Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊടികുത്തലിനെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്ത വർക്ക്‌ഷോപ്പിന് പഞ്ചായത്തിന്റെ 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്'; വിളക്കുടി പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം സിപിഎം, കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ; എതിർപ്പറിയിച്ച് സിപിഐ

കൊടികുത്തലിനെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്ത വർക്ക്‌ഷോപ്പിന് പഞ്ചായത്തിന്റെ 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്'; വിളക്കുടി പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം സിപിഎം, കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ; എതിർപ്പറിയിച്ച് സിപിഐ

കൊല്ലം: എഐവൈഎഫിന്റെ കൊടികുത്തലിനെ തുടർന്ന് പുനലൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ വർക്ഷോപ്പിനു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ വിളക്കുടി പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ സിപിഎം, കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണു തീരുമാനം അംഗീകരിക്കപ്പെട്ടത്. സിപിഐ തീരുമാനത്തെ എതിർത്തു.

ഇന്നു ചേർന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ സിപിഎമ്മുകാരനായ പ്രസിഡന്റ് സി.വിജയനാണ് ഇളമ്പലിൽ സുഗതൻ വർക്ഷോപ്പിനായി നിർമ്മിച്ച താൽക്കാലിക ഷെഡിനു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകണമെന്ന നിർദ്ദേശം വച്ചത്. സിപിഐ എതിർത്തെങ്കിലും പ്രതിപക്ഷമായ യുഡിഎഫ് അനുകൂലിച്ചു. ഇതോടെ തീരുമാനം പാസായി. തർക്കത്തിലുള്ള സ്ഥലം ഡേറ്റാബാങ്കിൽ ഉള്ളതാണോ എന്നു പരിശോധിച്ചു തുടർ നടപടികളിലേക്കു കടക്കാനും തീരുമാനമായി.

സുഗതന്റെ വർക്ക്‌ഷോപ്പിനെതിരെ സമരം നടത്തിയ പാർട്ടിക്കാർ തന്നെ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടിരുന്നതായി സുഗതന്റെ മകൻ സുനിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് എഐവൈഎഫ് പ്രവർത്തകനെതിരെ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയുമുണ്ടായി. സുഗതന്റെ മരണത്തിൽ പ്രവാസികൾക്കിടയിലും കടുത്ത അമർഷമുണ്ടാിയരുന്നു.

പ്രവാസിയായിരുന്ന സുഗതൻ പത്തനാപുരത്ത് വർക്ക്‌ഷോപ്പ് തുടങ്ങാൻ വാങ്ങിയ സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടി നാട്ടിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ഈ സ്ഥലം വയൽ നികത്തിയെടുത്തതാണെന്ന് ആരോപിച്ചായിരുന്നു യുവജനസംഘടനയുടെ പ്രതിഷേധം. ഇതിൽ മനംനൊന്ത് സുഗതൻ ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുകളും സുഹൃത്തുകളും ആരോപിക്കുന്നത്.

വയൽ നികത്തിയ ഭൂമിയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് വർക്ക്ഷോപ്പിന്റെ പ്രവർത്തനം തുടങ്ങാനാവാത്തതിൽ മനംനൊന്താണ് സുഗതൻ ജീവനൊടുക്കിയത്. വർക്ക്‌ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പൽ പൈനാപ്പിൾ ജങ്ഷന് സമീപത്തുള്ള ഷെഡിൽ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന സഹായിയെ അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ചശേഷമാണ് സുഗതൻഡ തൂങ്ങി മരിച്ചത്. ഇയാൾ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

മൃതദേഹത്തിനുസമീപം മൂന്ന് കയറുകൾകൂടി കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാർഗ്ഗമില്ലെന്ന് സുഗതൻ പലരോടും പറഞ്ഞിരുന്നു. ഗൽഫിൽ നിന്നും ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടാണ് സുഗതൻ വർക്ക് ഷോപ്പ് തുടങ്ങാൻ തീരുമാനിച്ചത്. രാഷ്ട്രീയ ഇടപെടൽ മൂലം ഇത് പൊളിച്ച് നീക്കേണ്ട അവസ്ഥ വരുമെന്നായതോടെ മനോവിഷമം താങ്ങാനാവാതെയാണ് സുഗതൻ കെട്ടി തൂങ്ങിയത്.

കൊല്ലം-തിരുമംഗലം പാതയോരത്തുള്ള കൃഷിയോഗ്യമല്ലാത്ത കാടുമൂടിയ ഈ സ്ഥലത്താണ് സുഗതനും മക്കളും സുഹൃത്തുക്കളും ചേർന്ന് ഷെഡ് നിർമ്മിച്ചത്. ദിവസങ്ങളായി രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസിലും കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെ സുഗതൻ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നുലക്ഷത്തിലേറെ രൂപ ഇതിനകം വർക്ക്ഷോപ്പ് നിർമ്മാണത്തിനായും മറ്റും ചെലവഴിച്ചിരുന്നു.

35 വർഷം ഗൾഫിൽ ജോലിയിലായിരുന്നു സുഗതൻ. മക്കളായ സുജിത്ത്, സുനിൽ ബോസ് എന്നിവരെയും ഗൾഫിൽ ജോലിക്കായി കൊണ്ടുപോയിരുന്നു. ആറുമാസം മുൻപ് എല്ലാവരും മടങ്ങിയെത്തിയതോടെയാണ് നാട്ടിൽ സ്വന്തമായി ഒരു സംരംഭം എന്ന ആശയമുദിച്ചതും വർക്ക്ഷോപ്പിനായി ശ്രമം തുടങ്ങിയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP