Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

140 രാജ്യങ്ങളിൽ ബിസിനസ് സാമ്രാജ്യം; അംബാനി ജീവിച്ചതിനേക്കാൾ ആഡംബരമായി ജീവിതം; ഭാവം നോക്കി സേവനം ചെയ്യാൻ അനേകം വേലക്കാർ; സുഖിക്കാൻ മുന്തിയ ഇനം കാറുകളും അത്യാഢംബര വീടുകളും: നേതാവെന്ന നിലയിലും അനുയായികൾ; എന്നിട്ടും കാർത്തി ഇപ്പോൾ കഴിയുന്നത് നിലത്തു പായ വിരിച്ചു കൊതുകു കടിയും കൊണ്ട്; ചിദംബരത്തിന്റെ മകന്റെ സ്‌പെഷ്യൽ സെൽ ആവശ്യം നിഷ്‌ക്കരുണം തള്ളിക്കളഞ്ഞ് കോടതി

140 രാജ്യങ്ങളിൽ ബിസിനസ് സാമ്രാജ്യം; അംബാനി ജീവിച്ചതിനേക്കാൾ ആഡംബരമായി ജീവിതം; ഭാവം നോക്കി സേവനം ചെയ്യാൻ അനേകം വേലക്കാർ; സുഖിക്കാൻ മുന്തിയ ഇനം കാറുകളും അത്യാഢംബര വീടുകളും: നേതാവെന്ന നിലയിലും അനുയായികൾ; എന്നിട്ടും കാർത്തി ഇപ്പോൾ കഴിയുന്നത് നിലത്തു പായ വിരിച്ചു കൊതുകു കടിയും കൊണ്ട്; ചിദംബരത്തിന്റെ മകന്റെ സ്‌പെഷ്യൽ സെൽ ആവശ്യം നിഷ്‌ക്കരുണം തള്ളിക്കളഞ്ഞ് കോടതി

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ രാജാവിനെ പോലെ ജീവിതം. അധികാരം പോയി ബിജെപി അധികാരത്തിൽ എത്തിപ്പോൾ തട്ടിപ്പുകൾ എണ്ണിക്കാണിച്ച് അഴിക്കുള്ളിലാക്കി. കാർത്തി ചിദംബദം എന്ന അധികാര ദല്ലാളും ഇന്ത്യൻ സാമ്പത്തിക രംഗത്തെ നിയന്ത്രിച്ചിരുന്ന വ്യക്തിയുമായ രാഷ്ട്രീയക്കാരന് ഇപ്പോൾ കഷ്ടകാലമാണ്. വിദേശത്തും സ്വദേശത്തുമായി വൻ ബിസിനസുകൾ ഓഹരി വിപണിയെ ഇഷ്ടാനുസരം നിയന്ത്രിച്ചും കഴിഞ്ഞ മുൻ മന്ത്രിപുത്രൻ ഇപ്പോൾ സെല്ലിൽ പായ വിരിച്ച് കൊതുകു കടിയും കൊണ്ട് കൊണ്ടു കഴിയുകയാണ്. ഐഎൻഎക്‌സ് മീഡിയ കോഴക്കേസിൽ അകത്തായ കോൺഗ്രസ് നേതാവ് കൂടിയായ കാർത്തി ഇപ്പോൾ ജയിലിൽ പ്രത്യേകം സെൽ വേണമെന്ന് വാദിച്ചെങ്കിൽ പോലും അതൊന്നും വിജയിച്ചില്ല.

പിതാവിനും കാർത്തിക്കും സമൂഹത്തിലുള്ള പദവി കണക്കിലെടുത്തു മാത്രം പ്രത്യേക സെൽ അനുവദിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം, കാർത്തിക്ക് സുരക്ഷ ഉറപ്പാക്കാൻ ജയിൽ അധികാരികൾ നടപടിയെടുക്കണമെന്നും കോടതി ഇന്നലെ പറഞ്ഞു. കാർത്തി ചിദംബരത്തെ ഈമാസം 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ ഭീഷണിയുള്ളതിനാൽ തിഹാർ ജയിലിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്ന കാർത്തിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കാർത്തിയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിക്കും.

മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകനായ കാർത്തിയെ കഴിഞ്ഞമാസം 28നാണ് സിബിഐ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അന്നു മുതൽ ഇന്നലെ വരെ കാർത്തി സിബിഐ കസ്റ്റഡിയിലായിരുന്നു. ഇനി ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ വേണ്ടെന്നു സിബിഐ വ്യക്തമാക്കിയതിനാലാണു ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പ്രത്യേക സിബിഐ ജഡ്ജി സുനിൽ റാണ ഉത്തരവിട്ടത്. ജയിലിൽ പ്രത്യേക സെൽ എന്ന ആവശ്യം നിഷേധിച്ച കോടതി, ജയിൽ മാന്വൽ പ്രകാരമുള്ള നടപടിയാണുണ്ടാവുകയെന്നു വ്യക്തമാക്കി. വീട്ടിൽനിന്നുള്ള ഭക്ഷണം അനുവദിക്കണമെന്നും ജാമ്യാപേക്ഷ ഉടനെ പരിഗണിക്കണമെന്നുമുള്ള ആവശ്യങ്ങളും അംഗീകരിച്ചില്ല. നേരത്തേ തീരുമാനിച്ച പ്രകാരം ജാമ്യാപേക്ഷ ഈമാസം 15നു പരിഗണിക്കുമെന്നാണ് അറിയിച്ചത്.

പിതാവിനും കാർത്തിക്കും സമൂഹത്തിലുള്ള പദവി കണക്കിലെടുത്തു മാത്രം പ്രത്യേക സെൽ അനുവദിക്കാനാവില്ല. എന്നാൽ, കാർത്തിക്ക് സുരക്ഷ ഉറപ്പാക്കാൻ ജയിൽ അധികാരികൾ നടപടിയെടുക്കണം ജഡ്ജി പറഞ്ഞു. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ചിദംബരം മുംബൈ ഭീകരാക്രമണം ഉൾപ്പെടെ പല കേസുകളും കൈകാര്യം ചെയ്തിട്ടുള്ളതാണെന്നും അതിനാൽ കാർത്തിയുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. കാർത്തിക്കല്ല ചിദംബരത്തിനാണു ഭീഷണിയുള്ളതെന്നും കുടുംബാംഗങ്ങൾ രാജ്യത്തു സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ടെന്നും സിബിഐ അഭിഭാഷകൻ മറുവാദമുന്നയിച്ചു.

പ്രത്യേക സെൽ അനുവദിക്കുന്നതിനെ സിബിഐ എതിർക്കുന്നതു തന്നെ ആശങ്കയുണ്ടാക്കുന്നുവെന്നും തിഹാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച രാജൻ പിള്ളയുടെ കാര്യം മറക്കരുതെന്നും കാർത്തിയുടെ അഭിഭാഷകൻ പറഞ്ഞു. സിബിഐ കോടതിയുടെ ഉത്തരവു വന്നതിനു പിന്നാലെ കാർത്തിയുടെ അഭിഭാഷകൻ ദായൻ കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തുടർന്നാണ് ഇന്നു പരിഗണിക്കാമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.

ആഡംബര കൊട്ടാരത്തിൽ നിന്നും തിഹാർ ജയിലിലേക്ക്

കേന്ദ്രത്തിൽ അധികാരമുണ്ടായിരുന്ന കോൺഗ്രസ് 44 എംപിമാരുടെ നിലയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് ചോദിച്ചാൽ സ്വന്തം കൈയിലിരുപ്പു കൊണ്ടു തന്നെ എന്നാകും ഭൂരിപക്ഷം ആളുകളുടെയും ഉത്തരം. ചിദംബരത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന വിധത്തിൽ കൊള്ളയടിച്ചു ഓഹരി കച്ചവടവുമായി കാര്യങ്ങൽ മുന്നോട്ടു പോകുകയായിരുന്നു. അപ്പന്റെ സ്ഥാനം വെച്ച് ലോകമെമ്പാടും വ്യവസായങ്ങളുണ്ടാക്കി കോടാനുകോടികൾ സമ്പാദിച്ചത് കാർത്തി ചിദംബരമായിരുന്നു.

അധികാരത്തിന്റെ ബലത്തിൽ കോടികൾ സമ്പാദിച്ചു കൂട്ടുകയും എല്ലാം കഴിഞ്ഞപ്പോൾ പാർട്ടി വേദികളിൽ നിന്നും തന്നെ അപ്രത്യക്ഷമാകുകയും ചെയ്ത നേതാവെന്ന് ചീത്തപ്പേരും ചിദംബരത്തിനുണ്ട്. എന്തായാലും മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പി ചിദംബരത്തിന് മേലും പിടി വീണിരുന്നു. വാസൻ ഐ കെയർ എന്ന സ്ഥാപനത്തിൽ മകൻ കാർത്തിക്കുണ്ടായിരുന്ന ഷെയറും ദുരൂഹമായി തുടരുകയായിരുന്നു. വാസൻ ഐ കെയറുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ പുറത്തുവന്നപ്പോൾ വ്യക്തമായത് വൻ സ്വത്തുക്കളുടെ വിവരമാണ്. ഇതിന് പിന്നാലെയാണ് ഐഎൻഎക്‌സ് മീഡിയ ഹൗസ് കോഴയിലും വിവാദങ്ങളുണ്ടായത്.

ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ പേരിൽ 140 രാജ്യങ്ങളിലാണ് ബിസിനസ് ഉള്ളത്. ഇതെല്ലാം വളർന്നതാകട്ടെ ചുരുങ്ങിയ കാലയളിവിലും. ചിദംബരം ധനമന്ത്രിയായിരുന്ന വേളയിൽ അനധികൃതമായി സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കളെല്ലാം വിദേശത്തേക്ക് കടുത്തിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. നേരത്തെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചപ്പോൾ ആദായനികുതി വകുപ്പ് അധികൃതർ ശരിക്കും ഞെട്ടുകയായിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലു അടക്കം ലോകത്തിന്റെ നാനാ ഭാഗത്ത് മുൻധനമന്ത്രിയുടെ പുത്രന് സമ്പാദ്യം ഉണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മിക്കയിടത്തും പല വിധത്തിലുള്ള വാണിജ്യ ബന്ധങ്ങളാണ് ചിദംബരത്തിന് ഉള്ളത്. ഇങ്ങനെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പങ്കാളികളാകാൻ കാർത്തിക്ക് എവിടെ നിന്നും പണം ലഭിച്ചുവെന്നാണ് ചോദ്യം.

ലണ്ടൻ, ദുബായി, സൗത്താഫ്രിക്ക, ഫിലിപ്പീൻസ്, തായ്ലന്റ്, സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക, ബ്രിട്ടീഷ് വിർജിൻ ഐലന്റ്, ഫ്രാൻസ്, യുഎസ്എ, സ്വിറ്റ്സർലണ്ട്, സ്പെയിൻ, ഗ്രീസ് എന്നിവിടങ്ങളിലാണ് കാർത്തിക്ക് നിക്ഷേപമുള്ളത്. എയർസെൽ - മാക്സിസ്് ഇടപാടുമായി ബന്ധപ്പെട്ട് അടുത്തിടെ എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് കാർത്തിയുടെ ദുരൂഹ ഇടപാടുകളെ കുറിച്ച് വ്യക്തമായത്.

വിദേശ രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലകളിലായാണ് കാർത്തി നിക്ഷേപം ഇറക്കിയിരിക്കുന്നത്. അഡ്വന്റേജസ് സ്ട്രാറ്റജിക്സ് കൺസൽട്ടിങ് വിങ്ങിന്റേതുമായി ബന്ധപ്പെട്ടാണ് കാർത്തിയുടെ സിങ്കപ്പൂരിലെ റിയൽ എസറ്റേറ്റ് മേഖലയിലാണ് ഈ ബന്ധങ്ങൾ. ഈ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ തേടുന്നതിനായി അന്താരാഷ്ട്ര ഏജൻസികളെ സമീപിക്കാനും അന്വേഷണ സംഘം ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. സിങ്കപ്പൂരിലെ കാർത്തിയുടെ ബിസിനസ് ഇടപാടുകളെ കുറിച്ചുള്ള ഇടപാടുകൾ കൈമാറാൻ കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ട. ചിദംബരം മന്ത്രിയായിരുന്ന കാലത്താണ് മകൻ വിദേശത്ത് കോടാനുകോടികളുടെ ഇടപാടുകൾ നടത്തിയത്. ഇത് കോൺഗ്രസിനെ ശരിക്കും വെട്ടിലാക്കുന്നതാണ്.

സിങ്കപ്പൂരിലുള്ള കാർത്തിയുടെ കമ്പനി 88 ഏക്കർ സ്ഥലം യഉകെയിൽ വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തലുണ്ട്. 2011 സെപ്റ്റംബർ മാസത്തിലായിരുന്നു ഈ ഇടപാട്. സോമർസെറ്റിലാണ് ഇത്രയും ഏക്കർ സ്ഥലം ഒരു മില്യൺ പൗണ്ട് മുടക്കി വാങ്ങിയത്. കാർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ശ്രീലങ്കയിൽ വൻ കിട റിസോർട്ടിന്റെ ഭൂരിഭാഗം ഷെയറും കൈവശം വെക്കുന്നതെന്നും എൻഫോഴ്സ്മെന്റിന് ലഭിച്ച രേഖകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ലങ്കാ ഫോർച്യൂൺ റെസിഡൻസ് എന്നാണ് ഈ റിസോർട്ടിന്റെ പേര്. ശ്രീലങ്കയിലുള്ള ഈ കമ്പനിയുമായി ചേർന്ന് ലങ്കയിൽ പലയിടത്തും നിക്ഷേപം ഇറക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ ഫാമുകളും മുന്തിരിത്തോപ്പുകളും

കാർത്തിയുടെ ഇടപാടുകൾ അവിടം കൊണ്ടു തീരുന്നില്ല. ദുബായിലും ദക്ഷിണാഫ്രിക്കയിലും ഫാമുകൾ വാങ്ങറിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ മുന്തിരിതോപ്പുകളാണ് വാങ്ങിക്കൂട്ടിയത്. ഇതിനോക്കെ നൂറ് കണക്കിന് കോടികളാണ് ചെലവായതെന്നാണ് എൻഫോഴ്സ്മെന്റ് വകുപ്പിന്റെ കണ്ടെത്തൽ. ഫിലിപ്പീൻസ് കമ്പനിയുമായി ചേർന്നും അഡ്വന്റേജസ് സിങ്കപ്പൂർ പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം ഇറക്കിയിട്ടുണ്ട്. ഇന്റർനാഷണൽ പ്രീമിയർ ടെന്നിസ് ലീഗ്(ഏഷ്യ)യുമായിണ് ഫിലിപ്പീൻസ് ബന്ധം. ഇത് കൂടാതെ സിങ്കപ്പൂരിൽ റിയൽ ബിയോണ്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേർന്നും റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമിറക്കി. തായ്ലന്റിലും സ്പെയിനിലേക്കും മറ്റും കാർത്തി നടത്തിയ ഇടപെടുകളെ കുറിച്ചും എൻഫോഴ്സ്മെന്റ് കൂടുതൽ അന്വേഷണം നടത്തുകയാണ്.'

കാർത്തിയുടെ പങ്കാളിത്തത്തിലുള്ള അഡ്വെന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് എന്ന കമ്പനി യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പണമിടപാടുകൾ നടത്തിയിരുന്നു. ഇതേക്കുറിച്ചൊക്കെ ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. എയർസെൽ മാക്സിസ് കേസിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഈ കമ്പനിയുടെ രണ്ട് ഡയറക്ടർമാരെ എൻഫോഴ്സ്മെൻ അധികൃതർ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കള്ളപ്പണം വെളുപ്പിച്ചുന്നെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. എയർസെൽ മാക്സിസുമായി ഈ റണ്ട് കമ്പനികളും 200 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണ് അന്ന് നേരിട്ട ആരോപണം. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് കള്ളപ്പണം പല രാജ്യങ്ങളിലുമായി നിക്ഷേപം നടത്തിയെന്നാണ് അറിയുന്നത്. പി ചിദംബരം മന്ത്രിയായിരുന്ന വേളയിൽ മകനെ ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കടത്തുകയായിരുന്നു എന്നാണ് ആരോപണം.

വാസൻ ഐ കെയറിന്റെ വളർച്ചയിലെ അദൃശ്യ സാന്നിധ്യം

നേരത്തെ വാസൻ ഐ കെയറിന്റെ അപ്രതീക്ഷിത വളർച്ചയ്ക്ക് പിന്നിലും കാർത്തി ചിദംബരമാണെന്ന് വ്യക്തമായിരുന്നു. കാർത്തിയുടെ വരവോടെ 2009-10 മുതൽ വാസനിലേക്ക് കോടികൾ ഒഴുകിയെത്തിയിരുന്നു. കാർത്തി ഓഹരികൾ സ്വന്തമാക്കി മൂന്നുമാസത്തിനുള്ളിൽ മൗറീഷ്യസിൽനിന്ന് 50 കോടിയുടെ നിക്ഷേപം ക്ലിനിക്കിന് ലഭിച്ചു. ട്രിച്ചിയിൽനിന്ന് വാസന്റെ ആസ്ഥാനം ചെന്നൈയിലേക്ക് മാറ്റി. ഒരുവർഷത്തിനിടെ, മൗറീഷ്യസിലെ നിക്ഷേപകൻ മറ്റൊരു 50 കോടി കൂടി വാസന് കൈമാറി.

2009 മുതൽ 2014 വരെയുള്ള രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് വാസൻ വളർന്നുപന്തലിച്ചത്. 2009-10ൽ 16 കോടിയായിരുന്നു ആദായമെങ്കിൽ 201011 സാമ്പത്തിക വർഷം അത് 311 കോടിയായി വർധിച്ചു. 2011-12ൽ 462 കോടിയും 201213ൽ 604 കോടിയുമായിരുന്നു ആദായം. ഒരുവർഷം കൊണ്ട് 20 മടങ്ങും മൂന്നുവർഷത്തിനിടെ 38 മടങ്ങും വർധനയുണ്ടായി. 2008 ഏപ്രിൽ വരെ വാസൻ ഐ കെയറിന് 25 ക്ലിനിക്കുകൾ മാത്രമാണ് ഉണ്്ടായിരുന്നതെങ്കിൽ 2012-13 ആയപ്പോഴേക്കും 175ൽപ്പരം ക്ലിനിക്കുകളായി അത് വർധിച്ചു. 800ലധികം ഒഫ്താൽമോളജിസ്റ്റുകൾ വാസനിൽ ജീവനക്കാരായി. 8000ലേറെ ഐ കെയർ അംഗങ്ങളും. ഓഹരിവിപണിയിൽ ഇക്കാലത്ത് വാസന്റെ ഓഹരികൾക്കും വിലവർധിച്ചിരുന്നു.

ആഡംബര വസതികളും കോടികളുടെ കാറുകളുമായി സുഖജീവിതം

അത്യാഢംബര വസതികളും കോടികലുടെ ആഡംബര കാറുകളുമായി സുഖജീവിതം നയിക്കുകയായിരുന്നു കാർത്തി ചിദംബരം. ഓരോ വീട്ടിലും പരിചരിക്കാൻ പരിചാരകരും മറ്റുമായി രാജകീയമായി ജീവിച്ച വ്യക്തിയാണ് ഇപ്പോൾ കൊതുകു കടി കൊണ്ടു കഴിയുന്നത്. ഐ.എൻ.എക്സ് മീഡിയ കേസിൽ കാർത്തി ചിദംബരത്തിനെതിരായ തെളിവുകൾ ചിദംബരത്തെയും വെട്ടിലാക്കിയിട്ടുണ്ട്. ഇപ്പോഴും ഷെയർമാർക്കറ്റിന്റെ നിയന്ത്രണത്തിലുൾപ്പെടെ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ചിദംബരത്തിന് ഇടപെടാൻ കഴിയുന്നുണ്ടെന്നും ഇതിനായി ധനമന്ത്രാലയത്തിലെ മുൻ സർക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ചർച്ചയാവുകയും ചെയ്തു. ഷെയർമാർക്കറ്റിൽ മാസങ്ങൾക്കകം വലിയ അട്ടിമറിയുണ്ടാവുമെന്നും അത് മോദി സർക്കാരിന് തുടർഭരണത്തിൽ എത്തുന്നത് തടയാൻ കോൺഗ്രസ് ബിജെപി വിരുദ്ധവികാരം ഉണ്ടാക്കാൻ ഉപയോഗിക്കുമെന്നും ആയിരുന്നു റിപ്പോർട്ടുകൾ.

ഇത്തരത്തിൽ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ കാർത്തി ചിദംബരത്തിന് എതിരായ നീക്കം ശക്തമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് നീക്കത്തിന് മുന്നേ അതേ നാണയത്തിൽ തിരിച്ചടി നൽകാൻ തന്നെയാണ് ബിജെപിയുടെ കരുനീക്കങ്ങൾ എന്നാണ് സൂചനകൾ. അറസ്റ്റിലായി സിബിഐ കസ്റ്റഡിയിലുള്ള കാർത്തി ചിദംബരം തന്റെ സ്വന്തം അക്കൗണ്ടിൽ നിന്ന് 1.8 കോടി രൂപ കേന്ദ്രത്തിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള ഒരു മുതിർന്ന നേതാവിന് കൈമാറിയിട്ടുണ്ടെന്ന് മാത്രമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പറയുന്നുള്ളൂ. ഇത് ആരെന്ന് വെളിപ്പെടുത്താത്തത് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായും കോ്ൺഗ്രസിനെ പ്രതിരോധത്തിൽ നിർത്താനും ആണെന്ന സൂചനകളാണ് ലഭിക്കുന്നത്.

എന്നാൽ കാർത്തി പണം ഇട്ടത് പിതാവും കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്ന പി. ചിദംബരത്തിന്റെ അക്കൗണ്ടിലേക്കാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു ഐ.എൻ.എക്സ് മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. റോയൽ ബാങ്ക് ഒഫ് സ്‌കോട്ട്ലൻഡിന്റെ (ആർ.ബി.എസ്) ചെന്നൈ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് കാർത്തി പണം കൈമാറിയിട്ടുള്ളത്. കാർത്തിയുടെ ആർ.ബി.എസിലെ 397990 എന്ന അക്കൗണ്ടിൽ നിന്ന് 2006 ജനുവരി 16നും 2009 സെപ്റ്റംബർ 23നുമിടയിൽ അഞ്ച് തവണകളായാണ് തുക കൈമാറിയിരിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കാർത്തിയുടെ വ്യക്തമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർ നടപടികൾ. കൂടുതൽ അറസ്റ്റുകളിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്നും ഇതിന് ശേഷമേ വ്യക്തമാകൂ. കോൺഗ്രസിന് എതിരായ പകപോക്കലാണ് കാർത്തിയെ കേസിൽ കുടുക്കുന്നതിന് പിന്നിലെന്നാണ് കോൺഗ്രസ് പ്രതികരണം. കാർത്തിയിൽ നിന്ന് മൊഴിയെടുത്ത ശേഷം ഉന്നത നേതാവിനെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്ന് എൻഫോഴ്സ്മെന്റ് അധികൃതർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP