Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിതസ്വപ്നങ്ങൾ നഷ്ടപ്പെടുമ്പോൾ...

ജീവിതസ്വപ്നങ്ങൾ നഷ്ടപ്പെടുമ്പോൾ...

ഡോ. ജേക്കബ് നാലുപറയിൽ എംസിബിഎസ്

ത്രോസിന്റെ നേതൃത്വത്തിലുള്ള ഏഴ് ശിഷ്യന്മാരെ ഗലീലി കടൽത്തീരത്ത് നാമിന്നു കണ്ടുമുട്ടുകയാണ്. മൂന്നു വർഷങ്ങൾക്ക് മുമ്പ് ഈ കടൽത്തീരത്ത് നിന്നാണ് പത്രോസിനെയും കൂട്ടരെയും ഈശോ വിളിച്ചു കൂടെ കൂട്ടിയത്. ഈശോയുടെ കൂടെയുള്ള യാത്ര അവർ ആരംഭിച്ച സ്ഥലമായിരുന്നു ഇത്. തുടങ്ങിയിടത്തു തന്നെ അവർ തിരിച്ചെത്തിയിരിക്കുകയാണ്. ഈശോയുടെ കൂടെക്കൂടാനായി അവർ ഉപേക്ഷിച്ച തൊഴിലിലേക്ക് തന്നെ അവർ മടങ്ങിയെത്തിയിരിക്കുകയാണ്.

എന്താണ് ഈ തിരിച്ചുപോക്കിനു കാരണം? എന്താണ് അവരുടെ ഈ തിരിഞ്ഞുനടപ്പിനുള്ള കാരണം? ശിഷ്യർക്ക് അവരുടെ സ്വപ്നങ്ങൾ നഷ്ടപ്പെട്ടു. അവർക്ക് അവരുടെ ജീവിതലക്ഷ്യം നഷ്ടപ്പെട്ടു. അവർ അവരുടെ ജീവിതനിയോഗം നഷ്ടപ്പെടുത്തി.

പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിലെ ഒരു മുഹൂർത്തം. ജീവിതനിയോഗം നഷ്ടപ്പെടുത്തുന്നവനെ സഹായിക്കാൻ ഉരുളൻ കല്ലായി രൂപാന്തരപ്പെടുന്ന വൃദ്ധനായ രാജാവിന്റെ കഥ (ഓഡിയോ കേൾക്കുക)

ജീവിത നിയോഗത്തിലേക്ക് രത്നഖനനക്കാരനെ വൃദ്ധൻ കൈപിടിച്ചു നടത്തുന്ന കഥയാണിത്. ഇന്നത്തെ സുവിശേഷത്തിൽ ഈശോയും ഇതാണ് ചെയ്യുന്നത്. ജീവിതനിയോഗം നഷ്ടപ്പെടുത്തിയ ശിഷ്യരെ അവരുടെ ജീവിതനിയോഗത്തിലേക്ക് അവൻ തിരികെ കൈപിടിച്ചു നടത്തുന്നു.

മീൻ പിടിച്ചു കൊണ്ടിരുന്ന മുക്കവർക്ക് ഈശോ കൊടുത്ത വാഗ്ദാനം ''മനുഷ്യരെ പിടിക്കുന്നവരാക്കാം'' എന്നായിരുന്നു. ആ സ്വപ്നം മനസ്സിൽ കൊണ്ടു നടക്കുകയും, മൂന്നു വർഷം ആ സ്വപ്നസാക്ഷാത്കാരത്തിനായി അധ്വാനിക്കുകയും ചെയ്ത ശിഷ്യരാണ് ആ സ്വപ്നം കൈവിട്ട് വീണ്ടും മീൻപിടുത്തത്തിലേക്ക് തന്നെ തിരിയുന്നത്. അങ്ങനെ, തങ്ങളുടെ ജീവിതസ്വപ്നം നഷ്ടപ്പെട്ട ശിഷ്യരെയാണ് അവരുടെ ജീവിത നിയോഗത്തിലേക്ക് ഈശോ തിരിച്ചു കൊണ്ടു വരുന്നത്.

ജീവിത നിയോഗം നഷ്ടപ്പെട്ടവരെ ഈശോ എങ്ങനെയാണ് തിരികെ കൊണ്ടു വരുന്നത്? ശിഷ്യന്മാർ ജീവിതനിയോഗം നഷ്ടപ്പെടുത്തിയപ്പോൾ അവരേക്കാൾ കൂടുതൽ വേദനിച്ചത് ഈശോയായിരിക്കണം. കാരണം അവനാണല്ലോ അവർക്ക് അവരുടെ ജീവിത നിയോഗം കാണിച്ചു കൊടുത്തത്. അവനാണല്ലോ അതിനായി അവരെ പരിശീലിപ്പിച്ചത്. അങ്ങനെയെങ്കിൽ ജീവിതനിയോഗം കൈവിട്ടു കളയുന്ന ശിഷ്യന്മാരെക്കാൾ ദുഃഖിച്ചത് ഈശോയായിരിക്കണം.

അങ്ങനെ വലിയ ദുഃഖത്തിലും വേദനയിലുമാകുന്ന ഈശോ തന്റെ വേദനയും സങ്കടവുമൊന്നും ശിഷ്യരുടെ മേൽ ചൊരിയുന്നില്ല. അതിനു പകരം, ഉത്ഥിതനായ ക്രിസ്തു ജറുശലേം വിട്ടു ഗലീലിയിലേക്ക് വരുന്നു. അതായത് ഈശോ ശിഷ്യരുടെ നിലയിലേക്ക് താണിറങ്ങി വരുന്നെന്ന് അർത്ഥം. അത്തരമൊരു ഇറങ്ങിവരവിലൂടെയാണ് അവൻ അവരെ കൈപിടിച്ചുയർത്തുന്നത്.

ഈശോ ചോദിക്കുന്നത് 'കുഞ്ഞുങ്ങളെ മീൻ വല്ലതും കിട്ടിയോ' എന്നാണ്. മീൻ പിടുത്തം ഉപേക്ഷിക്കാനും മനുഷ്യരെ പിടിക്കാനും പരിശീലിപ്പിച്ച ഈശോയാണ് ഇത് ചോദിക്കുന്നതെന്ന് ഓർക്കണം. അതായത് ശിഷ്യരുടെ അപ്പോഴത്തെ നിലയിലേക്കു താണിറങ്ങുന്ന ഈശോ അവരുടെ അപ്പോഴത്തെ ഹൃദയതാൽപ്പര്യം വായിച്ചെടുക്കുന്നു എന്നർത്ഥം (പത്രോസിന്റെയും കൂട്ടരുടെയും അപ്പോഴത്തെ താൽപ്പര്യം നിശ്ചയമായും മീൻപിടുത്തും തന്നെയാണ്). അതിനു ശേഷം, അവരുടെ താൽപ്പര്യമനുസരിച്ചുള്ള വലിയൊരു മീൻപിടുത്തത്തിന് ഈശോ അവരെ സഹായിക്കുന്നു.

മീൻ പിടുത്തത്തിൽ ശിഷ്യരെ വിജയിപ്പിച്ച ശേഷം അടുത്തപടിയായി ഈശോ ചെയ്യുന്നത് ശ്രദ്ധിക്കണം. രാത്രി മുഴുവൻ അധ്വാനിച്ചവർക്ക് ഭക്ഷണവും വിശ്രമവുമാണ് ആവശ്യം. അതിനാൽ അവൻ അവർക്കായി പ്രാതൽ ഒരുക്കി, ഭക്ഷണത്തിനായി അവരെ ക്ഷണിക്കുന്നു. അതായത് ശിഷ്യരുടെ മാനുഷികമായ ആവശ്യങ്ങളാണ് ഈശോ പൂർത്തീകരിക്കാൻ ശ്രമിക്കുന്നത് എന്നർത്ഥം.

വളരെ മാനുഷികമായ സമീപനമാണ് ഈശോ ഇവിടെ എടുക്കുന്നത് - മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ അതിനു സഹായിക്കുന്നു; രാത്രി മുഴുവൻ അദ്ധ്വാനിച്ചു ക്ഷീണിച്ചവർക്കായി ഭക്ഷണം ഒരുക്കി കാത്തിരിക്കുന്നു. ജീവിത നിയോഗം നഷ്ടപ്പെടുത്തിയ ശിഷ്യരെ, അവരായിരിക്കുന്ന അവസ്ഥയിൽ കാണാനും മനസ്സിലാക്കാനും, അവരുടെ അപ്പോഴത്തെ ഹൃദയാവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കാനും ഈശോ ശ്രദ്ധിക്കുന്നു.

യോഹ 21:1 ൽ പറയുന്നു. 'ഈശോ തന്നെത്തന്നെ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്.' അതായത് ഈശോ നടത്തുന്നത് ഒരു വെളിപ്പെടുത്തലാണ്. അവൻ തന്നെത്തന്നെ അനാവരണം ചെയ്യുകയാണ്. അവന്റെ തനിസ്വഭാവം അവൻ പുറത്തെടുക്കുകയാണ്.

ശിഷ്യരുടെ സ്നേഹിതാനായിരുന്നു ഈശോ. ഏതൊരു സ്നേഹബന്ധത്തിലും സംഭവിക്കേണ്ടത് ഇതാണ്. നിന്റെ സ്നേഹിതൻ അഥവാ പ്രിയപ്പെട്ടവൾ പരാജയത്തിലും നിരാശയിലും, ജീവിതത്തിന്റെ സ്വപ്നങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലുമാകുമ്പോൾ നീ എന്തു ചെയ്യണം? നിരാശയും സങ്കടവും മനസ്സിൽ പേറിക്കൊണ്ട് പ്രതികരിക്കുയല്ല ചെയ്യേണ്ടത്. പകരം, അവരുടെ പരാജയത്തിന്റെ നിലയിലേക്ക് നിനക്ക് താണിറങ്ങാനാവണം. എന്നിട്ട് അവരുടെ ഹൃദയാഭിലാഷങ്ങൾ മനസ്സിലാക്കാനും, അവയോടു ഭാവാൽമകമായി പ്രതികരിക്കാനുമാവണം. അതിനുള്ള ശ്രദ്ധ ഹൃദയത്തിൽ സൂക്ഷിക്കുക. അതോടൊപ്പം അവരുടെ മാനുഷികാവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ പരിശ്രമിക്കുക. അതിലൂടെയാണ് നിന്റെ യഥാർത്ഥ സ്വഭാവം യഥാർത്ഥസ്നേഹം നീ വെളിപ്പെടുത്തുന്നത്; നിന്നെത്തന്നെ നീ അനാവരണം ചെയ്യുന്നത്.

ഇങ്ങനെ, പരാജയപ്പെട്ട ശിഷ്യരുടെ തകർച്ചയിലേക്ക് ഇറങ്ങിച്ചെല്ലുകയും, അവരുടെ അപ്പോഴത്തെ ഹൃദയാഭിലാഷങ്ങൾ വായിച്ചറിയുകയും അവ സാധിച്ചു കൊടുക്കുകയും ചെയ്യുന്ന ഈശോ അടുത്ത പടിയിലാണ് 'തന്നെ സ്നേഹിക്കുന്നുവോ' (21:15,16,17) എന്ന് പത്രോസിനോട് ചോദിക്കുന്നത്. അതിലൂടെയാണ് പത്രോസിനെ അവന്റെ ജീവിത നിയോഗത്തിലേത്ത് വീണ്ടും തിരികെ കൊണ്ടു വരുന്നത്. അതിനാൽ നിന്റെ സ്നേഹിതൻ പരാജയപ്പെട്ട് അവന്റെ ജീവിതനിയോഗം നഷ്ടപ്പെടുത്തുമ്പോൾ അവനെ/അവളെ കൈപിടിച്ചുയർത്താനുള്ള വഴിയാണ് ഈശോ കാണിച്ചു തരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP