Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ചേട്ടാ ഒരു മിനിറ്റ്... ചേട്ടനിരിക്കാൻ കസേര എടുക്കാം' എന്ന് അസി. ഡയറക്ടർ; 'വേണ്ട മോനേ.. നമ്മുക്ക് എല്ലാർക്കുംകൂടെ നിലത്തിരുന്ന് ഒരുമിച്ച് കഴിക്കാം' എന്ന് നടൻ; ഒന്നോ രണ്ടോ സിനിമ വിജയിക്കുമ്പോൾ തന്നെ തലക്കനംകൂടി കാരവാൻ വേണമെന്ന് പറയുന്ന ന്യൂജൻകാർ കണ്ടുപഠിക്കാൻ ഇന്ദ്രൻസിനെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പ്

'ചേട്ടാ ഒരു മിനിറ്റ്... ചേട്ടനിരിക്കാൻ കസേര എടുക്കാം' എന്ന് അസി. ഡയറക്ടർ; 'വേണ്ട മോനേ.. നമ്മുക്ക് എല്ലാർക്കുംകൂടെ നിലത്തിരുന്ന് ഒരുമിച്ച് കഴിക്കാം' എന്ന് നടൻ; ഒന്നോ രണ്ടോ സിനിമ വിജയിക്കുമ്പോൾ തന്നെ തലക്കനംകൂടി കാരവാൻ വേണമെന്ന് പറയുന്ന ന്യൂജൻകാർ കണ്ടുപഠിക്കാൻ ഇന്ദ്രൻസിനെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പ്

തിരുവനന്തപുരം: ആർക്ക് ഉയർച്ചയുണ്ടാകുന്നോ.. അപ്പോഴൊക്കെ അവർക്കെതിരെ ഉപജാപങ്ങളും മോശം കഥകളും പ്രചരിക്കുന്ന ലോകമാണ് സിനിമ. അവാർഡ് പ്രഖ്യാപനം കഴിഞ്ഞാലുടൻ ഇത്തരം വിഴുപ്പലക്കലുകൾ ഉയരുന്നതും പതിവ് കാഴ്ചയാണ്. എന്നാൽ വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇക്കുറി അവാർഡ് പ്രഖ്യാപനത്തിന് ശേഷം കാണുന്നത്.

മലയാളത്തിൽ ഇതിനകം 250ൽപരം ചിത്രങ്ങളിൽ ചെറുതുംവലുതുമായ വേഷമിട്ട.. എറെ സിനിമകളിലും ആസ്വാദകരെ കുടുകുടെ ചിരിപ്പിച്ച ഇന്ദ്രൻസ് എന്ന കൊച്ചു നടൻ ഇത്തവണത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആളൊരുക്കം എന്ന ചിത്രത്തിൽ ഓട്ടൻതുള്ളൽ കലാകാരനായ പപ്പുവാശാന്റെ വേഷം കയ്യടക്കത്തോടെ കൈകാര്യംചെയ്താണ് ഇന്ദ്രൻസ് അവാർഡ് നേടുന്നത്.

ഇക്കുറി അവാർഡ് നേടിയ മറ്റു പലർക്ക് എതിരെയും കുശുകുശുപ്പുകൾ ഉണ്ടാവുകയും ഫാൻസുകാരും മറ്റും കമന്റുകളുമായി എത്തുകയും ചെയ്തിട്ടും ഇന്ദ്രൻസിന്് അവാർഡ് ലഭിച്ചത് സിനിമാ പ്രേക്ഷകർക്കും പ്രവർത്തകർക്കുമെല്ലാം വലിയ സന്തോഷമായി. എല്ലാവരും കയ്യടികളോടെ സ്വാഗതം ചെയ്ത പ്രഖ്യാപനമായി മലയാളസിനിമയിൽ ഇത്രയും കാലം അഭിനയരംഗത്തും വസ്ത്രാലങ്കാര രംഗത്തും നിറഞ്ഞുനിന്ന ഇന്ദ്രൻസ് എന്ന സുരേന്ദ്രന്റേത്.

അവാർഡ് പ്രഖ്യാപനം കഴിഞ്ഞ വേളയിൽ കാണാനെത്തിവരോടെല്ലാം ഒട്ടും തലക്കനമില്ലാതെ.. വാക്കുകളിൽ അഹങ്കാരമില്ലാതെ.. സ്വീകരിച്ചു ഇന്ദ്രൻസ്. തന്റെ ഒറ്റയ്ക്കുള്ള പ്രയത്‌നമല്ല, മറിച്ച് അഭിലാഷ് എന്ന സംവിധായകന്റെയും മറ്റ് പ്രവർത്തകരുടേയും വലിയ സഹകരണവും ഉപദേശവും സ്വീകരിച്ചാണ് കഥാപാത്രത്തെ ഉൾക്കൊണ്ടതെന്നും എളിമയോടെ പറഞ്ഞ നടന്റെ മഹത്വത്തിന് സിനിമലോകം കയ്യടിച്ചു.

ഇപ്പോഴിതാ ഒരു സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ ഭക്ഷണം കഴിക്കാനിരുന്ന വേളയിലെ അനുഭവം പങ്കുവച്ച് ഒരു സംവിധായകൻ ആ കൊച്ചു നടന്റെ വലിയ മനസ്സ് ഒരിക്കൽകൂടി വെളിപ്പെടുത്തുന്നു. ഇന്ദ്രൻസ് അഭിനയിച്ച ഒരു ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഒരാളായ സെബിൻ മറിയംകുട്ടി ആന്റണി നൽകിയ ഒരു ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി. ഇമ്മാനുവൽ സംവിധാനം ചെയ്ത കെന്നി എന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ എടുത്ത ചിത്രമാണ് കഴിഞ്ഞദിവസം സെബിൻ പങ്കുവച്ചത്.

സെബിൻ മറിയംകുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

37 കൊല്ലം ആയി ഇന്ദ്രൻസ് ഏട്ടൻ സിനിമയിൽ വന്നിട്ട്... 1981ൽ ചൂതാട്ടം എന്ന സിനിമയിൽ കോസ്റ്റുമറായി അവതരിച്ച അദ്ദേഹം... പിന്നീട് ഒരു കോമഡി താരം ആയി മുന്നേറി... പക്ഷെ അദ്ദേഹത്തെ മലയാള സിനിമ ശരിക്കും ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ട് വർഷം ഏറെ ഒന്നുമായിട്ടില്ല...

ഇത് 2017 ഡിസംബറിൽ ഞങ്ങളുടെ കെന്നി എന്ന ഷോർട് ഫിലിം ലൊക്കേഷനിൽ വച്ചു എടുത്ത ഒരു ചിത്രം ആണ്... ചേട്ടാ ഒരു മിനിറ്റ് കസേര എടുക്കാം; എന്ന് പറഞ്ഞ അസിസ്റ്റന്റ് ഡയറക്ടറോടു ''വേണ്ട മോനേ നമ്മുക്ക് എല്ലാവർക്കും കൂടെ നിലത്തു ഇരുന്നു ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു.

ഞങ്ങൾക്കൊപ്പം തറയിൽ ഇരിക്കാൻ കാണിച്ച ആ മനസ്സ് തന്നെ ആണ് അദ്ദേഹത്തെ ഇന്ന് കേരളത്തിലെ മികച്ച നടനുള്ള സിംഹാസനത്തിൽ പ്രതിഷ്ടിച്ചതു.(സിനിമ: ആളൊരുക്കം)

(NB: നിക്കോളാസ് എന്നൊരു ആംഗ്ലോ ഇന്ത്യൻ കഥാപാത്രമായാണ് ഇന്ദ്രൻസ് ഏട്ടൻ കെന്നിയിൽ പ്രത്യക്ഷപ്പെടുന്നത്... ഈ സന്തോഷ വേളയിൽ ഇന്ദ്രൻസ് ഏട്ടന് ഞങ്ങൾ കെന്നി ടീമിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP