Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു മണിക്കൂറോളം ചർച്ച ചെയ്തിട്ടും തീരുമാനമായില്ല; കൊളീജിയം യോഗത്തിൽ ഭിന്നതയെന്ന് സൂചന; കൂടുതൽ ചർച്ച നടത്താൻ ധാരണ; ജസ്റ്റിസ് കെ.എം.ജോസഫിന്റെ സുപ്രീംകോടതിയിലേക്കുള്ള നിയമന ഉത്തരവിൽ തീരുമാനം നീട്ടി വച്ചു

ഒരു മണിക്കൂറോളം ചർച്ച ചെയ്തിട്ടും തീരുമാനമായില്ല; കൊളീജിയം യോഗത്തിൽ ഭിന്നതയെന്ന് സൂചന; കൂടുതൽ ചർച്ച നടത്താൻ ധാരണ; ജസ്റ്റിസ് കെ.എം.ജോസഫിന്റെ സുപ്രീംകോടതിയിലേക്കുള്ള നിയമന ഉത്തരവിൽ തീരുമാനം നീട്ടി വച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതിയിലേക്ക് നിയമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കൊളീജിയം പിരിഞ്ഞു. കെ.എം.ജോസഫിന്റെ നിയമനഃശുപാർശ പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ശുപാർശ കൊളീജീയം ചർച്ച ചെയ്തു.തീരുമാനമെടുക്കാതെ കൊളീജിയം പിരിഞ്ഞതിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. കൊളീജിയത്തിന്റെ നിയമനഃശുപാർശ കേന്ദ്രം മടക്കിയയച്ചാൽ അതേ ശുപാർശ വീണ്ടും കേന്ദ്രത്തിന് നൽകണമെങ്കിൽ കൊളീജിയത്തിലെ അംഗങ്ങളെല്ലാം ഏകകണ്ഠമായി അതിനെ അനുകൂലിക്കേണ്ടതുണ്ട്. എന്നാൽ,കൊളീജിയത്തിലെ അഞ്ച് അംഗങ്ങളും തമ്മിൽ ധാരണയിലെത്താഞ്ഞതിനാലാണോ ഇന്ന് തീരുമാനമെടുക്കാൻ കഴിയാഞ്ഞതെന്ന് വ്യക്തമല്ല.

കെ.എം.ജോസഫിന്റെ നിയമനക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് കൊളീജിയം ചർച്ച ചെയ്തു എന്നും തീരുമാനം എടുക്കുന്നത് നീട്ടിവച്ചു എന്നുമാണ് സുപ്രീം കോടതി വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാൻ,കൊൽക്കത്ത,ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളിലെ ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് ഉയർത്തുന്ന കാര്യവും കൊളീജീയം ചർച്ച ചെയ്തു.

കെ.എം.ജോസഫിന്റെ നിയമനം തള്ളിക്കൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് സുപ്രീം കോടതിക്ക് അയച്ച വിശദീകരണത്തിലായിരുന്നു നാല് ഹൈക്കോടതികൾക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയത്. കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയിൽ പ്രാതിനിധ്യമുണ്ടെന്നും അതിനാൽ വീണ്ടും ഒരാളെക്കൂടി നിയമിക്കേണ്ടതില്ലായെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം കേന്ദ്രസർക്കാരിനോട് വീണ്ടും ശുപാർശ ചെയ്യുമെന്ന സൂചനകളാണ് ലഭിച്ചിരുന്നത്. എന്നാൽ, തീരുമാനമെടുക്കാതെ പിരിഞ്ഞതോടെ ഇക്കാര്യം അനിശ്ചിത്വത്തിലായി.കെ.എം.ജോസഫിന്റെ നിയമനത്തെച്ചൊല്ലി കേന്ദ്രസർക്കാരുമായി കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. സുപ്രീംകോടതിയുടെ നിലനിൽപ്പിന്റെയും അധികാരത്തിന്റെയും വിഷയമാണെന്നാണ് ജഡ്ജിമാർക്കിടയിലെ പൊതുവികാരം. അതിനാൽ ശുപാർശ വീണ്ടും അയക്കുമെന്നു തന്നെയാണ് സൂചനകൾ. എന്തുകൊണ്ട് ജോസഫിനെ നിയമിക്കണമെന്നത് വസ്തുതകളും കീഴ്‌വഴക്കവും ചൂണ്ടിക്കാട്ടി കൊളീജിയം കേന്ദ്രത്തെ അറിയിക്കും. രാജ്യത്തെ മികച്ച ജഡ്ജിമാരിലൊരാളായ കെ.എം.ജോസഫിനെ തന്നെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ജോസഫിന്റെ നിയമനം അംഗീകരിക്കുന്നതുവരെ പുതിയ നിയമനഃശുപാർശകൾ അയക്കേണ്ടതില്ലെന്നും തീരുമാനിച്ചേക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, മുതിർന്ന ജഡ്ജിമാരായ ജെ.ചെലമേശ്വർ, രഞ്ജൻ ഗൊഗൊയ്, മദൻ ബി.ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരടങ്ങുന്നതാണ് സുപ്രീംകോടതി കൊളീജിയം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ഏകകണ്ഠമായാണ് കഴിഞ്ഞ ജനുവരി പത്തിന് കൊളീജിയം തീരുമാനമെടുത്തത്. എന്നാൽ, സീനിയോറിറ്റി അടക്കം കാരണങ്ങൾ പറഞ്ഞ് ശുപാർശ കേന്ദ്രസർക്കാർ മടക്കി. ജോസഫിനൊപ്പം ശുപാർശ ചെയ്ത ഇന്ദുമൽഹോത്രയുടെ നിയമനം മാത്രം കേന്ദ്രസർക്കാർ അംഗീകരിച്ചു. ഈ നടപടി ജുഡീഷ്യറിക്ക് നേരേയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് പ്രതിപക്ഷവും മുതിർന്ന അഭിഭാഷകരും ഉൾപ്പെടെ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചർച്ചയാകുകയും ചെയ്തു. ഇതിന് പുറമെ ദീപക് മിശ്രയുമായി മുതിർന്ന ജഡ്ജിമാർക്ക് ഉള്ള അഭിപ്രായ ഭിന്നതകളുടെ സൂചനകളും പുറത്തുവന്നിരുന്നു.

കേന്ദ്രസർക്കാരിന്റെ നടപടി ജുഡീഷ്യറിക്ക് നേരേയുള്ള കടന്നുകയറ്റമാണെന്ന അഭിപ്രായം മുതിർന്ന ജഡ്ജിമാർ ഉന്നയിക്കുമെങ്കിലും ചീഫ് ജസ്റ്റിസ് എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തുകൊണ്ട് ജോസഫിനെ നിയമിക്കണമെന്നത് വസ്തുതകളും കീഴ്‌വഴക്കവും ചൂണ്ടിക്കാട്ടി കേന്ദ്രത്തെ കൊളീജിയം അറിയിക്കും. ഇതാദ്യമായല്ല ജോസഫിനെതിരെ കേന്ദ്രം നിലപാടെടുത്തത് എന്നതും ഇതിനകം ചർച്ചയായിട്ടുണ്ട്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കെ.എം.ജോസഫിനെ ആന്ധ്ര, തെലങ്കാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള ശുപാർശ മുമ്പ് കേന്ദ്രം അംഗീകരിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP