Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

170 ഏക്കർ ഭൂമിയും കോടികൾ വിറ്റുവരവുള്ള ഒരു പത്ര-ചാനൽ-റേഡിയോ സ്ഥാപനവും സ്വന്തം; ഒട്ടേറെ വാണിജ്യ മന്ദിരങ്ങളുടെ ഉടമ; ആഡംബര കാറുകളും ഹൗസ് പ്ലോട്ടുകളും ഏറെ; ബാങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റ് മാത്രം നാല് കോടിയടുത്ത്! എന്നിട്ടും വീരേന്ദ്രകുമാറിന്റെ മൊത്തം സ്വത്ത് വെറും 49 കോടി മാത്രം! ജനപ്രതിനിധികൾ നിയമങ്ങളെ പരിഹസിക്കുന്നത് ഇങ്ങനെ

170 ഏക്കർ ഭൂമിയും കോടികൾ വിറ്റുവരവുള്ള ഒരു പത്ര-ചാനൽ-റേഡിയോ സ്ഥാപനവും സ്വന്തം; ഒട്ടേറെ വാണിജ്യ മന്ദിരങ്ങളുടെ ഉടമ; ആഡംബര കാറുകളും ഹൗസ് പ്ലോട്ടുകളും ഏറെ; ബാങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റ് മാത്രം നാല് കോടിയടുത്ത്! എന്നിട്ടും വീരേന്ദ്രകുമാറിന്റെ മൊത്തം സ്വത്ത് വെറും 49 കോടി മാത്രം! ജനപ്രതിനിധികൾ നിയമങ്ങളെ പരിഹസിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നമ്മുടെ ജനപ്രതിനിധികളുടെ യഥാർത്ഥ സ്വത്ത് വിവരം എത്രയാണെന്ന് അറിയാൻ വോട്ടുചെയ്യുന്നവർക്ക് അവസരം ഒരുക്കേണ്ടേ? എല്ലാ തിരഞ്ഞെടുപ്പ് വരുമ്പോഴും ജനപ്രതിനിധികൾ പത്രിക നൽകുമ്പോൾ സ്വത്ത് വിവരത്തിന്റെ കണക്കുകളും നിരത്താറുണ്ട്. എന്നാൽ, ഈ കണക്ക് യാഥാർത്ഥ്യമല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. എത്ര വലിയ കോടീശ്വരൻ ആയാലും തെരഞ്ഞെടുപ്പ് കമ്മീഷനിന്റെ മുന്നിൽ പരമ ദരിദ്ര്യനായ അവസ്ഥ ഉണ്ടാകാറുണ്ട്. ഇടതു സ്വതന്ത്രനായി രാജ്യസഭയിലേക്ക് മത്സരിക്കുന്ന എം പി വീരേന്ദ്ര കുമാറിന് എത്ര കോടിയുടെ ആസ്തിയുണ്ടാകും. വയനാട്ടിൽ മാത്രം നൂറ് ഏക്കറിലേറെ വരുന്ന എസ്‌റ്റേറ്റിന്റെ ഉടമ ആയാൽ അതിന് എത്ര കോടി വില വരും അതിന്? അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യകെട്ടിടങ്ങളുടെയും മതിപ്പുവില എത്രവരും? തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ എം പി വീരേന്ദ്രകുമാർ മത്സരിക്കുമ്പോൾ നൽകിയ സ്വത്തു വിവര കണക്കിൽ ആകെ നൽകിയിരിക്കുന്നത് തനിക്ക് 49.15 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്.

എംപി.വീരേന്ദ്രകുമാറിനും ഭാര്യയ്ക്കുമായി 49.15 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് നാമനിർദേശ പത്രികയ്‌ക്കൊപ്പം വരണാധികാരിക്കു നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. വീരേന്ദ്രകുമാറിന്റെ കൈവശം 15,000 രൂപയും ഭാര്യയുടെ കയ്യിൽ 5000 രൂപയും മാത്രമേയുള്ളൂവെന്നും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു. ഇരുവരുടെയും പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി സ്ഥിരം നിക്ഷേപം, കമ്പനികളിൽ ഓഹരി, വാഹനം, 25 പവൻ സ്വർണം എന്നിവയുമുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. വീരേന്ദ്രകുമാറിന്റെ പേരിലെ സ്ഥിരം നിക്ഷേപത്തിനും മറ്റ് ആസ്തികൾക്കും 3.76 കോടി രൂപയുടെ മൂല്യവും ഭാര്യ ഉഷയുടെ പേരിൽ 27.78 ലക്ഷം രൂപയുമുണ്ട്. ഇതിനു പുറമെ ഇരുവരുടെയും പേരിൽ 170 ഏക്കർ സ്ഥലം, വാണിജ്യ കെട്ടിടങ്ങൾ, വീടുകൾ എന്നിവയുൾപ്പെടെയാണു 49.15 കോടിയുടെ ആസ്തി. രണ്ടു പേർക്കുമായി 1.98 കോടിയുടെ വായ്പയുമുണ്ട്.

നേരരത്തെ പാലക്കാട്ടെ ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ വേളയിൽ 40 കോടിയാണ് കാണിച്ചിരുന്നത്. അതിന് ശേഷം യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായപ്പോൾ 50 കോടിയുടെ ആസ്തിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൃഷിഭൂമിയായി വൈത്തിരി താലൂക്കിലെ കൽപ്പറ്റ വില്ലേജിലും ബത്തേരി താലൂക്കിലെ പുറക്കാടി വില്ലേജിലുമായി 45 ഏക്കർ 58 സെന്റും ഭാര്യയുടെ പേരിൽ 20 ഏക്കർ സ്ഥലവുമുണ്ടെന്നും അന്നത്തെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുകയുണ്ടായി. ദേശീയ പാതയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്തിന് അന്ന് രേഖയിൽ കാണിച്ചിരുന്നത് 5.5 കോടി രൂപ മാത്രമാണ്. കൽപ്പറ്റ നഗരം ഉൾപ്പെടുന്ന താലൂക്കിലുള്ള 45 ഏക്കർ സ്ഥലത്തിന്റെ വിലയായും അഞ്ച് കോടി മത്രമാണ് രേഖകളിൽ കാണിച്ചിരിക്കുന്നത്.

ഇതിൽ ഹൈവേയോട് ചേർന്ന കുറച്ചു സ്ഥലത്തിന്റെ വില മാത്രം കണക്കാക്കിയാൽ അദ്ദേഹത്തിന്റെ ആസ്തിയുടെ പകുതിയിലേറെ വരും. അതു കൊണ്ട് സത്യസന്ധമായ വിവരം വീരേന്ദ്ര കുമാർ സ്വത്ത് വിവരത്തിൽ കാണിച്ചോ സംശയിച്ചാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. മാതൃഭൂമി പത്രത്തിന്റെ എംഡി എന്ന നിലയിൽ അദ്ദേഹത്തിന് ശമ്പളമുണ്ട്. പത്രത്തിലെ ഷെയർ വിവരങ്ങളും നാമനിർദേശ പത്രികയിൽ സമർപ്പിച്ചിട്ടുണ്ട്.

അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ബാബു പ്രസാദിന്റെ 27.94 ലക്ഷം രൂപയുടെ ആസ്തിയാണ് രേഖകളിൽ കാണിച്ചിരിക്കുന്നത്. പണമായി ബാബു പ്രസാദിന്റെ കൈയിൽ വെറും 2000 രൂപയാണുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഒരു കാർ, സ്‌കൂട്ടർ എന്നിവയ്ക്കു പുറമെ 18.42 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം, 52,000 രൂപയുടെ സ്വർണം എന്നിവയടക്കമാണ് 27.94 ലക്ഷം രൂപയുടെ സ്വത്ത്. 14.24 ലക്ഷം രൂപയുടെ വായ്പയും ബാബു പ്രസാദിന്റെ പേരിലുണ്ട്. ഇരുവരുടെയും പത്രിക സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്വീകരിച്ചു. നാളെയാണു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

സ്വതന്ത്രനായാണ് എം പി വീരേന്ദ്രകുമാർ രാജ്യസഭയിൽ എത്തുന്നത്. ഇതോടെ കേരളത്തിൽ ജനതാദൾ(യു) സംസ്ഥാന അധ്യക്ഷസ്ഥാനം അദ്ദേഹത്തിന് ഒഴിയേണ്ടിവരും. രാജ്യസഭയിലെ ശേഷിക്കുന്ന നാലു വർഷത്തോളം ഏതെങ്കിലും പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കുന്നതിനു വിലക്കുള്ളതാണു കാരണം. രാജ്യസഭാംഗത്വം അസാധാരണമായി രാജിവച്ചശേഷം വീണ്ടും അതേ ഒഴിവിൽ സ്ഥാനാർത്ഥിയാകുകയെന്ന അപൂർവതയ്‌ക്കൊപ്പം ഈ പ്രശ്‌നവും അദ്ദേഹവും പാർട്ടിയും നേരിടേണ്ടി വരുന്നു.

ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അനുശാസിക്കുന്നതനുസരിച്ചു നിലവിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഭാഗമായി എംപിയോ എംഎൽഎയോ ആകുന്നവർ സ്വയം ആ പാർട്ടിയിൽ നിന്നുമാറി മറ്റൊന്നിന്റെ ഭാഗമായാൽ അയോഗ്യത നേരിടേണ്ടിവരും. സ്വതന്ത്രനായി മത്സരിച്ചു ജയിക്കുന്നവർക്കും ഇതു ബാധകമാണ്. അതേസമയം രാജ്യസഭയിലേക്കു സ്വതന്ത്രനായി നാമനിർദ്ദേശം ചെയ്യപ്പെടുന്നവർക്ക് ആറുമാസത്തിനു ശേഷം രാഷ്ട്രീയപ്പാർട്ടിയിൽ ചേരാൻ തടസ്സമില്ല. ദേശീയതലത്തിൽ നിതീഷ്‌കുമാർ അധ്യക്ഷനായ ജനതാദളി(യു)നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരമുള്ളത്. കമ്മിഷന്റെ വിധിക്കെതിരെ കോടതിയെ ശരദ് യാദവ് വിഭാഗം സമീപിച്ചെങ്കിലും തീരുമാനമായിട്ടില്ല.

ഇതിനിടെ സമാജ് വാദി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ചില നീക്കങ്ങൾ സമാന്തരമായി ശരദ് യാദവ് തുടങ്ങിവച്ചുവെങ്കിലും അതും പൂർത്തിയായില്ല. ഈ ഘട്ടത്തിൽ തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നതോടെയാണു വീരേന്ദ്രകുമാർ പ്രതിസന്ധിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP