Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെങ്ങന്നൂരിൽ വിജയം പ്രതീക്ഷിക്കുന്ന ബിജെപി വെള്ളാപ്പള്ളിയുമായി എങ്ങനേയും ധാരണയിലെത്താനുള്ള തീവ്രശ്രമത്തിൽ; മുന്നണി വിടുമെന്ന വിരട്ടലിൽ സ്ഥാനങ്ങൾ ഉറപ്പിക്കാൻ കടുത്ത സമ്മർദ്ദവുമായി തുഷാർ; തുഷാറിന് എംപി സ്ഥാനം കൊടുത്ത് ഉള്ള വോട്ട് കളയരുതെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ; സിപിഎം-ബിജെപി സ്ഥാനാർത്ഥികളുടെ അങ്കലാപ്പ് മുതലെടുത്ത് വിജയം ഉറപ്പിക്കാൻ കോൺഗ്രസ്

ചെങ്ങന്നൂരിൽ വിജയം പ്രതീക്ഷിക്കുന്ന ബിജെപി വെള്ളാപ്പള്ളിയുമായി എങ്ങനേയും ധാരണയിലെത്താനുള്ള തീവ്രശ്രമത്തിൽ; മുന്നണി വിടുമെന്ന വിരട്ടലിൽ സ്ഥാനങ്ങൾ ഉറപ്പിക്കാൻ കടുത്ത സമ്മർദ്ദവുമായി തുഷാർ; തുഷാറിന് എംപി സ്ഥാനം കൊടുത്ത് ഉള്ള വോട്ട് കളയരുതെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ; സിപിഎം-ബിജെപി സ്ഥാനാർത്ഥികളുടെ അങ്കലാപ്പ് മുതലെടുത്ത് വിജയം ഉറപ്പിക്കാൻ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എൻഡിഎ തകരും. തുഷാർ വെള്ളാപ്പള്ളിയും രാജൻബാബുവും അടക്കമുള്ളവർ ബിജെപി മുന്നണി വിട്ട് പുറത്തുവരും. തുഷാർ വെള്ളാപ്പള്ളിയുടെ രാജ്യസഭാ സീറ്റ് അടക്കമുള്ള വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബിഡിജെഎസ് അടക്കമുള്ള ചില ഘടക കക്ഷികൾ എൻഡിഎ കേരള ഘടകത്തിൽ നിന്നു പിന്മാറുമെന്ന് വ്യക്തമാകുന്നത്. തുഷാറിനെ എംപിയാക്കുമെന്ന് ബിജെപി ദേശീയ നേതൃത്വം സൂചന നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ കേരളത്തിലെ ബിജെപിക്കാർ ശക്തമായി രംഗത്തുവന്നു. തുഷാറിനെ എംപിയാക്കിയാൽ നായർ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകലുമെന്ന് ഇവർ നേതൃത്വത്തെ അറിയിച്ചു. ഇതോടെ തുഷാറിനെ എംപിയാക്കേണ്ടെന്ന നിലപാടിലേക്ക് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തിച്ചേരുകയായിരുന്നു.

ഭിന്നത രൂക്ഷമായതോടെ ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു നിന്നു ബിഡിജെഎസ് വിട്ടു നിൽക്കുകയാണ്. മുന്നണി വിടണോ എന്നു തീരുമാനിക്കുന്നതിനു ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗം ബുധനാഴ്ച ചേരും. മറ്റു ഘടകകക്ഷികളുമായും ഇവർ ആശയവിനിമയം നടത്തുന്നുണ്ട്. ഇന്നു ചെങ്ങന്നൂരിൽ നിശ്ചയിച്ച എൻഡിഎ യോഗം ആശയക്കുഴപ്പത്തെ തുടർന്നു മാറ്റിവച്ചു. ഉപതെരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞപ്പോൾ തന്നെ ബിജെപി പിഎസ് ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. കഴിഞ്ഞ തവണ ശ്രീധരൻ പിള്ള 42,000 വോട്ടുകൾ ചെങ്ങന്നൂരിൽ പിടിച്ചിരുന്നു. ബിഡിജെഎസിന്റെ പിന്തുണയുടെ കൂടെ പ്രതിഫലനമായിരുന്നു ഇത്. തുഷാറും കൂട്ടരും പിണങ്ങുന്നതോടെ ശ്രീധരൻ പിള്ളയ്ക്ക് കടുത്ത തിരിച്ചടിയായി അത് മാറും. ജയപ്രതീക്ഷ പോലും കൈവിടേണ്ടി വരും. ഇതിനിടെ തന്ത്രപരമായി അയ്യപ്പസേവാ സംഘത്തിന്റെ നേതാവ് ഡി വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. ഹൈന്ദവ വോട്ടുകളിൽ നിർണ്ണായക സ്വാധീനമുള്ള ചെങ്ങന്നൂരുകാരനാണ് വിജയകുമാർ.

സിപിഎം സജി ചെറിയാനെയാണ് സ്ഥാനാർത്ഥിയായി കാണുന്നത്. ആലപ്പുഴ ജില്ലാ സെക്രട്ടറിയായ സജി ചെറിയാനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കമുണ്ട്. ക്രൈസ്തവ സഭാ വോട്ടുകൾ ലക്ഷ്യമിട്ടാണ് സജി ചെറിയാനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ പരമ്പരാഗത വോട്ടുകൾ സജി ചെറിയാന്റെ സ്ഥാനാർത്ഥിത്വം നഷ്ടമാക്കുമെന്ന ആശങ്ക ഇടത് ക്യാമ്പിൽ സജീവമാണ്. ഇതിനിടെയാണ് ബിജെപി മുന്നണിയിലും അസ്വസ്ഥതകൾ നിറയുന്നത്. ഇതോടെ പ്രതീക്ഷകൾ കൂടുന്നത് കോൺഗ്രസ് ക്യാമ്പിലാണ്. ചെങ്ങന്നൂരിൽ പ്രചരണത്തിന് നേതൃത്വം നൽകാൻ ഉമ്മൻ ചാണ്ടി തന്നെ എത്തുമെന്നാണ് സൂചന. വിജയകുമാറിന്റെ വ്യക്തിമികവും ഉമ്മൻ ചാണ്ടിയുടെ പ്രചരണ മികവും വിജയമെത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യവും ചെങ്ങന്നൂരിൽ സജീവമാക്കും.

ബിജെപിയും തുഷാറുമായുള്ള പ്രശ്‌നങ്ങൾ സങ്കീർണ്ണമായെന്ന് കോൺഗ്രസും തിരിച്ചറിയുന്നു. ബിഡിജെഎസിന്റെ പിന്തുണ ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് ശ്രമിക്കുന്നുണ്ട്. സജി ചെറിയാനും എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആ വോട്ടുകളും ചെങ്ങന്നൂരിൽ ഫലത്തെ സ്വാധീനിക്കും. ഘടകകക്ഷികളുടെ ആവശ്യങ്ങൾ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നടപ്പാക്കുമെന്നായിരുന്നു ബിഡിജെഎസ് പ്രതീക്ഷ. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നു ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബെംഗളൂരുവിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തുകയും കർണാടകയിലെ തിരഞ്ഞെടുപ്പു റാലികളിൽ പങ്കെടുക്കുകയും ചെയ്തു.

തുഷാറിനു രാജ്യസഭാ സീറ്റും മറ്റു പ്രതിനിധികൾക്കു ബോർഡ്, കോർപറേഷനുകളിൽ പദവികളുമാണു ഘടകകക്ഷികൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രാജ്യസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചെങ്കിലും ബിഡിജെഎസിനെ തഴഞ്ഞു. ഘടകകക്ഷികളുടെ സ്ഥാനാർത്ഥി പട്ടിക പിന്നീടു പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പ്രശ്‌നം സങ്കീർണ്ണമായത്. ചെങ്ങന്നൂരിൽ ബിഡിജെഎസിനും ഘടക കക്ഷികൾക്കും സ്വാധീനം ചെലുത്താൻ കഴിയുമെന്നതിനാൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ബിഡിജെഎസ് ഭാരവാഹികളുമായി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ബിജെപി ദേശീയ നേതാവ് ബി.എൽ.സന്തോഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ ബിഡിജെഎസ് ഇപ്പോഴും എൻഡിഎയുടെ ഘടകകക്ഷിയാണെന്നും നേതൃത്വ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നൽകുന്നതിനെതിരെ ബിജെപി സംസ്ഥാന ഘടകത്തിൽ കടുത്ത അതൃപ്തിയാണ് ഉണ്ടായത്. പാർട്ടിയിലെ മുതിർന്ന നേതാക്കളെ പോലും അവഗണിച്ച് പദവികൾ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ കേന്ദ്രനേതൃത്വത്തിന് പരാതി നൽകി. വാഗ്ദാനം ചെയ്ത പദവികൾ നൽകിയില്ലെങ്കിൽ മുന്നണിവിടുമെന്ന് ബിഡിജെഎസും അന്ത്യശാസനം നൽകി. നാളികേര വികസന ബോർഡിലേക്ക് മുതിർന്ന നേതാവും സംസ്ഥാന വൈസ്പ്രസിഡന്റുമായ കെപി ശ്രീശന്റെ പേരായിരുന്നു സംസ്ഥാന നേതൃത്വം നൽകിയിരുന്നത്,റബ്ബർ ബോർഡിലേക്ക് മുൻ അധ്യക്ഷൻ സികെ പത്മനാഭന്റെയും പേര് നിർദ്ദേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷം ഈ പദവികൾ കേന്ദ്രനേതൃത്വം ഒഴിച്ചിട്ടു. സ്‌പൈസസ് ബോർഡ് ചെയർമാൻ പദവിയും ഒഴിഞ്ഞ് കിടക്കുകയാണ്. രണ്ട് എംപിമാരെയും ഒരു കേന്ദ്രമന്ത്രിയെയും േകരളത്തിന് നൽകിയെങ്കിലും പാർട്ടിയിലെ സജീവ നേതാക്കളെ അവഗണിച്ചതാണ് പ്രധാന പ്രശ്‌നം.

തുഷാർവെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നൽകിയാൽ പാർട്ടിവിടുമെന്ന ഭീഷണിയും ചില നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. പാർട്ടിയിൽ ശക്തരായ ഈഴവ നേതാക്കൾ ഉണ്ടായിരുന്നിട്ടും ബിഡിജെഎസിനെ പരിഗണിക്കേണ്ടതില്ലെന്നും മുതിർന്ന നേതാക്കൾ അമിത് ഷായെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP