Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാട്‌സ് ആപ്പ് ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് നടന്നത് വർഗ്ഗീയ കലാപത്തിനുള്ള ശ്രമം; ഒരു പേരുമില്ലാതെ മുഖംമൂടികൾ തെരുവിൽ ഇറങ്ങി കാട്ടിയതുകൊള്ളിവയ്‌പ്പ്; മതേതര മുഖമൂടിക്ക് പിന്നിൽ ഒളിഞ്ഞ് പ്രവർത്തിച്ചത് പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐയും; വിട്ടുവീഴ്ചയില്ലാതെ പൊലീസ് രംഗത്തിറങ്ങിയപ്പോൾ ജാമ്യം പോലും ഇല്ലാതെ അനേകം പേർ അകത്ത്

വാട്‌സ് ആപ്പ് ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് നടന്നത് വർഗ്ഗീയ കലാപത്തിനുള്ള ശ്രമം; ഒരു പേരുമില്ലാതെ മുഖംമൂടികൾ തെരുവിൽ ഇറങ്ങി കാട്ടിയതുകൊള്ളിവയ്‌പ്പ്; മതേതര മുഖമൂടിക്ക് പിന്നിൽ ഒളിഞ്ഞ് പ്രവർത്തിച്ചത് പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐയും; വിട്ടുവീഴ്ചയില്ലാതെ പൊലീസ് രംഗത്തിറങ്ങിയപ്പോൾ ജാമ്യം പോലും ഇല്ലാതെ അനേകം പേർ അകത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാൽസംഗം ചെയ്തുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഒരുവിഭാഗം ആഹ്വാനംചെയ്ത ഹർത്താലിൽ എങ്ങും അക്രമാസക്തമായി. വർഗ്ഗീസ സംഘർഷമുണ്ടാക്കാനുള്ള ശ്രമം തന്നെയാണ് നടന്നത്. മലപ്പുറം, പാലക്കാട്, കാസർകോട് ജില്ലകളെയാണ് കൂടുതൽ ബാധിച്ചത്. കോഴിക്കോട്, കണ്ണൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നു. വർഗ്ഗീയ കലാപത്തിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നത്. ചേലേമ്പ്ര ഇടിമുഴിക്കൽ ഗണപതി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഹർത്താലനുകൂലികൾ കയറിയത് സംഘർഷത്തിനിടയാക്കി.

സമാനമായ പല സംഭവങ്ങളും നടന്നു. ആരുടെയും പേരിലല്ലാതെ സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം ആഹ്വാനങ്ങൾ സാമൂഹികവിരുദ്ധശക്തികൾ മുതലെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പറയുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തും. ഭാവിയിൽ ഇത്തരം ആഹ്വാനങ്ങളുടെ ഭാഗമായുള്ള അതിക്രമങ്ങളും നിയമവിരുദ്ധപ്രവർത്തനങ്ങളും തടയുന്നതിന് നിയമനടപടി സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. വ്യാപകമായ അക്രമ സംഭവങ്ങൾ അരങ്ങേറിയ തിരൂർ, താനൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരൂർ, താനൂർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഒരാഴ്ചത്തേക്കാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

താനൂരിൽ കെഎസ്ആർടിബി ബസ് അഗ്‌നിക്കിരയാക്കി. നഗരത്തിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറി. താനൂരിൽ രാവിലെ മുതൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കുകയും റോഡ് തടയുകയും ചെയ്തിരുന്നു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. വള്ളുവമ്പ്രം, കോട്ടയ്ക്കൽ, തലപ്പാറ തുടങ്ങിയ ഇടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ തടയുകയും അക്രമ സംഭവങ്ങൾ അരങ്ങേറുകയും ചെയ്തു. തിരൂരിൽ ഹർത്താലനുകൂലികൾക്കുനേരെ പൊലീസ് ലാത്തിവീശി. കൊണ്ടോട്ടിയിൽ പ്രതിഷേധക്കാർ പ്രകടനം നടത്തി. പരപ്പനങ്ങാടിയിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് വാഹനഗതാഗതം മുടക്കി. ഇവിടെയും പൊലീസ് ഹർത്താലനുകൂലികളെ വിരട്ടിയോടിച്ചു.

പൈലറ്റുമാർക്ക് സമയത്ത് എത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള രണ്ടു വിമാനങ്ങൾ വൈകി. എയർ ഇന്ത്യയുടെ 11.20 പുറപ്പെടേണ്ട ഷാർജ വിമാനം 1.40നും 11.15ന് പുറപ്പെടേണ്ട ദോഹ വിമാനം 1.15നും ആണ് പുറപ്പെട്ടത്. ഇങ്ങനെ എല്ലാ അർത്ഥത്തിലും കൈവിട്ടു പോകുന്ന അക്രമങ്ങൾ. മുഖംമൂടി അണിഞ്ഞെത്തി കലാപമുണ്ടാക്കാനും ശ്രമിച്ചു. ഇവർക്ക് പിന്നിൽ എസ് ഡി പി ഐയും പോപ്പുലർ ഫ്രണ്ടും ആണെന്നാണ് പൊലീസ് വിലയിരുത്തൽ. മുസ്ലിം സമുദായത്തെ ബോധപൂർവ്വം തെരുവിലേക്ക് ഇറക്കിവിടുകയായിരുന്നു ഇവർ.

അറസ്റ്റിലായത് 250 പേർ

അപ്രഖ്യാപിത ഹർത്താലിൽ പലയിടത്തും അക്രമം. ചില ജില്ലകളിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. കട അടപ്പിക്കുന്നതിനെ ചൊല്ലി സംഘർഷമുണ്ടായി. ചില ജില്ലകളിൽ ബസ് സർവീസ് തടസ്സപ്പെട്ടു. സ്വകാര്യവാഹനങ്ങളും തടഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും അക്രമം നടത്തിയതിനും 250ലേറെ പേരെ കസ്റ്റഡിയിലെടുത്തതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. അക്രമങ്ങളിൽ മുപ്പതോളം പൊലീസുകാർക്കും കെഎസ്ആർടിസി ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

കാസർകോട് ജില്ലയിൽ ബസുകൾക്കു നേരെ വ്യാപക കല്ലേറുണ്ടായി. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിസരത്തു ഹർത്താൽ അനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ വനിതാ സിവിൽ പൊലീസ് ഓഫിസർ ഉൾപ്പെടെ ആറു പൊലീസുകാർക്കു പരുക്കേറ്റു. ഇരിട്ടിയിൽ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടയിൽ എസ്‌ഐക്കു പരുക്കേറ്റു. പൊന്നാനിയിൽ പൊലീസിനു നേരെയും താനൂരിൽ വ്യാപാരസ്ഥാപനങ്ങൾക്കു നേരെയും തിരൂർ പൊലീസ് സ്റ്റേഷനു നേരെയും കല്ലേറുണ്ടായി. പാലക്കാട് നഗരത്തിൽ പൊലീസ് മൂന്നു തവണ ലാത്തിവീശി.

ചെർപ്പുളശേരിയിൽ പൊലീസുകാരനു പരുക്കേറ്റു. മൂവാറ്റുപുഴയിൽ കടകൾ അടപ്പിക്കുന്നതിനെ ചൊല്ലി സംഘർഷമുണ്ടായി. ആലപ്പുഴ കലവൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചവർക്കു നേരെ പൊലീസ് ലാത്തിവീശി.

പൊലീസിനെ കാഴ്ചക്കാരായി ആക്രമങ്ങൾ

വെട്ടം പടിയത്ത് അമ്പാടി നഗറിലെ ശ്രീശാസ്താ ഭജനമഠത്തിന്റെ മതിൽ തകർത്തു. തിരൂരിൽ പ്രാദേശിക ചാനൽ ക്യാമറാമാനു മർദനമേറ്റു. രോഗിയുമായി ആശുപത്രിയിലേക്കു പോവുകയായിരുന്ന സേവാഭാരതിയുടെ ആംബുലൻസ് ആക്രമിച്ചു. കല്ലേറിൽ പരുക്കേറ്റ റുമേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെമ്മാട് ടൗൺ, തിരൂരങ്ങാടി, മൂന്നിയൂർ, കക്കാട്, തലപ്പാറ, കൂരിയാട് എന്നിവിടങ്ങളിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങളും തടഞ്ഞു.

സോഷ്യൽ മീഡിയ കൂട്ടായ്മയുടെ പേരിലെന്ന മുഖവുരയോടെ ജനകീയ ഹർത്താൽ ആചരിക്കാനിറങ്ങിയ ഒരു വിഭാഗം ആലപ്പുഴ നഗരത്തിലും ഏതാനും പ്രദേശങ്ങളിലും അഴിഞ്ഞാടി. വ്യാപകമായി കടകൾ അടപ്പിക്കുകയും ഹർത്താൽ എന്തിനാണെന്നു ചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആലപ്പുഴ നഗരത്തിൽ ഇന്നലെ നാലു സംഘങ്ങളായി എത്തിയാണു കടകൾ അടപ്പിച്ചത്. കൈചൂണ്ടി ഭാഗത്തുനിന്നെത്തിയ സംഘം മുല്ലയ്ക്കൽ വരെ രണ്ടു സ്റ്റേഷൻ പരിധികളിലൂടെ കടന്നുപോയിട്ടും പൊലീസ് തടയാൻ ശ്രമിച്ചില്ലെന്ന് ആരോപണമുയർന്നു.

വാട്സാപ്പ് കൂട്ടായ്മയുടെ മറവിൽ ഹർത്താലിന് ആഹ്വാനം ചെയ്തത് ഒരു മതമൗലികവാദ തീവ്രവാദ സംഘടനയാണെ ന്ന സംശയം ബലപ്പെട്ട സാഹചര്യത്തിൽ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. താനൂരിലെ അക്രമത്തിൽ പരുക്കേറ്റ തൃശൂർ ആർ.ആർ.എഫ്.യൂണിറ്റിലെ പൊലീസുകാരായ അഖിൽ (28) മനു (28) സ്റ്റാൻലിൻ (29) ഷാൽ ജോ(28) അശ്വനീഫ് (29) വിജേഷ് (39) വിപിൻ (26) എന്നിവരാണ് തിരൂർ ജില്ലാ ആശുപത്രിയിലുള്ളത്. താനൂർ റെയിൽവെ സേ്റ്റഷൻ പരിസരത്ത് തമ്പടിച്ച അക്രമികൾ പൊലീസിനു നേരെ ശക്തമായ കല്ലേറു നടത്തുകയായിരുന്നു വിജേഷിന് തലക്കും വിപിന് കണ്ണിനുമാണ് പരുക്ക്.

വ്യാപക അക്രമത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ താനൂർ,തിരൂർ പരപ്പനങ്ങാടി പൊലീസ് സേ്റ്റഷൻ പരിധിയിൽ പൊലീസ് നിയമത്തിലെ 78,79 വകുപ്പുകൾ പ്രകാരം ജില്ലാ പൊലീസ് മേധാവി നിരോധനാജ്ഞ പുറപ്പെടുവിച്ചത്. മേഖലയിൽ ക്രമസമാധാനം നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് നടപടി. ഇതിൻ പ്രകാരം പൊതുസമ്മേളനങ്ങൾ പ്രകടനങ്ങൾ,റാലികൾ എന്നിവ നിരോധിച്ചുട്ടുണ്ട്. അക്രമത്തിനുപയോഗിക്കുന്ന കല്ലുകളും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കുന്നത് കുറ്റകരമാണ്.

നാളെ വ്യാപാരി ഹർത്താൽ

സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്യപ്പെട്ട വ്യാജ ഹർത്താലിന്റെ മറവിൽ നടന്ന അക്രമങ്ങൾക്കെതിരെ നാളെ വ്യാപാരി ഹർത്താൽ. മലപ്പുറം ജില്ലയിലാണ് വ്യാപാരികൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലിന്റെ മറവിൽ കടകൾക്ക് നേരെ നടന്ന വ്യാപക അക്രമത്തിൽ പ്രതിഷേധിച്ചാണ് നാളത്തെ വ്യാപാരി ഹർത്താൽ.

വ്യാജ ഹർത്താൽ ആഹ്വാനത്തിന്റെ മറവിൽ മലബാർ മേഖലയിൽ വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു. മലപ്പുറത്തെ തിരൂർ, താനൂർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിനെ തുടർന്ന് പൈലറ്റുമാർ എത്താൻ വൈകിയതിനെ തുടർന്ന് കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ വൈകി പുറപ്പെടുന്ന സാഹചര്യം പോലും ഇന്നത്തെ ഹർത്താലിലുണ്ടായി.

രൂക്ഷ പ്രതികരണവുമായി സതീശൻ

സംഭവത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹർത്താലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ എംഎ‍ൽഎ രംഗത്തെത്തി. ഹർത്താലിന്റെ മറവിൽ കലാപം നടത്തുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യമെന്നും കേരളത്തിന്റെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സതീശന്റെ പോസ്റ്റിന്റെ പൂർണരൂപം

കാശ്മീരിൽ എട്ടു വയസുള്ള ഒരു കുട്ടിയെ പിച്ചിച്ചീന്തിയ സംഭവം മനസ്സാക്ഷിയുള്ള എല്ലാവരെയും ഞെട്ടിച്ചതാണ്. ഒരു മതത്തിന്റെയും ജാതിയുടെയും പേരിലല്ലാതെ മാനവികതയുടെ പേരിൽ ഇതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമാധാനപരമായ പ്രക്ഷോഭങ്ങളിലാണ്. എന്നാൽ വർഗീയ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും, അപഹസിച്ചുമെല്ലാം വലിയ പ്രകോപനം ആർ.എസ്.എസിന്റെ പ്രവർത്തകരിൽ നിന്നുണ്ടായത് നാം കണ്ടതാണ്. ആർ.എസ്.എസിന്റെ സംസ്ഥാന നേതാക്കന്മാരിൽ ഒരാളുടെ മകന്റെ പോലും പ്രസ്താവന മറു വിഭാഗത്തെ പ്രകോപിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു.

സമാധാനം കാംക്ഷിക്കുന്ന കേരളത്തിലെ എല്ലാ മതത്തിലും പെട്ട പ്രബുദ്ധരായ ജനങ്ങൾ ആ പ്രകോപനം തള്ളിക്കളഞ്ഞു കൊണ്ട് സമാധാനപരമായ പ്രതിഷേധം നടത്തുമ്പോഴാണ് എതിർ ചേരിയിൽ പെട്ട ചില സംഘടനകളുടെ പ്രവർത്തകർ ഇന്ന് ആസൂത്രിതമായ കലാപം വടക്കൻ കേരളത്തിലെ പല ജില്ലകളിലും സൃഷ്ടിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഒരു ഹർത്താൽ പ്രഖ്യാപനം നടത്തി, അതിന്റെ മറവിൽ വലിയ ആസൂത്രണത്തോടെ ഉള്ള കലാപം തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന്റെ പിന്നിൽ കേരളത്തിന്റെ സോഷ്യൽ ഫാബ്രിക് വലിച്ചു കീറുക എന്ന ഗൂഢമായ ലക്ഷ്യം തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അതിനു പിന്നിലുള്ള കൃത്യമായ അജണ്ട പൊതുജനങ്ങൾ തിരിച്ചറിയണം. സർക്കാർ സംവിധാനത്തിന്റെ പൂർണ്ണമായ പരാജയം ആണ് ഇന്ന് നമ്മൾ കണ്ടത്. ഇത്ര വലിയ കലാപത്തിനുള്ള കോപ്പു കൂട്ടമ്പോഴും നമ്മുടെ ഇന്റലിജൻസ് സംവിധാനം ഉറങ്ങുകയായിരുന്നു. ആയുധങ്ങൾ ഉൾപ്പടെ ശേഖരിച്ചു കൊണ്ട് നൂറു കണക്കിന് ആൾക്കാർ സംഘടിക്കുന്നത് കാണാൻ കഴിയാത്ത വിധം നിഷ്‌ക്രിയമായ ഒരു സംവിധാനം വലിയ വീഴ്ചയാണ് വരുത്തിയത്.

സർക്കാർ ഈ സംഭവത്തെ ലഘൂകരിച്ചു കാണരുത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഗൂഢശക്തികളെ കണ്ടെത്തണം. രാജ്യത്തിന്റെ കെട്ടുറപ്പിനെ ഭയക്കുന്ന ഇരു വിഭാഗത്തുമുള്ള ഗൂഢശക്തികൾ നടത്തുന്ന ഈ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെയും പൊതുജനം തിരിച്ചറിഞ്ഞു പ്രതിരോധിക്കണം. ഏറ്റവും നിർണ്ണായകമായ ഈ സമയത്തു രാജ്യത്തിന്റെ സോഷ്യൽ ഫേബ്രിക് വലിച്ചു കീറാൻ ഈ കഴുകന്മാരെ അനുവദിക്കരുത്. അത് ആ കുഞ്ഞിന് നീതി ലഭിക്കാൻ വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളെ തന്നെ ഇല്ലാതാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP