Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്; ക്വട്ടേഷൻ സംഘത്തിലെ 'കായംകുളം അപ്പുണ്ണി'യുടെ സുഹൃത്തുകൊല്ലം സ്വദേശി സനുവിന്റെ അറസ്റ്റ് നിർണായകമാകും; വീട്ടിൽ നിന്നും വാൾ കണ്ടെടുത്തു; കൃത്യം നടപ്പിലാക്കാൻ എത്തിയ സംഘം താമസിച്ചതും ഇയാളുടെ വീട്ടിൽ; കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ വലയിലാകുമെന്ന് സൂചന

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്; ക്വട്ടേഷൻ സംഘത്തിലെ 'കായംകുളം അപ്പുണ്ണി'യുടെ സുഹൃത്തുകൊല്ലം സ്വദേശി സനുവിന്റെ അറസ്റ്റ് നിർണായകമാകും; വീട്ടിൽ നിന്നും വാൾ കണ്ടെടുത്തു; കൃത്യം നടപ്പിലാക്കാൻ എത്തിയ സംഘം താമസിച്ചതും ഇയാളുടെ വീട്ടിൽ; കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ വലയിലാകുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ക്വട്ടേഷൻ സംഘത്തിലെ അപ്പുണ്ണിയുടെ സുഹൃത്താണ് സനു. സനുവിന്റെ വീട്ടിലായിരുന്നു ക്വട്ടേഷൻ സംഘം താമസിച്ചിരുന്നത്. രാജേഷിന്റെ അടുപ്പക്കാരിയായ ആലപ്പുഴ സ്വദേശിനിയായ നൃത്താധ്യാപികയുടെ ഭർത്താവായ ഓച്ചിറ അബ്ദുൾ സത്താറിന്റേതാണ് ക്വട്ടേഷനെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ, നൃത്താധ്യാപികയുടെ മൊഴികൾ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

ക്വട്ടേഷൻ സംഘത്തിന് താവളമൊരുക്കിയ ആളാണ് സനുവെന്നും ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ വീട്ടിൽ നിന്നും വാളും കണ്ടെത്തിയിട്ടുണ്ട്. ഇതുകൊലയ്ക്ക് ഉപയോഗിച്ച വാളാണോ എന്ന് വ്യക്തമായിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളെന്ന് സംശയിക്കുന്നവർ മറ്റുള്ളവരുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സനുവിനെ പ്രതികൾ പരിചയപ്പെട്ടതും വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ്. ക്വട്ടേഷൻ നൽകിയ ആളുമായി വാട്‌സ് ആപ്പു വഴി സംസാരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലിസ് പറയുന്നത്.

പ്രതികളെ ബന്ധപ്പെടുത്തിയത് വാട്‌സ്ആപ്പ് കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിൽ പെട്ട മൂന്നു പേരെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. കൊലപാതക സംഘം സഞ്ചരിച്ച കാറ് വാടകയ്‌ക്കെുടത്ത വ്യക്തിയുമായി അടുപ്പമുള്ള രണ്ടു പേരെ കുറിച്ചാണ് വ്യക്തമായ വിവരമുള്ളത്. ഇവർ പൊലീസ് പിടിയിലാണെന്നും സൂചനകളുണ്ട്. രാജേഷിന്റെ അടുപ്പക്കാരിയായ വീട്ടമ്മയുടെ ഭർത്താവാണ് കൊലപാതകത്തിന് ക്വട്ടേഷൻ കൊടുത്തതെന്ന് പൊലീസ് തുടക്കം മുതൽ പറഞ്ഞിരുന്നത്. കൊലയ്ക്കു നേതൃത്വം നൽകിയതു ഖത്തറിൽ ജിംനേഷ്യം പരിശീലകനായ ഓച്ചിറ സ്‌കൈലാബിൽ അലിഭായി എന്നുവിളിക്കുന്ന സാലിഹ് ബിൻ ജലാലാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊലപാതകത്തിന്റെ ആസൂത്രണമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഏറെക്കുറെ വ്യക്തത വരികയും പ്രതികളെ തിരിച്ചറിയുകയും ചെയ്ത സാഹചര്യത്തിൽ ഖത്തറിൽ കഴിയുന്ന പ്രധാന പ്രതികളായ വ്യവസായി ഓച്ചിറ പായിക്കുഴി നായമ്പരത്ത് അബ്ദുൾ അസീസിന്റെ മകൻ അബ്ദുൾ സത്താറിനെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമം നടത്തുന്നുണ്ട്. ഇതര സമുദായത്തിൽപെട്ട പെൺകുട്ടിയെ സത്താർ ഖത്തറിൽവച്ചു സ്‌നേഹിച്ചു വിവാഹം കഴിക്കുകയായിരുന്നു. ഇവർക്കു രണ്ടു കുട്ടികളുമുണ്ട്. ഖത്തറിലെത്തിയ രാജേഷ്‌കുമാർ യുവതിയുമായി അടുപ്പത്തിലായി. സത്താറുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിനു യുവതി നിയമനടപടികൾ ആരംഭിക്കുക കൂടി ചെയ്തതിന്റെ പ്രതികാരമാണു കൊലപാതത്തിൽ കലാശിച്ചതെന്നാണു പൊലീസ് പറയുന്നത്.

അതേസമയം രാജേഷിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് വിശദീകരിച്ചു കൊണ്ട് അബ്ദുൾ സത്താർ രംഗത്തെത്തിയിട്ടുണ്ട്. ഖത്തറിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായി പൊലീസ് സംശയിക്കുന്ന ഓച്ചിറ സ്വദേശി ഖത്തറിലെ സ്വകാര്യ എഫ്എം റേഡിയോയിലാണ് തന്റെ നിലപാടുകൾ വിശദീകരിച്ചത്. പ്രസ് ഫോർ ന്യുസിന് നൽകി അഭിമുഖത്തിൽ രാജേഷിനെ കൊല്ലാൻ മടവൂരിലെത്തിയ സാലിഹ് ഇപ്പോൾ ഖത്തറിലുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. തന്റെ ജിമ്മിലെ ജീവനക്കാരനാണ് സാലിഹ്. ഞാൻ ഇന്നും സാലിഹിനെ കണ്ടിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. സാലിഹിന് കൊലയിൽ പങ്കുണ്ടോയെന്ന് ഇയാൾ വിശദീകരിക്കുന്നുമുണ്ട്.

തന്റെ മുൻഭാര്യയുമായി രാജേഷിന് ബന്ധമുണ്ടെന്നും സാത്താർ അഭിമുഖത്തിൽ സമ്മതിക്കുന്നു. നമ്മൾക്ക് അറിയാത്ത കാര്യം. ബന്ധം വേർപ്പെടുത്തി. ഡൈവേഴ്സ് നോട്ടീസ് വരെ കൊടുത്തു. സാലിഹ് എന്ന ആൾ എന്റെ ജിമ്മിലെ ജോലിക്കാരനാണ്. അവൻ ഇവിടെയുണ്ട്. സാറെ ഒരു കാര്യം പറയാം. വായിൽ നാക്കുണ്ടെങ്കിൽ ആരേയും കുറ്റക്കാരനാക്കാം. ഞാൻ ഇതിൽ കുറ്റക്കാരനല്ല. ഇതിന് പിറകേ പോയിട്ടുമില്ല. കൊലയിൽ ഒരു ബന്ധവുമില്ല. തന്റെ മുൻ ഭാര്യയാണ് ക്വട്ടേഷൻ കൊടുത്തത് എന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാനും സത്താർ തയ്യാറയില്ല. തനിക്ക് ഖത്തറിൽ ട്രാവൽ ബാനുണ്ടെന്നും സത്താർ സമ്മതിക്കുന്നു.

നമുക്കൊരു ഡൗട്ട് തോന്നി. ബന്ധം വേണ്ടെന്ന് വച്ചു. പിന്നീട് അതിന് പിറകേ പോയിട്ടില്ല. ഡൈവേഴ്സ് ആയിട്ട് മൂന്ന് മാസമായി. സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടുഴലുകയാണ്. താനും ഒരു യുവാവ് ആണെല്ലോ. തനിക്കും കിട്ടും പെണ്ണ്. കമ്മലിട്ടവൾ പോയാൽ കടക്കനിട്ടവർ വരും. അത്രയേ ഉള്ളൂ. ഞാൻ കൊലപാതകം ചെയ്താൽ മക്കൾ എവിടെ പോകും. എത്രകാലം മക്കളെ സഹോദരിമാർ നോക്കും. ജനിച്ചാൽ ഒരുവട്ടമേ മരണമുള്ളൂ... ആരേയും പേടിയില്ല. അപ്പുണ്ണിയെ അറിയില്ലെന്നും സത്താർ അഭിമുഖത്തിൽ വിശദീകരിക്കുന്നു.

നൃത്താധ്യാപികയെ ഖത്തറിൽ വച്ചാണ് കല്യാണം കഴിച്ചത്. മൂന്ന് മാസത്തോളമായി ബന്ധം വേർപ്പെടുത്തിയത്. കഴിഞ്ഞ റമദാന് ഞാൻ നാട്ടിലായിരുന്നു. അതുകൊണ്ട് പലതും അറിയില്ല. പാർലർ തുടങ്ങിയപ്പോൾ കടമായി. ലോൺ എടുത്താണ് പാർലർ തുടങ്ങിയത്. അതേ വരെ കുഴപ്പമില്ലായിരുന്നു. പാർലർ തുടങ്ങിയപ്പോൾ പാളിച്ച പറ്റി. അറിയാൻ വയ്യാത്തതിൽ കൈവച്ചപ്പോൾ നാട്ടിലെ ഒരു കോടി രൂപയോളം പോയി. നാല് ലക്ഷം റിയാൽ കടമുണ്ട്. ട്രാവൽ ബാനുണ്ട്. മുൻ ഭാര്യയ്ക്കും ട്രവാൽ ബാനുണ്ട. ലോണിൽ അവരും ഉണ്ട്. കമ്പനിയുടെ പാർട്ണറായിരുന്നു അവർ. സിഗ്‌നേച്ചർ അഥോറിട്ടിയും ആയിരുന്നു. അതുകൊണ്ടാണ് അവർക്ക് ട്രാവൽബാനുണ്ട്. 2010ലായിരുന്നു കമ്പനി തുടങ്ങിയതെന്നും അഭിമുഖത്തിൽ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP