Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയരാഘവന്റെയും പി കരുണാകരന്റെയും പേരുകൾ സജീവമെങ്കിലും ദളിതർക്കും യോഗ്യതയെന്ന വിമർശനം തുണയാകുക എകെ ബാലന്; എസ്ആർപി പടിയിറങ്ങുമ്പോൾ പോളിറ്റ് ബ്യൂറോയിൽ പകരക്കാരനായെത്തുന്നത് ആരെന്ന ചർച്ച സജീവം; യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്താൻ കേരള ഘടകത്തിന്റെ നെട്ടോട്ടവും തീർന്നില്ല: സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങുമ്പോൾ

വിജയരാഘവന്റെയും പി കരുണാകരന്റെയും പേരുകൾ സജീവമെങ്കിലും ദളിതർക്കും യോഗ്യതയെന്ന വിമർശനം തുണയാകുക എകെ ബാലന്; എസ്ആർപി പടിയിറങ്ങുമ്പോൾ പോളിറ്റ് ബ്യൂറോയിൽ പകരക്കാരനായെത്തുന്നത് ആരെന്ന ചർച്ച സജീവം; യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്താൻ കേരള ഘടകത്തിന്റെ നെട്ടോട്ടവും തീർന്നില്ല: സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: സിപിഎം പാർട്ടി കോൺഗ്രസിന് നാളെ ഹൈദരാബാദിൽ ഇന്ന് കൊടി ഉയരുമ്പോൾ ഉയരുന്നത് കേരള ഘടകത്തിന്റെ ശക്തനായ പ്രതിനിധി എസ്.രാമചന്ദ്രൻപിള്ള ഒഴിയുമ്പോൾ കേരളത്തിൽ നിന്നും പകരക്കാരനുണ്ടാകുമോ എന്നതാണ്. എസ്ആർപിക്ക് തുല്യനായ പകരക്കാരൻ ആയി ആരെത്തും എന്നതും കേരള ഘടകത്തെ കുഴപ്പിക്കുന്നുണ്ട്.

വിജയരാഘവന്റെയും മുതിർന്ന നേതാവ് പി കരുണാകരന്റെയും എ കെ ബാലന്റെയും പേരുകൾ ഇതിലേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ഇതിൽ എകെ ബാലനാവും മുൻഗണന എന്നും കേൾക്കുന്നു. ദേശീയതലത്തിൽ സംഘടനാരംഗത്തു നിയോഗിക്കാവുന്ന നേതാവെന്നതാണു വിജയരാഘവനുള്ള ആനുകൂല്യം. മുതിർന്ന നേതാവെന്ന സ്വീകാര്യത പി.കരുണാകരനുണ്ടെങ്കിലും കേരളത്തിലെ രാഷ്ട്രീയസംഘടനാ രംഗങ്ങളിൽ ഇടപെടാതെ മാറിനിൽക്കുന്നയാളാണ്. പിബിയിൽ ദലിത് പ്രാതിനിധ്യം തീരുമാനിച്ചാൽ ബാലൻ വരും.

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നീ മുതിർന്ന നേതാക്കൾക്കൊപ്പമായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നയാളും ഉയർത്തപ്പെടുക. പിബയിൽ മൂന്നുപേരാണ് എസ്ആർപിയെക്കൂടാതെ ഇപ്പോൾ കേരളത്തിൽനിന്നു പിബിയിലുള്ളത്. നാലാമതൊരാൾകൂടി വരികയെന്നാൽ ആ നേതൃനിരയിലേക്ക് ഉയർത്തപ്പെടുക കൂടിയാണ്. സിഐടിയു മുൻ പ്രസിഡന്റും മലയാളിയുമായ എ.കെ.പത്മനാഭനും പിബിയിൽനിന്നൊഴിഞ്ഞേക്കാം. സിഐടിയുവിൽ നിന്നു കെ.ഹേമലതയോ തപൻസെന്നോ പകരം വരും.

എസ്ആർപിയുടെ പകരക്കാരൻ ആരെന്നത് കൂടാതെ കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമോ, ധാരണയോ വേണ്ടെന്ന് നിർദ്ദേശിച്ചുകൊണ്ട് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് തള്ളുമോ കൊള്ളുമോ എന്നതും നിർണായകം.

ഹിന്ദുത്വവർഗീയ ശക്തികളെ ഒറ്റപ്പെടുത്താനും ജനവിരുദ്ധ സാമ്പത്തികനയങ്ങളെ തിരുത്തിക്കാനും ബിജെപി സർക്കാരിനെ തോല്പിക്കേണ്ടത് അനിവാര്യമാണെന്നാണ് കരട് രാഷ്ട്രീയപ്രമേയം പറയുന്നത്. എന്നാൽ, അത് സാദ്ധ്യമാകേണ്ടത് കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ കൂടാതെ വേണം പ്രമേയം അടിവരയിടുന്നത് ഇതാണ്.

എന്നാൽ, കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ കൂടാതെയുള്ള ബദൽ എന്ന പരാമർശം മാറ്റണമെന്ന് പാർട്ടി ബംഗാൾ നേതൃത്വം പറയുന്നു. ഇതിന്റെ ചുവട് പിടിച്ചുള്ള ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ ന്യൂനപക്ഷ രേഖയിൽ വ്യക്തമാക്കുന്നത്, ഭരണവർഗ ബൂർഷ്വാ പാർട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ വേണ്ട എന്നാണ്.

കോൺഗ്രസുമായി ധാരണ എന്ന് തീരുമാനിച്ചാൽ, നവ ഉദാരവത്കരണ നയങ്ങൾക്കും അതിന്റെ ഉപജ്ഞാതാക്കളായ കോൺഗ്രസിനും എതിരായ വിമർശനം അസാദ്ധ്യമാകും എന്നാണ് കാരാട്ടും എസ്. രാമചന്ദ്രൻ പിള്ളയും ഉയർത്തുന്ന പ്രധാന പ്രശ്‌നം. ഒരു പടി കൂടി കടന്ന്, സിപിഎമ്മിന് ശക്തിയോ സ്വാധീനമോ ഇല്ലാത്ത ഇടങ്ങളിൽ ബിജെപിയെ തോല്പിക്കാൻ കഴിയുന്ന ശക്തികൾക്ക് വോട്ട് ചെയ്യാമെന്ന നിലയിലേക്കും അവർ വന്നിട്ടുണ്ട്. അതിനപ്പുറത്തേക്കുള്ള നിലപാട് പറ്റില്ലെന്ന് തന്നെയാണ് നിലപാട്. പാർട്ടിയിൽ ഇപ്പോൾ പ്രബലമായ കേരള ഘടകത്തിന്റെയും മഹാരാഷ്ട്രയിലെ ലോംഗ് മാർച്ച് വിജയിപ്പിച്ച കിസാൻസഭാ നേതാക്കളുടെയും ശക്തമായ പിന്തുണ ഈ നിലപാടിനുണ്ട്.

പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ എണ്ണത്തിൽ കേരളവും ബംഗാളും ഒപ്പത്തിനൊപ്പമാണ്. ബംഗാൾ ഘടകം സമ്മർദ്ദം കടുപ്പിക്കുമോ? രണ്ട് നിലപാടുകൾക്കുമിടയിൽ ഒരു സമവായസാദ്ധ്യത രൂപപ്പെടുമോ? നാടകീയ നീക്കങ്ങൾക്ക് ഹൈദരബാദ് വേദിയാകുമോ?- പാർട്ടി കോൺഗ്രസിന് കൊടി ഉയരുമ്പോൾ ആകാംക്ഷയുണർത്തുന്നത് ഈ ചോദ്യങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP