Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൈന്യത്തിന്റെ 68 ശതമാനം ആയുധങ്ങളും പഴഞ്ചനായി; ആവശ്യത്തിനു പണം അനുവദിച്ചില്ലെങ്കിൽ അറ്റകുറ്റപ്പണിയും കൃത്യസമയത്ത് നടത്താനാകില്ല; വായ്പ തിരിച്ചടവും പ്രതിസന്ധിയിൽ; ചൈനയും പാക്കിസ്ഥാനും ഒരുമിച്ച് യുദ്ധത്തിനെത്തിയാൽ 'കട'ത്തിന്റെ കണക്ക് പറഞ്ഞ് തോൽപ്പിക്കേണ്ടി വരുമോ? ഇന്ത്യൻ സേന വമ്പൻ സാമ്പത്തിക പ്രതിസന്ധിയിൽ

സൈന്യത്തിന്റെ 68 ശതമാനം ആയുധങ്ങളും പഴഞ്ചനായി; ആവശ്യത്തിനു പണം അനുവദിച്ചില്ലെങ്കിൽ അറ്റകുറ്റപ്പണിയും കൃത്യസമയത്ത് നടത്താനാകില്ല; വായ്പ തിരിച്ചടവും പ്രതിസന്ധിയിൽ; ചൈനയും പാക്കിസ്ഥാനും ഒരുമിച്ച് യുദ്ധത്തിനെത്തിയാൽ 'കട'ത്തിന്റെ കണക്ക് പറഞ്ഞ് തോൽപ്പിക്കേണ്ടി വരുമോ? ഇന്ത്യൻ സേന വമ്പൻ സാമ്പത്തിക പ്രതിസന്ധിയിൽ

ന്യൂഡൽഹി: ആവശ്യത്തിനു ബജറ്റ് വിഹിതം പോലും ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ പ്രതിരോധ വകുപ്പ്. ചൈനയും പാക്കിസ്ഥാനും തങ്ങളുടെ ആയുധശേഖരം വർധിപ്പിക്കാനുള്ള നടപടികൾ ശക്തമാക്കുന്നതിനിയാണ് ഇന്ത്യൻ സേന പരാതിയുമായെത്തുന്നത്. പെട്ടെന്നൊരു യുദ്ധമുണ്ടായാൽ അടിയന്തരമായി ആയുധശേഖരണത്തിനുള്ള പണം പോലും വകുപ്പിന് അനുവദിച്ചിട്ടില്ല. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പഠിച്ച് പാർലമെന്ററി സമിതി തയാറാക്കിയ റിപ്പോർട്ടിലാണു ഈ സൂചനകളുള്ളത്. രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ ചൈനയിൽ നിന്നും പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാനിൽ നിന്നും ഭീഷണി ശക്തമാണെന്നും റിപ്പോർട്ടിലുണ്ട്. ഇരുരാജ്യങ്ങളും ചേർന്നൊരു യുദ്ധമുന്നേറ്റം ഇന്ത്യയ്ക്കു നേരെയുണ്ടാകാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല.

സൈന്യത്തിന്റെ 68 ശതമാനം ആയുധങ്ങളും 'പഴഞ്ചനാ'യിക്കഴിഞ്ഞു. ആവശ്യത്തിനു പണം അനുവദിച്ചില്ലെങ്കിൽ ഈ 68% ആയുധങ്ങളുടെ അറ്റകുറ്റപ്പണിയും കൃത്യസമയത്ത് നടത്താനാകില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. അതുകൊണ്ടാണ് ഇന്ത്യൻ സേനയുടെ പരാതിയുടെ ഗൗരവം കൂടുന്നത്. സൈന്യത്തിൽ പൂർണതോതിൽ ആധുനികീകരണം നടപ്പാക്കി പാക്ക്‌ചൈനീസ് സൈന്യം മുന്നേറുമ്പോഴാണിത്. ഇന്ത്യൻ സൈന്യം ആവശ്യത്തിന് പണം അനുവദിക്കാതെ ഗുരുതര പ്രശ്‌നത്തിലാണെന്നും ലോക്‌സഭയ്ക്കു മുന്നിൽ സമർപ്പിച്ച സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി ഉൾപ്പെടെ സംസാരിച്ചാണു സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയത്.

രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്കനുസരിച്ച് പ്രതിരോധത്തിലും പണം വിനിയോഗിക്കണമെന്ന് അടുത്തിടെ സൈനിക തലവൻ ബിപിൻ റാവത്ത് ആവശ്യപ്പെട്ടിരുന്നു. യുഎസിനോളം വളരാൻ ചൈന ശ്രമിക്കുമ്പോൾ സൈന്യത്തിലെ ആധുനികീകരണത്തിനു പോലും പണമില്ലാതെ ഇന്ത്യ ബുദ്ധിമുട്ടുകയാണെന്ന് സഹസൈനിക മേധാവി (വൈസ് ചീഫ്) ലഫ്. ജനറൽ ശരത് ചന്ദും സമിതിക്കു മുൻപാകെ വ്യക്തമാക്കി.

തവണ വ്യവസ്ഥയിൽ പണം നൽകാമെന്നേറ്റു നേരത്തേ നടത്തിയ ആയുധ ഇടപാടുകളിൽ തിരിച്ചടവു പോലും ഒരുപക്ഷേ മുടങ്ങാമെന്ന ആശങ്കയും സജീവമാണ്. 2018-19 വർഷത്തെ കേന്ദ്ര ബജറ്റ് സൈന്യത്തിന്റെ പ്രതീക്ഷകളെ പൂർണമായും തച്ചുതകർക്കുന്നതായിരുന്നെന്നും ശരത് ചന്ദ് വ്യക്തമാക്കി. സൈന്യത്തിന്റെ ആധുനികീകരണത്തിന് 21,338 കോടി ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് പര്യാപ്തമല്ല. സൈന്യം നിലവിൽ നടപ്പാക്കുന്ന 125 പദ്ധതികൾക്കും അടിയന്തരാവശ്യത്തിനുള്ള ആയുധം ശേഖരിക്കാനും തന്നെ വേണ്ടത് 29,033 കോടി രൂപയാണ്. 2017ൽ നിലനിൽക്കുന്ന ബാധ്യതകൾ പരിഹരിക്കാനുള്ള സഹായവും ഇത്തവണ ബജറ്റിലുണ്ടായിരുന്നില്ല.

ആ ബാധ്യതകൾ 2018ലെ ചെലവുകളിലേക്കു കടന്നിരിക്കുകയാണെന്നും ശരത് ചന്ദ് പറഞ്ഞു. ഇതു പ്രശ്‌നം കൂടുതൽ ഗുരുതരമാക്കും. ചൈനീസ് അതിർത്തിയിൽ തന്ത്രപ്രധാനയിടങ്ങളിൽ റോഡുകൾ നിർമ്മിക്കാനാവശ്യമായ പണം പോലും സൈന്യത്തിന്റെ കയ്യിലില്ല. ബിജെപി എംപി ബി.സി.ഖണ്ഡൂരിയുടെ നേതൃത്വത്തിലായിരുന്നു പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി വിവരങ്ങൾ ശേഖരിച്ചത്. നിലവിലെ ബജറ്റ് സൈന്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഒട്ടും പര്യാപ്തമല്ലെന്ന് സമിതിയും വിലയിരുത്തി. 24 ശതമാനം ആയുധങ്ങൾ മാത്രമാണ് 'ആധുനികം' എന്നു പറയാനാവുകയുള്ളൂ. ശേഷിക്കുന്ന എട്ടു ശതമാനം നിർമ്മാണത്തിലിരിക്കുന്നതാണെന്നും സമിതി വ്യക്തമാക്കി.

രാജ്യത്തുണ്ടായ അതിക്രമങ്ങളുടെ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 14,097 കോടി രൂപ സഹ സൈനിക മേധാവിക്കു വകയിരുത്തേണ്ടി വന്നു. 14,000 കോടിയോളം രൂപ ഇത്തരത്തിൽ വകമാറ്റാൻ പ്രതിരോധ വകുപ്പിന്റെ അനുവാദമുണ്ടെങ്കിലും ഇതിനു വേണ്ടി പ്രത്യേക തുകയും സർക്കാർ വകയിരുത്തിയിട്ടില്ല. ഇന്ത്യൻ വ്യോമസേനയുടെയും നാവികസേനയുടെയും ആധുനികീകരണം നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതിലും കേന്ദ്ര സർക്കാരിനെ പാർലമെന്ററി സമിതി നിശിതമായി വിമർശിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP