക്സഭാ സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കൽ കരുതലോടെ മാത്രം; മാണിയേും സുധാകരനേയും ലക്ഷ്യമിട്ട് അനുനയ ശ്രമങ്ങൾ; ചെങ്ങന്നൂരിൽ സഭയെ ഒപ്പം കൂട്ടും; കുമ്മനത്തെ മുന്നിൽ നിർത്തിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് അമിത് ഷാ; കേരളത്തിൽ ബിജെപി ആഗ്രഹിക്കുന്നത് നാഗാലാന്റ് മോഡൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ത്രിപുരയിൽ ഇടതുപക്ഷത്തെ തോൽപ്പിച്ച് ബിജെപി ഭരണം പിടിച്ചു. അതുകൊണ്ട് തന്നെ കേരളത്തിലും അമിത് ഷായുടെ സമാന ഇടപെടൽ ബിജെപി അണികൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ അത്ഭുതം കാട്ടാനുള്ള കരുത്ത് ബിജെപിയുടെ കേരളാ നേതൃത്വത്തിന് ഇല്ലെന്ന് ബിജെപി ദേശീയ നേതൃത്വം തിരിച്ചറിയുകയാണ്. ഈ സാഹചര്യത്തിൽ എൻഡിഎയെ ശക്തിപ്പെടുത്തും.

കേരളത്തിലെ എൻഡിഎയിൽ ബിജെപിയെ രണ്ടാമത്തേയോ മൂന്നാമത്തേയോ പാർട്ടിയാക്കി മാറ്റാനും ദേശീ നേതൃത്വം തയ്യാറാണ്. കോൺഗ്രസിൽ നിന്നും കേരളാ കോൺഗ്രസിൽ നിന്നും ശക്തരായ നേതാക്കളെ അടർത്തിയെടുത്ത് പുതിയ പാർട്ടികൾ കേരളത്തിൽ രൂപീകരിക്കാനാണ് അമിത് ഷായുടെ ആഗ്രഹം. കണ്ണൂരിൽ നിന്നുള്ള പ്രമുഖ നേതാവുമായി ബിജെപി നേതൃത്വം ഇതിനുള്ള പ്രാരംഭ ചർച്ചകളും തുടങ്ങി. സംസ്ഥാന നേതൃത്വത്തെ പൂർണ്ണമായും അകറ്റി നിർത്തിയാണ് ചർച്ചകൾ.

തുഷാർ വെള്ളാപ്പള്ളിയെ കേന്ദ്രമന്ത്രിയാക്കുന്നതിന് വേണ്ടിയാണ് രാജ്യസഭാ അംഗമാക്കുന്നത്. ഉത്തർപ്രദേശിൽ നിന്ന് തുഷാറിനെ രാജ്യസഭയിലെത്തിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനവും നൽകും. ബിജെപിയുമായി ആദ്യം അടുത്തത് സുരേഷ് ഗോപിയായിരുന്നു. സുരേഷ് ഗോപിയേയും രാജ്യസഭയിലെത്തിച്ചു. അൽഫോൻസ് കണ്ണന്താനവും ഇടതുപക്ഷത്ത് നിന്ന് ബിജെപിയിൽ എത്തിയതായിരുന്നു. ആദ്യമെത്തിയ അൽഫോൻസിനേയും കേന്ദ്രമന്ത്രിയാക്കി. അടുത്ത പുനഃസംഘടനയിൽ തുഷാർ മന്ത്രിയാകും. സുരേഷ് ഗോപിക്കും മന്ത്രിപദവി കൊടുക്കുന്നത് ആലോചനയിലാണ്. ബിജെപിയുമായി സഹകരിക്കുന്നവരെ കൈവിടില്ലെന്ന സന്ദേശമാണ് ഇതിലൂടെ അമിത് ഷാ കേരളത്തിലെ മറ്റ് പാർട്ടിക്കാർക്ക് നൽകുന്നത്. പുതിയ പാർട്ടിയുണ്ടാക്കി ബിജെപി മുന്നണിയിലെത്തിയാൽ അർഹതപ്പെട്ടത് നൽകുമെന്ന സന്ദേശമാണ് അമിത് ഷാ നൽകുന്നത്.

കേരളത്തിലെ ബിജെപി നേതൃത്വം ഗ്രൂപ്പിസത്തിന്റെ പിടിലാണ്. അതുകൊണ്ട് തന്നെ മുന്നോട്ട് പോവുക അസാധ്യമാണ്. ഗ്രൂപ്പിസം ഇല്ലാതാക്കാനാണ് കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കിയത്. അതും ഗുണം കണ്ടില്ല. പുതിയ ഗ്രൂപ്പുകൂടി പാർട്ടിയിൽ ഉണ്ടായി. തിരുവനന്തപുരത്ത് മാത്രമാണ് ബിജെപിക്ക് കരുത്തുള്ളത്. ഇവിടെ ലോക്സഭാ സീറ്റും അഞ്ച് നിയമസഭാ സീറ്റും പിടിക്കാനുള്ള കരുത്ത് ബിജെപിക്കുണ്ട്. അതുകൊണ്ട് ഈ മേഖലയിലേക്ക് മാത്രമായി ബിജെപിയുടെ ശ്രദ്ധചുരുക്കും. പകരം കേരളത്തിലെ മറ്റൊരു പ്രമുഖനെ എൻഡിഎയുടെ മുഖമാക്കാനാണ് അമിത് ഷാ ആഗ്രഹിക്കുന്നത്. കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടി കെ എം മാണിയെ മുന്നണിയുടെ നേതൃത്വം ഏൽപ്പിക്കാനും ആഗ്രഹമുണ്ട്. എന്നാൽ മാണിക്ക് താൽപ്പര്യം ഇടുതപക്ഷമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിൽ നിന്ന് പ്രമുഖരെ പിളർത്താൻ ബിജെപി ചരടുവലികൾ സജീവമാക്കിയിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ നീക്കം ഫലം കാണുമോ എന്നതിൽ ഉറപ്പില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 30 സീറ്റുകളിൽ ജയിക്കാനാകുന്ന പാർട്ടിയായി ബിജെപിയെ മാറ്റാനാണ് നീക്കം. പരമാവധി സീറ്റുകളിൽ കരുത്തുള്ള ഘടകകക്ഷികളെ മത്സരിപ്പിക്കാനാണ് അമിത് ഷായുടെ തീരുമാനം. നാഗാലാന്റിൽ എൻഡിഎ മുന്നണിയെ നയിച്ചത് ബിജെപിയല്ല. പ്രാദേശിക തലത്തിൽ വേരോട്ടമുള്ള പാർട്ടികളെ ഒപ്പം നിർത്തിയായിരുന്നു പോരാട്ടം. ഇത് ഫലം കാണുകയും ബിജെപി മുന്നണി അധികാരത്തിലെത്തുന്ന സാഹചര്യവും ഉണ്ടായി. മേഘാലയയിലും ബിജെപിക്ക് വലിയ സ്വാധീനമില്ല. രണ്ട ്സീറ്റിൽ മാത്രമാണ് ജയിച്ചത്. എന്നിട്ടും പ്രബലരായ രണ്ട് പ്രാദേശിക കക്ഷികളുടെ കരുത്തിൽ ഭരണത്തിൽ പങ്കാളിത്തം ഉറപ്പിക്കാനായി. കേരളത്തിലും ഇതേ മാതൃകയാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.

ചെങ്ങന്നൂരിൽ ജയിക്കാനായാൽ ബിജെപിയുടെ തലവര മാറ്റാമെന്ന പ്രതീക്ഷ അമിത് ഷായ്ക്കുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചെങ്ങന്നീരിൽ ബിജെപിക്ക് അനുകൂലമാണ്. സഭയുടെ പിന്തുണ കൂടി കിട്ടിയാൽ ജയിക്കാമെന്നാണ് കണക്ക് കൂട്ടൽ. നാഗാലാന്റിൽ 90 ശതമാനം ക്രിസ്ത്യാനികളാണ് ഉള്ളത്. ഇവിടെ ബിജെപി മുന്നണിക്ക് സഭ പിന്തുണ നൽകി. അതുകൊണ്ട് തന്നെ കേരളത്തിലും സഭയുടെ പിന്തുണ ഉറപ്പാക്കാനുള്ള തന്ത്രങ്ങളാണ് അമിത് ഷാ നടത്തുന്നത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സഭാ നേതൃത്വവുമായി ചർച്ച നടത്തും. കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഉൾപ്പെടെ സഭയുടെ ആശങ്കകൾ പരിഹരിക്കും. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന കത്തോലിക്കാ സഭയുടെ ആവശ്യത്തിലും കേന്ദ്രസർക്കാർ അനുകൂല തീരുമാനമെടുക്കും.

എസ് എൻ ഡി പിയെ ഒപ്പം കൂട്ടിയതു പോലെ എൻഎസ്എസിനേയും അനുനയിപ്പിക്കാൻ അമിത് ഷാ നേരിട്ട് എത്താൻ സാധ്യതയുണ്ട്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷാ എത്തിയാൽ പെരുന്ന ആസ്ഥാനവും സന്ദർശിക്കും. തുഷാറിനൊപ്പം സുരേഷ് ഗോപിയെ മന്ത്രിയാക്കുന്നതും നായർ സമുദായത്തെ ഒപ്പം കൂട്ടാനാണ്. എന്നാൽ നിലവിൽ കേരളത്തിൽ നിന്ന് അൽഫോൻസ് കണ്ണന്താനം മന്ത്രിയാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് രണ്ട് പേരെ കൂടി മന്ത്രിയാക്കുകയെന്ന സാങ്കേതിക പ്രശ്നം പ്രധാനമന്ത്രിക്ക് മുമ്പിലുണ്ട്. ഇത് ചർച്ചയായാൽ തുഷാറിന് മാത്രമേ മന്ത്രിസ്ഥാനം നൽകൂ. അതിനിടെ തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് ആർഎസ്എസുകാരുടെ ആഗ്രഹം. എന്നാൽ സുരേഷ് ഗോപിയാണ് നല്ലതെന്ന നിഗമനത്തിലാണ് അമിത് ഷാ. ഈ സാഹചര്യത്തിലാണ് കുമ്മനത്തെ രാജ്യസഭാ അംഗം പോലും ആക്കത്തത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം മത്സരിക്കട്ടേ എന്നതാണ് അമിത് ഷായുടെ നിലപാട്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കണമെന്ന ആഗ്രഹം കുമ്മനത്തിനുണ്ടെന്നാണ് സൂചന. ഏതായാലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങളിൽ അമിത് ഷാ നേരിട്ട് വ്യക്തത വരുത്തും. തിരുവനന്തപുരത്തും കാസർഗോഡും മികച്ച സ്ഥാനാർത്ഥികളെ നിർത്താനാണ് അമിത് ഷാ ആഗ്രഹിക്കുന്നത്. പത്തനംതിട്ടയിൽ അൽഫോൻസ് കണ്ണന്താനവും മത്സരിച്ചേക്കും. ആലപ്പുഴയിൽ സ്ഥാനാർത്ഥിയാകാൻ തുഷാർ വെള്ളാപ്പള്ളിയോടും ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഉത്തർപ്രദേശിലെ ഒഴിവുവരുന്ന സീറ്റിൽനിന്ന് തുഷാറിനെ ബിജെപി ടിക്കറ്റിൽ രാജ്യസഭയിൽ എത്തിക്കുമെന്നാണു റിപ്പോർട്ടുകൾ.

എൻഡിഎ മുന്നണിയിൽനിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ബിഡിജഐസ് നേതൃത്വം പലതവണ പരാതിപ്പെട്ടിരുന്നു. പല തവണ ഇടതുമുന്നണിയോട് അടുക്കുന്ന സൂചനപോലും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നൽകി. ഇതിനിടെയാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ. കൂടുതൽ പേരെ ബിജെപിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP