Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാറിന് യാതൊരു ഭീഷണി ഇല്ലെങ്കിലും അവിശ്വാസ പ്രമേയ ചർച്ചയെ ഭയപ്പെട്ട് മോദി സർക്കാർ; ഭരണം നൽകിയ 'അച്ഛാദിൻ' മുദ്രാവാക്യം തിരിച്ചടിയാകുമെന്ന് ഭയം; അണ്ണാ ഡിഎംകെ അംഗങ്ങളുടെ കൂക്കുവിളിയുടെ പേരിൽ പ്രമേയം ചർച്ചക്കെടുക്കാതെ ഉഴപ്പി സ്പീക്കർ സുമിത്രാ മഹാജൻ; ബിജെപി സ്‌പോൺസേഡ് ബഹളം എന്നാരോപിച്ച് മറ്റു കക്ഷികൾ; മോദി സർക്കാറിനെതിരായ നീക്കത്തിൽ ഇടിഞ്ഞ് ഓഹരി വിപണിയും

സർക്കാറിന് യാതൊരു ഭീഷണി ഇല്ലെങ്കിലും അവിശ്വാസ പ്രമേയ ചർച്ചയെ ഭയപ്പെട്ട് മോദി സർക്കാർ; ഭരണം നൽകിയ 'അച്ഛാദിൻ' മുദ്രാവാക്യം തിരിച്ചടിയാകുമെന്ന് ഭയം; അണ്ണാ ഡിഎംകെ അംഗങ്ങളുടെ കൂക്കുവിളിയുടെ പേരിൽ പ്രമേയം ചർച്ചക്കെടുക്കാതെ ഉഴപ്പി സ്പീക്കർ സുമിത്രാ മഹാജൻ; ബിജെപി സ്‌പോൺസേഡ് ബഹളം എന്നാരോപിച്ച് മറ്റു കക്ഷികൾ; മോദി സർക്കാറിനെതിരായ നീക്കത്തിൽ ഇടിഞ്ഞ് ഓഹരി വിപണിയും

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: അധികാരത്തിൽ നാല് വർഷം പൂർത്തിയാക്കിയ ബിജെപി സർക്കാർ ആദായമായാണ് ഒരു അവിശ്വാസ പ്രമേയത്തിന്റെ ഭീഷണിയിൽ നിൽക്കുന്നത്. മോദി സർക്കാറിനെതിരെ ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസും തെലുഗുദേശം പാർട്ടിയും ചേർന്നു കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരിഗണിക്കാൻ മടിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പ്രതിപക്ഷ കക്ഷികൾ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ ഫലത്തിൽ മോദി സർക്കാറിന് ഭയപ്പെടേണ്ട കാര്യമില്ല. ബിജെപിയെ അധികാരത്തിൽ നിന്നും ഇറക്കാൻ പോന്ന സംഘബലം പ്രതിപക്ഷ പാർട്ടികൾക്കില്ല. എന്നാൽ, അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ച വരുമ്പോൾ അത് മോദി സർക്കാറിന്റെ നാലു വർഷത്തെ കുറിച്ചുള്ള വിലയിരുത്തലായി മാറും. എല്ലാ കക്ഷികളും ബിജെപി സർക്കാർ വാഗ്ദാനം ചെയ്ത അച്ഛാദിൻ എവിടെ എന്ന ചോദ്യം ഉന്നയിക്കും. അതുകൊണ്ട് തന്നെയാണ് ബിജെപി അവിശ്വാസം ചർച്ചയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നതും.

ഇന്ന് അണ്ണാ ഡിഎംകെയുടെയും ടിആർസിന്റെയും പ്രതിഷേധത്തെ മറയാക്കിയാണ് ഈ വിഷയത്തിൽ നിന്നും ബിജെപി ചർച്ച ചെയ്യാതെ ഒളിച്ചോടുന്നത്. ഈ ആരോപണം ശക്തമാക്കിയിട്ടുണ്ട് പ്രതിപക്ഷ പാർട്ടികൾ. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ലോക്‌സഭയിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിയ ബഹളത്തെ തുടർന്ന് സ്പീക്കർ സുമിത്രാ മഹാജൻ 12 മണി വരെ സഭാ നടപടികൾ നിർത്തിവെക്കേണ്ട അവസ്ഥ വന്നിരുുന്നു. തെലുഗുദേശവും വൈഎസ്ആർ കോൺഗ്രസും നൽകിയ അവിശ്വാസ നോട്ടീസിന് കോൺഗ്രസും പിന്തുണ നൽകിയത് മോദി സർക്കാറിനെ പ്രതിരോധത്തിലാക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്.

പാർട്ടികൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതിനാൽ അത് ചർച്ചക്കെടുക്കാൻ താൻ ബാധ്യസ്ഥയാണെന്ന് സ്പീക്കർ അംഗങ്ങളെ അറിയിച്ചു. പ്രമേയം വോട്ടിനിടുമ്പോൾ വോട്ട് കൃത്യമായി തിരിച്ചറിയണമെങ്കിൽ ബഹളം നിർത്തി സമാധാനം പാലിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കറുടെ വാക്കുകൾ ചെവികൊള്ളാൻ അംഗങ്ങൾ തയാറായില്ല. തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. കാവേരി മാനേജ്‌മെന്റ് ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ പ്രവർത്തകരാണ് ആദ്യം നടുത്തളത്തിൽ ഇറങ്ങിയത്. ബഹളത്തിനിടെ അവിശ്വാസ പ്രമേയ നോട്ടീസിൽ വോട്ടെടുപ്പ് നടക്കില്ലെന്നും അംഗങ്ങൾ ശാന്തരാകണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു.

എന്നാൽ, ഇന്നത്തെ ബഹളം ബിജെപി സ്‌പോൺസേടാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ, ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന ശിവസേനയെ പോലുള്ള കക്ഷികൾ നിലപാട് മാറ്റുമോ എന്ന ആശങ്ക എൻഡിഎക്കുണ്ട്. വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യം ശക്തമാക്കാനും എല്ലാ പാർട്ടികളുടേയും സൗഹൃദംതേടാനുമുള്ള അവസരമായി കോൺഗ്രസ് ഇതിനെ കാണുകയും ചെയ്യുന്നു. അവിശ്വാസത്തെ അനുകൂലിച്ചില്ലെങ്കിലും വോട്ടെടുപ്പിൽ നിന്നും സേന വിട്ടു നിൽക്കുമോ എന്ന ആശങ്ക ശക്തമാണ്.

അതിനിടെ കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കവും ആഗോള വിണികളിലുണ്ടായ ഇടിവും ഓഹരി വിപണിക്കു തിരിച്ചടിയായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 100.90 പോയിന്റ് ഇടിഞ്ഞ് 10,094.30 ലാണു ക്ലോസ് ചെയ്തത്. 2017 ഡിസംബർ ഏഴിനു ശേഷം ഇതാദ്യമായാണു നിഫ്റ്റി 10,100നു താഴെ വ്യാപാരം അവസാനിക്കുന്നത്. ബിഎസ്ഇ സെൻസെക്‌സ് 252.88 പോയിന്റ് ഇടിഞ്ഞ് 32,923.12 ലാണു വ്യാപാരം അവസാനിപ്പിച്ചത്.

മെറ്റൽ, ബാങ്കിങ്, ഐടി, എനർജി ഉൾപ്പെടെയുള്ള ഭൂരിഭാഗം സെക്ടറുകളും നഷ്ടത്തിലാണു വ്യാപാരം അവസാനിച്ചത്. നിഫ്റ്റി മെറ്റൽ 2.67% വരെ വിലയിടിവ് നേരിട്ടു. ബിഎസ്ഇയിൽ ഇടത്തരം, ചെറുകിട വിഭാഗം സൂചികകളും നഷ്ടത്തിലായിരുന്നു. സൂചികാധിഷ്ഠിത ഓഹരികളിൽ ഏറ്റവുമധികം ഇടിവു നേരിട്ടതു ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, വിപ്രോ, യെസ് ബാങ്ക് എന്നിവയ്ക്കാണ്. എന്നാൽ എൻടിപിസി, മാരുതി സുസുക്കി, എച്ച്യുഎൽ, ലാർസെൻ എന്നിവ നേട്ടം കൊയ്തു. മോദി സർക്കാറിനെതിരെ ജനവികാരം വിവിധ കോണുകളിൽ നിന്നും ശക്തമാകുന്നത് കോർപ്പറേറ്റ് ലോകത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP