Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷുഹൈബ് വധക്കേസിലെ സിംഗിൾ ബെഞ്ചിന്റെ സിബിഐ അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; കേസിൽ വിശദമായ വാദം ഈമാസം 23ന് കേൾക്കും; കണ്ണൂർ നേതാക്കൾക്ക് മേൽ തൂങ്ങിക്കിടന്ന സിബിഐയുടെ വാൾ താൽക്കാലികമായി ഒഴിഞ്ഞ ആശ്വാസത്തിൽ സിപിഎം

ഷുഹൈബ് വധക്കേസിലെ സിംഗിൾ ബെഞ്ചിന്റെ സിബിഐ അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; കേസിൽ വിശദമായ വാദം ഈമാസം 23ന് കേൾക്കും; കണ്ണൂർ നേതാക്കൾക്ക് മേൽ തൂങ്ങിക്കിടന്ന സിബിഐയുടെ വാൾ താൽക്കാലികമായി ഒഴിഞ്ഞ ആശ്വാസത്തിൽ സിപിഎം

കൊച്ചി: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്‌റ്റേ ചെയ്തു. ഈമാസം 23ന് കേസിൽ വിശദമായി വാദം കേൾക്കും. നേരത്തെ ജസ്റ്റിസ് കമാൽ പാഷ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന് കേസ് സിബിഐ അന്വേഷണ ഉത്തരവിടാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ അപ്പീൽ നൽകിയത്. ഈ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ച് കേസിന് താൽക്കാലികമായി സ്‌റ്റേ നൽകുകയായിരുന്നു. സിപിഎം പ്രതിക്കൂട്ടിലായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണം നടത്തിയാൽ യഥാർത്ഥ കുറ്റവാളികൾ പിടിയിലാവില്ലെന്നും സിപിഎമ്മിലെ ഉന്നതർക്ക് ഈ യുവാവിനെ കൊലപ്പെടുത്തിയതിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കാട്ടി ഷുഹൈബിന്റെ പിതാവ് നൽകിയ ഹർജിയിലാണ് സിിബഐ അന്വേഷണം ഉത്തവിട്ടിരുന്നത്. ഈ ഉത്തരവിനെതിരെ അന്ന് തന്നെ സർക്കാർ രംഗത്തുണ്ടായിരുന്നു.

സിബിഐ അന്വേഷണം വേണ്ടെന്നും പൊലീസ് കാര്യക്ഷമമായി കേസ് അന്വേഷിക്കുന്നുവെന്നും ഉള്ള വാദങ്ങളെ ഓരോ ഘട്ടത്തിലും തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണായക വിധി വന്നത്. ഇതോടെയാണ് അന്വേഷണം സിബിഎയെ ഏൽപിക്കാനുള്ള തീരുമാനം വിചാരണയ്ക്ക് ശേഷം കോടതി വിധിച്ചത്. കേസന്വേഷണം സിബിഐ ഉടൻ ഏറ്റെടുക്കണമെന്ന് നിർദ്ദേശിച്ച കോടതി അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഉടൻ സിബിഐക്ക് കൈമാറാനും സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കോടതി ഉത്തരവിനെതിരെ പി ജയരാജൻ അടക്കമുള്ള സിപിഎം നേതാക്കൾ രംഗത്തെത്തുകയുണ്ടായി.

കെ സുധാകരന്റെ ഉറ്റ അനുയായി ആയിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ വേണ്ടി സിപിഎം നേതാക്കൾ ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു എന്ന തുടക്കം മുതൽ വ്യക്തമായിരുന്നു. സിപിഎമ്മിന് ബന്ധമില്ലെന്ന് പറഞ്ഞ് തള്ളിപ്പറഞ്ഞ് നേതാക്കൾ അതേസമയം പ്രതികളെ സംരക്ഷിക്കാൻ വേണ്ടി രംഗത്തെത്തി. ആകാശ് തില്ലങ്കേരിയിലെയും മറ്റ് പ്രതികളെയും സിപിഎം തന്നെ ഏർപ്പാടാക്കി കൊടുക്കു എന്നായിരുന്നു ആരോപണം. കോൺഗ്രസ് ഈ ആരോപണം ശക്തമായി ഉന്നയിക്കുകയും ചെയ്തു.

പൊലീസ് പ്രതികളെ പിടിച്ചെങ്കിലും ഇവരാണോ യഥാർത്ഥ പ്രതികൾ എന്ന കാര്യത്തിലെ ആശങ്ക ഷുഹൈബിന്റെ കുടുംബവും കോൺഗ്രസ് നേതാക്കളും പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ഷുഹൈബിന്റെ പിതാവാണ് ഹർജി കൊടുത്തതെങ്കിലും എല്ലാ സൗകര്യവും ചെയ്തു കൊടുത്തത് കെ സുധാകരനും കൂട്ടരുമായിരുന്നു. കേസിൽ സിബിഐ അന്വേഷണത്തിലേക്ക് കടന്നാൽ ആദ്യം പ്രതിരോധക്കിലാകുക കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനാണ്.

പി ജയരാജന്റെ അടുത്ത അനുയായികളാണ് കൊലയാളികൾ എന്നതാണ് സിപിഎമ്മിനെ കുരുക്കുക. പി ജയരാജന് പുറമേ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള കൊലയാളികളുടെ സെൽഫികളും പുറത്തുവന്നിരുന്നു. ഈ കാര്യം അടക്കം ഹൈക്കോടതി കേസ് പരിഗണിക്കുന്ന വേളയിൽ ചോദ്യം ഉയർന്നിരുന്നു. ഒരു സ്‌കൂൾ കുട്ടി സെൽഫിയെടുക്കാൻ വന്നാൽ ഓടിക്കുന്ന മുഖ്യമന്ത്രി പ്രതികൾക്കൊപ്പം നിന്നെടുത്ത ചിത്രമുണ്ടല്ലോയെന്നും കോടതി ചോദിച്ചിരുന്നു. എന്തുകൊണ്ട് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയില്ലെന്നും ഹൈക്കോടതി ചോദിച്ച ശേഷമാണ് അന്വേഷണം സംഘം ആയുധങ്ങളും കൂടുതൽ പ്രതികളെയും കസ്റ്റഡിയിൽ എടുത്തത്.

മുഖ്യമന്ത്രിക്കും പി ജയരാജനും പ്രതികളുമായി ബന്ധമുണ്ടെന്ന് ഷുഹൈബിന്റെ കുടുംബം ഹരജിയിൽ ആരോപിക്കുകയുമുണ്ടായി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മൊഴി എടുക്കേണ്ട ഘട്ടം പോലും സിബിഐ അന്വേഷണത്തിൽ ഉണ്ടായിരുന്നു. കണ്ണൂർ ലോബി സ്‌പോൺസർ ചെയ്ത കൊലപാതകമാണ് ഷുഹൈബിൻേറതെന്ന് ഹരജിക്കാർ വാദിച്ചു. ജയരാജനൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സമാധാന യോഗത്തിൽ മന്ത്രി എ.കെ ബാലൻ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് അറിയിച്ചതാണ്. സിപിഎം സംസ്ഥാന സമ്മേളനവേദിയിൽ കണ്ണൂർ ലോബി മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി. സിബിഐ അന്വേഷണം വന്നാൽ പാർട്ടിക്ക് ദോഷമെന്നു വിശ്വസിപ്പിച്ചതായി പ്രതിഭാഗം അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ കേസിൽ അപ്പിൽ നൽകിയതും അനുകൂല വിധി സമ്പാദിച്ചതും.

സർക്കാരിനെതിരെ നിശിത വിമർശനമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ഹർജിയുടെ വിചാരണ വേളയിൽ കോടതി ഉയർത്തിയത്. ഹർജിയുടെ വാദം ദിവസങ്ങളായി തുടരുന്നതിനിടെ പല ഘട്ടത്തിലും കോടതി ശക്തമായ വിമർശനം സർക്കാരിനെതിരെയും അന്വേഷണത്തിന് എതിരെയും ഉയർത്തിയിരുന്നു. പ്രതിയും സിപിഎം നേതാക്കളുമായി ചേർന്നുള്ള സെൽഫിയുൾപ്പെടെ ഉയർത്തിക്കാട്ടിയും ആയുധങ്ങൾ പിടിച്ചെടുക്കാത്തതിനെ വിമർശിച്ചുമാണ് കോടതി ഓരോ ഘട്ടത്തിലും സർക്കാർ വാദങ്ങളെ വിമർശിച്ചിരുന്നു. കേസിലെ വിചാരണാ വേളയിൽ നീതിപൂർവമായ അന്വേഷണം ഷുഹൈബ് വധത്തിൽ നടത്താൻ കഴിയുമോ എന്നും കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു. പ്രതിയെ കയ്യിൽ കിട്ടിയിട്ടും ഒന്നും ചോദിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ആയുധം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP