Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിച്ചിപ്പുഴയിലെ ആദിവാസി യുവാവിന്റെ കൊലപാതകവും പെണ്ണിന് വേണ്ടി; കാമുകിയെ അടിച്ചു മാറ്റിയതിന്റെ പ്രതികാരം വഴിയിൽ കണ്ടപ്പോൾ തീർത്തു; മദ്യലഹരിയിൽ റോഡിൽ വീണു കിടന്ന ബാലുവിന്റെ ശരീരത്തു കൂടി ഓട്ടോറിക്ഷ ഓടിച്ചു കയറ്റി; മരണം ഉറപ്പാക്കാൻ തിരികെ എത്തിയും മർദിച്ചു മൃതദേഹം ഓടയിൽ തള്ളി: അറസ്റ്റിലായത് മൂന്നുപേർ

അടിച്ചിപ്പുഴയിലെ ആദിവാസി യുവാവിന്റെ കൊലപാതകവും പെണ്ണിന് വേണ്ടി; കാമുകിയെ അടിച്ചു മാറ്റിയതിന്റെ പ്രതികാരം വഴിയിൽ കണ്ടപ്പോൾ തീർത്തു; മദ്യലഹരിയിൽ റോഡിൽ വീണു കിടന്ന ബാലുവിന്റെ ശരീരത്തു കൂടി ഓട്ടോറിക്ഷ ഓടിച്ചു കയറ്റി; മരണം ഉറപ്പാക്കാൻ തിരികെ എത്തിയും മർദിച്ചു മൃതദേഹം ഓടയിൽ തള്ളി: അറസ്റ്റിലായത് മൂന്നുപേർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അടിച്ചിപ്പുഴ ആദിവാസി കോളനിയിലെ ബാലു (19) എന്ന യുവാവിനെ കൊലപ്പെടുത്തിയത് കാമുകിയെ തട്ടിയെടുത്തതിലുള്ള പ്രതികാരം മൂലമെന്ന് പൊലീസ്. മദ്യലഹരിയിൽ ബോധം പോയി നടുറോഡിൽ കിടന്ന ബാലുവിന്റെ ശരീരത്തിലൂടെ ഓട്ടോറിക്ഷ കയറ്റി ഇറക്കുകയായിരുന്നു. മരണം ഉറപ്പു വരുത്തിയ ശേഷം മൃതദേഹം ഓടയിൽ തള്ളി. എല്ലാം ചെയ്തത് ഒരാളാണെങ്കിലും ഓട്ടോയിൽ ഒപ്പം പോയ രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. അത്തിക്കയം കണ്ണമ്പള്ളി വേങ്ങത്തോട്ടത്തിൽ ജോബി(35), നാറാണംമൂഴി ചെമ്പനോലി ആശാരിപറമ്പിൽ അശോകൻ (48), ചെമ്പനോലി പുറത്തേട്ട് ബെന്നി ശാമുവേൽ(61) എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്.

ആദിവാസി കോളനിയിലെ ഒരു യുവതിയുമായി ജോബി പ്രണയത്തിലായിരുന്നു. സമീപകാലത്ത് ഈ യുവതി ജോബിയെ വിട്ട് ബാലുവുമായി പ്രണയത്തിലായി. മദ്യലഹരിയിൽ റോഡിൽ കിടന്ന ബാലുവിനെ കണ്ടപ്പോൾ പ്രതികാരം ആളിക്കത്തിയ ജോബി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 22 നാണ് ബാലുവിന്റെ മൃതദേഹം നിരപ്പുപാറ-അത്തിക്കയം റോഡരികിലെ ഓടയിൽ കണ്ടത്. സ്വാഭാവിക മരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.

ബാലുവിന് മറ്റ് അസുഖം ഉണ്ടായിരുന്നതാണ് ഇങ്ങനെ ചിന്തിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. എന്നാൽ, പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതോടെ കഥ മാറി. ക്രൂരമായ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയ പൊലീസിന് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് ലഭിച്ചത്. അത് അടിസ്ഥാനമാക്കി തന്നെയാണ് അറസ്റ്റും. ബാലുവിന്റെ മരണം നടന്ന രാത്രിയിൽ സമീപത്തെ ക്ഷേത്രത്തിൽ സംഘട്ടനം നടന്നിരുന്നു.

ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്ന നിഗമനത്തിലായിരുന്നു അന്വേഷണം. ഏതാനും പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. അറസ്റ്റിലായ മൂന്നു പേർ അടക്കം ഏഴംഗസംഘം ജോബിയുടെ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ റോഡിനു നടുവിൽ ബാലു മദ്യപിച്ചു ലക്കുകെട്ട നിലയിൽ നിൽക്കുന്നതു കണ്ടു. ഒരാൾ ഓട്ടോയിൽ നിന്നിറങ്ങി ബാലുവിനെ പിടിച്ചു മാറ്റി യാത്ര തുടർന്നു. ഓട്ടോയിൽ ഉണ്ടായിരുന്നവരിൽ നാലുപേർ അവരവരുടെ വീടുകളിൽ ഇറങ്ങി. രാത്രി പതിനൊന്നോടെ വീണ്ടും മദ്യം തേടി ജോബി, അശോകൻ, ബെന്നി വരുമ്പോൾ മുമ്പു കണ്ട ഭാഗത്തു നിന്നും അൽപ്പം മാറി നടുറോഡിൽ ബാലു വീണു കിടപ്പുണ്ടായിരുന്നു.

കിടക്കുന്നത് ബാലുവാണെന്ന് മനസിലാക്കിയ ജോബി മുൻ വൈരാഗ്യം മൂലം ഓട്ടോറിക്ഷ ദേഹത്തു കൂടി കയറ്റി ഇറക്കുകയായിരുന്നു. തുടർന്ന് അത്തിക്കയം ഭാഗത്തേക്കു യാത്ര തുടർന്ന സംഘം മൂന്നായി പിരിഞ്ഞു. എന്നാൽ ജോബി മാത്രം വീണ്ടും ബാലു കിടന്നിടത്തേക്ക് വന്നു. അടിവസ്ത്രം മാത്രമായിരുന്നു ജോബിയുടെ വേഷം. അവിടെ വച്ച് ഇയാൾ ബാലുവിനെ മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. പുലർച്ചെ നാലിന് മരണം ഉറപ്പാക്കി മൃതദേഹം ഓടയിൽ തള്ളി പോവുകയായിരുന്നു. ജോബി ആനപ്പണിക്കാരനാണ്. സ്വന്തമായി ഓട്ടോറിക്ഷയുള്ള ഇയാൾ അത് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. പൊലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP