Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിലെ സുപ്രീംകോടതി പറഞ്ഞാലും ബ്രിട്ടനിലെ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കണമെന്നില്ല; മാനദണ്ഡങ്ങൾ ലംഘിച്ച് കടം കൊടുത്ത ഇന്ത്യൻ ബാങ്കുകളെ കുറ്റപ്പെടുത്തി വെസ്റ്റ്മിൻസ്റ്റർ കോടതി; വിജയ് മല്യയെ വിട്ട് കിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം നടന്നേക്കില്ല

ഇന്ത്യയിലെ സുപ്രീംകോടതി പറഞ്ഞാലും ബ്രിട്ടനിലെ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കണമെന്നില്ല; മാനദണ്ഡങ്ങൾ ലംഘിച്ച് കടം കൊടുത്ത ഇന്ത്യൻ ബാങ്കുകളെ കുറ്റപ്പെടുത്തി വെസ്റ്റ്മിൻസ്റ്റർ കോടതി; വിജയ് മല്യയെ വിട്ട് കിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം നടന്നേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയിലെ ബാങ്കുകളിൽ നിന്നും 9000 കോടി കടമെടുത്ത് യുകെയിലേക്ക് മുങ്ങിയ കിങ് ഫിഷർ ഉടമ വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ട് കിട്ടുന്നതിനുള്ള സാധ്യത മങ്ങുന്നു. മല്യയെ അന്വേഷണത്തിനായി വിട്ട് നൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടർന്നുള്ള വിചാരണ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതിയിൽ നടന്നു.

മാനദണ്ഡങ്ങൾ ലംഘിച്ച് മല്യയ്ക്ക് കടം കൊടുത്ത ഇന്ത്യൻ ബാങ്കുകളെ ഈ വിചാരണക്കിടെ വെസ്റ്റ്മിൻസ്റ്റർ കോടതി കുറ്റപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ ഈ കേസിൽ ഇന്ത്യയിലെ സുപ്രീം കോടതി പറഞ്ഞാലും ബ്രിട്ടനിലെ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കണമെന്നില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇതോടെ വിജയ് മല്യയെ വിട്ട് കിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം നടക്കാത്ത അവസ്ഥയാണ് സംഭവിക്കാൻ പോകുന്നത്.

ഈ കേസ് അത്യന്തം സങ്കീർണമാണെന്നാണ് ജഡ്ജ് എമ്മ ആർബൂത്ത്‌നോട്ട് വിലയിരുത്തിയിരിക്കുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ഈ കേസിന്റെ വ്യക്തമായ ചിത്രം തനിക്ക് ലഭിച്ച് തുടങ്ങിയിരിക്കുന്നുവെന്നും ജഡ്ജ് പറയുന്നു. പ്രസ്തുത കേസിൽ ഇന്ത്യയിലെ ബാങ്കുകൾ തങ്ങളുടെ ഗൈഡ് ലൈനുകൾക്ക് വിരുദ്ധമായിട്ടാണ് മല്യക്ക് കടം കൊടുത്തതെന്നും എമ്മ ആരോപിക്കുന്നു.

ഇക്കാര്യത്തിൽ ഇന്ത്യയിലെ ബാങ്ക് ഒഫീഷ്യലുകൾ ക്രമവിരുദ്ധമായി പ്രവർത്തിച്ചതിനെക്കുറിച്ച് വിശദീകരിക്കാൻ ഇന്ത്യൻ അധികൃതരെ വെസ്റ്റ്മിൻസ്റ്റർ കോടതി ക്ഷണിക്കുകയും ചെയ്യുന്നു. തന്റെ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാണുവാൻ 62 കാരനായ മല്യ ഡോക്കിൽ ഇരിക്കുന്നുമുണ്ടായിരുന്നു.

പ്രസ്തുത വിചാരണയിൽ ഇന്ത്യൻ ഗവൺമെന്റിന് വേണ്ടി വാദിക്കാൻ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) ഹാജരായിരുന്നു. ഇന്ത്യൻ അധികൃതർ മല്യക്കെതിരെ ഹാജരാക്കിയ തെളിവുകളെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു മല്യയുടെ അഭിഭാഷകൻ രംഗത്തെത്തിയിരുന്നത്. മല്യ ഈ കേസിൽ തനിക്ക് അനുകൂലമായ തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് ഉയർത്തിക്കാട്ടിയായിരുന്നു സിപിഎസ് ഇന്ത്യക്ക് വേണ്ടി വാദിച്ചിരുന്നത്. ഇന്ത്യ മല്യക്കെതിരെ ഹാജരാക്കിയിരിക്കുന്ന തെളിവുകൾ സ്വീകാരയോഗ്യമാണോയെന്ന് പരിശോധിക്കാനിരിക്കുന്ന ജഡ്ജ് ഈ കേസിലെ തന്റെ അന്തിമ വിധി പിന്നീട് നടത്താൻ നീട്ടി വയ്ക്കുമെന്നാണ് കരുതുന്നത്.

മല്യക്കെതിരെ തെളിവായി ഇന്ത്യ സമർപ്പിച്ചിരിക്കുന്ന ഇമെയിലുകളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിനായി സമയമെടുക്കുന്നതിനാൽ ഈ കേസ് ഇനിയും അനിശ്ചിതമായി നീളുമെന്ന ആശങ്കയും ശക്തമാണ്. മല്യയും അദ്ദേഹത്തിന്റെ ലോയറും തമ്മിൽ നടത്തിയ സംഭാഷണമാണ് ഈ കേസിൽ അദ്ദേഹത്തിനെതിരായ തെളിവായി ഇന്ത്യൻ അധികൃതർ ഹാജരാക്കുന്നതെന്നും അതിനെ അദ്ദേഹത്തിനെതിരായ തെളിവായി പരിഗണിക്കാനാവില്ലെന്നുമാണ് മല്യക്ക് വേണ്ടി ഹാജരായിരിക്കുന്ന കൗൺസെൽ ക്ലാരെ മോൺട്‌ഗോമെറി വാദിക്കുന്നത്.

ഇതിന് പുറമെ പ്രത്യേക കാറ്റഗറിയിലുള്ള തെളിവുകളും ഇന്ത്യൻ സർക്കാർ മല്യക്കെതിരെ ഹാജരാക്കിയിരുന്നു. ഇന്ത്യൻ സിആർപിസിയിലെ സെക്ഷൻ 161 കീഴിൽ സാക്ഷികളുടെ പ്രസ്താവന അടങ്ങിയ 150 പേജ് രേഖയും മല്യക്കെതിരെ ഹാജരാക്കിയിരുന്നു. 2017 ഏപ്രിലിൽ ഒരു എക്‌സ്ട്രാഡിക്ഷൻ വാറന്റ് അടിസ്ഥാനമാക്കിയായിരുന്നു സ്‌കോട്ട്‌ലൻഡ് യാർഡ് മല്യയെ അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് 650,000 പൗണ്ട് കെട്ടി വച്ച് ജാമ്യത്തിലിറങ്ങുകയായിരുന്നു ഈ മദ്യരാജാവ്. ഈ വർഷം മേയിൽ ജഡ്ജ് അന്തിമവിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെസ്റ്റ്മിൻസ്റ്റർ കോടതി ഇന്ത്യക്ക് അനുകൂലമായി വിധിച്ചാൽ രണ്ട് മാസത്തിനകം മല്യയെ ഇന്ത്യയിലേക്ക്അയക്കുന്നതിനുള്ള എക്‌സ്ട്രാഡിക്ഷൻ ഓർഡറിൽ ഹോം സെക്രട്ടറി ഒപ്പ് വയ്‌ക്കേണ്ടി വരും. എന്നാൽ ചീഫ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ രണ്ട് ഭാഗത്തിനും യുകെയിലെ ഉന്നത കോടതികളിൽ അപ്പീൽ സമർപ്പിക്കാനുമാവും. അങ്ങനെ വന്നാൽ കേസ് ഇനിയും നീളുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP