Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാറിൽ നിന്നും നിയമപീഠത്തിൽ നിന്നോ ഇനി നീതി കാത്തിരിക്കരുത്; ഭൂമിയെല്ലാം ഇവർ മുതലാളിമാർക്ക് പണയം വെച്ചിരിക്കുകയാണ്; ആരും നിങ്ങളെ സഹായിക്കാൻ എത്തില്ല: ഭൂമിയുടെ അവകാശികൾ അവയൊക്കെ പിടിച്ചു വാങ്ങട്ടെ- ഇൻസ്റ്റെന്റ് റെസ്‌പോൺസ്

സർക്കാറിൽ നിന്നും നിയമപീഠത്തിൽ നിന്നോ ഇനി നീതി കാത്തിരിക്കരുത്; ഭൂമിയെല്ലാം ഇവർ മുതലാളിമാർക്ക് പണയം വെച്ചിരിക്കുകയാണ്; ആരും നിങ്ങളെ സഹായിക്കാൻ എത്തില്ല: ഭൂമിയുടെ അവകാശികൾ അവയൊക്കെ പിടിച്ചു വാങ്ങട്ടെ- ഇൻസ്റ്റെന്റ് റെസ്‌പോൺസ്

മറുനാടൻ ഡസ്‌ക്

ഭൂമിയുടെ അവകാശികൾ വാസ്തവത്തിൽ ആദിവാസികളാണ്. അവരിൽ നിന്നും ഭൂമി പിടിച്ചെടുത്താണ് പരിഷ്‌കൃത വർഗക്കാരായ നമ്മൾ ഇതൊക്കെ നമ്മുടെതാക്കിയത്. അത് കാലത്തിന്റെ നീതിയാവാം. എന്നാൽ അവർക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ചു കൂട. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് ഭൂമിയുടെ യഥാർത്ഥ അവകാശികൾക്ക് ജീവിക്കാൻ ഭൂമിയില്ല. കഴിക്കാൻ ഭക്ഷണമില്ല. ആദിവാസികളുട കാര്യം മാത്രമല്ല ദളിതരുടെ കഥയും ഇതൊക്കെ തന്നെയാണ്. ൂമിയൊക്കെ ജന്മിനാരുടെയും മുതലാളിമാരുടെയും കൈപ്പടയിലാണ്. അവർ നഗരങ്ങൾ സൃഷ്ടിച്ച് ഭൂമിയുടെ വില വർദ്ധിപ്പിച്ച് ജീവിതം സുഖകരമാക്കുന്നു. കാടുകളിലും കുന്നുകളിലും താമസിക്കുന്ന ജനങ്ങൾ അന്നന്നത്തെ അത്താഴത്തിന് വേണ്ടി പാടുപെടുന്നു.

ഈ ഭൂമി സംരക്ഷിക്കേണ്ടതും അത് ഭൂമി ഇല്ലാത്തവർക്ക് വിതരണം ചെയ്യേണ്ടതും സർക്കാരിന്റെ ബാധ്യതയാണ്. ഹാരിസന്റെ കൈവശമുള്ള 75,000 ഏക്കർ ഭൂമി ഇന്ന് ഹാരിസൺ മുതലാളിക്ക് വിട്ടുകൊടുക്കാൻ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ഉത്തരവിടുമ്പോൾ അത് സർക്കാരിന്റെ പരാജയമല്ല ജനാധിപത്യത്തിന്റെ പരാജയമാണ്. സർക്കാർ ഹാരിസൺ മുതലാളിയെ സംരക്ഷിക്കുന്നതിനു വേണ്ടി ഈ കേസ് മാന്യമായി നടത്തിയിരുന്ന അഭിഭാഷകയെ മാറ്റി. ഹാരിസണിന് വേണ്ടി കോടതിയിൽ ഹാജരായി വാദിച്ചിട്ടുള്ള അഭിഭാഷകനെ തന്നെ നിയമിച്ച് ഒത്താശ ചെയ്തു കൊടുക്കുമ്പോൾ പരാജയപ്പെട്ടു പോകുന്നത് പാവപ്പെട്ട ജനങ്ങളും ഭൂമിയില്ലാത്ത ആദിവാസികളും ദളിതരുമാണ്. ഹാരിസന്റെ ഭൂമി ഒരു കാരണവശാലും സർ്കകാരിന്റെതാണ് ഹാരിസന്റേത് അല്ല.

ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ളതും അവർ വിറ്റതുമായ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലുള്ള തീർപ്പാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ജില്ലകളിലായി കമ്പനിയുടെ കൈവശമുള്ള 38,171 ഏക്കർ ഭൂമി തിരിച്ചെടുക്കണമെന്നായിരുന്നു സ്പെഷ്യൽ ഓഫീസർ രാജമാണിക്യത്തിന്റെ റിപ്പോർട്ട്. ഇതിൽ ബിഷപ്പ് കെ പി യോഹന്നാന് വിറ്റ ഭൂമിയും ഉണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കണന്ന രാജമാണിക്യത്തിന്റെ റിപ്പോർട്ട ശരിയല്ലെന്നാണ് ഹാരിസൺ ഉടമകൾ വാദിച്ചത്.

ഇതിനെ ചോദ്യം ചെയ്ത് കൈവശക്കാരായ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതി സിഗിംൾ ബഞ്ചിനെ സമീപിച്ചെങ്കിലും നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് കോടതി അനുമതി നൽകി. ഇതോടെ കൈവശക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. വാദത്തിനിടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ സുശീല ഭട്ടിനെ നീക്കിയത് വിവാദമായിരുന്നു. പിന്നീട് അഡീഷണൽ എ.ജി രഞ്ജിത് തമ്പാനെ കേസ് ഏൽപ്പിക്കാനുള്ള നീക്കം നടന്നു. തമ്പാൻ മുമ്പ് ഹാരിസൺ കേസിൽ സർക്കാരിനെതിരെ ഹാജരായത് പുറത്ത് വന്നതോടെ പ്രേമചന്ദ്ര പ്രഭുവിനെ പ്രത്യേക അഭിഭാഷകനായി നിയമിച്ചു.

അധികാരത്തിന് പുറത്തു നിൽക്കുമ്പോൾ ഹാരിസൺ ഭൂമി ഏറ്റെടുക്കാത്തതിനെതിരെ ശബ്ദമുയർത്തുകയും അധികാരത്തിലെത്തുമ്പോൾ ഹാരിസണ് അനുകൂല നിലപാട് എടുക്കുകയും ചെയ്ത എൽഡിഎഫിന്റെ ഇരട്ടത്താപ്പ് വെളിച്ചുത്തു കൊണ്ടുവന്ന വിധിയാണ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും ഉണ്ടായത്. നിയമസെക്രട്ടറി ഹാരിസണ് അനുകൂലമായി റിപ്പോർട്ട് നൽകിയും കേസ് ശരിക്കും പഠിച്ച് വാദിച്ചു കൊണ്ടിരുന്ന സുശീല ഭട്ടിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നും മാറ്റിയും സർക്കാർ നടത്തിയ കള്ളക്കളിയുടെ വിജയമാണ് ഇപ്പോൾ ഉണ്ടായത്. ഹാരിസണ് അനുകൂലമായ വിധി വന്നതോടെ കേരളത്തിൽ വൻകിടക്കാർ കൈവശം വെക്കുന്ന ഒന്നേകാൽ ലക്ഷം ഏക്കർ ഭൂമിയുടെ കാര്യത്തിലും തീരുമാനമായി.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഹാരിസണിനെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്നു. അതുകൊണ്ടാണ് സുശീല ഭട്ടിനെ കേസ് വിദശമായി പഠിച്ചു കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത്. അങ്ങനെ സുശീലാ ഭട്ട് കേരളത്തിന്റെ അഭിഭാഷകയായി. ഇതോടെ കേസുകളെല്ലാം കേരളം ജയിക്കാൻ തുടങ്ങി. എല്ലാ ഭൂമിയും നഷ്ടമാകുമെന്ന ഭയം ഹാരിസണു വരികെയും ചെയ്തു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴും വിവാദം ഭയന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സുശീലാ ഭട്ടിനെ മാറ്റിയില്ല. എന്നാൽ പിണറായി സർക്കാരിൽ സിപിഐയ്ക്കാണ് റവന്യൂ വകുപ്പ്. ആദ്യം തന്നെ ഹാരിസൺ കേസിൽ നിന്ന് ഇടത് പക്ഷം നേരത്തെ നിയമിച്ച അഭിഭാഷകനെ മാറ്റി. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കാനം രാജേന്ദ്രനും ഈ നീക്കത്തെ അനുകൂലിച്ചു.

പകരം അഡീഷണൽ എജിയായ രഞ്ജിത് തമ്പാനെ കൊണ്ടുവരാൻ നീക്കം നടന്നു. ഹാരിസണിന്റെ സ്വന്തം ആളാണ് രഞ്ജിത്ത് എന്ന് ആക്ഷേപം ഉയർന്നതോടെ അദ്ദേഹം കേസിൽ നിന്ന് പിന്മാറി. പിന്നീട് സ്റ്ററ്റ് അറ്റോർണിയായ കെ വി സോഹനെ ഹാരിസൺ കേസ് അഡ്വക്കേറ്റ് ജനറൽ ഏൽപ്പിക്കുമെന്ന സൂചനയും വന്നു. ഹൈക്കോടതി അഭിഭാഷകനായ സോഹനും ഹാരിസണുമായി ബന്ധമുണ്ടായിരുന്നു. ഹാരിസണിന് വേണ്ടി സോഹനും കേസുകളിൽ ഹാജരായിട്ടുണ്ട്.

എന്നാൽ, പത്തനംതിട്ട കോടതിയിലെ കേസിൽ സോഹർ ഹാരിസണ് വേണ്ടി ഹാജരായത്. ഹാരിസൺ ഭൂമി സ്വകാര്യവ്യക്തിയുടേതെന്നായിരുന്നു വാദം. തോട്ടം മേഖലയിൽ കമ്പനികൾ ഏഴ് ലക്ഷം ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് സർക്കാർ കണ്ടെത്തൽ. പത്തനംതിട്ട കോടതിയിൽ ഉണ്ടായിരുന്ന 2989/11 നമ്പർ കേസിലാണ് സോഹൻ ഹാജരായത്. ഇത് സോഹനും സമ്മതിക്കുന്നുണ്ട്. ഇങ്ങനെ സ്റ്റേറ്റ് അറ്റോർണി സർക്കാരിനായി വാദിക്കാനെത്തിയാൽ എങ്ങനെ സംസ്ഥാന താൽപ്പര്യം സംരക്ഷിക്കുമെന്നാണ് എന്ന ചോദ്യം ഉയർന്നു. ഇതോടെ കേരളത്തിന് പുറത്തുനിന്നും അഭിഭാഷകനെ എത്തിച്ചാണ് സർക്കാർ കേസിൽ ഹൈക്കോടതിയിൽ വാദം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP