Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

14 വർഷത്തെ കാത്തിരിപ്പിന് വിരാമം; സന്തോഷ് ട്രോഫിയിൽ 'കപ്പടിച്ച് കലിപ്പടക്കി' കേരളത്തിന്റെ ചുണക്കുട്ടികൾ; അടിമുടി ആവേശം നിറഞ്ഞു നിന്ന ഫൈനലിൽ പശ്ചിമ ബംഗാളിനെ തോൽപ്പിച്ചത് പെനാലിറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന നിലയിൽ; ഹീറോയായി ഗോൾകീപ്പർ മിഥുൻ; വംഗനാട്ടുകാരെ അവരുടെ തട്ടകത്തിൽ വെച്ച് തോൽപ്പിച്ച് കേരളം ഏറ്റുവാങ്ങിയത് ആറാമത്തെ ദേശീയ ഫുട്‌ബോൾ കിരീടം; ഈസ്റ്റർ ദിനത്തിൽ കേരള ഫുട്‌ബോളിന് ഉയർത്തെഴുനേൽപ്പ്

14 വർഷത്തെ കാത്തിരിപ്പിന് വിരാമം; സന്തോഷ് ട്രോഫിയിൽ 'കപ്പടിച്ച് കലിപ്പടക്കി' കേരളത്തിന്റെ ചുണക്കുട്ടികൾ; അടിമുടി ആവേശം നിറഞ്ഞു നിന്ന ഫൈനലിൽ പശ്ചിമ ബംഗാളിനെ തോൽപ്പിച്ചത് പെനാലിറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന നിലയിൽ; ഹീറോയായി ഗോൾകീപ്പർ മിഥുൻ; വംഗനാട്ടുകാരെ അവരുടെ തട്ടകത്തിൽ വെച്ച് തോൽപ്പിച്ച് കേരളം ഏറ്റുവാങ്ങിയത് ആറാമത്തെ ദേശീയ ഫുട്‌ബോൾ കിരീടം; ഈസ്റ്റർ ദിനത്തിൽ കേരള ഫുട്‌ബോളിന് ഉയർത്തെഴുനേൽപ്പ്

കൊൽക്കത്ത: 14 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം. അടിമുടി ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ കരുത്തരായ പശ്ചിമ ബംഗാളിനെ പെനാലിറ്റി ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ചാണ് കേരളം കിരീടം ചൂടിയത്. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ആറാം ഫുട്‌ബോൾ കിരീടമാണ് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ഉണ്ടായത്. ഈസ്റ്റർ ദിനത്തിൽ കേരള ഫുട്‌ബോളിന്റെ ഉയർത്തെഴുനേൽപ്പു കൂടിയായി സജീവൻ ബാലൻ പരിശീലിപ്പിച്ച യുവനിര സമ്മാനിച്ച വിജയ കിരീടം.

90 മിനിറ്റിൽ 1-1 എന്ന നിലയിലായിരുന്നു ഇരു ടീമുകളും. തുടർന്ന് അധികസമയത്തേക്ക് കളി നീങ്ങിയതോടെ ചിത്രം മറി. ഈ സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ കൂടി അടിച്ചതോടെ 2-2 എന്ന നിലയിലായി കാര്യങ്ങൾ. ഇതോടെയാണ് മത്സരവിജയിയെ തീരുമാനിക്കാൻ ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ ബംഗാൾ താരങ്ങൾ തൊടുത്ത ആദ്യ രണ്ട് ഷോട്ടുകളും തടുത്തിട്ട കേരളാ ഗോൾ കീപ്പർ മിഥുൻ വി ആണ് കേരളത്തിലേക്ക് വീണ്ടും കിരീടം എത്തിച്ചത്.

ഷൂട്ടൗട്ടിൽ ആദ്യ കിക്ക് തന്നെ ഗോൾ കീപ്പർ വി. മിഥുൻ തടുത്തിട്ടു. കേരളത്തിന്റെ ആദ്യ കിക്ക് ക്യാപ്റ്റൻ രാഹുൽ വി. രാജ് ഗോളാക്കി മാറ്റി. ബംഗാളിന്റെ രണ്ടാം കിക്കെടുത്തത് നബി ഹുസൈനായിപുന്നു. അതും മിഥുന്റെ കൈയിൽ ഭദ്രമായി. കേരളത്തിനായി ജിതിൻ ഗോപാൽ ലക്ഷ്യത്തിലെത്തിച്ചു. ബംഗാളിന്റെ അടുത്ത ശ്രമം തീർത്ഥങ്കർ ഗോളാക്കി മാറ്റി. എന്നാൽ, തുടർന്ന് ഷോട്ടെടുത്ത കേരളത്തിന്റെ ജസ്റ്റിന് പിഴച്ചില്ല. നാലാം കിക്ക് ബംഗാൾ താരം ഗോളാക്കിയെങ്കിലും നിർണായക കിക്ക് ഗോളാക്കി സീസൺ ആറാം സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ചു. ആറാം കിരീടം രാഹുലിന്റെ കൈകളിലേക്ക് എത്തിയതോടെ ആവേശത്തിന്റെ നിറുകയിലായി കേരളത്തിലെ ഫുട്‌ബോൾ ആരാധകർ.

19ാം മിനിറ്റിൽ എം.എസ് ജിതിന്റെ ഗോളിലൂടെ കളിയിൽ മുന്നിട്ട് നിന്ന കേരളത്തിന്റൈ പ്രതീക്ഷ തകർത്ത ബംഗാൾ ഗോൾ പിറന്നത് ജിതേൻ ബർമൻ 68ാം മിനിറ്റിൽ ബംഗാളിനായി വലകുലുക്കിയിരുന്നു. പകരക്കാരനായെത്തിയ ബിബിൻ ജോസ് അധിക സമയത്തിലെ രണ്ടാം പകുതിയിൽ ഗോളടിച്ച് കേരളത്തിന് അതിനിർണായക ലീഡ് നൽകി. എന്നാൽ പ്രതീക്ഷ തുലച്ചുകൊണ്ട് ബംഗാൾ തിരിച്ചടിച്ചതോടെ കേരളം ഞെട്ടി. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയതും. എന്നാൽ, അവസാന നിമിഷം വരെ ആത്മവിശ്വാസത്തോടെ കേരളത്തിന്റെ ചുണക്കുട്ടികൾ പൊരുതിയത് കപ്പെടുത്ത് കലിപ്പടക്കിയാണ്.

കളി തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ പശ്ചിമ ബംഗാളിന്റെ ആക്രമണമായിരുന്നു. ഒമ്പതാം മിനിറ്റിൽ ബോക്സിന് തൊട്ടടുത്ത് വെച്ച് സീസണെടുത്ത ഫ്രീ കിക്കായിരുന്നു കേരളത്തിന് ലഭിച്ച ആദ്യ അവസരം. എന്നാൽ പന്ത് ലക്ഷ്യം തെറ്റി. ബംഗാളിന്റെ പാഴായിപ്പോയ ഒരു നീക്കത്തിനൊടുവിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് കേരളത്തിന്റെ ഗോൾ വന്നത്. ഏകദേശം ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് പന്തുമായി കുതിച്ച ജിതിൻ എം.എസിന് ലക്ഷ്യം തെറ്റിയില്ല. ബംഗാൾ ഗോൾകീപ്പറേയും മറികടന്ന് പന്ത് വലയിലെത്തി (1-0).

പിന്നീട് ബംഗാൾ നിരവധി അവസരങ്ങൾ മെനഞ്ഞെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. തിർതങ്കർ സർക്കാർ നിറഞ്ഞുകളിച്ചെങ്കിലും ബംഗാളിന് ഗോൾ മാത്രം അകന്നുനിന്നു. 34-ാം മിനിറ്റിൽ അഫ്ദാലിന്റെ ക്രോസിൽ ജിതിൻ ഗോപാലാന് സുവർണാവസരം ലഭിച്ചെങ്കിലും പന്ത് കണക്റ്റ് ചെയ്യാനായില്ല. അഞ്ചു മിനിറ്റിന് ശേഷം ലഭിച്ച ലീഡുയർത്താനുള്ള അവസരം അഫാദിൽ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് പുറത്തേക്കടിച്ചു. 46-ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ജിതിൻ എം.എസിന് ഗോൾനേട്ടം രണ്ടാക്കാനുള്ള അവസരം ലഭിച്ചു. എന്നാൽ പോസ്റ്റിന് മുന്നിൽ വെച്ചുള്ള കൺഫ്യൂഷനിൽ ജിതിനും പിന്നീട് അഫ്ദാലും ലക്ഷ്യം കണ്ടില്ല. തൊട്ടടുത്ത മിനിറ്റിൽ ബംഗാളും ഒരു ശ്രമം നടത്തി. തിർതങ്കർ സർക്കാറിന്റെ പാസിൽ ജിതേൻ മുർമുവിന്റെ ശ്രമം കേരള പ്രതിരോധം തടയുകയായിരുന്നു.

2005-ൽ ഡൽഹിയിലായിരുന്നു അവസാന കിരീടം. അന്ന് പഞ്ചാബിനെയാണ് ഫൈനലിൽ തോൽപ്പിച്ചത്. 2013-ൽ കൊച്ചിയിൽ ഫൈനലിലെത്തിയെങ്കിലും സർവീസസിനോട് തോറ്റു. 32 തവണ കിരീടം നേടിയ ബംഗാളിലെ അവരുടെ തട്ടകത്തിൽ വെച്ച് തകർത്തത് കേരള ഫുട്‌ബോളിന് പുത്തൻ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്. സെമിയിൽ ശക്തരായ മിസോറമിനെ 1-0ന് തോൽപ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP