Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അശ്വതി ജ്വാലയ്‌ക്കെതിരെയുള്ള നീക്കം ജനവികാരം എതിരായിരിക്കുമെന്ന് ഉറപ്പായപ്പോൾ അന്വേഷണം വേണ്ടെന്ന് വയ്ക്കാൻ ആലോചിച്ച് സർക്കാർ; പൊലീസിന് മുൻപിൽ ഹാജരാകുന്നതിന് തൊട്ടു മുൻപ് നോട്ടീസ് കിട്ടിയിട്ടു വന്നാൽ മതിയെന്നറിയിച്ച് പൊലീസ്; അശ്വതിക്കതിരെ പരമാവധി വിവരങ്ങൾ രഹസ്യമായി സ്വീകരിച്ചു കുരുക്ക് മുറുക്കിയ ശേഷം മാത്രം ഇനി മുൻപോട്ട്

അശ്വതി ജ്വാലയ്‌ക്കെതിരെയുള്ള നീക്കം ജനവികാരം എതിരായിരിക്കുമെന്ന് ഉറപ്പായപ്പോൾ അന്വേഷണം വേണ്ടെന്ന് വയ്ക്കാൻ ആലോചിച്ച് സർക്കാർ; പൊലീസിന് മുൻപിൽ ഹാജരാകുന്നതിന് തൊട്ടു മുൻപ് നോട്ടീസ് കിട്ടിയിട്ടു വന്നാൽ മതിയെന്നറിയിച്ച് പൊലീസ്; അശ്വതിക്കതിരെ പരമാവധി വിവരങ്ങൾ രഹസ്യമായി സ്വീകരിച്ചു കുരുക്ക് മുറുക്കിയ ശേഷം മാത്രം ഇനി മുൻപോട്ട്

തിരുവനന്തപുരം: ജനവികാരം എതിരാകുമെന്ന് മനനസ്സിലായതോടെ സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയ്‌ക്കെതിരെയുള്ള അന്വേഷണം വേണ്ടന്നെ് വയ്ക്കാൻ സർക്കാർ ആലോചന. കേരളത്തിൽ ഒറ്റപ്പെട്ടു പോയ വിദേശ പൗരന്മാർക്ക് താങ്ങും തണലുമായി നിന്നിട്ടും സർക്കാരിന്റെ വേട്ടയാടൽ സൈബർ ലോകത്ത് വരെ ജനവികാരം എതിരാക്കിയതാണ് സർക്കാരിനെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ പേരിൽ അനധികൃത പണപ്പിരിവു നടത്തിയെന്ന പരാതിയിൽ ഇന്നലെ രാവിലെ 10നു സിറ്റി പൊലീസ് കമ്മിഷണറുടെ സ്‌പെഷൽ ബ്രാഞ്ചിനു മുന്നിൽ ഹാജരാകാനാണ് അശ്വതി ജ്വാലയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൊലീസിന് മുൻപിൽ ഹാജരാകുന്നതിന് തൊട്ടു മുൻപ് ഇതു മാറ്റിവച്ചതായി അറിയിച്ചെന്ന് അശ്വതി പറഞ്ഞു. നോട്ടിസ് കിട്ടിയ ശേഷം ഹാജരായാൽ മതിയെന്നാണു നിർദ്ദേശമെന്നും അശ്വതി മറുനാടനോട് പറഞ്ഞു.

ഇന്നലെ വൈകിട്ടു വരെ പൊലീസിൽ നിന്നു പിന്നീട് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ലഭിച്ച പരാതി വ്യാജമാണെന്നു പൊലീസിനു പോലും ബോധ്യമായെന്നു തെളിയിക്കുന്നതാണ് ഈ സംഭവമെന്നു അശ്വതി പറഞ്ഞു. പരാതി കിട്ടിയ ഉടൻ അശ്വതിക്കെതിരെ ധൃതിപിടിച്ച് അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടെങ്കിലും സൈബർ ലോകത്ത് അടക്കം അശ്വതിക്ക് പിന്തുണ കൂടി. അശ്വതിക്കെതിരെ കേസ് എടുത്താൽ ജനവികാരം എതിരാകുമെന്നും സർക്കാരിന് മനസ്സിലായി. ഇതോടെ അശ്വതിക്കെതിരായ അന്വേഷണം വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.

ലിഗയുടെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ അശ്വതി പണപ്പിരിവു നടത്തിയെന്നു കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസമാണു കോവളം സ്വദേശി അനിൽകുമാർ ഡിജിപിക്കു പരാതി നൽകിയത്.ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതു ഐജി മനോജ് ഏബ്രഹാമിനു കൈമാറുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെയും ഡിജിപിക്കെതിരെയും ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണു തനിക്കെതിരെ പരാതി എത്തിയതെന്ന് അശ്വതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരനായ അനിൽകുമാറിന്റെ വിശദാംശങ്ങളും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം ലിഗയുടെ മരണത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്താൻ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. മാനഭംഗശ്രമത്തിനിടെ ബലപ്രയോഗത്തിലാണ് ലിഗ കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് തെളിവുശേഖരണം. തീവ്രനിലപാടുള്ള ഒരു ദളിത് സംഘടനയുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ള മൂന്നുപേരെന്ന് പൊലീസ് പറഞ്ഞു. അഭിഭാഷകർ പഠിപ്പിച്ചുവിട്ടതുപോലെ പരസ്പരവിരുദ്ധമായ മൊഴി നൽകി ഇവർ പൊലീസിനെ കുഴപ്പിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തിലെ കണ്ടൽകാട്ടിലും തൊട്ടടുത്തെ പാർവതീ പുത്തനാറിലും പൊലീസ് ഇന്നലെയും തെരച്ചിൽ നടത്തി.

35ദിവസം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് തെളിവുകൾ ശേഖരിക്കാനാവാതിരുന്നതാണ് പ്രശ്‌നമായത്. ആന്തരിക അവയവങ്ങളുടെ ഫോറൻസിക്, രാസ പരിശോധനാ ഫലം ലഭിച്ചാലേ മാനഭംഗം നടന്നിട്ടുണ്ടോ എന്നതിലടക്കം വ്യക്തത വരൂ. പൂനംതുരുത്തിലെ കണ്ടൽകാട്ടിൽ ഒരു അതിഥിയുണ്ടെന്ന് കസ്റ്റഡിയിലുള്ള ഉമേഷ് പറഞ്ഞതായും മൂന്നുപേർ ചേർന്ന് ലിഗയെ കാട്ടിൽ ഓടിക്കുന്നത് കണ്ടെന്നും മൊഴികളുണ്ട്. എന്നാൽ ബീച്ചിൽ വച്ച് ലിഗയെ കണ്ടെന്നും സിഗരറ്റ് ചോദിച്ചപ്പോൾ നൽകിയില്ലെന്നുമാണ് രണ്ട് പ്രതികൾ പൊലീസിനോട് പറഞ്ഞത്. കാര്യങ്ങൾ വ്യക്തമായി ഓർക്കുന്നില്ലെന്നാണ് മറ്റൊരാളുടെ മൊഴി. ഇവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.

വിദേശരാജ്യങ്ങളും ഏജൻസികളും നിരീക്ഷിക്കുന്ന കേസായതിനാൽ അന്വേഷണം പഴുതടച്ചതാവണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹറ അന്വേഷണസംഘത്തിന് നിർദ്ദേശം നൽകി. പനത്തുറ വടക്കേകുന്നിലെ സഹോദരങ്ങളടക്കം മൂന്നുപേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ഇവർ അടിപിടി, കഞ്ചാവ് വിൽപ്പന കേസുകളിൽ പ്രതികളാണ്. മനഃശാസ്ത്ര വിദഗ്ദ്ധന്റെ സഹായത്തോടെയാണ് ഇവരെ ചോദ്യംചെയ്യുന്നത്. 

പൊലീസ് വേട്ടയാടുന്നു: അശ്വതി ജ്വാല
പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് വലിയ എന്തോ തെറ്റ് ചെയ്തവർക്ക് നേരെയുള്ള അന്വേഷണം പോലെയാണ്. ജ്വാലയുടെ ഓഫീസിൽ പൊലീസുകാർ വരുന്നു കണക്കുകൾ പരിശോധിക്കുന്നു. ഫയലുകൾ നോക്കുന്നു. ഭർത്താവിനെ കുറിച്ച് അന്വേഷിക്കുന്നു. ഒരു പരിചയവുമില്ലാത്തവർ ജ്വാലയുടെ ഓഫീസിന് മുന്നിൽ കേന്ദ്രീകരിക്കുന്നു. ഇതൊക്കെ വല്ലാത്ത ഭയമാണ് മനസ്സിലണ്ടാക്കിയത്. എല്ലാം ഒരു നല്ല കാര്യം ചെയ്തതിന്റെ ഫലമാണല്ലോ എന്നതാണ് കൂടുതൽ സങ്കടം ഉണ്ടാക്കിയത്.

ഞാൻ വളരെ സാധാപരണ കുടുംബത്തിൽ നിന്നാണ് വരുന്നത് അതച് കൊണ്ട് തന്നെ ഇത്തരം സംഭവങ്ങളൊക്കെ ഞെട്ടലുണ്ടാക്കും. പക്ഷേ ഇതൊന്നും കൊണ്ട് പൊതു പ്രവർത്തനമോ ജ്വാലയുടെ പ്രവർത്തനങ്ങളോ അവസാനിപ്പിക്കാൻ ഉദ്ധേശമില്ല. അത് ഇനിയും തുടരും. പരാതിക്കാരനായ അനിൽകുമാർ ഇതുവരെയും പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നില്ല. ആദ്യം പരാതിക്കാരൻ പുറത്തുവരട്ടെ. സാധാരണയായി പരാതികൾ നൽകുന്നതു പൊലീസ് സ്റ്റേഷനുകളിലാണ്, എന്നാലിതു ഡിജിപിക്കു നേരിട്ടു കൈമാറിയതിൽ അസ്വാഭാവികതയുണ്ടെന്നും അശ്വതി പറഞ്ഞ

ലിഗയെ അന്വേഷിച്ച് നടക്കുമ്പോൾ അനുഭിക്കേണ്ടി വന്നത് വലിയ ബുദ്ധിമുട്ടുകൾ
കാണാതായ വനിതയെ കണ്ടെത്താൻ അവരുടെ ബന്ധുക്കളെ സഹായിച്ചതിനെ തുടർന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്ന ആരോപണം ഞാൻ പണം പിരിച്ചു എന്നതാണ്. ഇത് ഒരു കള്ളക്കേസാണ്. ഒരു തരത്തിലുള്ള പിരിവും ഇതിൽ നടന്നിട്ടില്ല. ലിഗയെ അന്വേഷിച്ച് ബന്ധുക്കൾക്കൊപ്പം നടക്കുമ്പോൾ അനുഭിക്കേണ്ടി വന്നത് വലിയ ബുദ്ധിമുട്ടുകളാണ്. എന്നാലും അതൊന്നും വകവയ്ക്കാതെ അവരെ സഹായിക്കുകയാണ് ചെയ്തത്. ഞാൻ പണ പിരിവ് നടത്തി എന്ന് ആരോപിക്കുന്ന ആളെ എനിക്ക് അറിയുക പോലും ഇല്ല. വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ നടന്നത്. എന്നാൽ അതിലും എത്രയോ ഇരട്ടി പിന്തുണയാണ് കിട്ടയത്. അതിൽ മലയാളികളോട് എത്ര നന്ദി പറഞ്ഞാലും മനസ്സിലാകില്ല.

അന്വേഷണം പലപ്പോഴും അവസാനിച്ചത് പാതിരാത്രിയിൽ
തെരുവുകളിൽ അലഞ്ഞ് നടക്കുന്നവരെ പുനരധിവസിപ്പിക്കുന്ന സംഘടനയാണ് ജ്വാല. വിദേശ വനിതയെ കാണാനില്ലെന്നും ബന്ധുക്കൾ നാടു നീളെ പോസ്റ്റർ ഒട്ടിച്ച് നടക്കുന്നുവെന്നും അറിഞ്ഞപ്പോൾ ആണ് അവരെ സഹായിക്കാൻ മുന്നോട്ട് വന്നത്. ലിഗയുടെ സഹോദരി ഇലീസ്, ഭർത്താവ് ആൻഡ്രു ജോണാഥൻ എന്നിവരുമായി സംസാരിച്ചപ്പോഴാണ് വിഷയത്തെ കുറിച്ച് വിശദമായി അറിയുന്നതും. നമ്മുടെ നാട്ടിൽ വെച്ച് ഇത്തരം ഒരു അപകടം ഉണ്ടാകുന്നത് രാജ്യത്തിന് തന്നെ നാണക്കേടാകുമല്ലോ എന്നാണ് കരുതിയത്. അവരെ സഹായിക്കാനും ലിഗയെ അന്വേഷിക്കാനുമുള്ള യാത്രകൾ പലപ്പോഴും പാതിരാത്രിയിലാണ് അവസാനിച്ചിട്ടുള്ളത്. ആൻഡ്രുവിന്റെ സങ്കടം പലപ്പോഴും മനസ്സിനെ വല്ലാതെ പിടിച്ച് കുലുക്കിയിരുന്നു. ഭക്ഷണം പോലും സമയത്ത് കഴിക്കാതെ അന്വേഷണം നീണ്ട് പോയിരുന്നു.

നാട് നീളെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ സഹായിക്കുകയാണ് കഴിഞ്ഞ അഞ്ച് വർഷമായി ജ്വാല എന്ന സംഘടന ചെയ്ത് വരുന്നത്. സമാനമായി ഒരു വിദേശ വനിത അങ്ങനെ നടക്കുന്നുണ്ടോ എന്ന ചിന്തയാണ് ലിഗയെ തേടി ബന്ധുക്കൾ അലയുന്നു എന്നറിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഇറങ്ങി തിരിച്ചതിന് പിന്നിലെന്നും അശ്വതി പറയുന്നു. ഇത്തരത്തിൽ സഹായിക്കാനായി മുന്നിട്ടിറങ്ങുന്നവർക്ക് ഇതാണ് അവസ്ഥയെങ്കിൽ ഇത് പോലെയുള്ള സാഹചര്യത്തിൽ ഇനി ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വരുമോ എന്നും അവർ ചോദിക്കുന്നു. ആരോപണങ്ങളെയും അന്വേഷണങ്ങളേയും ഒക്കെ നിയമപരമായി തന്നെ നേരിടും. ഈ ആരോപണത്തിലൊന്നും ജ്വാല കെട്ട് പോകില്ലെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

അശ്വതിയുടെ അമ്മ തട്ടുകട നടത്തിയാണ് ഇന്നും ജീവിക്കുന്നത്. പണം വാങ്ങിയുള്ള പൊതു പ്രവർത്തനമല്ല നടത്തുന്നതെന്നും അശ്വതി ഉറപ്പിച്ചു പറയുന്നു. അധികാര വർഗ്ഗത്തിനെതിരെ പറഞ്ഞതിന്റെ പേരിൽ തന്നെ ജയിലിലടയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്, സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയുടെ വാക്കുകളാണിത്. ഇത് സത്യമാണെന്ന് തിരുവനന്തപുരത്തെ പൊന്നറ സ്‌കൂളിന് മുമ്പിൽ പോയാൽ മനസ്സിലാകും. അവിടെ അശ്വതിയുടെ അമ്മ വിജയകുമാരി തട്ടുകട നടത്തുന്നത് ഇന്നും കാണാം.

തിരുവനന്തപുരം നഗരത്തിലെ തെരുവോരങ്ങളിൽ അലയുന്നവർക്ക് വർഷങ്ങളായി പൊതിച്ചോർ എത്തിക്കുന്ന പെൺകുട്ടിയാണ് അശ്വതി. ഈ അശ്വതിയാണ് ഇപ്പോൾ വിവാദങ്ങളിലേക്ക് പറിച്ചു നടപ്പെടുന്ന അശ്വതി ജ്വാല. അമ്മ കൊണ്ടുവരുന്ന ചോറും കാത്തിരുന്ന് പട്ടിണികൊണ്ട് വലഞ്ഞ ബാല്യം പിന്നിട്ട ആ ഓർമ്മകളിൽ നിന്നാണ് ഇന്നത്തെ തെരുവിൽ പിറന്നവരുടെ അത്താണിയായ അശ്വതിയുടെ ജനനം. മെഡിക്കൽ റെപ്പ് ജോലിയും എൽ.എൽ.ബി പഠനവും ഒരുമിച്ച് കൊണ്ടു പോയ കാലത്ത് തുടങ്ങിയതാണ് അശ്വതിയുടെ ഈ ദൗത്യം.

വീട്ടിൽ അമ്മ ഉണ്ടാക്കുന്ന ഉച്ചഭക്ഷണം പൊതിഞ്ഞ് തെരുവിലേക്കിറങ്ങി ആദ്യം കണ്ട 20 പേർക്ക് നൽകിയപ്പോൾ കിട്ടിയ മനഃനിർവൃതി മറ്റൊരിടത്തുനിന്നും കിട്ടിയിട്ടില്ലെന്ന് അശ്വതി പറയുന്നു. പിന്നെപ്പിന്നെ ചോറു പൊതികളുടെ എണ്ണം കൂടുകയായിരുന്നു. ഇപ്പോഴത് നൂറിലെത്തി നിൽക്കുന്നു. സ്വന്തമായി തുടങ്ങിയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പിന്നീട് ജ്വാലയെന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. 25 പേർക്കായി പൊതിച്ചോറിനൊപ്പം സ്നേഹവും വിളമ്പുന്ന അശ്വതി സന്നദ്ധ പ്രവർത്തനങ്ങൾക്കായാണ് ഈ സംഘടന തുടങ്ങിയത്.

തെരുവോരങ്ങളിൽ അലഞ്ഞും അസുഖത്താൽ വലഞ്ഞും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന മനുഷ്യർക്കിടയിലേക്ക് സ്നേഹസ്പർശവുമായി എത്തുന്ന അശ്വതിക്ക് വേദനിപ്പിക്കുന്നനുഭവങ്ങൾ ഒട്ടേറെയുണ്ട്. സമൂഹത്തിന്റെ അവഗണനയ്ക്കു പുറമേ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് ഏറെ വേദനിപ്പിക്കുന്നതെന്ന് അശ്വതി പറയുന്നു.

2015ൽ സംസ്ഥാന സർക്കാരിന്റെ യൂത്ത് ഐക്കൺ പുരസ്‌കാരം നേടിയ അശ്വതി സാമൂഹികസേവന രംഗത്തെത്തിയിട്ടു പതിറ്റാണ്ടു കഴിഞ്ഞു. വീട്ടുജോലി ചെയ്യുന്ന അമ്മയുടെ തുച്ഛ വരുമാനത്തിലാണ് അശ്വതിയും വർക്ഷോപ്പ് നടത്തുന്ന ജ്യേഷ്ഠൻ രാജേഷും മെഡിക്കൽ റെപ്രസന്റേറ്റീവായ അനുജത്തി രേവതിയും പഠിച്ചത്. ജനറൽ ആശുപത്രിയിൽ നിർധന രോഗികൾക്കു ശനിയാഴ്ച ഭക്ഷണം കൊടുക്കുന്ന കാര്യമറിഞ്ഞ് പൊതിച്ചോറുമായി അതിൽ പങ്കുചേരാൻ അശ്വതിയെത്തി. പക്ഷേ, അധികൃതർ അതു നൽകാൻ അനുവദിച്ചില്ല. അപ്പോഴാണ് തെരുവിൽ അലയുന്നവരുടെ അടുത്തേക്കു പൊതിച്ചോറുമായി അശ്വതിയെത്തുന്നത്. അതാണ് ജ്വാല ഫൗണ്ടേഷനായി മാറിയത്.

ലിഗയുടെ അന്വേഷണത്തിന് പലപ്പോഴും സ്വന്തം കൈയിൽ നിന്നുള്ള പണമെടുത്താണു ചെലവാക്കിയത്. കേസിനെ നിയമപരമായി നേരിടും. ആൻഡ്രൂസിന്റെയും ഇലീസിന്റെയും ഹൃദയവേദനയിൽ പങ്കു ചേർന്നാണ് അവർക്കൊപ്പം തിരച്ചിലിനിറങ്ങിയത്. പലപ്പോഴും രാത്രി പന്ത്രണ്ടു മണിവരെ തിരച്ചിൽ നീളും. കാറിന്റെ പെട്രോളും ഭക്ഷണവും പോലും തങ്ങളുടെ പോക്കറ്റിൽ നിന്നാണു ചെലവാക്കിയത്. ഇത്തരത്തിലാണെങ്കിൽ നാളെ ഒരു സ്ത്രീയെ ഇതുപോലെ ഒറ്റപ്പെട്ടു കാണാതായാൽ ആരും അന്വേഷണത്തിന് ഇറങ്ങുമെന്നു തോന്നുന്നില്ല. കേസിനോടൊപ്പം ഇലീസ നിൽക്കുന്ന കാലത്തോളം അവർക്കൊപ്പം നിലയുറപ്പിക്കുമെന്ന് അശ്വതി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP