Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്യാഗസ്മരണയിൽ ദുഃഖ വെള്ളി; നാലുപറയിലച്ചന്റെ സന്ദേശം

ത്യാഗസ്മരണയിൽ ദുഃഖ വെള്ളി; നാലുപറയിലച്ചന്റെ സന്ദേശം

മറുനാടൻ ഡെസ്‌ക്‌

മരിക്കുന്നവന്റെ മനോഭാവം

ഫാ. ജേക്കബ് നാലുപറയിൽ എംസിബിഎസ്

ഇന്ന് ദുഃഖവെള്ളിയാഴ്ചയാണ്. ഈശോയുടെ പീഡാസഹനങ്ങളുടെയും കുരിശു മരണത്തിന്റെയും ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ദിവസം.
അന്ന് യൗവ്വനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ. ദൈവരാജ്യമെന്ന പുതിയ സമൂഹത്തെ സ്വപ്നം കാണുകയും അതിന്റെ നിർമ്മിതിക്കായി ഒരുപറ്റം നിരക്ഷരരെ കൂടെ കൂട്ടുകയും ചെയ്തവൻ. ദൈവ രാജ്യത്തിന്റെ ധാർമ്മികത പറഞ്ഞും പ്രവർത്തിച്ചു കാണിച്ചതിന്റ് പേരിൽ അനുയായികളെയും പ്രതിയോഗികളെയും ഒരു പോലെ സമ്പാദിച്ചവൻ.

അന്ത്യത്തോടടുക്കുമ്പോൾ ഈശോയുടെ പ്രതിയോഗികൾ മാത്രമല്ല, അനുയായികൾ പോലും അവനെതിരെ തിരിഞ്ഞുവെന്നതാണ് ക്രിസ്തുവിന്റെ ജീവിതത്തിന്റെ ദുരന്തം. ഫരിസേയരും നിയമജ്ഞനുമടങ്ങുന്ന യഹൂദ നേതൃനിര ആരംഭം മുതൽ അവന് എതിരായിരുന്നു. ഗലീലിയയിൽ തന്റെ പരസ്യപ്രവർത്തനം ആരംഭിക്കുമ്പോൾ മുതൽതന്നെ ഈശോ അവരുമായി സംഘർഷത്തിലാണ്. അവനിൽ ദൈവദൂഷണവും മതപാഷണ്ടതയും ആരോപിച്ചാണ് അവർ അവനെ വധിക്കാൻ ശ്രമിച്ചത് (മർക്കോ 3:5).

തുടക്കം മുതൽ ഈശോയെ ഇല്ലാതാക്കാൻ ശ്രമിച്ച യൂദാ നേതാക്കളുടെ പരിശ്രമം വിജയിക്കുന്നത് ജെറുസലേമിൽ വച്ചാണ്. അവർ അവനെ ചതിയിൽ പിടിക്കുകയും ബന്ധിക്കുകയും അവരുടെ മതകോടതിയിൽ വിചാരണം ചെയ്യുകയും ദൈവദൂഷണം ആരോപിച്ച് അവനെ വധിക്കാൻ വിധിക്കുകയും ചെയ്യുന്നു (മാർക്കോ 14:64).

ജറുശലേം നഗരത്തിലേക്കുള്ള രാജകീയ യാത്രയിൽവരെ അവനെ പിന്തുണച്ചിരുന്ന പൊതുജനവും അവസാനം അവന് എതിരെ തിരിയുന്നു (മർക്കോ 15:14).അവന്റെ ഹൃദയസ്വപ്നമായിരുന്ന ദൈവരാജ്യത്തിന്റെ വക്താക്കളാകാൻ അവൻ പരിശിലിപ്പിച്ച അവന്റെ ശിഷ്യരും പ്രതിസന്ധിഘട്ടത്തിൽ അവനെ ശത്രുക്കളുടെ നടുവിൽ ഒറ്റക്കാക്കി ഓടിപ്പോയി. (മാർക്കോ 14: 50-52). അവരിൽ ഒരുവൻ ശത്രു പക്ഷത്തിന്റെ ചാരനായി വർത്തിച്ച് അവനെ അവർക്ക് ഒറ്റിക്കെടുത്തു. (മത്താ 14:45). ശിഷ്യരിൽ പ്രമുഖനായിരുന്നവൻ മൂന്നു പ്രാവശ്യം അവനെ അറിയില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ചു (മർക്കോസ് 14:66-71).

അങ്ങനെ ഒരുവൻ മാനസികമായി ഏറ്റവുമധികം തകർക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഈശോ. അതായത് സർവ്വരാലും ഉപേക്ഷിയ്കപ്പെടുന്ന സാഹചര്യം; സ്വന്തം പ്രിയപ്പെട്ടവരുപോലും ചതിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ. എന്നും വിശ്വസ്തതയോടെ പിന്തുടർന്നിരുന്ന സ്ത്രീകൾ പോലും അകലെ മാറി നില്ക്കുന്ന അവസ്ഥ (മർക്കോ 15:40).

പരിത്യക്തതയുടെയും ഉപേക്ഷിക്കപ്പെടലിന്റെയും കൊടുമുടിയിലായിരിന്നു ദൈവം പോലും തന്നെ കൈവെടിഞ്ഞുവെന്ന ഈശോയുടെ സംശയം (മാർക്കോ 15:34). അങ്ങനെ മാനസികസഹനത്തിന്റെ നെറുകയിലാരിന്നു ക്രിസ്തു കുരിശേൽ തറയ്ക്കപ്പെട്ടത്.അതോടൊപ്പമായിരുന്ന ഈശോ അനുഭവിച്ച ശാരീരിക പീഡകൾ. അങ്ങനെ ശാരീരികമായും മാനസികമായും നൊമ്പരങ്ങളുടെ കൊടുമുടുയൽ നിന്ന ഈശോയുടെ മാനസിക ഭാവം എന്തായരന്നു? ജീവിതത്തിലെ ഏറ്റവും കൊടിയ നൊമ്പരങ്ങളെ അതിജീവിക്കാൻ ഈശോയെ സഹായിച്ച അവന്റെ മനോഭാവം എന്തായിരുന്നു? മരണത്തെ അതിജീവിക്കാൻ ക്രൂശിതനെ സഹായിച്ച ആ മനോഭാവമാണ്, മരണത്തിൽ നിന്നും നിത്യജീവനിലേയ്ക് കടക്കാനുള്ള ഉപാധി.

ക്രൂശിതന്റെ മനോഭാവം അനാവരണം ചെയ്യുന്ന അവന്റ മൂന്നു ഹൃദയഭാഷണങ്ങളെ നമ്മൾ ഇന്ന് ധ്യാനത്തിന് വിഷയമാക്കുകയാണ്. പീലത്തോസ് ഈശോയെ വിചാരണ ചെയ്യുന്നതാണ് ഒന്നാമത്തെ സന്ദർഭം. മറുപടി പറാൻ വിസമ്മതിക്കുന്ന ഈശോയോട് പീലത്തോസ് ചോദിച്ചു: ''നീഎന്നോട് സംസാരിക്കയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിയ്കാനും എനിക്ക് അധികാരമുണ്ടെന്ന്. അറിഞ്ഞു കൂടെ? ഉടനെ യേശു പ്രതിവചിച്ചു: 'ഉന്നതങ്ങളിൽ നിന്ന് നൽകപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ എന്റെമേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല'' (യോഹ 19:10-11).

പീലാത്തോസിന്റെ വിചാരണയ്കും ശിക്ഷാവിധിയ്കും പിറകിൽ ഈശോ കാണുന്നത് ദൈവകരമാണെന്ന് വരുന്നു. തന്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും പിന്നിൽ ഈശോ ഒരു ദൈവികപദ്ധതി വായിച്ചെടുക്കുന്നു എന്നു സാരം. ഗത്സെമനിയിലെ പ്രാർത്ഥനയിൽ ഇതവൻ വ്യക്തമായി ദൈവഹിതമായി തിരിച്ചറിഞ്ഞതാണ് (മർക്കോ 14:35-36).

തനിയ്‌കെതിരെ നിരന്നു നിൽക്കുന്ന പ്രതിയോഗികളുടെ പ്രവത്ത്‌നങ്ങൾക്ക് പിറകിൽ ഈശോ ദൈവികകരം കാണുന്നു എന്നു സാരം. യൂദാസിന്റെയും കൈയാഫാസിന്റെയും പീലാത്തോസിന്റെയും പ്രവർത്തികൾക്ക് പിറകിൽ ഒളിഞ്ഞ്ഞ്ഞിരിയ്കുന്ന ദൈവികപദ്ധതി ഈശോവായിച്ച്‌ചെടുക്കുന്നു എന്നർത്ഥം. നിന്റെ ജീവിതത്തിലെ പ്രതിസന്ധികളുടെ പിറകിലുള്ള ദൈവകരം കാണാൻ നിനക്കു സാധിക്കുന്നുണ്ടോ?

നിന്റെ ജീവിതമാകുന്ന പട്ടം, കാറ്റിലുഴയുമ്പോൾ നിന്റെ കണ്ണും ഹൃദയവും എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്? ചുറ്റും വീശിയടിക്കുന്ന കാറ്റിലും കോളിലുമാണോ? അതോ പട്ടത്തിന്റെ പിറകിലുള്ള ചരടും ആ ചരടിനെ നിയന്ത്രിക്കുന്ന തൃക്കരവുമാണോ നിന്റെ കണ്ണിലും ഹൃദയത്തിലും നിറയുന്നത്. നിന്റെ കണ്ണും ഹൃദയവും പട്ടത്തിന്റെ പിറകിലെ ചരടിലും, ആ ചരടിനെ നിയന്ത്രിക്കുന്ന കരങ്ങളിലും കേന്ദ്രീകരിച്ചാൽ മാത്രമേ ആകുലതകളില്ലാതെ ജീവിതവിഹായസിൽ പറന്നുനില്കാൻ നിനക്ക് സാധിക്കു.

നിന്റെ ജീവിതത്തിന്റെ പ്രതിസന്ധികളിൽ നിന്റെ കണ്ണും മനസ്സും എവിടെയാണ് ഫോക്കസ് ചെയ്തിരിക്കുന്നത് എന്നതാണ് ചോദ്യം. ജീവിത പ്രതിസന്ധികളേലേക്ക് കണ്ണ് നട്ടിരുന്നാൽ നിന്റെ മനസസ്സ് കൂടുതൽ അശാന്തമാകുകയേ ഉള്ളൂ. നേരേമറിച്ചു നിന്റെ കണ്ണും ഹൃദയവും നിന്റെ ജീവിത പ്രതിസന്ധിയുടെ പിറകിലുള്ള ദൈവിക പദ്ധതിയിലും, പ്രതിസന്ധിയിലൂടെ നിന്നെ നയിക്കുന്ന ദൈവികകരത്തിലുമാകുമ്പോൾ നിന്റെ ഹൃദയം ശാന്തപൂർണ്ണമാകും. മാത്രമല്ല, നിന്റെ ജീവിതനൊമ്പരങ്ങൾ ദൈവികമായ ഫലം പുറപ്പെടുവിക്കുകയും ചെയ്യും.

ദൈവശാസ്ത്രനായിരുന്ന റയ്നോൾഡ് നീബുറിന്റെ പ്രശ്തമായ പ്രാർത്ഥന എന്നും ഹൃദയത്തിൽ ആവർത്തിക്കേണ്ടതാണ്.
മാറ്റാനാവുന്നവയെ മാറ്റാനുള്ള ധൈര്യവുംമാറ്റാവാത്തവയെ സ്വീകരിക്കാനുള്ള ശാന്തതയുംഇവയെ രണ്ടിനെയും വേർതിരിച്ചറിയാനുള്ള വിജ്ഞാനവും നാഥാ നീ എനിക്കു തരേണമേ!

ഈശോയുടെ ഈ അടിസ്ഥാന ഹൃദയഭാവത്തിൽ നിന്നും പുറപ്പെടുന്നവയാണ് പീഡാനുഭവവേളയിലെ അവന്റെ പ്രതികരണങ്ങളെല്ലാം തന്നെ. ഏറ്റവും സവിശേഷമായ പ്രതികരണം കുരിശിൽ തറയ്ക്കപ്പെട്ടു കഴിയുമ്പോഴാണ്: 'പിതാവേ അവരോടു ക്ഷമിക്കണമേ അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല' (ലൂക്കാ 23:34). ഏറ്റവുമധികം വേദന തരുന്നവരോട് ഹൃദയത്തിൽ പൊറുത്തുകൊണ്ടാന്ന് ഈശോ മരണത്തെ സമീപിക്കുന്നത്.

സമാനമായ ഹൃദയഭാവമാമണ് യൂദാസിനോട് പ്രതികരിക്കുമ്പോഴും ഈശോ കാണിക്കുന്നത്. ഏറെ കാലം അനുയായി കൂട്ടത്തിൽ നിന്നിട്ട് ചതിക്കുന്നവനോടുള്ള ഈശോയുടെ ഹൃദയഭാഷണം ശ്രദ്ധിക്കുക: ''സ്നേഹിതാ നീ എന്തിനാണ് വന്നത്'' (മത്താ 26:50). തന്നെ ബന്ധിച്ചു കൊണ്ടുപോകാനായി വന്ന സേവകരിലൊരുവന്റെ മുറിഞ്ഞ ചെവി സുഖപ്പെടുത്തുമ്പോഴും (ലൂക്കാ 22:51) ഈശോ പ്രകടിപ്പിക്കുന്നത്. ഇതേ മനോഭാവമാണ്. പൊരുക്കലിന്റെയും ക്ഷമയുടെയും ഹൃദയഭാവം.

ക്രിസ്തുവിന്റെ ക്ഷമയുടെ ഈ ഹൃദയഭാവം ദൈവിക സ്വഭാവം തന്നെയാണ്. 'അവിടുന്ന് ദുഷ്ടരുടെയും ശിഷ്യരുടെയും മേൽ ഒരേ പോലെ മഴ പെയ്യിക്കുന്നു. ഇരുകൂട്ടർക്കും ഒരേപോലെ പ്രകാശം കൊടുക്ക്കുന്നു (മത്തായി 5:45). അങ്ങനെയെങ്കിൽ ശത്രുക്കളോട് ക്ഷമിക്കണമെന്ന് പ്രാർത്ഥിക്കുന്ന ക്രൂശിതൻ ദൈവഹൃദയത്തിന്റെ മനുഷ്യാവതാരമാണ്.

ദൈവത്തിന്റെ പേരു കരുണയെന്നാണ് ഗ്രന്ഥത്തിൽ ഫ്രാൻസീസ് പാപ്പാ പറയുന്നൊരു സംവാദമുണ്ട് (ഓഡിയോ കേൾക്കുക).ക്രൂശിതന്റെ ഹൃദയഭാവം വെളിവാക്കുന്ന മൂന്നാമത്തെ രംഗം വിവരിക്കുന്നത് യോഹന്നാനാണ്. 'യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നത് കണ്ട് അവരോടു പറഞ്ഞു സ്ത്രീയേ, ഇതാ നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു ഇതാ നിന്റെ അമ്മ' (യോഹ 19:26-27)

കുരിശേൽ കിടന്ന് പിടയുന്ന ഈശോയാന്ന് ഇത് പറയുന്നത് എന്നോർക്കണം. മരണവേദനയുടെ നടുവിലും ഈശോയുടെ കണ്ണും ഹൃദയവും തന്റെ പ്രിയപ്പെട്ടവരുടെ നൊമ്പരങ്ങളിലാണ്. കുരിശിൻ ചുവട്ടിലെ അമ്മയുടെയും ശിഷ്യരുടെയും ഹൃദയവേദന കുറക്കാനാണ് ക്രൂശിതൻ ശ്രമിക്കുന്നത്. സ്വന്തം മരണ വേദനയുടെ നടുവിലും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ശ്രമിക്കുന്ന ക്രൂശിതൻ കാര്യണ്യത്തിന്റെ കൊടുമുടിയാണ്.

സ്വന്തം നൊമ്പരങ്ങൾക്കുപരി മറ്റുള്ളവരുടെ നൊമ്പരങ്ങൾ കണ്ണാൻ കഴിയുന്നിടത്താണ് നീക്രൂശിതനിലേക്ക് വളരുന്നത്. സ്വന്തം നൊമ്പരങ്ങൾക്കിടയിലും സഹജരുടെ മുറിവുകളിൽ ലേപനം പുരട്ടുന്നവനാണ് ക്രൂശിതന്റെ കാരുണ്യം സ്വന്തമാക്കിയവൻ. നിന്റെ പ്രിയരുടെ ജീവിതമുറിവുകളെ ഉണക്കിയെടുക്കാൻ സ്നേഹത്തെക്കാൾ മികച്ചൊരു ലേപനമില്ലെന്നതാണ് സത്യം. അതുകൊണ്ടാണ് പീഡാസഹന വേളയിലെ ക്രിസ്തുവിന്റെ വാക്കുകളിലും പ്രവൃത്തികളും സ്നേഹം നിറഞ്ഞു നിൽക്കുന്നത്. ക്രൂശിതന്റെ മുറിവുകളെല്ലാം സ്നേഹ നിർജ്ജലമായതിനാലായിരുന്നു. കുരിശുമരണം രക്ഷാകരമായി തീർന്നത്.

നിന്റെ മുറുവുകള സ്നേഹ പ്രവാഹത്തിനുള്ള ഉപാധികാളാക്കുക. നിന്റെ മുറിവുകളെ നിന്റെ പ്രിയരിലേക്ക് സ്നേഹം ചൊരിയാനുള്ള ഉപാധികളായി രൂപാന്തരപ്പെടുത്തുക- ക്രൂശിതനെ അനുഗമിയകുന്നവന്റെ ധർമ്മം അതാണ്.

പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഒരു സംഭവം (ഓഡിയോ കേൾക്കുക).നമ്മുടെ ജീവിതം വളരെ ഹൃസ്വമാണ്. എത്രനാൾ നീളുമെന്ന് ഉറപ്പില്ലാത്ത ഈ ജീവിത്തെ അനശ്വരമാക്കാനുള്ള വഴി ഒന്നേയുള്ളൂ - സ്നേഹം കൊടുക്കുക. അതും നമ്മുടെ ജീവിതത്തിന്റെ നൊമ്പരങ്ങൾക്കിടയിലും നമ്മുടെ കുരിശിനരുകിൽ നിൽക്കുന്നവർക്കൊക്കെ സ്നേഹവും കരുണയും ക്ഷമയും പകർന്നു കൊടുക്കുക. ക്രൂശിതൻ പകർന്നുതരുന്ന ജീവിതപാഠമാണിത്. അങ്ങനെ സ്വേഹവും ക്ഷമയും പകരുന്നവന്റെ ജീവിതം നിത്യതയിലേക്കായിരിക്കും പുനർജനിക്കുക.

ഇതിനെല്ലാം കാരണമായി നിന്നത് ക്രൂശിതന്റെ കാഴ്ചപ്പാടും മനോഭാവവുമായിരുന്നു. തന്റെ ജീവിതസഹനങ്ങളുടെയും തന്റെ ശത്രുക്കളുടെയും പിറകിൽ അവയെ അദൃശ്യമായി നിയന്ത്രിക്കുന്ന ദൈവകരം കണ്ടവാനായിരുന്നു ക്രിസ്തു. അതിനാലാണ് കൊടും സഹനങ്ങൾക്കിടയിലും ദൈവിമകമായ ക്ഷമയും സ്നഹവും കരുണയും ഹൃദയത്തിൽ പേറാൻ അവനായത്. അതിലൂടെ തന്നിലെ ജീവനെ മരണത്തിനപ്പുറത്തേക്ക് വളർത്തിയെടുക്കാനും അവന് ക്‌ഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP