Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആന്ധ്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ വീണ്ടും മാറിമറയുന്നു; കോൺഗ്രസ് വിരുദ്ധ വികാരത്തിൽ നിന്നും ആരംഭിച്ച ടിഡിപി എൻഡിഎ സഖ്യം ഉപേക്ഷിച്ചതോടെ ഇനി രാഹുൽ ഗാന്ധിക്കൊപ്പം ചേരും; കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി വൈഎസ്ആർ കോൺഗ്രസ്; അവിശ്വാസപ്രമേയത്തെ അനുകൂലിക്കാൻ തയാറായി ടിഡിപിയും കോൺഗ്രസും

ആന്ധ്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ വീണ്ടും മാറിമറയുന്നു; കോൺഗ്രസ് വിരുദ്ധ വികാരത്തിൽ നിന്നും ആരംഭിച്ച ടിഡിപി എൻഡിഎ സഖ്യം ഉപേക്ഷിച്ചതോടെ ഇനി രാഹുൽ ഗാന്ധിക്കൊപ്പം ചേരും; കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി വൈഎസ്ആർ കോൺഗ്രസ്; അവിശ്വാസപ്രമേയത്തെ അനുകൂലിക്കാൻ തയാറായി ടിഡിപിയും കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ആന്ധ്രാപ്രദേശ്: മൂന്നു പതിറ്റാണ്ടിലേറെ ബദ്ധവൈരികളായി നിന്ന പാർട്ടികൾ. ടിഡിപിയുടെ ജനനം തന്നെ കോൺഗ്രസ് വിരുദ്ധ വികാരത്തിൽ നിന്നാണ്. സംസ്ഥാന ഭരണത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അമിതമായ ഇടപെടലിനെതിരെ പ്രാദേശിക വികാരമുണർത്തിയാണ് തെലുങ്കു സിനിമയിലെ ഇതിഹാസ നായകനായിരുന്ന എൻ.ടി. രാമറാവു 1982ൽ ടിഡിപി രൂപീകരിച്ചത്. രാമറാവു ഉയർത്തിയ 'തെലുഗു ആത്മാഭിമാനം' കോൺഗ്രസിനെ തൂത്തെറിഞ്ഞു ടിഡിപിയെ ഭരണത്തിലെത്തിച്ചു. ആന്ധ്രയിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതും ഇങ്ങനെതന്നെ.

രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നു പറയുന്നതു വെറുതെയല്ലെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. ഇത്തവണ സാക്ഷ്യം, ആന്ധ്രാപ്രദേശിൽ നിന്ന്. ദേശീയ ജനാധിപത്യ സംഖ്യം (എൻഡിഎ) വിട്ട ചന്ദ്രബാബു നായിഡുവും തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ഇപ്പോൾ പുഞ്ചിരിക്കുന്നതു രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും നേരെയാണ്.

ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെയാണു ടിഡിപി എൻഡിഎയിൽനിന്നു പുറത്തു വന്നത്. അതിനകം വൈ.എസ്. ജഗന്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് ഈ ആവശ്യം ഉന്നയിച്ചു കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് അടക്കം എൻഡിഎ വിരുദ്ധ പാർട്ടികളുടെ പിന്തുണയ്ക്കു ജഗൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് നിലപാടു വ്യക്തമാക്കിയില്ല. എന്നാൽ, ടിഡിപിയും അവിശ്വാസപ്രമേയത്തെ അനുകൂലിക്കാൻ തയാറായി നിമിഷങ്ങൾക്കകം കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചുവെന്നു മാത്രമല്ല, അടുപ്പമുള്ള മറ്റു പ്രാദേശിക കക്ഷികളെ കൂട്ടാൻ ശ്രമമാരംഭിക്കുകയും ചെയ്തു. രണ്ടു പാർട്ടികൾക്കും ഈ ബന്ധം ആവശ്യമാണ്.

ആന്ധ്രതെലങ്കാന വിഭജനത്തോടെ ആന്ധ്രയിൽ കോൺഗ്രസ് തകർന്നതാണ്. ടിഡിപി ആകട്ടെ, സംസ്ഥാനത്തിനു പ്രത്യേക പദവി നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലും. നായിഡു ശേഷിയില്ലാത്ത നേതാവാണെന്നു വൈഎസ്ആർ കോൺഗ്രസ് നിരന്തരം പ്രചരിപ്പിക്കുന്നു. പവൻ കല്യാൺ ആകട്ടെ, ടിഡിപി രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമാക്കി ആന്ധ്രയെ മാറ്റിയെന്ന് ആരോപിക്കുന്നു. അടുത്ത വർഷം സംസ്ഥാന തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, നായിഡുവിനു പിടിച്ചുനിൽക്കാൻ പുതിയ തന്ത്രങ്ങൾ വേണ്ടിവരും; സഖ്യങ്ങളും. ആന്ധ്രയ്ക്കു പ്രത്യേക പദവിയെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ച കോൺഗ്രസിനോടു നായിഡു അടുക്കുന്നതു സ്വാഭാവികം.

ഭരണഘടനാപരമായ അവകാശമല്ലെങ്കിലും സംസ്ഥാനങ്ങളുടെ പിന്നാക്കാവസ്ഥകൾ പരിഗണിച്ചു സംസ്ഥാനങ്ങൾക്കു പ്രത്യേക പദവി നൽകിവരുന്നു. നിലവിൽ ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം, അസം, ത്രിപുര, മേഘാലയ, അരുണാചൽപ്രദേശ്, മണിപ്പുർ, നാഗാലാൻഡ്, മിസോറം എന്നീ 11 സംസ്ഥാനങ്ങൾക്ക് ആ പദവിയുണ്ട്. കേന്ദ്ര സഹായത്തിന്റെ 30% ഈ സംസ്ഥാനങ്ങൾക്കു നൽകുന്നു.

കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിക്കാതെ തൽക്കാലത്തേക്ക് തടിതപ്പി ബിജെപി. ബഹളത്തിനിടയിൽ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന വിശദീകരണം നൽകിയാണ് സ്പീക്കർ ബിജെപി സർക്കാറിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതിരിക്കാൻ മുൻകൈ സ്വീകരിച്ചത്. വൈഎസ്ആർ കോൺഗ്രസും ടിഡിപിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്.

എന്നാൽ ഇത് പരിഗണിക്കാൻ സ്പീക്കർ തയ്യാറായില്ല. ആന്ധ്രക്ക് പ്രത്യേക പദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ടതിന്റെ അടിസ്ഥാനത്തിലാണ് ടിഡിപി കേന്ദ്രസർക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രമേയത്തെ ഇടതുപക്ഷവും കോൺഗ്രസും പിന്തുണയ്ക്കാനും തീരുമാനിച്ചിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി നൽകാമെന്ന വാഗ്ദാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്നോട്ടുപോയി എന്നാരോപിച്ച് കേന്ദ്രമന്ത്രിസഭയിൽ നിന്നും ടിഡിപി തങ്ങളുടെ രണ്ട് മന്ത്രിമാരെ നേരത്തെ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ തീരുമാനിച്ചത്. ഇടതുപക്ഷത്തിനും കോൺഗ്രസിനും പുറമേ ശിവസേന, എഐഎഡിഎംകെ, തൃണമൂൽ കോൺഗ്രസ് എന്നിവരും അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു

അതേസമയം കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ചു തെലുങ്കുദേശം പാർട്ടി നേതൃത്വം രംഗത്തെത്തി. ബിജെപിയെന്നാൽ 'ബ്രേക്ക് ജനതാ പ്രോമിസാ'ണെന്നു പാർട്ടി നേതാവ് തോട്ട നരസിംഹൻ തുറന്നടിച്ചു. അൻപതുപേർ ഒപ്പിട്ട അവിശ്വാസ പ്രമേയമാണു കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുന്നണി വിടാനുള്ള ടിഡിപി തീരുമാനത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും ശിവസേനയും സ്വാഗതം ചെയ്തു. എന്നാൽ ആന്ധ്രയിൽ ബിജെപിക്കു വളരാനുള്ള സുവർണാവസരമാണ് ഇതെന്നായിരുന്നു പാർട്ടി നേതാവ് ജിവിഎൽ നരസിംഹറാവുവിന്റെ പ്രതികരണം.

ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പു തിരിച്ചടിക്കുപിന്നാലെ ബിജെപിക്കു കനത്ത പ്രഹരം നൽകിയാണു ടിഡിപി, എൻഡിഎ വിട്ടത്. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണു നടപടി. പാർട്ടി എംപിമാരെ എൻ. ചന്ദ്രബാബു നായിഡു തീരുമാനം അറിയിച്ചു. ലോക്സഭയിൽ 16 പേരും രാജ്യസഭയിൽ ആറ് അംഗങ്ങളും ടിഡിപിക്കുണ്ട്. നേരത്തെ പാർട്ടി മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ചിരുന്നു.

ആന്ധ്രപ്രദേശ് സംസ്ഥാന പുനഃസംഘടനാ ബിൽ രാജ്യസഭയിൽ ചർച്ചയ്‌ക്കെത്തിയപ്പോൾ 2014 ഫെബ്രുവരി 20ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്, സംസ്ഥാന വിഭജനത്തെ തുടർന്നുള്ള അഞ്ചു വർഷത്തേക്ക് ആന്ധ്രയ്ക്കു പ്രത്യേക പദവി ഉറപ്പുനൽകിയിരുന്നു. പുതിയതായി രൂപീകൃതമായ തെലങ്കാനയ്ക്കു ഹൈദരാബാദ് കൈമാറേണ്ടി വരുന്ന സാഹചര്യത്തിൽ ഉണ്ടാവുന്ന ഭീമമായ വരുമാനനഷ്ടം കണക്കിലെടുത്തായിരുന്നു വാഗ്ദാനം. എൻഡിഎ സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണെങ്കിലും വിവിധ കക്ഷികൾ എവിടെയൊക്കെ നിൽക്കുന്നുവെന്നു തിരിച്ചറിയാനുള്ള അവസരമാണിത്. ലോക്‌സഭയിൽ നിലവിലെ അഞ്ച് ഒഴിവുകളും സ്പീക്കറും ഒഴികെ അംഗസംഖ്യ 539 ആണ്. എൻഡിഎയ്ക്കു 315 എംപിമാരുണ്ട്. എന്നാൽ, ഇവരിൽ 18 പേരുള്ള ശിവസേന സർക്കാരിനെതിരെ വോട്ട് ചെയ്‌തേക്കും.

അവിശ്വാസപ്രമേയ നോട്ടിസ് നൽകിയ ടിഡിപിക്ക് 16 എംപിമാരാണുള്ളത്. വൈഎസ്ആർ കോൺഗ്രസിന് ഒൻപതും. 70 അംഗങ്ങളുള്ള യുപിഎയിൽ എൻസിപിയുടെ ആറുപേർ കോൺഗ്രസിനൊപ്പമായിരിക്കുമെന്നാണു സൂചന. 34 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് പ്രമേയത്തെ പിന്തുണയ്ക്കും. സിപിഎം (9), സിപിഐ (1), ആം ആദ്മി പാർട്ടി (4) എന്നിവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന രാഷ്ട്ര സമിതി (11) പ്രമേയത്തിന് എതിരാണ്. എഐഎഡിഎംകെയും (37 ) 20 എംപിമാരുള്ള ബിജെഡിയുമാണ് രണ്ടു മുന്നണികളിലുമില്ലാതെ നിൽക്കുന്ന വലിയ പാർട്ടികൾ. ഇരു പാർട്ടികളും വിട്ടുനിൽക്കാനാണു സാധ്യത.

വൈഎസ്ആർ കോൺഗ്രസിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ വ്യാഴാഴ്ച തീരുമാനിച്ച ടിഡിപി ഇന്നലെ നിലപാടു മാറ്റി, സ്വന്തമായി അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ്, ആന്ധ്രയിൽ പ്രതിപക്ഷം മേൽക്കൈ നേടുന്നതു തടയാനാണു സൂത്രശാലിയായ ചന്ദ്രബാബു നായിഡുവിന്റെ ശ്രമം. വൈഎസ്ആർ കോൺഗ്രസിന്റെ പ്രമേയത്തെ പിന്തുണച്ചാൽ ടിഡിപി അവരുടെ നിഴലിലാകുമായിരുന്നു.

ബിജെപിയാകട്ടെ, ആന്ധ്രയിൽ ഒറ്റപ്പെടുകയാണ്. കേന്ദ്ര മന്ത്രിസഭയിൽനിന്നു ടിഡിപി പിൻവാങ്ങിയതിനു പിന്നാലെ, ആന്ധ്രയിലെ കൂട്ടുകക്ഷി മന്ത്രിസഭയിൽനിന്നു ബിജെപിയും പിൻവാങ്ങിയിരുന്നു. ഇപ്പോഴത്തെ നിലയിൽ അടുത്ത തിരഞ്ഞെടുപ്പിനെ അവർ ഒറ്റയ്ക്കു നേരിടേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP