Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിന്റെ ഉള്ളിലൊരു സൂര്യനുണ്ട്: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

നിന്റെ ഉള്ളിലൊരു സൂര്യനുണ്ട്: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

റുശലേം ദേവാലയത്തിലെ സുക്കോത്ത് പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ സുവിശേഷ സംഭവങ്ങൾ നടക്കുന്നത്. യഹൂദരുടെ മൂന്നു തീർത്ഥാടക തിരുന്നാളുകളിൽ ഒന്നായിരുന്നു സുക്കോത്ത് എന്നവർ പേരു ചൊല്ലി വിളിച്ചിരുന്ന കൂടാരത്തിരുന്നാൾ.

കൂടാരത്തിരുന്നാളിൽ നിറഞ്ഞു നിന്നിരുന്ന രണ്ടു പ്രധാന ഘടകങ്ങളായിരുന്ന വെള്ളവും വെളിച്ചവും. ശീലോഹ കുളത്തിൽ നിന്നും കോരിക്കൊണ്ടു വന്നിരുന്ന ജലം അന്ന് ആഘോഷമായി നിവേദ്യമായി ജറുശലേം ദേവാലയത്തിൽ അർപ്പിച്ചിരുന്നു. അതു കൂടാതെ ജറുശലേം ദേവാലയവും പരിസരവും വമ്പിച്ച ദീപാലങ്കാരത്താൽ നിറയുന്ന അവസരമായി സുക്കോത്ത് തിരുന്നാൾ.

വെള്ളവും വെളിച്ചവും പ്രാമുഖ്യം നേടുന്ന സുക്കോത്ത് തിരുന്നാളിൽ ഈശോ പറയുനന രണ്ടു വചനങ്ങൾ ശ്രദ്ധേയമാണ്: ''തിരുന്നാളിന്റെ മഹാദിനത്തിൽ ഈശോ എഴുന്നേറ്റു നിന്ന് ശബ്ദമുയർത്തി പറഞ്ഞു. ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്... ജീവജലത്തിന്റെ അരുവികൾ ഒഴുകും'' (യോഹ. 7:37).

പിറ്റെ ദിവസം വ്യഭിചാരിണിയെ വെറുതെ വിട്ടശേഷം ഈശോ പറഞ്ഞു. ''ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും'' (യോഹ. 8:12).

ഈശോ രണ്ടു കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത് വെള്ളത്തെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും. ജീവജലത്തെക്കുറിച്ചും, ജീവപ്രകാശത്തെക്കുറിച്ചും. വ്യക്തമായി പറഞ്ഞാൽ ജീവദായകമായ വെള്ളത്തെക്കുറിച്ചും ജീവദായകമായ വെളിച്ചത്തെക്കുറിച്ചുമാണ് ഈശോ സംസാരിക്കുന്നത്.

വെറുതെ നിരീക്ഷിച്ചാൽ മാത്രം മതി, വെള്ളവും വെളിച്ചവും ജീവദായകമാണെന്ന് മനസ്സിലാക്കാനാവും. ജീവന്റെ ഉത്ഭവം തന്നെ വെള്ളത്തിലാണെന്നാണല്ലോ ശാസ്ത്രലോകം പറയുന്നത്. ചൊവ്വായിലും ചന്ദ്രനിലും ജീവനുണ്ടോ എന്നറിയാൻ ആദ്യം തിരക്കിയത് അവിടെ വെള്ളമുണ്ടോ എന്നായിരുന്നല്ലോ. എന്തിന് ഭൂമിയുടെ മൂന്നിൽ രണ്ടിൽ കൂടുതൽ ജലമല്ലേ. നമ്മുടെ ശരീരത്തിന്റെയും കാര്യം അതു തന്നെയല്ലേ ശരീരത്തിന്റെ മൂന്നിൽ രണ്ടും ജലമാണ്. അപ്പോൾ ഒരു കാര്യം സത്യമാണ് വെള്ളം ജീവദായകമാണ്.

ഇതു തന്നെയാണ് വെളിച്ചത്തിന്റെയും കാര്യം പ്രകാശം ജീവദായകമാണ്. ഇത് ഏറ്റവും മനോഹരമായി പാടിയവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രശസ്തനായ കവി ഒഎൻവി കുറുപ്പാണ്. സൂര്യഗീതത്തിൽ അദ്ദേഹം പാടുന്നത് ഭൂമിയിൽ ജീവനുണ്ടാകുന്നത് സൂര്യൻ കത്തിയെരിയുന്നതുകൊണ്ടാണെന്നാണ് (ഓഡിയോ കേൾക്കുക)

ചുരുക്കത്തിൽ വെളിച്ചം ജീവദായകമാണ്, വെള്ളവും ജീവദായകമാണ്. ഈ രണ്ടു അടിസ്ഥാന മൂലകങ്ങളും എടുത്തുപ്രയോഗിച്ചു കൊണ്ടാണ് ഈശോ ശിഷ്യരായ നമ്മോട് ആവശ്യപ്പെടുന്നത് ജീവജലത്തിന്റെ ഉറവയാകാനും (യോഹ 7: 37) ജീവപ്രകാശത്തിന്റെ ഉറവിടമാകാനും (യോഹ 8: 12). ചുറ്റുമുള്ളവർക്കൊക്കെ ജീവൻ പ്രദാനം ചെയ്യുന്ന വെള്ളമാകാനും, ജീവൻ പ്രദാനം ചെയ്യുന്ന വെളിച്ചമാകാനുമാണ് ഈശോ ആവശ്യപ്പെടുന്നത്.

എന്നാൽ ജീവദായകമായ വെള്ളവും വെളിച്ചവും കൊടുക്കുന്നവരാകാൻ നമ്മൾ എന്തു ചെയ്യണം ഈശോ പറയുന്നു: ''എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും'' (യോഹ 8:12). പ്രകാശം പകരുന്നവനാകാൻ ഈശോയെ അനുഗമിക്കുകയാണ് വേണ്ടത്.

അന്ന് ഫലസ്തീനായിൽ ജീവിച്ചിരുന്നപ്പോഴും ഈശോ ആവശ്യപ്പെട്ടത് ഇതു തന്നെയാണ്. മുക്കുവരോട് അവൻ പറഞ്ഞു: ''എന്നെ അനുഗമിക്കുക'' (മാർക്കോ 1:17, 20). ചുങ്കക്കാരൻ ലേവിയോടും ഈശോ ഇതു തന്നെ പറഞ്ഞു: ''എന്നെ അനുഗമിക്കുക'' (മാർക്കോ 2: 14). പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുന്നതിന്റെ ഒന്നാമത്തെ ലക്ഷ്യം ഈശോയുടെ കൂടെ ആയിരിക്കാനാണ് (മാർക്കോ 3:14).

ഈശോയെ അനനുഗമിക്കണമെങ്കിൽ അവൻ എവിടെയാണെന്ന് അറിയണം. ഇന്ന് ഈശോ ഭൗതിക ശരീരത്തിൽ ജീവിച്ചിരിപ്പില്ലേ. അങ്ങനെ എങ്കിൽ ആദൃശ്യനായ ക്രിസ്തു ഇന്ന് എവിടെയാണ് ഒന്നാമതായി സന്നിഹിതനാകുന്നത് സംശയമില്ല, നീന്റെ ഉള്ളിലാണ് ക്രിസ്തു നിനക്ക് ഒന്നാമതായി സന്നിഹിതനാകുന്നത്. നിന്റെ ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന നിന്റെ ജീവന്റ ആധാരമായി നിൽക്കുന്നവൻ ക്രിസ്തുവാണ്. അത് തിരിച്ചറിയുക. നിന്റെ ഉള്ളിലൊരു സൂര്യനുണ്ട്. ആ സൂര്യനിലേക്ക് നീ മുഖം തിരിക്കുക. നിന്റെ ഉള്ളിലെ ക്രിസ്തുസാന്നിധ്യത്തെ നീ അനുഗമിക്കുക, പിൻചെല്ലുക. അപ്പോൾ നിന്റെ ജീവിതം ജീവദായകമായ പ്രകാശം പരത്തുന്ന ജീവിതമായി മാറും. നിന്റെ വാക്കും പ്രവൃത്തിയും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം ചൊരിയും. അവരിലെ ജീവനെ വളർത്തും പോഷിപ്പിക്കും.

മലയാളത്തിന്റെ ചെറുകഥാകൃത്ത് ടി. പത്മനാഭന്റെ ''പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി'' എന്ന കഥ (ഓഡിയോ കേൾക്കുക). ആത്മഹത്യ ചെയ്യാൻ പോകുന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് പ്രത്യാശയുടെ പ്രകാശം പരത്തുന്ന പെൺകുട്ടി.

ജീവദായകമായ പ്രകാശം പരത്തുന്നവനാകാൻ നിന്റെ ഉള്ളിലെ സൂര്യനെ നീ തിരിച്ചരിയുകയാണ് വേണ്ടത്. എന്നിട്ട് ആ ക്രിസ്തുസാന്നിധ്യത്തെ പിൻചെല്ലുക, അനുഗമിക്കുക. അപ്പോൾ നിന്റെ ജീവിതം പ്രകാശം പരത്തുന്ന ജീവിതമായി മാറും.

സമാനമായൊരു കാര്യം വെള്ളത്തിന്റെ കാര്യത്തിലും ഈശോ പറയുന്നുണ്ട്: ''എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് ജീവജലത്തിന്റെ അരുവികൾ ഒഴുകും'' (യോഹ 8:37). ജീവദായകമായ ജലം കൊടുക്കുന്നവനാകാൻ, ക്രിസ്തുവിൽ വിശ്വസിക്കണമെന്നു സാരം.

ഭൂമിയിൽ ജീവിച്ചിരുന്നപ്പോഴും ഈശോ ശിഷ്യരോട് ആവശ്യപ്പെട്ടത് ഇതു തന്നെയാണ് തന്നിൽ വിശ്വാസം അർപ്പിക്കാനാണ്. ഗലീലി തടാകത്തിൽ മുങ്ങിത്താഴുമ്പോൾ ഈശോ ചോദിക്കുന്നത്: ''നിങ്ങൾ ഭയപ്പെടുന്നതെന്ത് നിങ്ങൾക്ക് വിശ്വാസമില്ലേ'' (മാർക്കോ 4: 40) എന്നാണ്. ഇതേ കാര്യം അവൻ വീണ്ടും ആവർത്തിക്കുന്നുണ്ട് മാർക്കോ 5: 34, 36.

ഇന്നും ഈശോ ആവശ്യപ്പെടുന്നത് അവനിൽ വിശ്വാസം അർപ്പിക്കാനാണ്. എന്നാൽ ഇന്ന് ക്രിസ്തു എവിടെയാണ് സന്നിഹിതാനാകുന്നത് നിന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ആധാരമായി നിൽക്കുന്ന നിന്റെ ജീവന്റെ ഹൃദയത്തിലാണ് ക്രിസ്തു നിനക്ക് സന്നിഹിതനായിരിക്കുന്നത്.

അതിനാൽ നിന്റെ ഉള്ളിലുള്ള ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കുക.ഉള്ളിലെ ക്രിസ്തുവിൽ ശരണപ്പെടുക. പ്രത്യേകിച്ച് നിന്റെ ജീവിതത്തിന്റെ പ്രതിസന്ധികളിലും പരാജയങ്ങളിലും നിന്റെ ഉള്ളിലെ ക്രിസ്തുസാന്നിധ്യത്തിൽ നീ വിശ്വാസം അർപ്പിക്കുക, ശരണം വയ്ക്കുക. അപ്പോൾ നിന്റെ ഉള്ളിൽ നിന്നും ജീവജലത്തിൽ അരുവികൾ പുറപ്പെടും. ജീവദായകമായ ജലം പ്രദാനം ചെയ്യുന്നവനായി നീ മാറും.

എറണാകുളം മഹാരാജാസ് കോളേജിലെ മുൻ പ്രിൻസിപ്പൽ മേരി മെറ്റിൽഡ ടീച്ചറിന്റെ അനുഭവം (ഓഡിയോ കേൾക്കുക)

ഈശോ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത് ജീദായകമായ വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും ഉറവിടമായി മാറാനാണ്. അതിന് നമ്മൾ എന്തു ചെയ്യണം അതിന് നിന്റെ ഉള്ളിലെ ക്രിസ്തുസാന്നിധ്യത്തെ തിരിച്ചറിഞ്ഞ് നീ അനുഭവിക്കണം. നിന്റെ ശരീരത്തിനും നിന്റെ മനസ്സിനും ആധാരമായി നിൽക്കുന്ന നിന്റെ ജീവന്റെ ഹൃദയത്തിൽ ക്രിസ്തുവാണ്. നിന്റെ ഉള്ളിലെ സൂര്യനാണ് അവര്ൻ. ആ ക്രിസ്തുസാന്നിധ്യത്തെ നീ തിരിച്ചറിയുക,അനുഭവിക്കുക.

പോരാ, ഇടക്കിടെ നിന്റെ ഉള്ളിലെ ക്രിസ്തുസാന്നിധ്യത്തിലേക്ക് പിൻതിരിയുക. അനുദിന ജീവിതത്തിൽ ആ ക്രിസ്തുസാന്നിധ്യത്തെ പിൻചെല്ലുക. ക്രിസ്തു സാന്നിധ്യത്തിൽ വിശ്വാസം അർപ്പിക്കുക. ആ ക്രിസ്തുസാന്നിധ്യത്തിൽ നിന്റെ ശരണം വയ്ക്കുക.

അപ്പോൾ നീ ജീവജലത്തിന്റെ ഉറവിടമായി മാറും. അപ്പോൾ നീ ജീവദായകമായ പ്രകാശം ചൊരിയുന്നവനാകും. നിനറെ വാക്കും പ്രവൃത്തിയും ജീവിതവും ചുറ്റുമുള്ളവർക്കെല്ലാം വെള്ളവും വെളിച്ചവും പകരും. തൽഫലമായി നിന്നെ കണ്ടുമുട്ടുന്നവരിലൊക്കെ ജീവൻ ഉണരും, ജീവൻ വളരും, അത് നിത്യതയിലേക്ക് വളർന്നു കയറും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP