Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി ജയരാജൻ സെക്രട്ടറിയേറ്റിലേക്ക്; വേണ്ടാതാവുന്നത് തോമസ് ഐസക്കിനെ; കടകംപള്ളിയും കയറിക്കൂടിയേക്കും; വൈക്കം വിശ്വനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും;എസ് ആർ പി സംസ്ഥാന നേതൃത്വത്തിൽ സജീവമാകും; സിപിഎമ്മിലെ താക്കോൽ സ്ഥാനനിർണ്ണയം ഉടൻ

പി ജയരാജൻ സെക്രട്ടറിയേറ്റിലേക്ക്; വേണ്ടാതാവുന്നത് തോമസ് ഐസക്കിനെ; കടകംപള്ളിയും കയറിക്കൂടിയേക്കും; വൈക്കം വിശ്വനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും;എസ് ആർ പി സംസ്ഥാന നേതൃത്വത്തിൽ സജീവമാകും; സിപിഎമ്മിലെ താക്കോൽ സ്ഥാനനിർണ്ണയം ഉടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന നേതൃനിരയിൽ മാറ്റമുണ്ടാകുമെന്ന് സൂചന. ഇടതു മുന്നണി കൺവീനർ വൈക്കം വിശ്വനെ തൽസ്ഥാനത്ത് മാറ്റാനാണ് തീരുമാനം. 80 വയസ് കഴിഞ്ഞവർക്ക് സെക്രട്ടറിയേറ്റിലെ സ്ഥാനവും നഷ്ടമാകും. തോമസ് ഐസക്കിനെ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കാൻ ചരടു വലികൾ സജീവമാണ്. കേന്ദ്ര കമ്മറ്റി അംഗമായ തോമസ് ഐസക്കിന് സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനാകുമെന്ന സാങ്കേതിക കാരണം പറഞ്ഞാകും ഒഴിവാക്കാൽ. പുതിയ മൂന്ന് പേരെയെങ്കിലും സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താനാണ് ഇത്. കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും സെക്രട്ടറിയേറ്റിൽ സ്ഥാനം നൽകിയേക്കും. അങ്ങനെ വരുമ്പോൾ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന് രാജിവയ്‌ക്കേണ്ടി വന്നേക്കും. സെക്രട്ടറിയേറ്റിൽ തുടരുമ്പോൾ തന്നെ ജില്ലാ സെക്രട്ടറിയായി ജയരാജനെ നിലനിർത്തുന്നതും ചർച്ചയാകും.

സിഐടിയു നേതാവ് കൂടിയായ അനത്തലവട്ടം ആനന്ദനെ പ്രായാധിക്യത്തിന്റെ പേരിൽ ഒഴിവാക്കാൻ സാധ്യത ഏറെയാണ്. പോളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രൻ പിള്ളയും വിരമിക്കുൻ ആഗ്രഹിക്കുന്നുണ്ട്. രാമചന്ദ്രൻ പിള്ള പിബിയിലേക്കും കേന്ദ്ര കമ്മറ്റിയിലേയും സ്ഥാനങ്ങൾ ഒഴിയും. സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമാകാനാണ് രാമചന്ദ്രൻ പിള്ളയ്ക്ക് താൽപ്പര്യം. സെക്രട്ടറിയേറ്റിൽ രാമചന്ദ്രൻ പിള്ളയെ ഉൾപ്പെടുത്തിയേക്കും. ഇനി സജീവ പൊതു പ്രവർത്തനത്തിന് ഇല്ലെന്ന നിലപാടിലാണ് രാമചന്ദ്രൻ പിള്ള. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയിൽ രാമചന്ദ്രൻ പിള്ള എത്തും. സെക്രട്ടറിയേറ്റിൽ കടകംപള്ളി സുരേന്ദ്രൻ ഉറപ്പായി എത്തുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ജി സുധാകരനും സാധ്യതയുണ്ട്. എന്നാൽ കഴിഞ്ഞ തവണയും സെക്രട്ടറിയേറ്റിൽ സുധാകരനെ ഉൾപ്പെടുത്താൻ പിണറായി തയ്യാറായിരുന്നു. എന്നാൽ സെക്രട്ടറിയേറ്റിലേക്കില്ലെന്ന നിലപാട് സുധാകരൻ എടുക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ ഇത്തവണ സുധാകരനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയാൽ എന്തു നിലപാട് എടുക്കുമെന്ന് പിണറായി പക്ഷത്തിന് ആശങ്കയുണ്ട്. സുധാകരൻ സമ്മതിച്ചാൽ സെക്രട്ടറിയേറ്റിൽ സുധാകരൻ ഉണ്ടാകുമെന്ന് ഉറപ്പാണ്. ആലപ്പുഴ രാഷ്ട്രീയത്തിൽ സുധാകരനും തോമസ് ഐസക്കും തമ്മിലെ പോര് അതിരൂക്ഷമാണ്. തോമസ് ഐസക്കിനെ ഒഴിവാക്കിയാൽ സുധാകരൻ സ്ഥാനം ഏറ്റെടുക്കുമെന്ന പ്രതീക്ഷയാണ് പിണറായിക്കുള്ളത്. അതുകൊണ്ടാണ് തോമസ് ഐസക്കിനെ മാറ്റുന്നത് പോലും ആലോചിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോമസ് ഐസക്കിനെ ആലപ്പുഴയിൽ നിന്ന് മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്ര നേതൃത്വത്തിൽ തോമസ് ഐസക്കിനെ സജീവമാക്കാനാണ് പിണറായിയുടെ ലക്ഷ്യം. അതായിരിക്കും തോമസ് ഐസക്കിന്റെ ഒഴിവാക്കലിന് പറയുന്ന ന്യായീകരണം.

ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള പ്രശ്‌നങ്ങൾ ഏവർക്കും അറിയാവുന്നതാണ്. ജിഎസ്ടിയിൽ കേന്ദ്ര സർക്കാരിനെ തോമസ് ഐസക് പിന്തുണച്ചിരുന്നു. ഇത് മൂലം സംസ്ഥാന ഖജനാവിന് വലിയ പ്രശ്‌നങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് തോമസ് ഐസക്കിനെ മാറ്റുന്നതെന്നാണ് പിണറായി പക്ഷം അനൗദ്യോഗികമായി പറയുന്നത്. കിഫ്ബി പോലുള്ള പദ്ധതികളും വലിയ ബാധ്യതയാകുമെന്ന വിലയിരുത്തൽ മുഖ്യമന്ത്രിക്കുണ്ട്. ഈ സാഹചര്യത്തിലാണ് തോമസ് ഐസക്കിനെ കേരളത്തിൽ നിന്ന് മാറ്റാനുള്ള കരുനീക്കം നടത്തുന്നത്. പിണറായിയുടെ നീക്കത്തെ പിന്തുണയ്ക്കാൻ മാത്രമേ സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന് നിലവിൽ കഴിയൂ. രണ്ട് പേരുടേയും പിന്തുണയോടെയാണ് കടകംപള്ളി സെക്രട്ടറിയേറ്റിലേക്ക് എത്തുക. പി ജയരാജന്റെ കാര്യത്തിൽ ഇനിയും ആശയക്കുഴപ്പമുണ്ട്.

എംവി ഗോവിന്ദനെ എൽഡിഎഫ് കൺവീനറാക്കാനാണ് നീക്കം. എന്നാൽ കണ്ണൂരിൽ നിന്നുള്ള എംവി ഗോവിന്ദനെ എൽഡിഎഫ് കൺവീനറാക്കുന്നത് മലബാർ ലോബിക്കെതിരെ വികാരം ശക്തമാക്കും. ഈ സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ നിന്നൊരു നേതാവിനെ കൺവീനറാക്കുന്നതും പരിഗണിക്കും. കെ ജെ തോമസ്, ബോബി ജോൺ എന്നിവരിൽ ഒരാൾക്ക് അതുകൊണ്ട് തന്നെ സാധ്യത ഏറെയാണ്. പുതുതായി സെക്രട്ടറിയേറ്റിലെത്തുന്ന ആളിനേയും പരിഗണിച്ചേക്കാം. വിവി ദക്ഷിണാമൂർത്തിയുടെ മരണമുണ്ടാക്കിയ ഒഴിവും നികത്തേണ്ടതുണ്ട്. കോഴിക്കോട് നിന്നൊരു നേതാവ് സെക്രട്ടറിയേറ്റിലെത്താനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ എല്ലാവരേയും സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഈ നയം ഇത്തവണ തുടരാൻ സാധ്യതയില്ല.

കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലാ സെക്രട്ടറിമാരാണ് ഇത്തവണ സ്ഥാനം ഒഴിഞ്ഞത്. ഇവരോട് പിണറായ്ക്ക് പ്രത്യേക മമതയൊന്നുമില്ല. അതുകൊണ്ട് തന്നെ ഇവർ സെക്രട്ടറിയേറ്റിലെത്താൻ സാധ്യതയില്ല. എന്നാൽ കാസർഗോഡ് നിന്ന് സ്ഥാനം ഒഴിഞ്ഞ സതീഷ് ചന്ദ്രനെ സെക്രട്ടറിയേറ്റിലെടുക്കണമെന്ന വാദം സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP