Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുപ്രീംകോടതിയിൽ നിന്ന് വലിയ തിരിച്ചടി ഉണ്ടായെങ്കിലും ബില്ലുമായി മുന്നോട്ടുപോകാൻ ഉറച്ച് സർക്കാർ; കരുണ, കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശന വിഷയത്തിൽ ബില്ല് ഗവർണറുടെ മുന്നിലേക്ക്; സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കൂടിയായ സദാശിവം ബില്ലിൽ ഒപ്പിട്ടേക്കില്ലെന്ന് സൂചന; കാര്യങ്ങൾ പ്രതികൂലമാകാതിരിക്കാൻ ബിൽ തയ്യാറാക്കിയത് കേസ് കൈകാര്യംചെയ്യുന്ന റോത്തഗിയുടെ അഭിപ്രായം കൂടി പരിഗണിച്ച്; ഇന്നത്തെ വാദത്തിന് മുതിർന്ന അഭിഭാഷകൻ എത്താതിരുന്നത് തിരിച്ചടിയായെന്നും സർക്കാർ വിലയിരുത്തൽ

സുപ്രീംകോടതിയിൽ നിന്ന് വലിയ തിരിച്ചടി ഉണ്ടായെങ്കിലും ബില്ലുമായി മുന്നോട്ടുപോകാൻ ഉറച്ച് സർക്കാർ; കരുണ, കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശന വിഷയത്തിൽ ബില്ല് ഗവർണറുടെ മുന്നിലേക്ക്; സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കൂടിയായ സദാശിവം ബില്ലിൽ ഒപ്പിട്ടേക്കില്ലെന്ന് സൂചന; കാര്യങ്ങൾ പ്രതികൂലമാകാതിരിക്കാൻ ബിൽ തയ്യാറാക്കിയത് കേസ് കൈകാര്യംചെയ്യുന്ന റോത്തഗിയുടെ അഭിപ്രായം കൂടി പരിഗണിച്ച്; ഇന്നത്തെ വാദത്തിന് മുതിർന്ന അഭിഭാഷകൻ എത്താതിരുന്നത് തിരിച്ചടിയായെന്നും സർക്കാർ വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരുണ, കണ്ണൂർ മെഡിക്കൽ കോളേജ് വിഷയത്തിൽ കേരളത്തിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ നാണക്കേടുണ്ടാക്കിയ സുപ്രീംകോടതി വിധിയിൽ തുടർനടപടികൾ കരുതലോടെ നീങ്ങാൻ സർക്കാർ. കോടതി വിധിയും വിമർശനവും വന്നെങ്കിലും പാസാക്കിയ ബില്ലുമായി മുന്നോട്ടു പോകാൻ തന്നെയാണ് സർക്കാർ തീരൂമാനം. അതേസമയം, പ്രവേശന വിഷയത്തിൽ സുപ്രീംകോടതി സർക്കാരിനെതിരെ രംഗത്തുവന്ന സാഹചര്യത്തിൽ ഗവർണർ സർക്കാരിന്റെ ബില്ല് അംഗീകരിക്കുമോ എന്ന സംശയവും ഉയർന്നു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ സദാശിവം ബില്ല് തിരിച്ചയക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് അറിയുന്നത്.

അതേസമയം, സുപ്രീംകോടതിയിൽ കേരളത്തിന്റെ വാദത്തിന് പ്രശസ്ത അഭിഭാഷകൻ മുകുൾ റോത്തഗി എത്താതെ വന്നതോടെ സർക്കാരിന്റെ വാദങ്ങൾ ഫലപ്രദമായി അവതരിപ്പിക്കപ്പെട്ടില്ലെന്നും അതിനാലാണ് ഇത്തരത്തിൽ തിരിച്ചടി ഉണ്ടായതെന്നും വിലയിരുത്തലുകളും വരുന്നു. സുപ്രീംകോടതി സ്‌റ്റേ ചെയ്തത് ഒാർഡിനൻസ് അല്ല ബില്ലാണ് എന്ന നിലയിൽ ആണ് സർക്കാർ വിധിയോട് പ്രതികരിക്കുന്നത്.

നിയമ വകുപ്പിന് കൈമാറിയ ബിൽ ഗവർണറുടെ അനുമതിക്കായി സർക്കാർ സമർപ്പിച്ചിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി സുപ്രീം കോടതി റദ്ദാക്കിയെങ്കിലും വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി ബില്ലുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രതിപക്ഷവും ഇതിനെ പിന്തുണയ്ക്കുന്നത് സർക്കാരിന് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ബില്ലിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷണനും ബില്ലുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിട്ടുണ്ട്.

പാലക്കാട് കരുണ, കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2016 -17 ബാച്ചിലെ 180 വിദ്യാർത്ഥികളുടെ പ്രവേശനം ക്രമവത്കരിക്കുന്നതിനുള്ള കേരള പ്രൊഫഷണൽ കോളേജുകൾ ബിൽ നിയമസഭ കഴിഞ്ഞ ദിവസം ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇത് കോളേജ് മുതലാളിമാരെ സഹായിക്കാൻ നടത്തിയ നീക്കമെന്ന നിലയിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിന് പിന്നാലെയാണ് സർക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി ഓർഡിനൻസ് റദ്ദാക്കി. മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധി മറികടക്കാൻ ഓർഡിനൻസ് പുറത്തിറക്കിയ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷവിമർശനവും ഉന്നയിച്ചു. ഓർഡിനൻസ് ഇറക്കിയത് നിയമവിരുദ്ധമാണെന്ന് ആയിരുന്നു നിരീക്ഷണം. നാലാഴ്ച കഴിഞ്ഞ് കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.

സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് നേരത്തെ ഗവർണർ ജസ്റ്റിസ് പി.സദാശിവം ഒപ്പിടാതെ മടക്കിയിരുന്നു. സുപ്രീം കോടതിയുടെ വിധി മറികടക്കാൻ വേണ്ടി ഇറക്കിയ ഓർഡിനൻസിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മടക്കിയത്. ഇപ്പോൾ പുതിയ നിയമത്തിനും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ അംഗീകാരം നൽകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞവർഷം സർക്കാരുമായി കരാർ ഒപ്പിടാതെ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾ നേരിട്ട് നടത്തിയ പ്രവേശനം മേൽനോട്ട സമിതി റദ്ദാക്കിയിരുന്നു. കണ്ണൂരിൽ 150ഉം കരുണയിൽ 30ഉം വിദ്യാർത്ഥികളുടെ പ്രവേശനമാണ് കോടതി വിധിയോടെ റദ്ദായത്. ഈ നടപടി സുപ്രീം കോടതിയും ഇന്ന് ശരിവയ്ക്കുകയായിരുന്നു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാരിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പ്രസ്താവിച്ചത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ഇന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിക്കാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

സർക്കാരിന് കിട്ടിയ നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് മാർഗമില്ലാത്തതുകൊണ്ടാണ് നിയമനിർമ്മാണം വേണ്ടിവന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സുപ്രീംകോടതിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ബില്ലിൽ ഭേദഗതി വരുത്തിയത്.

നിയമപോരാട്ടം പാളിയത് മുകുൾ റോത്തഗി വാദത്തിന് എത്താതെ വന്നതോടെ

കരുണ കണ്ണൂർ മെഡിക്കൽ ഓർഡിനൻസ് സുപ്രീം കോടതി സ്റ്റേ ചെയ്യും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് നിയമ നിർമ്മാണത്തിന് സർക്കാർ തുനിഞ്ഞത്. സുപ്രീം കോടതിയിലെ ഏറ്റവും പ്രഗത്ഭ അഭിഭാഷകൻ ആയ മുകുൾ റോത്തഗി തന്നെ ഈ കേസ് സർക്കാർ ഏൽപിച്ചത് വലിയ പ്രതീക്ഷയോടെയാണ്. ജസ്റ്റിസുമാരായാ അരുൺ മിശ്രയുംും യു യു ലളിതും അടങ്ങുന്ന ബെഞ്ചിന് മുന്നിൽ ശക്തമായി വാദങ്ങൾ അവതരിപ്പിക്കാനാണ് റോത്തഗിയെ തന്നെ സർക്കാർ നിയോഗിച്ചത്. അഭിമാന നിയമ പോരാട്ടം ആയതിനാൽ തന്നെ അഡ്വക്കേറ്റ് ജനറൽ സുധാകർ പ്രസാദ് രണ്ട് ദിവസം ഡൽഹിയിൽ ക്യാമ്പ് ചെയ്ത് റോത്തഗിയും ആയി ചർച്ചയും നടത്തി.

റോത്തഗിയുടെ നിർദേശത്തെ തുടർന്ന് ബില്ലിൽ സർക്കാർ രണ്ട് ഭേദഗതികൾ സർക്കാർ കൊണ്ടുവന്നതായാണ് സൂചനകൾ. മെറിറ്റ് നിശ്ചയിക്കാൻ ഉള്ള അധികാരം സർക്കാരിൽ നിന്ന് അഡ്‌മിഷൻ സൂപ്രവൈസറി കമ്മിറ്റിക്ക് നൽകാനായിരുന്നു അതിലൊന്ന്. ഓർഡിനൻസും സബ്ജക്ട് കമ്മിറ്റിയും പരിഗണിച്ച ബില്ലിലും മെറിറ്റ് നിശ്ചയിക്കാൻ ഉള്ള അധികാരം ഗവൺമെന്റിന് ആയിരുന്നു. ഇന്നലെ സഭയിൽ വന്ന ഭേദഗതിയിലൂടെ അഡ്‌മിഷൻ സൂപ്രവൈസറി കമ്മിറ്റിക്ക് ആ അധികാരം നൽകി സർക്കാർ.

ജസ്റ്റിസ് അരുൺ മിശ്രയും ജസ്റ്റിസ് ലളിതും അടങ്ങുന്ന ബെഞ്ച് ഈ കേസ് ഇന്ന് ആദ്യം പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആകേണ്ടിയിരുന്ന റോത്തഗിയും, മെഡിക്കൽ കൗൺസിലിന് വേണ്ടി ഹാജർ ആകേണ്ടിയിരുന്ന വികാസ് സിംഗും കോടതിയിൽ ഇല്ലായിരുന്നു. എന്നാൽ കേസ് മാറ്റി വയ്ക്കില്ല എന്ന് കോടതി വ്യക്തമാക്കി. നാല് കേസുകൾക്ക് ശേഷം പരിഗണിക്കാൻ കേസ് മാറ്റിയതിന് പിന്നാലെയാണ് റോത്തഗി കോടതിയിൽ എത്തിയത്. ആ സമയം കോടതി അടുത്ത കേസിന്റെ നടപടികളിലേക്ക് കടന്നു. 11.30 ന് റോത്തഗി അഹമ്മദാബാദിലേക്ക് യാത്രയായെന്നും 12 മണിക്ക് കേസ് വീണ്ടും കോടതി പരിഗണിച്ചപ്പോൾ ംസ്ഥാന സർക്കാരിന് സീനിയർ അഭിഭാഷകർ ഇല്ലായിരുന്നുവെന്നും ഇത് തിരിച്ചടിയായെന്നും ആണ് അറിയുന്നത്. റോത്തഗി തന്നെ വാദത്തിന് ഉണ്ടായിരുന്നെങ്കിൽ വിമർശനം നേരിടേണ്ട സാഹചര്യം വരില്ലായിരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

അതേസമയം, സ്വാശ്രയ മുതലാളിമാരെ സഹായിക്കാൻ ഇത്തരമൊരു ബിൽ നിയമസഭ ഒറ്റക്കെട്ടായി നിന്ന് പാസാക്കിയത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. എംഎൽഎ ബൽറാം മാത്രമാണ് ഇത്തരമൊരു ബിൽ അവതരിപ്പിക്കുന്നതിനെ ചോദ്യം ചെയ്തത്. ഇന്നലെ കോൺഗ്രസ് അംഗം വി.ടി. ബൽറാം ബിൽ അവതരിപ്പിക്കുന്നതിനെ ക്രമപ്രശ്നത്തിലൂടെ ചോദ്യം ചെയ്തു. എന്നാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ നിലപാട് തള്ളി. പിന്നീട് സഭ ഒറ്റക്കെട്ടായി ബിൽ പാസാക്കിയപ്പോൾ ബൽറാം എതിർത്തില്ല. ഇതായിരുന്നു സഭയിലെ കാഴ്ച. ഇക്കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മാനേജ്മെന്റുകൾക്കുവേണ്ടി ഒത്തുകളിക്കുന്നുവെന്ന് മാധ്യമങ്ങളും ചില കേന്ദ്രങ്ങൾ നടത്തുന്ന വിമർശനം സത്യാവസ്ഥ മറച്ചുവെച്ചുകൊണ്ടോ മനസ്സിലാക്കാതെയോ ആണെന്ന് ബില്ലിനെ പിന്തുണച്ച് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതിയും വസ്തുതകൾ പൂർണമായും മനസ്സിലാക്കിയോ എന്നും സംശയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ കുട്ടികളിൽനിന്ന് 22 മുതൽ 45 ലക്ഷം രൂപ വരെ വാങ്ങിയെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയിട്ടും കോളജുകൾക്കെതിരേ നടപടി ഉണ്ടായതുമില്ല. ഇതിന് പിന്നാലെ പ്രവേശനത്തിന് അംഗീകരാവും നൽകുന്നു. കോളേജിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം സജീവമായിരുന്നു. അന്ന് മുന്നിൽ നിന്നത് എസ് എഫ് ഐയാണ്. എന്നാൽ വിദ്യാഭ്യാസ കച്ചവടം പിണറായി സർക്കാർ അംഗീകരിക്കുമ്പോൾ എസ് എഫ് ഐ മൗനത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP