Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ മോദിയെ സ്‌കൂട്ടറിന്റെ പിന്നിലിരുത്തി സംഘപരിവാർ പരിപാടികൾക്ക് വന്നിരുന്ന കാൻസർ വിദഗ്ധൻ; ലോകം ഹിന്ദുരാഷ്ട്രം ആകുമെന്ന് സ്വപ്‌നംകണ്ട പോരാളി; 2002ൽ മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കി ഹിന്ദുരാഷ്ട്ര യാത്രയുടെ തുടക്കം ഇതാ എന്ന് പ്രഖ്യാപനവും; ശത്രുവായി കണ്ട് തള്ളിപ്പറഞ്ഞതോടെ പ്രവീൺ തൊഗാഡിയ മോദിയുടെ കണ്ണിലെ കരടായി; മോദിയുടെ കരുത്തിൽ ശ്വാസംമുട്ടി മരിക്കാറായ ഏറ്റവും ഒടുവിലത്തെ ഹിന്ദു നേതാവിന്റെ കഥ

ഗുജറാത്തിൽ മോദിയെ സ്‌കൂട്ടറിന്റെ പിന്നിലിരുത്തി സംഘപരിവാർ പരിപാടികൾക്ക് വന്നിരുന്ന കാൻസർ വിദഗ്ധൻ; ലോകം ഹിന്ദുരാഷ്ട്രം ആകുമെന്ന് സ്വപ്‌നംകണ്ട പോരാളി; 2002ൽ മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കി ഹിന്ദുരാഷ്ട്ര യാത്രയുടെ തുടക്കം ഇതാ എന്ന് പ്രഖ്യാപനവും; ശത്രുവായി കണ്ട് തള്ളിപ്പറഞ്ഞതോടെ പ്രവീൺ തൊഗാഡിയ മോദിയുടെ കണ്ണിലെ കരടായി; മോദിയുടെ കരുത്തിൽ ശ്വാസംമുട്ടി മരിക്കാറായ ഏറ്റവും ഒടുവിലത്തെ ഹിന്ദു നേതാവിന്റെ കഥ

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: എതിർക്കുന്നവരെയെല്ലാം വെട്ടിനിരത്തിയും നിർവീര്യരാക്കിയും മുന്നേറുന്ന കരുത്തനാണ് മോദി. അമിത്ഷായെ ദേശീയ അധ്യക്ഷനാക്കി പാർട്ടിക്ക് അകത്തുതന്നെ പതിയെ വിസ്മൃതിയിലേക്ക് നീക്കിയാണ് നരേന്ദ്ര മോദിയുടെ മുന്നേറ്റം. അദ്വാനിയും മുരളീ മനോഹർ ജോഷിയും ജസ്വന്ത് സിംഗുമെല്ലാം ഇത്തരത്തിൽ പതിയെ പാർട്ടിനേതൃത്വത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടു.

ഇതിന് പിന്നാലെ മോദി കൈവയ്ക്കുന്നത് മറ്റു സംഘപരിവാർ സംഘടനകളിലാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ മോദി വിഎച്ച്പിയിൽ നടത്തിയ വിജയകരമായ പരീക്ഷണം. വിഎച്ച്പിയുടെ മുഖമെന്ന് പറയാവുന്ന ഏകാധിപതി പ്രവീൺ തൊഗാഡിയയെയാണ് ഇന്നലെ മോദി വെട്ടിനിരത്തിയത്. താൻ വളർത്തിക്കൊണ്ടുവന്ന സംഘടനയിൽ ഒന്നുമല്ലാതായി ഒടുവിൽ സംഘടന ഉപേക്ഷിച്ച് പടിയിറങ്ങേണ്ട ഗതികേടിലായി ഇന്നലത്തെ തിരിച്ചടിയോടെ തൊഗാഡിയ.

അൻപത്തിരണ്ടു വർഷത്തിനുശേഷം തിരഞ്ഞെടുപ്പു നടന്ന വിശ്വഹിന്ദു പരിഷത്തിൽ അധികാരം നഷ്ടമായ പ്രവീൺ തൊഗാഡിയ ഇന്നലെ സംഘടനയിൽനിന്ന് രാജിവെച്ചു. ഗുരുഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദുക്കളുടെ ആവശ്യങ്ങളുയർത്തി ചൊവ്വാഴ്ചമുതൽ അഹമ്മദാബാദിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് തൊഗാഡിയ പ്രഖ്യാപിച്ചെങ്കിലും വലിയ പിന്തുണ ഇല്ലാതെ ഒരു ദുർബലന്റെ സ്വരത്തിലേക്ക് ഒരുകാലത്ത് മോദിയേക്കാൾ കരുത്തനായ, മോദിയുടെ വളർച്ചയിൽ നിർണായക പങ്കാളിയായിരുന്ന തൊഗാഡിയ നേർത്ത് ഒതുങ്ങുന്നു.

ശനിയാഴ്ച സംഘടനയുടെ അന്താരാഷ്ട്ര പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ തൊഗാഡിയയുടെ സ്ഥാനാർത്ഥി വലിയ മാർജിനിൽ തോറ്റതോടെയാണ് ഈ പടിയിറക്കം. അപ്രതീക്ഷിത നീക്കത്തിലൂടെ വിശ്വഹിന്ദുപരിഷത്തിൽ പ്രവീൺ തൊഗാഡിയയുടെ കസേര ഇല്ലാതായി. ഇതിന് ചരടുവലിച്ചതാകട്ടെ സാക്ഷാൽ മോദി നേരിട്ടും. തൊഗാഡിയ പിന്തുണച്ച രാഘവറെഡ്ഢിയെ പരാജയപ്പെടുത്തി നരേന്ദ്ര മോദി പക്ഷക്കാരനും ഹിമാചൽപ്രദേശ് മുൻ ഗവർണറുമായ വി എസ്.കോക്‌ജെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇന്നലെ നാടകീയ നീക്കങ്ങൾ വിശ്വഹിന്ദു പരിഷത്തിൽ നടന്നത്. തോൽവിയുടെ പിന്നാലെ സംഘടനയെ പൊട്ടിത്തെറിയിലേക്ക് തള്ളിവിട്ട് വി.എച്ച്.പിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചതായി പ്രവീൺ തൊഗാഡിയ പ്രഖ്യാപിക്കുകയായിരുന്നു.

വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിനുപിന്നാലെയാണ് 32 വർഷമായി തുടരുന്ന വിഎച്ച്പി ബന്ധം തൊഗാഡിയ അവസാനിപ്പിച്ചു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 192 അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ 131 പേരും കോക്‌ജെയെ പിന്തുണച്ചതോടെയാണ് തൊഗാഡിയയുടെ പതനം പൂർണമായത്. തൊഗാഡിയയുടെ വിശ്വസ്തനും അധ്യക്ഷനുമായിരുന്ന രാഘവ് റെഡ്ഡിക്ക് 60 വോട്ടുകൾ മാത്രമേ കിട്ടിയുള്ളൂ.

ഇതോടെ രാജ്യാന്തര വർക്കിങ് പ്രസിഡന്റ് സ്ഥാനം തൊഗാഡിയയ്ക്ക് നഷ്ടമായി. പ്രസിഡന്റ് ആണ് വർക്കിങ് പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യേണ്ടത്. പ്രവീൺ തൊഗാഡിയ വഹിച്ചിരുന്ന വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി എസ്. കോക്‌ജെ അലോക് കുമാറിനെ നാമനിർദ്ദേശം ചെയ്തതോടെ മോദിയുടെ ആസൂത്രണം പൂർണമായി. പുതിയ സാഹചര്യത്തിൽ തൊഗാഡിയ ബദൽ ഹിന്ദു സംഘടനയ്ക്കു രൂപം നൽകുമെന്ന സൂചനകളും വരുന്നു. എന്നാൽ ഇത് തൊഗാഡിയ എന്ന നേതാവ് ഇനി സംഘപരിവാറിനൊപ്പം ഇല്ലെന്നതിന്റെ വ്യക്തമായ സൂചനതന്നെയാണ് നൽകുന്നത്.

ഉറ്റസുഹൃത്തുകളായിരുന്ന മോദിയും തൊഗാഡിയയും

ആർഎസ്എസ് പ്രചാരകരായിരിക്കെ ഉറ്റ സുഹൃത്തുക്കളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും വി എച്ച് പി നേതാവ് പ്രവീൺ തെഗാഡിയയയും. കാൻസർ വിദഗ്ധനായ തൊഗാഡിയ തന്റെ സ്‌കൂട്ടറിൽ നരേന്ദ്ര മോദിയെ പിറകിലിരുത്തി ഗാന്ധിനഗറിലും അഹമ്മദാബാദിലും സംഘത്തിന്റെ പരിപാടികൾക്കെത്തിയിരുന്ന കാലം ഇപ്പോഴും അവിടത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. വാജ്‌പേയി സർക്കാർ ഹിന്ദുത്വ നിലപാടിൽ വെള്ളം ചേർക്കുന്നു എന്ന് കുറ്റപ്പെടുത്തി തെഗാഡിയ നടത്തിയ പ്രചരണത്തെ പിന്തുണച്ച് കൂടെ നിന്നിരുന്നു അന്ന് മോദി.

ഇത്തരത്തിൽ തൊഗാഡിയയുടെ നിഴലിലായിരുന്നു മോദിയുടെ വളർച്ച. വിഎച്ച്പിയുടെ ശക്തമായ പിന്തുണയോടെയാണ് മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തുന്നത്. 2002ൽ നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുന്നതിൽ തൊഗാഡിയയുടെ നിലപാട് അതിനാൽ പ്രധാനമായി. തന്റെ അനുയായി ഗോർധൻ സടഫിയയെ ആഭ്യന്തര മന്ത്രിയാക്കി തൊഗാഡിയ ഭരണത്തിലും ഇടപെട്ടു. തൊഗാഡിയയ്ക്ക് എന്തിനും പൂർണ്ണ സ്വാതന്ത്ര്യമുള്ള കാലത്താണ് ഗുജറാത്ത് കലാപം നടന്നത്. എന്നാൽ 2002ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മോദി തൊഗാഡിയയെ കൈവിട്ടു. ഇതിന് പിന്നാലെയാണ് അമിത് ഷാ എന്ന നേതാവിനെ തന്റെ വലംകൈയായി മോദി വളർത്തിക്കൊണ്ടുവരുന്നത്.

ഇത്തരത്തിൽ അധികാരം കയ്യിൽ വന്നപ്പോൾ മോദിയുടെ നിറംമാറിയെന്ന് കണ്ടതോടെയാണ് തൊഗാഡിയ തിരിച്ചടികൾക്ക് കോപ്പുകൂട്ടുന്നതും ഇരുവരും പിണങ്ങുന്നതും. ആ പിണക്കമാണ് ഇന്ന് തൊഗാഡിയയെ വിഎച്ച്പിയിൽ നിന്നുതന്നെ പുറത്തേക്ക് പോകുന്ന തരത്തിൽ എത്തി നിൽക്കുന്നതും. തൊഗാഡിയയും ആർഎസ്എസ് നേതാവ് സഞ്ജയ് ജോഷിയും മോദിയെ വീഴ്‌ത്താൻ ശ്രമിച്ചുവെങ്കിലും ജോഷിയെ ലൈംഗിക ആരോപണത്തെതുടർന്ന് ഒതുക്കിയ മോദി പിന്നാലെ തൊഗാഡിയയേയും പിടിച്ചു കെട്ടി.

എന്നാൽ വിശ്വഹിന്ദു പരിഷത്തിൽ തൊഗാഡിയ അനിഷേധ്യ നേതാവായി തുടരുകയായിരുന്നു. 2012-ലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മോദി-അമിത്ഷാ കൂട്ടുകെട്ടിനെ ഗുജറാത്തിൽ വീഴ്‌ത്താൻ തൊഗാഡിയ രഹസ്യമായി ശ്രമിച്ചിരുന്നു. എന്നാൽ വിജയിച്ചില്ല. അടുത്തിടെ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തൊഗാഡിയ ബിജെപിയെ തോൽപിക്കാൻ ഹാർദിക് പട്ടേലിന് സഹായം നൽകിയെന്നാണ് മോദിയും അമിത് ഷായും ആർഎസ്എസ് നേതൃത്വത്തോട് പരാതിപ്പെട്ടത്.

ഹാർദിക് പട്ടേലിന് പിന്തുണയും ആൾബലവും നൽകിയത് തൊഗാഡിയ ആണെന്ന് മോദി ആർഎസ്എസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ വൈരം തുടരുന്നതിന്റെ ഭാഗമായാണ് തന്നെ വധിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി തൊഗാഡിയയെ പരസ്യ പ്രതികരണത്തിലേക്ക് പിന്നീട് എത്തിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇത്തരത്തിൽ മോദിക്കെതിരെ പരസ്യമായി തന്നെ തൊഗാഡിയ രംഗത്തെത്തുന്നതും.

ലോകത്തെ ഹൈന്ദവവൽക്കരിക്കാൻ രൂപംകൊണ്ട സംഘടന

ലോകത്തെ മുഴുവൻ ഹൈന്ദവവൽക്കരിക്കുക എന്ന നിലപാടുമായി രൂപംകൊണ്ട സംഘടനയാണ് വിഎച്ച്പി. 1964ൽ എംഎസ് ഗോൾവാൾക്കറും എസ്എസ് ആപ്‌തെയും സ്വാമി ചിന്മയാനന്ദനും ചേർന്നാണ് വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ചത്. ബുദ്ധരെയും സിഖുകാരെയും ജൈനരെയും (അവരംഗീകരിച്ചില്ലെങ്കിൽപ്പോലും) ഹിന്ദുക്കളായിതന്നെ പരിഗണിക്കുന്ന എന്ന തന്ത്രമാണ് ആദ്യം സംഘടന മുന്നോട്ടുവച്ചത്. ഇതാണ് ആർഎസ്എസ്സിന്റെ രീതിയിൽ നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ട ലക്ഷ്യം. ഈ സംഘടന പിന്നീട് പ്രവീൺ തൊഗാഡിയ എന്ന നേതാവിന്റെ കീഴിൽ മാത്രമായി വളർന്നു. ഈ വിശ്വഹിന്ദു പരിഷത്തിന്റെ 52 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതിന്റെ ലക്ഷ്യവും ഒന്നുമാത്രമായിരുന്നു തൊഗാഡിയയെ പുറത്താക്കുക. ആർഎസ്എസിന്റെ എല്ലാ അനുഗ്രഹങ്ങളോടെയും മോദി നടത്തിയ നീക്കമായിരുന്നു ഇത്.

ഗുജറാത്തിൽ 2002ൽ നടന്ന കൂട്ടക്കൊല സംഘടിപ്പിക്കുന്നതിൽ താനും തന്റെ സംഘടനയും ഒഴുക്കിയ വിയർപ്പിന്റെ ഓഹരി പറ്റിയത് നരേന്ദ്ര മോദിയാണെന്ന വാദമുയർത്തിയാണ് തൊഗാഡിയ മോദിക്കെതിരെ തിരിയുന്നത്. അതിന് മുമ്പ് മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരിനെ 'ഹിന്ദുരാഷ്ട്രത്തിലേക്കുള്ള യാത്രയുടെ തുടക്കം' എന്ന നിലയിൽ വിശേഷിപ്പിച്ചിരുന്ന ആളാണ് തൊഗാഡിയ. മോദിക്ക് കലവറയില്ലാതെ നൽകിയ പിന്തുണ വഴി ഗുജറാത്തിന്റെ ഭരണത്തിൽ ശരിക്കും പിടിമുറുക്കിയിരുന്നു തൊഗാഡിയ. 2002ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി നരേന്ദ്ര മോദി വിജയിച്ചതിനു ശേഷമാണ് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ വളർന്നു തുടങ്ങിയത്. കലാപത്തിൽ വിഎച്ച്പിയും അതിന്റെ യുവജനസംഘടനയായ ബജ്‌റംഗദളും ഒഴുക്കിയ വിയർപ്പിനെ ബിജെപി തള്ളിപ്പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. കേശുഭായി പട്ടേലിന്റെയും ശങ്കർസിങ് വഘേലയുടെയും കൈകോർത്തുള്ള രാഷ്ട്രീയത്തെ പിളർത്തിയ അതേസമവാക്യങ്ങൾ തൊഗാഡിയക്ക് എതിരെയും മോദി തിരിച്ചുവിട്ടു. കലാപകാലത്ത് പൊലീസിനെയും അതുവഴി സംസ്ഥാനഭരണത്തെയും തൊഗാഡിയ നിയന്ത്രിച്ചിരുന്നു. ഈ ഇടപെടൽ അവസാനിപ്പിക്കാൻ ഉറച്ചാണ് മോദി തൊഗാഡിയയുമായി അകലുന്നത്.

താനെഴുതിയ Saffron Reflections എന്ന പുസ്തകത്തിൽ ഹിന്ദുത്വ രാഷ്ട്രീയ മുന്നേറ്റങ്ങളെ ബിജെപി ബലികഴിക്കുന്നതായി തൊഗാഡിയ ആരോപിച്ചു. രാമക്ഷേത്ര നിർമ്മാണം, ഏക സിവിൽ കോഡ് നടപ്പാക്കൽ, ബംഗ്ലാദേശി 'നുഴഞ്ഞു കയറ്റക്കാരെ' തിരിച്ചോടിക്കൽ, ഗോവധനിരോധനം, കശ്മീരി ഹിന്ദുക്കളെ പുനരധിവസിപ്പിക്കൽ തുടങ്ങിയ ഹിന്ദുത്വ ആശയങ്ങളെ ബിജെപി വഞ്ചിച്ചെന്നായിരുന്നു തുറന്നെഴുത്ത്. ഇക്കഴിഞ്ഞ ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിനു മുമ്പ് പുസ്തകത്തിലെ ചില ഭാഗങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ വന്നു. പുസ്തകത്തിൽ ബിജെപിയെന്ന് പൊതുവിൽ പറഞ്ഞ് വിമർശനമുന്നയിക്കുന്ന ഭാഗങ്ങളെല്ലാം മോദിയെ ലക്ഷ്യംവച്ചത് ചർച്ചയാവുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് 2018 ജനുവരിയിൽ അഹമ്മദാബാദിൽ വെച്ച് തൊഗാഡിയയെ ദുരൂഹമായി കാണാതാവുന്നത്. പിന്നീട് രാത്രി ബോധരഹിതനായി ഷാഹിബാഗിലെ പാർക്കിൽ കണ്ടെത്തി. പഞ്ചസാരയുടെ അളവ് കുറഞ്ഞ നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രാജസ്ഥാൻ പൊലീസ് തന്നെ വധിക്കാൻ ശ്രമിക്കുകയും പിന്നീട് ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് തൊഗാഡിയ പറഞ്ഞത്. 2015ലെ കേസുമായി ബന്ധപ്പെട്ട് തൊഗാഡിയക്കെതിരേ അറസ്റ്റ് വാറണ്ടുമായി രാജസ്ഥാൻ പൊലിസ് അഹമ്മദാബാദിലെ വസതിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹം അപ്രത്യക്ഷനായത് എന്നതും ചർച്ചയായി. അഹമ്മദാബാദിൽ നടത്തിയ പത്രസമ്മേളനത്തിൽ തന്നെ വ്യാജ ഏറ്റുമുട്ടൽ നടത്തി കൊല്ലാൻ ശ്രമിക്കുകയാണ് എന്ന തൊഗാഡിയയുടെ ആരോപണം സംഘപാരിവാർ രാഷ്ട്രീയത്തിൽ വലിയ ഭൂകമ്പത്തിന് തന്നെ കാരണമായി.

ഇതിന് പിന്നാലെയാണ് തൊഗാഡിയയെ വിഎച്ച്പിയിൽ നിന്നുതന്നെ നീക്കാൻ ശ്രമം തുടങ്ങുന്നതും ഇപ്പോൾ അത് മോദി പക്ഷത്തിന്റെ വിജയത്തിൽ കലാശിക്കുന്നതും. 2017 ഡിസംബറിൽ ഭുവനേശ്വറിൽ നടന്ന വിശ്വഹിന്ദു പരിഷത്ത് എക്‌സിക്യുട്ടീവ് ബോർഡിന്റെയും ട്രസ്റ്റിമാരുടെയും മീറ്റിങ്ങിൽ വെച്ച് തൊഗാഡിയയെ നീക്കാനുള്ള ആർഎസ്എസ് ശ്രമം പുറത്തുവന്നിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP