Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ടയിൽ കടുവ യുവാവിനെ കൊന്നുതിന്നു; കൊല്ലപ്പെട്ടത് വനം വാച്ചറുടെ ഭർത്താവായ കൊക്കാത്തോട് സ്വദേശി രവി ; വനത്തിനുള്ളിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ അവശേഷിച്ചത് തലയും വലതുകൈയും മാത്രം; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് കോന്നി അപ്പൂപ്പൻതോട് വനത്തിൽ നടത്തിയ തിരച്ചിലിൽ

പത്തനംതിട്ടയിൽ കടുവ യുവാവിനെ കൊന്നുതിന്നു; കൊല്ലപ്പെട്ടത് വനം വാച്ചറുടെ ഭർത്താവായ കൊക്കാത്തോട് സ്വദേശി രവി ; വനത്തിനുള്ളിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ അവശേഷിച്ചത് തലയും വലതുകൈയും മാത്രം; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് കോന്നി അപ്പൂപ്പൻതോട് വനത്തിൽ നടത്തിയ തിരച്ചിലിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വനത്തിനുള്ളിൽ യുവാവിന്റെ ശരീര ഭാഗങ്ങൾ കണ്ടെത്തി. കടുവ പിടിച്ചതെന്ന് വനപാലകർ സ്ഥിരീകരിച്ചു. കോന്നി വനം ഡിവിഷനിലെ നെടുവത്തു മൂഴി റേഞ്ചിൽ, കൊക്കാത്തോട് അപ്പൂപ്പൻ തോട് കിടങ്ങിൽ കിഴക്കേതിൽ രവി (44) യുടെ ശരീരഭാഗങ്ങളാണ് ഇന്ന് രാവിലെ പതിനൊന്നോടെ കണ്ടെത്തിയത്.

രവിയുടെ ഭാര്യ ബിന്ദു വനം വാച്ചറാണ്. ഇന്നലെ ഉച്ചയോടെയാണ് രവി വനത്തിനുള്ളിൽ പ്രവേശിച്ചത്. ഈ സമയം ബിന്ദു ഇവർക്കുള്ള ഭക്ഷണം വാങ്ങാൻ കോന്നിയിലേക്ക് പോയിരുന്നു. തിരികെ എത്തിയപ്പോൾ രവിയെ കണ്ടില്ല. അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇന്ന്  രാവിലെ വന സംരക്ഷണ സമിതി അംഗങ്ങൾക്കൊപ്പം നടത്തിയ തെരച്ചിലിൽ വല്യ ഇലവിൽ നിന്നും നൂറ് മീറ്റർ ഉള്ളിലായി ആദ്യം രവിയുടെ ചെരുപ്പും, കൈലിയും കണ്ടെത്തി. കുറച്ചു കൂടി മാറിയാണ് രവിയുടെ ശിരസും വലതു കൈയും ഒരു കാലിന്റെ മുട്ടിന്റെ താഴ്ഭാഗവും കണ്ടെത്തുന്നത്.

വനപാലകരും പൊലീസും നടത്തിയ അന്വേഷണത്തിൽ കടുവയുടെ ആക്രമണത്തിലാണ് രവി കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ഈ വനമേഖലയിൽ കടുവയുടെയും, പുലിയുടെയും സാന്നിധ്യം ഉള്ളതായി വനപാലകർ പറഞ്ഞു. നെടുവത്തുമൂഴി റേഞ്ച് ഓഫീസർ റഹിം കുട്ടി, കോന്നി എസ്ഐ ബാബു ഇബ്രാഹീം, ശാസ്ത്രീയ പരിശോധനാ വിദഗ്ധ ലീന എസ് നായർ എന്നിവരെത്തി നടപടികൾ സ്വീകരിച്ച ശേഷം രവിയുടെ ശരീര ഭാഗങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ആദ്യം അപ്പൂപ്പൻതോടിനോടു ചേർന്ന് വനത്തിലെ ആനച്ചന്ത ഭാഗത്ത് ഇയാളുടെ ലുങ്കിയും ചെരിപ്പും കണ്ടെത്തി. തുടർന്നു നടത്തിയ തെരച്ചിലിൽ കടുവയുടെ കാൽപാടും മൽപിടിത്തത്തിന്റെ ലക്ഷണങ്ങളും വ്യക്തമായി. തെരച്ചിൽ സംഘം വനത്തിലൂടെ മുന്നോട്ടു നീങ്ങിയതോടെ രവിയുടെ ശിരസും പിന്നീട് വലത് കാലിന്റെയും വലത് കൈയുടെയും ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. ബാക്കിയുള്ള ശരീര ഭാഗങ്ങൾ കടുവ പൂർണമായും ഭക്ഷിച്ചിരുന്നു.

ഫോറൻസിക് വിദഗ്ധരെത്തി കടുവയുടെ കാൽപ്പാടുകളും രോമവും കണ്ടെത്തി. മൃതദേഹഭാഗങ്ങൾ പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആനയും കടുവയും പുലിയും ധാരാളമുള്ള പ്രദേശമാണ് കൊക്കാത്തോട്ടിലെ അപ്പൂപ്പൻതോട്, ആനചന്ത ഭാഗങ്ങളെന്ന് കോന്നി ഡിഎഫ്ഒ പറഞ്ഞു. വനവുമായി ബന്ധപ്പെട്ട് താത്കാലിക ജോലിയിൽ ഏർപ്പെട്ടിരുന്ന രവി ഫയർ വാച്ചറായും പ്രവർത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP