Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഭജനത്തിന്റെ തീരാവേദനകൾക്കിടയിൽ ഉഗ്രപ്രതാപികളായ മുസ്ലിം നേതാക്കൾ ഒന്നടങ്കം പാക്കിസ്ഥാനിലേക്ക് ചേക്കേറിയപ്പോഴും പതറിയില്ല; ബാബ്‌റി മസ്ജിദ് വീണപ്പോൾ സ്വീകരിച്ച മിതവാദത്തിന്റെ പേരിൽ പഴി കേട്ടെങ്കിലും തീവ്രവാദത്തിന്റെ പൊള്ളുന്ന വഴിയേ സഞ്ചരിച്ചില്ല; സാമുദായിക വികാരം ആളിക്കത്തിക്കുന്ന അൽപായുസുകളോട് കൂട്ടുകൂടാതെ ഏഴുപതിറ്റാണ്ടായി ഉറച്ച വേരുകളൂന്നി ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് സ്ഥാപകദിനം ആചരിക്കുമ്പോൾ

വിഭജനത്തിന്റെ തീരാവേദനകൾക്കിടയിൽ ഉഗ്രപ്രതാപികളായ മുസ്ലിം നേതാക്കൾ ഒന്നടങ്കം പാക്കിസ്ഥാനിലേക്ക് ചേക്കേറിയപ്പോഴും പതറിയില്ല; ബാബ്‌റി മസ്ജിദ് വീണപ്പോൾ സ്വീകരിച്ച മിതവാദത്തിന്റെ പേരിൽ പഴി കേട്ടെങ്കിലും തീവ്രവാദത്തിന്റെ പൊള്ളുന്ന വഴിയേ സഞ്ചരിച്ചില്ല; സാമുദായിക വികാരം ആളിക്കത്തിക്കുന്ന അൽപായുസുകളോട് കൂട്ടുകൂടാതെ ഏഴുപതിറ്റാണ്ടായി ഉറച്ച വേരുകളൂന്നി ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് സ്ഥാപകദിനം ആചരിക്കുമ്പോൾ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: മുസ്ലീങ്ങളുടെ രാഷ്ട്രീയ പാർട്ടിക്ക് ജനാധിപത്യത്തിന്റെ രാ്ഷ്ട്രീയ കളത്തിൽ എന്തുണ്ട് കാര്യം എന്ന് ചോദിച്ചവർക്ക് മറുപടിയാണ ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ്. ജനാധിപത്യ സമൂഹത്തിൽ ന്യൂനപക്ഷ ജനത സ്വത്വം പ്രകാശിപ്പിച്ച് സംഘടിക്കേണ്ടതിന്റെ ബോധ്യത്തിൽ നിന്നാണ് സംഘടനയുടെ പിറവി. പേരിൽ മുസ്ലിം എന്നുള്ളതുകൊണ്ട് വർഗീയ പാർട്ടിയെന്ന് അധിക്ഷേപിക്കുന്നവർക്ക് തങ്ങളുടെ ചരിത്രമാണ് ലീഗ് നേതാക്കന്മാർ പറഞ്ഞുകൊടുക്കുക.

ചരിത്രം കുറച്ചൊന്നുമല്ല പറയാൻ

1906ൽ രൂപീകരിച്ച ലീഗല്ല ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്.1948 മാർച്ച് 10ന് മുഹമ്മദ് ഇസ്മായിൽ സാഹിബ് രുപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗാണ് ഇന്ന് ഇന്ത്യയിൽ പ്രവത്തിക്കുന്നത്. ഇന്ത്യ സ്വതന്ത്രമായതിന്റെ പിറ്റേ വർഷം ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നടന്ന സമ്മേളനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപിതമായി. എം. മുഹമ്മദ് ഇസ്മായിലാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപിച്ചത്.

വിഭജനത്തിന്റെ മുറിവുകൾ

ഇന്ത്യയും പാക്കിസ്ഥാനും എന്ന രണ്ടുരാജ്യങ്ങളുടെ യാഥാർഥ്യം അംഗീകരിക്കുകയെന്നാൽ കുറെ വലിയ മുറിവുകൾ കൂടി ഏറ്റുവാങ്ങുക എന്നതായിരുന്നു.ലീഗിന്റെ വലിയ നേതാക്കൾ ഒന്നടങ്കം പാക്കിസ്ഥാനിലേക്ക് ചേക്കേറിയ ആ സമയത്ത് ഭാവി വലിയൊരു ചോദ്യചിഹ്നമായിരുന്നു. ആ ഭയാശങ്കകളോടെയാമ് ചെന്നൈ രാജാജി ഹാളിൽ എല്ലാവരും ഒത്തുകൂടിയത്. വേട്ടയുടെ ആ കാലഘട്ടത്തിൽ ഇനി മുസ്ലിം ലീഗെന്ന പാർട്ടിയേ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഭൂരിപക്ഷം നേതാക്കളുമെന്ന് ഓർത്തെടുക്കുന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.എന്നാൽ, വഴിവിളക്ക് തെളിക്കാൻ ദിശകാട്ടാൻ ഒരുമഹാപുരുഷൻ അവർക്കൊപ്പമുണ്ടായിരുന്നു.ഖാഇദേമില്ലത്ത്.ആ ദീർഘദർശിയായ നേതാവ് കാട്ടിക്കൊടുത്ത വഴിയിലൂടെ ഏഴ് പതിറ്റാണ്ട് സഞ്ചരിച്ചിരിക്കുന്നു ലീഗ്.സമുദായത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടി എന്തിന് എന്ന് ചോദിച്ചവരോട് അഭിമാനകരമായ അസ്തിത്വം എന്നാണ് ഖാഇദേമില്ലത്ത് മറുപടി നൽകിയത്.

പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ ഒരു കാലഘട്ടത്തിൽ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് പ്രതീക്ഷകളുടെ തുരുത്ത് തീർക്കുകയായിരുന്നു മുസ്ലിം ലീഗ്. അക്കാലത്ത് പ്രമുഖ ദേശീയ പത്രങ്ങൾ ലീഗ് പിരിച്ചു വിടണമെന്ന് വിളിച്ചു പറഞ്ഞിരിന്നു. സർവ്വേന്ത്യാ മുസ്ലിം ലീഗ് നേതാക്കളായ ചിലർ പോലും ലീഗ് പിരിച്ചു വിടാൻ വേണ്ടി കൺവൻഷനുകൾ വിളിച്ചു. മൗലാനാ ആസാദ് ഡൽഹിയിൽ അത്തരം ഒരു കൺവെൻഷൻ വിളിച്ചപ്പോൾ കൊൽക്കത്തയിൽ ബംഗാൾ പ്രധാനമന്ത്രിയായിരുന്ന സഹീദ് ഹുസയിൻ സുഹ്രവർദിയായിരുന്നു മറ്റൊരു കൺവെൻഷൻ വിളിച്ചത്. ബോംബയിലെ മുസ്ലിം ലീഗ് നേതാവായിരു എ.കെ.ഹാഫിസ്‌കയുടെ നേതൃത്വത്തിൽ ലീഗ് പിരിച്ചു വിടൽ നടന്നു.മദിരാശി സംസ്ഥാനത്തിൽ എൽ.എം.അൻവർ, എസ്.എ.എം.മജീദ് തുടങ്ങിയ മുസ്ലിം ലീഗ് എംഎ‍ൽഎമാരാണ് ലീഗു വിട്ട് കോൺഗ്രസിൽ ചേക്കേറിയത്.

1948 ന് മദിരാശി രാജാജി ഹാളിൽ ചേർന യോഗത്തിൽ മുസ്ലിം ലീഗ് നിലനിർത്തണെ പ്രമേയം അവതരിപ്പിച്ച പി.കെ.മൊയ്തീൻകുട്ടി സാഹിബ്, ലീഗ് എംഎ‍ൽഎ.മാരായിരു എ.കെ.കാദർകുട്ടി സാഹിബ്, അഡ്വ: സി.വി.ഹൈദ്രോസ് സാഹിബ് തുടങ്ങിയവരൊക്കെ ലീഗ് വിട്ടു പോയി. കെ.കെ.അബു സാഹിബിനെ പോലുള്ള ചിലർ സോഷ്യലിസ്റ്റ് പാർ്ട്ടിയിൽ ചേർന്നപ്പോൾ പലരും കോൺഗ്രസിൽ അഭയം തേടി. പി.പി.ഹസൻകോയ സാഹിബ്, എസ്.എ.ജിഫ്രി തുടങ്ങിയ വാണിജ്യ വ്യവസായ പ്രമുഖരൊക്കെ സ്വാതന്ത്ര്യത്തിന് മുന്പ് ലീഗിലുണ്ടായിരുന്നു.

മാറിയ സാഹചര്യത്തിൽ അവരൊക്കെ മാറി. ചിലർ രാഷ്ട്രീയംതന്നെ മതിയാക്കി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഹസ്രത്ത് മൊഹാനി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപന സമ്മേളനത്തിൽ പങ്കുവഹിച്ച നേതാവാണ്. ഗാന്ധിജി പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടും മുന്‌പേ സമ്പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം 1922ൽ അഹമ്മദാബാദ് കോഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ച വിപ്ലവകാരി, അദ്ദേഹം പോലും രാഷ്ട്രീയം മതിയാക്കുകയായിരുന്നു. ചൗധരി ഖാലിഖ്സ്സമാനെപോലുള്ള മുതിർന്ന ഉത്തരേന്ത്യൻ നേതാക്കൾ പാക്കിസ്ഥാനിലേക്കു പോയി. മലബാറിലെ ലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന സത്താർസേട്ട് സാഹിബടക്കം അക്കൂട്ടത്തിലുണ്ടായിരുന്നു.

മിതവാദത്തിന്റെ സ്വരൂപം

പറയേണ്ട കാര്യങ്ങൾ ക്യത്യമായി പറയുക. എന്നാൽ, അത് തീവ്രവാദത്തിലേക്ക് വഴുതി വീഴാതിരിക്കുക. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എക്കാലത്തും ശ്രദ്ധിച്ചുപോന്ന കാര്യം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറയുന്നു...'ഞങ്ങളുടെ പാർട്ടിയുടെ പേര് മുസ്ലിം ലീഗെന്നാണ്. അവകാശങ്ങൽ ചോദിച്ചുവാങ്ങുകയും അനീതിക്കെതിരെ പോരാടുകയും ചെയ്യു. ..പക്ഷേ തീവ്രവാദത്തിന്റെ രാക്ഷസീയത ഞങ്ങൾക്ക് അന്യമാണ്. ഈ മിതവാദ നിലപാടിന്റെ പേരിൽ നിരവധി ആക്ഷേപങ്ങൾ ഈ പാർട്ടിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.അക്കൗണ്ട് ബുക്കിലേക്ക് ഒരുപാട് നഷ്ടങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആത്യന്തിക വിജയം സൗഹാർദ്ദത്തിനും സംയമനത്തിനുമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.ബാബ്‌റി മസ്്ജിദ് ധ്വ്ംസന കാലഘട്ടമടക്കം നിരവധി ചരിത്ര സന്ദർഭങ്ങൾ ഇതിന് സാക്ഷിയാണ്.'

ബാബ്റി മസ്ജിദ് വിഷയത്തിൽ അന്ന് പാർട്ടിയുടെ ദേശീയ അധ്യക്ഷനായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് എടുത്ത കടുത്ത നിലപാടുകൾ മുസ്ലിംലീഗിനെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചത്. പാർട്ടി പിളരുകയും മുസ്ലിം ലീഗിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു.എന്നിരുന്നാലും കലാപങ്ങളോ, ലഹളകളോ ഇവിടെ ഉണ്ടാകാതിരിക്കാൻ വലിയൊരു പങ്ക് വഹിച്ചത് ലീഗ് നേതാക്കളുടെ മിതവാദ നിലപാടാണെന്ന കാര്യം മതേതര പാർട്ടികളുടെ നേതാക്കൾ ആവർത്തിച്ചുപറയാറുണ്ട്.

ആൾക്കൂട്ടത്തിനനുസരിച്ച് തുള്ളിച്ചാടാറില്ല

തിരഞ്ഞെടുപ്പ് പലപ്പോഴും താൽക്കാലിക ലാഭങ്ങളുടേത് കൂടിയാണ്. എന്നാൽ, സാമുദായിക വികാരം ആളിക്കത്തിച്ച് മുന്നോട്ടുള്ള പാത തെളിക്കാൻ ലീഗിനെ കിട്ടില്ല. താൽക്കാലികജയാഘോഷങ്ങൾ നടത്തുന്ന ചില മുസ്ലിം രാ്ഷ്ട്രീയ സംഘടനകൾ ഉണ്ടെങ്കിലും അവ അൽപായുസുകളായിരിക്കുമെന്നാണ് ലീഗ് നേതാക്കൾ പറയുക. എഴുപതാം ജന്മദിനം ആഗോഷിക്കുമ്പോൾ പുതിയ ദേശീയ കമ്മിറ്റി നിലവിൽ വന്നിരകിക്കുന്നു.

മുസ്ലിം-ദളിത് കൂട്ടായ്മകൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഏകീകൃത സിവിൽ കോഡ്ിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. അതേസമയം മുസ്ലിം ജനതയുടെ ദാരിദ്രോ്യന്നമനത്തിന് ഉത്തരേന്ത്യയിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. സാമുദായിക കലാപം നടന്ന മുസാഫർനഗറിൽ അടക്കം വിദ്യാഭ്യാസ- പാർപ്പിട പദ്ധതികൾക്ക് നേതൃത്വം നൽകുന്നു. ഫാസിസ്റ്റ് വിരുദ്ധപോരാട്ടങ്ങളിൽ ഊന്നിയായിരിക്കും മുന്നോട്ടുള്ള പ്രവർത്തനമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറയുന്നു.

മുസ്ലിം ലീഗ് കേരളത്തിൽ

മുസ്ലിം ലീഗ് കേരളത്തിലെ ഭരണപക്ഷ മുന്നണിയായ ഐക്യ ജനാധിപത്യമുന്നണിയിലെ അംഗമാണ്. മുന്നണിയിൽ കോൺഗ്രസ് കഴിഞ്ഞാൽ പ്രധാനപ്പെട്ട രണ്ടാമത്തെ കക്ഷിയുമാണ്. മുസ്ലിം ലീഗിന്റെ കേരള സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളും, ജനറൽ സെക്രട്ടറി മജീദ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 2009 ഓഗസ്റ്റ് 1 ന് മരണപ്പെട്ടു. തുടർന്ന അദ്ദേഹത്തിന്റെ സഹോദരനായ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് കേരളാ ഘടകം സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

പാണക്കാട് കുടുംബം

എക്കാലത്തും ്അധികാരത്തിൽ നിന്ന് അകന്നുനിന്നവരാണ് പാണക്കാട്ട് കുടുംബം. പാണക്കാട് പൂക്കോയ തങ്ങൾ മുതൽ സയ്യിദ് മുനവറലി തങ്ങൾ വരെ തുടരുന്ന കുടുംബത്തിന്റെ അലിഖിത നിയമം തുടരുന്നു മലപ്പുറത്ത് കടലുണ്ടിപ്പുഴയുടെ തീരത്തുള്ള കൊച്ചു ഗ്രാമമായ പാണക്കാടിനെ അഖിലേന്ത്യാ പ്രശസ്തമാക്കിയത് ഈ കുടുംബം തന്നെയാണ്. പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളിൽ നിന്നു തുടങ്ങി മുഹമ്മദലി ശിഹാബ് തങ്ങളിലൂടെയും ഇപ്പോൾ ഹൈദരലി ശിഹാബ് തങ്ങളിലേക്കും എത്തിച്ചേർന്ന നേതൃനിര ഒരിക്കലും പാർലമെന്ററി വ്യാമോഹത്തിന്റെ മേച്ചിൽപ്പുറങ്ങളിലേക്ക് കടന്നില്ല. അധികാരം ആർക്കായിരിക്കണമെന്നു തീരുമാനിക്കുന്നവർ എപ്പോഴും അധികാരത്തിൽ നിന്ന് ഒഴിഞ്ഞുമാറി.

പഞ്ചായത്തിന്റെ വാർഡ് മെമ്പറായോ, എംഎ‍ൽഎ. ആയോ, എംപി. ആയോ അവർ ഒരിക്കലും കളത്തിലിറങ്ങിയില്ല. പൂക്കോയ തങ്ങളുടെ മക്കളിൽ പരേതരായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയും ഉമറലി ശിഹാബ് തങ്ങളെയും കൂടാതെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളും സാദിഖലി ശിഹാബ് തങ്ങളും അബ്ബാസലി ശിഹാബ് തങ്ങളും ഇതേ പാത പിന്തുടർന്നവരാണ്. ഉമറലിയും അബ്ബാസലിയും പ്രാദേശിക രാഷ്ട്രീയത്തിൽ ഒതുങ്ങിക്കൂടിയെന്നു മാത്രം. മുഹമ്മദലി ശിഹാബ് തങ്ങളുടെ മക്കളായ സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും സയ്യിദ് മുനവറലി ശിഹാബ് തങ്ങളും ലീഗ് രാഷ്ട്രീയത്തിന്റെ അണിയറകളിൽ സജീവമാണ്. മുന്നണി സംവിധാനം വഴി മുസ്ലിം ലീഗ് ഉണ്ടാക്കിയ രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറത്ത് മതേതരത്വത്തോടുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതായിരുന്നു അവരുടെ കൂട്ടുകെട്ടുകൾ.

മുഹമ്മദലി ശിഹാബ് തങ്ങളെ പാർലമെന്റിലേക്ക് മത്സരിപ്പിക്കണമെന്നു ചെറിയ മമ്മുക്കേയി സാഹിബ് നിർദ്ദേശം വെച്ചിരുന്നതായും പൂക്കോയ തങ്ങൾ അത് നിരസിച്ചതായും ലീഗ് സംസ്ഥാന സെക്രട്ടറി കൊരമ്പയിൽ അഹമ്മദ് ഹാജി രേഖപ്പെടുത്തിയിട്ടുണ്ട്. പാർലമെന്ററി രാഷ്ട്രീയത്തിന്റെ വ്യാമോഹങ്ങൾക്ക് പാണക്കാട് കുടുംബം അടിമപ്പെടില്ല എന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ആ തിരസ്‌കരണം. പാണക്കാട് കുടുംബം കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ മരണത്തോടെയായിരുന്നു.

1973 ഫെബ്രുവരിയിലാണ് അന്ന് ജില്ലാ പ്രസിഡന്റായിരുന്ന പി.എം. എസ്. എ. പൂക്കോയ തങ്ങൾ ലീഗിന്റെ സംസ്ഥാന പ്രസിഡന്റാകുന്നത്. 60-കളുടെ മധ്യത്തോടെ തന്നെ നിർണായക ചർച്ചകളിൽ ബാഫഖി തങ്ങളോടൊപ്പം പൂക്കോയ തങ്ങളും പങ്കെടുത്തിരുന്നെങ്കിലും പ്രസിഡന്റ് പദവി ഏറ്റെടുത്തതോടെയാണ് അദ്ദേഹം നിർണായക കേന്ദ്രമാകുന്നത്. പൂക്കോയ തങ്ങളുടെ കാലത്തായിരുന്നു, ലീഗിലെ പിളർപ്പ്. ആ പിളർപ്പിലും ലീഗിന് അജയ്യത നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനായി. ആത്മീയ നേതൃത്വം എന്ന പ്രയോഗം തന്നെ വരുന്നത് ഇക്കാലത്താണ്. 1975-ൽ പൂക്കോയ തങ്ങളുടെ നിര്യാണത്തോടെ അന്ന് ഏറനാട് മുസ്ലിം ലീഗ് പ്രസിഡന്റായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ പ്രസിഡന്റ് പദവി ഏറ്റെടുത്തു. പിന്നീടിങ്ങോട്ട് മൂന്നര ദശാബ്ദത്തിലെറെയായി പാണക്കാട് കുടുംബം കേരള രാഷ്ട്രീയത്തന്റെ സജീവ സാന്നിധ്യവും നിർണായക ശക്തികേന്ദ്രവുമായി മാറി. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷം ഇപ്പോൾസയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ആ പാരമ്പര്യത്തിന്റെ പാത തുടരുകയാണ്.

1906ൽ രൂപീകരിച്ച മുസ്ലിം ലീഗിന്റെ ചരിത്രം കൂടി

ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഇന്ത്യയിൽ മുസ്ലിംകൾക്ക് അർഹമായ പരിഗണന കിട്ടുന്നില്ലെന്ന ചിന്തയിൽ നിന്നാണ് മുസ്ലിം ലീഗ് രൂപീകരണത്തിന്ന് തുടക്കം കുറിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടി ആയിരുന്നു മുസ്ലിം ലീഗ്. 1906-ൽ ധാക്കയിൽ സ്ഥാപിതമായ മുസ്ലിം ലീഗ് .ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പാക്കിസ്ഥാൻ എന്ന മുസ്ലിം രാജ്യം സ്ഥാപിക്കുന്നതിനു പിന്നിലെ പ്രേരകശക്തി മുസ്ലിം ലീഗ് ആയിരുന്നു. രാഷ്ട്രീയമായി മുസ്ലിംകൾ സംഘടിക്കണമെന്ന ലക്ഷ്യത്തോടെ, 1906- ഡിസ. 30ന്ന്, ആഗാഖാന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെട്ടത്.

ഡാക്കയിലാണ് പ്രഥമ സമ്മേളനം നടന്നത്. പാക്കിസ്ഥാനിൽ ലീഗ് രാജ്യത്തിന്റെ ആദ്യ സർക്കാർ രൂപവത്കരിച്ചെങ്കിലും 1950-കളിൽ ഒരു സൈനിക അട്ടിമറിയെ പിന്തുടർന്ന് ഛിദ്രമായി. പാക്കിസ്ഥാനിൽ 1947 മുതലുള്ള മിക്ക പൊതുജന സർക്കാരുകളിലും മുസ്ലിം ലീഗിന്റെ ഘടകങ്ങൾ ഭാഗമായിരുന്നു. ബംഗ്ലാദേശിൽ പാർട്ടി 1976-ൽ പുനരുജ്ജീവിക്കപ്പെട്ടു, 1979 നിയമസഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റ് നേടി. ഇതിനു ശേഷം പാർട്ടി അപ്രധാനമായി.1948 മാർച്ച് 10ന് മുഹമ്മദ് ഇസ്മായിൽ സാഹിബ് രുപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗാണ് ഇന്ന് ഇന്ത്യയിൽ പ്രവത്തിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP