Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാതാവിന്റെ മരണാനന്തര ശുശ്രൂഷയിൽ പങ്കെടുക്കാൻ മകന് മാത്രം അനുവാദം; കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലെ ആചാരക്രമങ്ങൾ പാലിച്ച് ചടങ്ങ് നടത്തണമെന്നും സംഘർഷമൊഴിവാക്കണമെന്നും കർശന നിർദ്ദേശം; ഓർത്തഡോക്‌സ്-യാക്കോബായ സഭാവിശ്വാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മാറ്റി വച്ച തോമസ് പോൾ റമ്പാന്റെ മാതാവിന്റെ സംസ്‌കാരം ചൊവ്വാഴ്ച ചെറിയ പള്ളിയിൽ നടത്താൻ ഹൈക്കോടതി വിധി

മാതാവിന്റെ മരണാനന്തര ശുശ്രൂഷയിൽ പങ്കെടുക്കാൻ മകന് മാത്രം അനുവാദം; കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലെ ആചാരക്രമങ്ങൾ പാലിച്ച് ചടങ്ങ് നടത്തണമെന്നും സംഘർഷമൊഴിവാക്കണമെന്നും കർശന നിർദ്ദേശം; ഓർത്തഡോക്‌സ്-യാക്കോബായ സഭാവിശ്വാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മാറ്റി വച്ച തോമസ് പോൾ റമ്പാന്റെ മാതാവിന്റെ സംസ്‌കാരം ചൊവ്വാഴ്ച ചെറിയ പള്ളിയിൽ നടത്താൻ ഹൈക്കോടതി വിധി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം :കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ യാക്കോബായ -ഓർത്തഡോക്‌സ് സഭാവിശ്വാസികൾ തമ്മിൽ ശവസംസ്‌കാരത്തെ ചൊല്ലി നിലനിന്നിരുന്ന തർക്കത്തിന് ഹൈക്കോടതി ഇടപെട്ട് താൽക്കാലിക പരിഹാരം. മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ്ങ് കമ്മിറ്റിയംഗം തോമസ് പോൾ റമ്പാന്റെ മാതാവും മാറാച്ചേരി പൗലോസിന്റെ ഭാര്യയുമായ കെ.എം.ചിന്നമ്മ ടീച്ചറുടെ സംസ്‌കാരം ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനുമിടയിൽ കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ നടത്താൻ ഹൈക്കോടതി അനുവാദം നൽകി.

ഓർത്തഡോക്സ് യാക്കോബായ സഭ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്‌ക്കാര ശുശ്രുഷകൾക്ക് ഓർത്തഡോക്സ് വൈദികന്മാർ നേതൃത്വം നൽകുന്നതിനുള്ള നീക്കം സംഘർഷത്തിന് ഇടവരുത്തുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. വർഷങ്ങൾക്ക് മുൻപ് റമ്പാന്റെ പിതാവിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് സംഘർഷം ഉടലെടുത്തിരുന്നു.ചെറിയപള്ളിയിലെ ആചാര ക്രമങ്ങൾക്കനുസരിച്ച് ചടങ്ങ് നടത്തണമെന്നും, നിയമ ലംഘനങ്ങൾ ഉണ്ടാകാതിരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

യാക്കോബായ പക്ഷത്തിന് വൻ ഭൂരിപക്ഷമുള്ള പള്ളിയിൽ ഓർത്തഡോക്സ് പക്ഷത്തിന് പ്രവേശിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് കോടതി സമീപനത്തെ യാക്കോബായ പക്ഷം നോക്കി കാണുന്നത്. കോടതിയെ സമീപിക്കുന്നതിന് മുമ്പേ പള്ളി മാനേജിങ് കമ്മറ്റി നിർദ്ദേശിച്ച കാര്യങ്ങൾ മാത്രമാണ് കോടതി വിധിയിലുള്ളതെന്ന് കമ്മറ്റിയംഗം പറഞ്ഞു.

കെ.എം.ചിന്നമ്മ പൗലോസ് ഈ മാസം 22 നാണ് മരണമടഞ്ഞത്. എന്നാൽ മർത്തമറിയം പള്ളിയിൽ സംസ്‌കരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം മൂലം ശുശ്രൂഷകൾ നാലുദിവസം വൈകി. ശുശ്രൂഷ ചടങ്ങിൽ പങ്കെടുക്കാൻ ചിന്നമ്മ പൗലോസിന്റെ മകൻ തോമസ് പോൾ റമ്പാന് മാത്രമാണ് ഹൈക്കോടതി അനുവാദം നൽകിയിരിക്കുന്നത്. ഓർത്തഡോക്‌സ് വൈദികർ ശുശ്രൂഷ ചടങ്ങിൽ പങ്കെടുക്കമെന്നായിരുന്നു ഓർത്തഡോക്‌സ് സഭാവിശ്വാസികളുടെ താൽപര്യം. എന്നാൽ, കോടതി അതിന് അനുമതി നൽകിയില്ല.

സംഘർഷസാധ്യത ഒഴിവാക്കാനാണ് മകന് മാത്രം ശുശ്രൂഷയിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. ഈ തീരുമാനം തങ്ങളുടെ വിജയമായി യാക്കോബായ വിഭാഗം വ്യാഖ്യാനിക്കുന്നു.'കോതമംഗലം ചെറിയ പള്ളിയിൽ മാറാച്ചേരി റമ്പാന് മാത്രം നാളെ 2 മുതൽ 5 വരെ പള്ളിയകത്തു കയറി മാതാവിന്റെ മരണാനന്തര ശുശ്രുഷയിൽ പങ്കെടുക്കാം. മകൻ എന്ന നിലയിൽ പങ്കെടുക്കാനുള്ള അനുവാദം കോതമംഗലം പള്ളി ഭരണ സമിതി നൽകുകയായിരുന്നു. കോടതി അത് ശരി വക്കുകയും ചെയ്തു.' ഇതാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്.ഇക്കാര്യം നേരത്തെ അംഗീകരിച്ചാൽ അത് മാന്യതയാകുമായിരുന്നുവെന്നും അവർ പറഞ്ഞു.

മാറാച്ചേരി തോമസ് പോൾ റമ്പാൻ മെത്രാൻ കക്ഷിയിലേക്ക് മാറിയതുകൊണ്ടാണ് ശവസംസ്‌കാരത്തെ ചൊല്ലി അധികാരതർക്കം സൃഷ്ടിക്കുന്നതെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം. ഏതായാലും കോടതി ഉത്തരവ് വന്നതോടെ നാലുദിവസമായി നിലനിന്ന തർക്കത്തിന് താൽക്കാലിക പരിഹാരമായിരിക്കുകയാണ്.=

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP