Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗുരുദേവ പ്രസക്തി ഉയർത്തിക്കാട്ടി ഗവർണ്ണർ; എല്ലാ മതങ്ങളുടേയും ആത്മാവും തത്വവും ദൈവദശകത്തിലുണ്ടെന്നും സാദാശിവം; ശിവഗിരിക്കുന്നിനെ മഞ്ഞക്കടലാക്കി ശിവഗിരി തീർത്ഥാടനത്തിന് തുടക്കം

ഗുരുദേവ പ്രസക്തി ഉയർത്തിക്കാട്ടി ഗവർണ്ണർ; എല്ലാ മതങ്ങളുടേയും ആത്മാവും തത്വവും ദൈവദശകത്തിലുണ്ടെന്നും സാദാശിവം; ശിവഗിരിക്കുന്നിനെ മഞ്ഞക്കടലാക്കി ശിവഗിരി തീർത്ഥാടനത്തിന് തുടക്കം

ശിവഗിരി: മതത്തിന്റേയും ദൈവത്തിന്റേയും പേരിൽ കലാപങ്ങൾ വർധിച്ചുവരുന്ന ഈ കാലത്ത് ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ ഇതുവരെയില്ലാത്തവിധം പ്രസക്തമാണെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം. 82ാ-മത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

എല്ലാ മതങ്ങളുടേയും ആത്മാവും തത്വവും അടങ്ങുന്നതാണ് ദൈവദശകമെന്നും ഗവർണർ പറഞ്ഞു. മതേതര ദൈവസങ്കൽപ്പത്തെ വാഴ്‌ത്തുന്ന ദൈവദശകം പ്രാർത്ഥന എല്ലാ ഭാരതീയ ഭാഷകളിലേക്കും ലോക ഭാഷകളിലേക്കും പരിഭാഷപ്പെടുത്തണം. ഗുരുസന്ദേശങ്ങൾക്ക് കാലാതീതമായ പ്രസക്തിയാണുള്ളത്. സാമൂഹിക തിന്മകൾക്കെതിരെയുള്ള വജ്രായുധമാണ് ഗുരുസന്ദേശം. സത്യത്തിലും സ്‌നേഹത്തിലും സമദൃഷ്ടിയിലും അധിഷ്ഠിതമാണ് ഗുരുസന്ദേശമെന്നും ഗവർണർ പറഞ്ഞു. ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ്‌സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പീതാംബര വിശുദ്ധിയുടെ നിറപുണ്യവുമായി തീർത്ഥാടകർ ശിവഗിരിയിലേക്ക് ഒഴുകിയെത്തുകയാണ്. ദൈവദശകം രചനാ ശതാബ്ദിയുടെ നിറവിൽ നടക്കുന്ന ഇത്തവണത്തെ തീർത്ഥാടനത്തിന് നാന്ദി കുറിച്ച് രാവിലെ എട്ടു മണിയോടെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധർമ്മപതാക ഉയർത്തി. ട്രസ്റ്റ് ജന. സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി പരാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ, കമ്മിറ്റി അസി. സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി ശങ്കരാനന്ദ, സ്വാമി സത്യാനന്ദ തീർത്ഥ, സുഗതൻ തന്ത്രികൾ തുടങ്ങിയ പ്രമുഖരും ആയിരക്കണക്കിന് ഭക്തജനങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

പുലർച്ചെ അഞ്ചിന് പർണ്ണശാലയിൽ ശാന്തിഹവനം, ശാരദാമഠത്തിൽ വിശേഷാൽ പൂജ, ഗുരു സമാധിയിൽ സമൂഹ പ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾക്കു ശേഷമാണ് പതാക ഉയർത്തിയത്. ഇക്കുറി ദുബായിൽ നിന്നാണ് ധർമ്മ പതാക കൊണ്ടുവന്നത്. മൂന്നുദിവസത്തെ തീർത്ഥാടന പരിപാടികളാണ് ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. സ്വാമി അമൃതാനന്ദ ഭദ്രദീപം കൊളുത്തി. വിദ്യാഭ്യാസ സമ്മേളനം 11.30ന്‌കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. പി.കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്നു.

ദൈവദശകം രചനാശതാബ്ദി സമ്മേളനം വൈകിട്ട് 5ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫ്രഞ്ച് ഭാഷയിൽ ദൈവദശകത്തിന്റെ പരിഭാഷ ദേവികാ കുഞ്ഞുമോൻ (ന്യൂഡൽഹി) ചൊല്ലും. ആർ.കെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.ബാബു മുഖ്യാതിഥിയായിരിക്കും. മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബെസേലിയോസ് ക്ലീമിസ്, ചാലക്കുടി ടൗൺ മസ്ജിദ് ഇമാം ഹുസൈൻ ബാഖാവി, ബിജെപി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരൻ എന്നിവർ മതസമന്വയ സന്ദേശം നൽകും. സ്വാമി ഗുരുപ്രസാദ്, സ്വാമി അസ്പർശാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

ശിവഗിരിമഠം പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരുദേവകൃതികൾ പുതിയ പതിപ്പ്, സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീനാരായണദർശനം 21ാം നൂറ്റാണ്ടിൽ, ദൈവദശകത്തിന് ഗുരു നിത്യചൈതന്യ യതി രചിച്ച വ്യാഖ്യാനത്തിന് ലത്തിഫ് മൂവാറ്റുപുഴ തയ്യാറാക്കിയ അറബി പരിഭാഷ എന്നിവ കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്. രവി പ്രകാശനം ചെയ്യും. ദുബായ് വിദ്യാ ഇന്റർനാഷണൽ ട്രസ്റ്റ് ചെയർമാൻ കെ. മുരളീധരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങും. വിശിഷ്ടാതിഥികൾ മതസൗഹാർദ്ദ ദിവ്യജ്യോതി തെളിക്കും. പി.എസ്.ബാബു റാം സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP