Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണടയ്ക്കുമ്പോൾ ഉണരുന്ന വിശ്വാസം

കണ്ണടയ്ക്കുമ്പോൾ ഉണരുന്ന വിശ്വാസം

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

തോമാശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെടുന്ന ഈശോ അവനോട് അവസാനമായി പറയുന്ന വചനം ശ്രദ്ധിക്കണം ''നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. എന്നാൽ കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ'' (യോഹ 20:29).

രണ്ടുതരം വിശ്വാസമുണ്ടെന്നാണ് ഈശോ പറയുന്നത്. കണ്ടുള്ള വിശ്വാസവും കാണാതുള്ള വിശ്വാസവും. ഇന്നത്തെ സുവിശേഷ ഭാഗത്ത് നിറഞ്ഞു നിൽക്കുന്നത് കണ്ടുള്ള വിശ്വാസമാണ്.

ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്ന ഈശോ അവർക്ക് കാണിച്ചു കൊടുക്കുന്നത് അവന്റെ?? കൈകളും പാർശ്വവുമാണ് (യോഹ 20: 20). അതായത് ഈശോയുടെ മുറിവേറ്റ കരങ്ങളും പാർശ്വവും കാണാനും, അവ കണ്ട് അവനെ വിശ്വസിക്കാനുമാണ് അവന്റെ ആഹ്വാനം. അതായത് പഞ്ചേന്ദ്രിയങ്ങളിലൂടെ ഉരുവാകു??ന്ന വിശ്വാസം.

പിന്നീട് തോമാശ്ലീഹ നിർബന്ധം പിടിക്കുന്നതും കാഴ്ചയിലൂടെ ഉരുവാകുന്ന വിശ്വാസത്തിനാണ്: ''അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല'' (യോഹ 20:25).

തോമാശ്ലീഹാ വാശിപിടിക്കുന്നത് കാഴ്ചയിലൂടെയും സ്പർശനത്തിലൂടെയും ഉളവാകുന്ന വിശ്വാസത്തിനാണ്. ഈശോ അദ്ദേഹത്തിന് അനുവദിച്ചുകൊടുക്കുന്നതും അതു തന്നെയാണ്: ''നിന്റെ വിരൽ ഇവിടെ കൊണ്ടു വരിക, എന്റെ കൈകൾ കാണുക, നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക'' (യോഹ: 20:27).

നമ്മുടെ എല്ലാ അനുഭവങ്ങളും അറിവുകളും നമുക്ക് ലഭിക്കുന്നത് നമ്മുടെ പഞ്ചേന്ത്രിയങ്ങളിലൂടെയാണ് കണ്ണ്, കാത്, മൂക്ക്, ത്വക്ക്, നാവ് എന്നിവയിലൂടെ. യഥാർത്ഥത്തിൽ നമ്മുടെ അറിവിന്റെ വാതായനങ്ങളാണ് നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ. സാധാരണഗതിയിൽ നമ്മുടെ ഏതൊരു അറിവും അനുഭവവും വിശ്വാസവും പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതമാണെന്ന് അർത്ഥം.

എന്നാൽ ഇന്ദ്രിയങ്ങൾക്ക് അതീതമായ വിശ്വാസമുണ്ട്. അതിലേക്ക് വളരാനാണ് ഈശോ ആവശ്യപ്പെടുന്നത്: ''നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. എന്നാൽ കാണാതെ വിശ്വസിക്കുന്നവൻ ഭാഗ്യവാന്മാർ'' (യോഹ. 20:29). കാഴ്ചയ്ക്കും കേൾവിക്കും സ്പർശനത്തിനും അതീതമായ വിശ്വാസത്തിലേക്ക് നടന്നുകയറാനാണ് ഈശോയുട ആഹ്വാനം.

ചുരുക്കത്തിൽ കാഴ്ചയിലൂടെയും കേൾവിഴിയിലൂടെയും സ്പർശനത്തിലൂടെയും നമ്മൾ എത്തിച്ചേരുന്നു വിശ്വാസമുണ്ട്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായ വിശ്വാസമുണ്ട്. അതാണ് കാണാതെയുള്ള വിശ്വാസം. അതിൽ എത്തിച്ചേരാൻ എന്തു ചെയ്യണം?

കാണെതെയുള്ള വിശ്വാസത്തിലെത്താൻ കണ്ണുകൾ അടയ്ക്കണം, കാതുകൾ അടയ്ക്കണം. പഞ്ചേന്ദ്രിയങ്ങളെ പിൻവലിക്കണമെന്ന് സാരം. അതിലൂടെയാണ് ഒരുവൻ കാണാതെയുള്ള വിശ്വാസത്തിലേക്ക് വളർന്നു കയറുന്നത്. വൃദ്ധനായ ഒരു കർഷകൻ പതിവായി പള്ളിയിൽ പ്രാർത്ഥിക്കുന്നു കഥ (ഓഡിയോ കേൾക്കുക)

കാഴ്ചയും സംസാരവും കേൾവിയും സ്പർശനവും അവസാനിക്കുമ്പോഴാണ് യഥാർത്ഥ വിശ്വാസം ഉടലെടുക്കുന്നത്. കാണാതെ വിശ്വസിക്കാൻ ആഹ്വാനം ചെയ്യുന്നത് ഉത്ഥിതനായ ഈശോയാണെന്ന് ഓർക്കണം. അതായത് ഭൗതിക ശരീരം ഉപേക്ഷിച്ച ഈശോ. അതിനാൽതന്നെ ഉത്ഥിതനായ ഈശോ പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയമല്ല. ഉത്ഥിതന്റെ പ്രത്യക്ഷപ്പെടലുകൾ അല്പകാലത്തിനുശേഷം പിന്നീട് ഉണ്ടാകുന്നില്ലായെന്നതാണ് യാഥാർത്ഥ്യം.

അങ്ങനെയെങ്കിൽ ഉത്ഥിതനായ ഈശോയെ അനുഭവിക്കാനുള്ള മാർഗ്ഗം എന്താണ്? കണ്ണുകൾ അടയ്ക്കുക! പഞ്ചേന്ദ്രിയങ്ങളെ പിൻവലിക്കുക! എവിടേക്ക്? നിന്റെ ഉള്ളിലേക്ക്.

കാരണം, അശരീരിയായ ദൈവം നിനക്ക് ഒന്നാമതായി സന്നിഹിതനാകുന്നത് നിന്റെ ഉള്ളിലാണ്. അതിനാൽ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടാൻ നീ ചെയ്യേണ്ടത് നിന്റെ ഇന്ദ്രിയങ്ങളെ പിൻവലിച്ച്, നിന്റെ ഉള്ളിലേക്ക് തിരിയുകയാണ്.

ആബേലച്ചന്റെ പ്രശസ്തമായ ഗാനം 'ഈശ്വരനെ തേടി ഞാൻ നടന്നു;' 'അവസാനം എന്നിലേക്ക് ഞാൻ തിരിഞ്ഞു' (ഓഡിയോ കേൾക്കുക).

ഉള്ളിലേക്ക് പിൻതിരിയാനുള്ള ആഹ്വാനം അത്ര ക്രിസ്തീയമല്ലെന്ന് ഇന്നത്തെ മലയാളിഭക്തർക്ക് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ യഥാർത്ഥത്തിലുള്ള ക്രിസ്തീയമായ പ്രാർത്ഥനാരീതിയാണ് ഈ ആന്തരികതയിലേക്കുള്ള പിൻതിരിയൽ. കാരണം ക്രിസ്തീയ പ്രാർത്ഥനയുടെ ആദിരൂപവും മാതൃകയുമായിരുന്നു ക്രിസ്തു, തന്റെ ജീവിത കാലത്ത് പിൻതുടർന്നിരുന്ന പ്രാർത്ഥനാരീതിയായിരുന്നു ഇത്.

ആദ്യത്തെ സുവിശേഷമായ മർക്കോസിൽ ഈശോ നാലുപ്രാവശ്യം മാത്രമേ പ്രാർത്ഥിക്കുന്നതായി രേഖപ്പെടുത്തിയുട്ടുള്ളൂ. അത് നാലും ഏകാന്തതയിൽ ആയിരുന്നു.

''അതിരാവിലെ അവൻ എഴുന്നേറ്റ ഒരുവിജനപ്രദേശത്തേക്ക് പോയി. അവിടെ അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു'' (മർക്കോ 1:35). ദൈവവും ഈശോയും മാത്രമാകുന്ന ഇടമാണ് വിജനപ്രദേശം.

ഏറ്റവും വലിയ ജനക്കൂട്ടത്തിന്റെ നടുവിൽ നിന്നും ഈശോ പ്രാർത്ഥിക്കാനായി പിൻവാങ്ങുന്നതും ഏകാന്തതയിലേക്കും മൗനത്തിലേക്കുമാണ്: ''ആളുകളോടു യാത്ര പറഞ്ഞശേഷം അവൻ പ്രാർത്ഥിക്കാൻ മലയിലേക്ക് പോയി'' (മർക്കോ 6:46).

തന്റെ മരണത്തിന്റെ മുമ്പുള്ള ഹൃദയവേദനയിലും ഈശോ പ്രാർത്ഥിക്കുന്നത് ഏകാന്തയിലാണ്: ''അവൻ അൽപ്പദൂരം മുന്നോട്ട് ചെന്ന്, നിലത്തു വീണ് സാധ്യമെങ്കിൽ ആ മണിക്കൂർ തന്നെ കടന്നുപോകട്ടെ എന്നു പ്രാർത്ഥിച്ചു'' (മർക്കോ 14:35).

ഒരുവൻ ഏറ്റവും കൂടുതൽ ഒറ്റക്കാകുന്നത് അവന്റെ മരണത്തിലാണ്. കുരിശേൽ ഏകാന്തതയുടെ നെറുകയിലാണ് ഈശോ ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുന്നത് (മർക്കോ 14:34).

ഏകാന്തതയിലേക്കും ആന്തരികതയിലേക്കും പിൻവാങ്ങുന്ന ഈശയെയാണ് സുവിശേഷത്തിൽ നാം കാണുന്നതെന്നു സാരം.(ഈശോയുടെ പ്രാർത്ഥനാനുഭവത്തിന് 'നസ്രയാന്റെ കൂടെ' എന്ന് പുസ്തകം വായിക്കുക). മറ്റു സമാന്തര സുവിശേഷകരും ഈശോയുടെ സമാനമായ പ്രാർത്ഥനാമുഹൂർത്തങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

അങ്ങനെയെങ്കിൽ ഇന്ദ്രിയങ്ങളെ പിൻവലിച്ച്, ഉള്ളിലേക്ക് പിൻവലിഞ്ഞ്, ആന്തരികതയിലേക്കും മൗനത്തിലേക്കും തിരിയുക എന്നത് ക്രിസ്തീയ പ്രാർത്ഥനയുടെ ഹൃദയമാണെന്നു വരുന്നു. അതിലൂടെയാണ് 'കാണാതെയുള്ള വിശ്വാസം' രൂപപ്പെടുന്നതും വളരുന്നതും.

പ്രാർത്ഥനയെക്കുറിച്ച് മലയിലെ പ്രസംഗത്തിൽ ഈശോ തരുന്ന കർശനമായ നിർദ്ദേശവും നമുക്ക് മറക്കാതിരിക്കാം: ''നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക'' (മത്താ 6:6).

അദൃശ്യനായ തമ്പുരാനെ കാണാനും കേൾക്കാനും അനുഭവിക്കാനും ആദ്യം ചെയ്യേണ്ടത് ബാഹ്യകേന്ദ്രീകൃതമായ ഇന്ദ്രിയങ്ങളെ അഞ്ചിനെയും പിൻവലിക്കുക എന്നതാണ്. അത്തരമൊരു പിൻവലിക്കലിലൂടെയാണ് കാണാതെയുള്ള വിശ്വാസം മുളപൊട്ടുന്നത്. ഇന്ദ്രിയങ്ങൾക്ക് വിഷയീഭൂതനല്ലാത്ത ഉത്ഥിതനെ/ദൈവത്തെ അനുഭവിക്കാൻ ഇന്ദ്രിയങ്ങൾ കൊണ്ട് ശ്രമിക്കുന്നത് പമ്പരവിഡിത്തമല്ലേ??അതിനാലാണ് കാണാതെയുള്ള വിശ്വാസത്തിലേക്ക് വളരാൻ (യോഹ. 20:29) ഉത്ഥിതനായ ഈശോ ആവശ്യപ്പെടുന്നത്.

അതിനുള്ള മാർഗ്ഗമോ? കണ്ണുകളടയ്ക്കുക; പഞ്ചേന്ദ്രിയങ്ങളെ പിൻവലിക്കുക; ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും പിൻതിരിയുക. അപ്പോൾ മാത്രമേ നിനക്ക് കാണാതെ വിശ്വസിക്കാനാകൂ; ഉത്ഥിതനെ കാണാനാകൂ; അവനിൽ വിശ്വാസം അർപ്പിക്കാനാകൂ!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP