Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാവങ്ങൾ ചത്തൊടുങ്ങിയാലും ജോലി ചെയ്യാൻ വയ്യെന്ന നിലപാടെടുത്ത ഡോക്ടർമാരെ പാഠം പഠിപ്പിക്കാൻ ഉറച്ച് സർക്കാർ; യൂണിയൻ നേതാക്കളെ സ്ഥലം മാറ്റി തുടക്കം; ജനവികാരം എതിരായതോടെ പേരിനെങ്കിലും ചർച്ച നടത്തി തലയൂരാൻ സമരക്കാർ

പാവങ്ങൾ ചത്തൊടുങ്ങിയാലും ജോലി ചെയ്യാൻ വയ്യെന്ന നിലപാടെടുത്ത ഡോക്ടർമാരെ പാഠം പഠിപ്പിക്കാൻ ഉറച്ച് സർക്കാർ; യൂണിയൻ നേതാക്കളെ സ്ഥലം മാറ്റി തുടക്കം; ജനവികാരം എതിരായതോടെ പേരിനെങ്കിലും ചർച്ച നടത്തി തലയൂരാൻ സമരക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനങ്ങളെ പാടെ വലച്ചുകൊണ്ട് സംസ്ഥാനത്തെ ഡോക്ടർമാർ നടത്തുന്ന സമരം ഏത് വിധേനയും ഒതുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. പാവപ്പെട്ട രേഗികൾ പലവിധ ആശുപത്രികളിൽ കയറി ഇറങ്ങുമ്പോൾ മനസാക്ഷിയുടെ കണിക പോലുമില്ലാതെ സമരം ചെയ്യുന്ന ഡോക്ടർമാരെ പാഠം പഠിപ്പിക്കുമെന്ന നിലപാടാണ് സർക്കാരിന്. ആദ്യപടിയായി യൂണിയൻ നേതാക്കളെ സ്ഥലം മാറ്റി. സമര കാരണം അംഗീകരിക്കാൻ കഴിയാത്തതിനാൽ ജനവികാരം ഡോക്ടർമാർക്ക് എതിരെ തിരിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പേരിനെങ്കിലും ചർച്ച നടത്തി സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാരും.

സമരം കൂടുതൽ ശക്തമാക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ പറഞ്ഞെങ്കിലും യൂണിയൻ നേതാക്കൾക്ക് കിട്ടിയ സ്ഥലം മാറ്റം തിരിച്ചടിയായിരിക്കുകയാണ്. ഇനി കൂടുതൽ പേർക്ക് സ്ഥലം മാറ്റം കിട്ടുന്നതിന് മുൻപ് സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. സമരത്തിന്റെ തുടക്കം മുതൽ തന്നെ ജനവികാരം സമരത്തിന് എതിരായിരുന്നു. അതുകൊണ്ട് തന്നെ സമരത്തിന്റെ ആവശ്യം തന്നെ ഡേക്ടർമാർ മാറ്റുകയായിരുന്നു. ആരോഗ്യരംഗത്തെ മറ്റ് ജീവനക്കാരുടെ സംഘടനകളെല്ലാം തന്നെ ഒറ്റക്കെട്ടായി സമരത്തെ എതിർക്കുകയും ചെയ്യുന്ന സ്ഥിതി എത്തിയതോടെ ഒപി സമയത്തെ ചൊല്ലി തുടങ്ങിയ സമരം അതിനല്ലെന്ന് പറഞ്ഞ് സമരകാരണം തന്നെ മാറ്റിയിരുന്നു ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. ഇപ്പോൾ അവർ പറയുന്ന ന്യായം മറ്റൊന്നാണ്. ആവശ്യത്തിന് ജീവനക്കാരില്ല ആർദ്രം പദ്ധതിയിൽ എന്നും അതിനാലാണ് സമരത്തിന് ഇറങ്ങേണ്ടിവന്നതെന്നുമാണ് പുതിയ വിശദീകരണം.

സമരത്തിന്റെ ഭാഗമായി ഒപി ബഹിഷ്‌കരണം തുടരുന്നതിനാൽ ആശുപത്രികളിലെത്തുന്ന ആയിരക്കണക്കിന് രോഗികളാണ് വലയുന്നത്. ശനിയാഴ്ച സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒ.പി. പ്രവർത്തനം ഭാഗികമായേ നടന്നുള്ളൂ. എന്നാൽ, അത്യാഹിതവിഭാഗം പൂർണമായും പ്രവർത്തിച്ചുവെന്നതും ശസ്ത്രക്രിയകളും മുടക്കമില്ലാതെ നടന്നു എന്നതും അൽപം ആശ്വാസം പകർന്നു. ഒപി ബഹിഷ്‌കരണം നടക്കുന്നു എന്ന് അറിയാവുന്നതിനാൽ തന്നെ മിക്ക ആശുപത്രികളിലും രോഗികളുടെ തിരക്കും കുറവായിരുന്നു.

സമരത്തിനെതിരെ കടുത്ത ജനവികാരമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിലും ഡോക്ടർമാർക്ക് എതിരെ നിരവധി പേർ രംഗത്തെത്തി. എന്നാൽ സമരം അനാവശ്യമാണെന്ന വ്യക്തമാക്കി ഡോക്ടർമാരുമായി ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. സംസ്ഥാനത്ത് 4300 ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുത്തതായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. ഭാരവാഹികൾ അവകാശപ്പെട്ടു. സമരം ആർദ്രം പദ്ധതിക്കോ വൈകുന്നേരം ഒ.പി. തുടങ്ങുന്നതിനോ എതിരല്ലെന്നും ആവശ്യത്തിന് ഡോക്ടർമാരെയും മറ്റുജീവനക്കാരെയും നിയമിക്കുന്നതിന് വേണ്ടിയാണെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.റൗഫ് പറഞ്ഞു. സംഘടന ചർച്ചയ്ക്ക് തയ്യാറാണെങ്കിലും സർക്കാർ ജനാധിപത്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് സംഘടനയുടെ നിലപാട്.

സമരം വരുംദിവസങ്ങളിൽ ശക്തമാക്കുമെന്ന മുന്നറിയിപ്പും സംഘടന നൽകുന്നുണ്ട്. കിടത്തിച്ചികിത്സ ഘട്ടംഘട്ടമായി നിർത്തിവെയ്ക്കും. പ്രതികാര നടപടിയായി ഏതെങ്കിലും ഡോക്ടർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയാൽ സർവീസിലുള്ള മുഴുവൻ കെ.ജി.എം.ഒ.എ. അംഗങ്ങളും രാജിക്കത്ത് സമർപ്പിക്കും എന്നിങ്ങനെയാണ് പുതിയ ഭീഷണികൾ. ഇക്കാര്യങ്ങളിൽ 17-ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനകമ്മിറ്റി തീരുമാനമെടുക്കും. രേഖകളിലില്ലാത്ത കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ച് ആർദ്രം പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് സർക്കാർ തന്നെയാണെന്നും പിടിവാശി ഉപേക്ഷിച്ച് സമരം തീർപ്പാക്കാൻ തയ്യാറാവണമെന്നും ആണ് ഇപ്പോൾ കെജിഎംഒഎയുടെ ആവശ്യം.

അതേസമയം, സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷനും ആവശ്യപ്പെട്ടു. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന സമരം അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും അടിയന്തരനടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. ചികിത്സ നിഷേധിക്കുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി.മോഹനദാസ് ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ പ്രവർത്തകരായ തമ്പി സുബ്രഹ്മണ്യനും പി.കെ. രാജുവും നൽകിയ പരാതികളിലാണ് നടപടി.

സമരം തുടരുമെന്നു ഡോക്ടർമാരുടെ സംഘടനാ നേതൃത്വവും, ശക്തമായി നേരിടുമെന്ന് ആരോഗ്യവകുപ്പ് അധികൃതരും നിലപാടു സ്വീകരിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമാവുകയാണ്. ഡോക്ടർമാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അറിയിച്ചു. ഡോക്ടർമാരുടെ സമരം ആർദ്രം പദ്ധതിയെ പിന്നോട്ടടിക്കുമെന്നും. രോഗികളെ പരിഗണിക്കാതെയുള്ള സമരത്തോട് യോജിക്കാനാവില്ലെന്നും ഉള്ള സർക്കാർ നിലപാടും അദ്ദേഹം വിശദീകരിച്ചു. സമരം തുടരുന്ന ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ ഏർപ്പെടുത്തി. കൂടുതൽ രോഗികളെത്തിയ ആശുപത്രികളിൽ ഒപി വിഭാഗത്തിനു പുറത്ത് താൽക്കാലിക സംവിധാനം ഏർപ്പെടുത്തി ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.

ജനങ്ങളെ വെല്ലുവിളിച്ച് ഒരു വിഭാഗം സർക്കാർ ഡോക്ടർമാർ നടത്തുന്ന സമയം അടിയന്തരമായി അവസാനിപ്പിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. ആർദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ ഓരോ ഘട്ടത്തിലും ഡോക്ടർമാരുമായി ചർച്ച നടത്തുകയും പരിശീലനം നൽകുകയും ചെയ്തിരുന്നുവെന്നും ജനങ്ങൾക്കാകെ പ്രയോജനം ചെയ്യുന്ന പദ്ധതിയുമായി ഡോക്ടർമാർ സഹകരിക്കുകയാണു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പകരം, പൊതുസമൂഹത്തെയാകെ വെല്ലുവിളിച്ചു സമരം ചെയ്യുന്നതിനു നീതീകരണമില്ലെന്നാണ് സിപിഎം നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP