Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ സർവീസിൽ പ്രാതിനിധ്യത്തിന്റെ കുറവിന്റെ കാരണം പിന്നാക്കവസ്ഥയാണ്; അതിന് കാരണം ജാതി വിവേചനമാണ്, റേസിസമാണ് എന്നു തുടങ്ങിയ ഒറ്റമൂലി വാദങ്ങൾ അശാസ്ത്രീയവും യുക്തിഹീനവും: എന്തുകൊണ്ടാണ് താൻ സംവരണത്തെ എതിർക്കുന്നതെന്ന് വ്യക്തമാക്കി യുക്തിവാദി നേതാവ് സി രവിചന്ദ്രൻ: മറുനാടന് നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം

സർക്കാർ സർവീസിൽ പ്രാതിനിധ്യത്തിന്റെ കുറവിന്റെ കാരണം പിന്നാക്കവസ്ഥയാണ്; അതിന് കാരണം ജാതി വിവേചനമാണ്, റേസിസമാണ് എന്നു തുടങ്ങിയ ഒറ്റമൂലി വാദങ്ങൾ അശാസ്ത്രീയവും യുക്തിഹീനവും: എന്തുകൊണ്ടാണ് താൻ സംവരണത്തെ എതിർക്കുന്നതെന്ന് വ്യക്തമാക്കി യുക്തിവാദി നേതാവ് സി രവിചന്ദ്രൻ: മറുനാടന് നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം

സജീവൻ അന്തിക്കാട്

തിരുവനന്തപുരം: യുക്തിവാദികൾ സംവരണം ആവശ്യപ്പെടരുത് എന്ന ചർച്ച തുടങ്ങിവെച്ചത് യുക്തിവാദി നേതാവ് സി രവിചന്ദ്രനാണ്. അദ്ദേഹത്തിന്റെ നിലപാടിനെതിരെ നിരവധി യുക്തിവാദികൾ തന്നെ രംഗത്തെത്തുകയുണ്ടായി. എന്നാൽ ആരൊക്കെ നിലപാട് മാറ്റിയിട്ടും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രവിചന്ദ്രൻ ചെയ്തത്. അദ്ദേഹവുമായി സജീവൻ അന്തിക്കാട് നടത്തിയ അഭിമുഖത്തിൽ വിശദാമായി തന്നെ എന്തുകൊണ്ട് താൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്ന് രവിചന്ദ്രൻ വ്യക്തമാക്കുകയുണ്ടായി. മറുനാടനിൽ പ്രസിദ്ദീകരിച്ച ആദ്യ അഭിമുഖത്തിന്റെ തുടർച്ചയാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അഭിമുഖത്തിലേക്ക്..

എന്തുകൊണ്ടാണ് ഞാൻ സംവരണത്തെ എതിർക്കുന്നത്? യുക്തിവാദി നേതാവ് സി രവിചന്ദ്രൻ മറുനാടനോട് നയം വ്യക്തമാക്കുന്നു

  • സജീവൻ അന്തിക്കാട് : 'സംവരണം പട്ടിണി മാറ്റാനല്ല ' എന്ന വാചകം സംവരണചർച്ചകളിൽ സ്ഥിരമായി കാണാറുണ്ട്. സംവരണമെന്നാൽ 'അവർണ്ണരുടെ അധികാരസ്ഥാനങ്ങളിലെ പ്രാതിനിധ്യം ' എന്ന മുദ്രാവാക്യം മുഴച്ചു നിൽക്കാറുമുണ്ട് ? എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്?

രവിചന്ദ്രൻ സി: SC-ST ക്ക് സംവരണം നൽകുന്നത് മതിയായ പ്രാതിനിധ്യം (adequate representation) ഉറപ്പുവരുത്താനാണെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. എന്നാൽ SC-ST യിൽ ഉൾപ്പെട്ട ഒരു ജാതിയുടെയും പ്രാതിനിധ്യക്കണക്ക് എടുത്തിട്ടല്ല സംവരണം കൊടുത്തു തുടങ്ങിയത്. അവർ സർക്കാർ സർവീസിൽ കുറവാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായതുകൊണ്ടാണെന്ന് കാരണം പറയാം.  എന്നാൽ 1980 ൽ OBC കളെ തീരുമാനിക്കാനുള്ള മാനദണ്ഡങ്ങളിൽ പ്രാതിനിധ്യം(represenatation) ഒരു മാനദണ്ഡ(criterion)മായിരുന്നില്ല.

  • സാമൂഹികം-വിദ്യാഭ്യാസപരം-സാമ്പത്തികം എന്നീ മൂന്ന് വിഭാഗങ്ങളിലെ പിന്നാക്കവസ്ഥയാണ് ആയിരക്കണക്കിന് വരുന്ന OBC കളെ നിർണ്ണയിക്കാൻ മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത്. ഇവയിലെങ്ങും പ്രാതിനിധ്യം എന്നൊരു വാക്കില്ല. മതിയായ പ്രാതിനിധ്യമാണ് സംവരണത്തിന് വേണ്ടി പരിഗണിക്കുന്നതെങ്കിൽ OBC യിൽ പെടുന്ന ജാതികളുടെ കണക്കെടുത്ത് പ്രാതിനിധ്യം കുറഞ്ഞവർക്ക് കൊടുക്കുകയല്ലേ വേണ്ടൂ?

സംവരണത്തിനായി പിന്നോക്ക ജാതികളെ നിശ്ചയിക്കുന്നതിൽ പ്രാതിനിധ്യം ഒരു മാനദണ്ഡമായിട്ട് വരുന്നില്ല. ചുരുക്കത്തിൽ.

1) ഇന്ത്യയിൽ ഒരു പിന്നോക്ക സമുദായ ജാതിയേയും സംവരണപട്ടികയിൽ ചേർത്തത് പ്രാതിനിധ്യം പരിഗണിച്ചല്ല
2) നിലനിറുത്തുന്നത് പ്രാതിനിധ്യം പരിഗണിച്ചല്ല.
3) തുടരാൻ അനുവദിക്കുന്നതും പ്രാതിനിധ്യം പരിഗണിച്ചല്ല......
4) ഇന്ത്യാചരിത്രത്തിൽ ഒരു ജാതിക്കും പ്രാതിനിധ്യം കുറവായതുകൊണ്ട് മാത്രം സംവരണം കിട്ടിയിട്ടില്ല
5) ഒരു ജാതിക്കും പ്രാതിനിധ്യം കിട്ടിയതുകൊണ്ട് സംവരണപട്ടികയിൽ നിന്ന് പുറത്തുപോകേണ്ടി വന്നിട്ടില്ല.
അപ്പോൾപ്പിന്നെ എന്താണ് സംവരണത്തിലെ മാരീചമുദ്രാവാക്യമായ പ്രാതിനിധ്യത്തിന്റെ അർത്ഥം? Too happy to correct, if contrary evidence comes .

  • സാമൂഹികം, സാമ്പത്തികം ,വിദ്യാഭ്യാസം എന്നിവയിലെ പിന്നോക്കാവസ്ഥയാണ് മാനദണ്ഡമെങ്കിൽ ജനസംഖ്യാകണക്കെടുക്കുന്ന സമയം ഇതിലേതെങ്കിലുമൊന്നിൽ മുന്നോക്കമായാൽ സംവരണം നഷ്ടപ്പെടില്ലേ. ഇനി അതൊന്നുമല്ല പ്രാതിനിധ്യമാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നതെങ്കിലും കണക്കെടുകയല്ലേ വേണ്ടത് ? കണക്കെടുത്താൽ ആർക്കാണ് കുറവ് , കൂടുതൽ എന്നൊക്കെ അറിയാമല്ലോ?

 കണക്കെടുത്തിട്ടില്ല, കണക്കെടുക്കുന്നില്ല...കണക്കെടുക്കാനും സാധ്യതയില്ല എന്നു പറയുമ്പോൾ കണക്ക് കാണിക്കൂ എന്ന് എന്നോട് ചിലർ പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല; പ്രാതിനിധ്യം എന്നത് കണക്ക് കൊണ്ട് വിശദീകരിക്കാവുന്ന കാര്യമാണ്. പക്ഷെ എന്തുകൊണ്ട് വ്യത്യസ്തജാതികൾക്ക് സംവരണം കൊടുക്കുന്നതിനായി ഇന്ത്യയിൽ കണക്കെടുക്കുന്നില്ല എന്നതാണ് ചോദ്യം.

  • പിന്നോക്കാവസ്ഥ എന്നത് പ്രാതിനിധ്യത്തിന്റെ ആവശ്യകതയെ അല്ലെ സൂചിപ്പിക്കുന്നത്? ഒരു ഗ്രൂപ്പ് ആളുകൾ വിദ്യാഭ്യാസത്തിൽ പിന്നോക്കമാണ് എന്നതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത്? അവരുടെ പഠനത്തിലുള്ള കഴിവില്ലായ്മയാണോ അതോ പഠനത്തിനുള്ള സാഹചര്യമില്ലായ്മയാണോ? ഒരു ഗ്രൂപ്പ് ആളുകൾ സാമ്പത്തികമായി പിന്നോക്കമാണ് എന്നത് എന്താണ് സൂചിപ്പിക്കുന്നത്? അവർക്കു പണി എടുക്കാൻ മടിയായതു കൊണ്ട് പണമില്ലാത്ത അവസ്ഥയിലെത്തിയതാണ് എന്നാണോ?

പ്രാതിനിധ്യകുറവിന്റെ കാരണം പിന്നാക്കവസ്ഥയാണ്; പിന്നോക്കാവസ്ഥയുടെ കാരണം ജാതിവിവേചനമാണ്. ഇതൊന്നുമല്ലെങ്കിൽ റേസിസമാണ് എന്നിങ്ങനെയുള്ള ഒറ്റമൂലി വാദങ്ങൾ അശാസ്ത്രീയവും യുക്തിഹീനവുമാണ്. അവയൊക്കെ Contributing factors ആവാം. പക്ഷെ ജാതിവിവേചനം The one and only causative factor ആയി വിശകലനം ചെയ്യുന്നത് കഥയില്ലായ്മയാണ്. പലപ്പോഴും അത് മറ്റ് പല കാര്യങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു.

ഉദാഹരണമായി മതവിശ്വാസം വലിയൊരു ഘടകമാണ്. എന്തുകൊണ്ടാണ് കടംകൊടുപ്പ് -ബാങ്കിങ് മേഖലയിൽ കുറച്ചു മുസ്ലീങ്ങൾ മാത്രം ജോലിയെടുക്കാനും നിക്ഷേപിക്കാനും തയ്യാറാകുന്നത്? അവർക്കെതിരെ വിവേചനം ഉണ്ടായിട്ടാണോ? അതോ മതസാഹിത്യം അനുസരിച്ച് പ്രവാചകൻ ജീവിച്ച രീതിയിൽ ( പ്രവാചകചര്യ ) ജീവിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണോ?

കേരളത്തിലെ സർക്കാർ സർവീസ്, ബിസിനസ്സ്, സ്വകാര്യമേഖല, കൈതൊഴിൽമേഖല, കൃഷി, മത്സ്യബന്ധനം, ആരോഗ്യരംഗം, ഭക്ഷണനിർമ്മാണം, സാഹിത്യം, സിനിമ... തുടങ്ങിയ വിവിധ മേഖലകൾ എടുത്താൽ വ്യത്യസ്ത വിഭാഗങ്ങൾക്ക് മുൻതൂക്കം ഉണ്ടെന്ന് കാണാം. പക്ഷെ അതൊന്നും ജാതിവിവേചനം എന്ന ഒറ്റ അക്കൗണ്ടിൽപെടുത്താവുന്ന കാര്യമല്ല. അല്ലെന്നു എല്ലാവർക്കും അറിയുകയും ചെയ്യാം. കേരളത്തിലെ ജാതിവിഭാഗങ്ങളെ എടുത്താൽ നായന്മാരുടെ ഇരട്ടി മുസ്ലീങ്ങളുണ്ട്. സൈനികസേവനത്തിലുള്ള നായന്മാരുടെയും മുസ്ലീങ്ങളുടെയും എണ്ണവും താരതമ്യപ്പെടുത്തി പരിശോധിക്കുക. സംഗതി സർക്കാർ ജോലിയാണെന്ന് മറക്കരുത്.

സമാനമായി, വ്യാപാര-വാണിജ്യരംഗത്തുള്ള മുസ്ലീങ്ങളുടെ എണ്ണം അതേ രംഗത്തുള്ള നായന്മാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുക. ഇരുകൂട്ടർക്കും മേൽസൂചിപ്പിച്ച രണ്ട് മേഖലകളിലും പ്രവർത്തിക്കാൻ തടസ്സമോ വിവേചനാന്തരീക്ഷമോ നിലവിലില്ല. ''ജാതിവിവേചനം സർവരോഗഹേതു'' എന്ന ജാതിവാദി സിദ്ധാന്തം പ്രചരിക്കുന്നവരുടെ കാഴ്ചയിൽ ഇതൊന്നും വരില്ല .

  • ഒരു ജാതിയിലെ ഒരു വ്യക്തിക്ക് പ്രാതിനിധ്യം കിട്ടിയാൽ ആ ജാതിയിലെ മറ്റുള്ള വ്യക്തികൾക്ക് വല്ല ഗുണവുമുണ്ടാകുമോ എന്ന ചോദ്യം സ്ഥിരമായി കാണാറുണ്ട്.
    ഒരു സമുദായത്തിൽ നിന്നു ഒരു വ്യക്തി അധികാര സ്ഥാനത്തു വരുമ്പോൾ, സമൂഹത്തിന്റെ താഴെക്കിടയിൽ കിടക്കുന്ന അവന്റെ സമുദായത്തിന്റെ പ്രശ്‌നങ്ങൾ അവന് എളുപ്പം മനസ്സിലാകും ; അതു മൂലം ആ സമുദായം മെച്ചപ്പെടും .... ഇങ്ങിനെയുള്ള ഉത്തരങ്ങളും സുലഭമാണ്. സത്യത്തിൽ എന്താണ് സംഭവം. ?

വ്യക്തിക്ക് കിട്ടുമ്പോൾ സമുദായം ഒന്നാകെ പൂത്തുലയുന്നു എന്ന വിചിത്രവാദം മുന്നോട്ടുവെക്കുന്ന വ്യക്തിവാദികളെക്കുറിച്ച് അഭിമാനമുണ്ട്. തിരുവനന്തപുരത്തെ ഒരു മല അരയാ ജാതിക്കാരന് നിയമനം ലഭിക്കുമ്പോൾ അയാളെ ഒരിക്കലും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത വയനാട്ടിലെ ആദിവാസിക്ക് രോമാഞ്ചവും അഭിവൃദ്ധിയും ഉണ്ടാകും എന്നാണ് സിദ്ധാന്തം! ജാതിക്കുള്ളിലെ കാര്യം മാത്രമല്ല ജാതിക്കൂമ്പാരത്തിലും ഇത് ശരിയാണ്. ഉദാഹരണമായി SC വിഭാഗത്തെ എടുക്കാം. മൊത്തം 53 ജാതികളുണ്ട് ഈ പട്ടികയിൽ. ഇവയിൽ ഏത് ജാതിക്ക് തൊഴിൽ കിട്ടിയാലും 53 ജാതികളും ഒരുപോലെ പൂത്തുലയും,പൂത്തുലയണം. ഇനി പുറത്തുനിന്നു ഒരു ജാതി SC പട്ടികയിലക്ക് വരുന്നുവെന്നിരിക്കട്ടെ (അങ്ങനെ ധാരാളം വന്നിട്ടുണ്ടല്ലോ), അപ്പോൾ ആ വരുത്തൻ ജാതിക്ക് കിട്ടിയാലും ജാതിക്കൂമ്പൂരം മുഴുവൻ സന്തോഷിക്കും... എത്ര മനോഹരമായ സങ്കൽപ്പം!

ഒരു മത വാദി മുസ്ലിം സ്ത്രീകൾക്ക് നൽകിയ ഉപദേശമാണ് കുറച്ചു നാൾ മുമ്പ് കേട്ട മറ്റൊരു കാര്യം. മുസ്ലിം സ്ത്രീകൾ കഴിവതും മുസ്ലിം സ്ത്രീകളായ ഗൈനക്കോളജിസ്റ്റുകളെ തന്നെ കാണണം. അതിന് സാധിച്ചില്ലെങ്കിൽ ഏതെങ്കിലും സ്ത്രീകളെ, അതും സാധ്യമല്ലെങ്കിൽ മുസ്ലീങ്ങളായ പുരുഷ ഗൈനക്കോളജിസ്റ്റുകളെ... . മുസ്ലിംസ്ത്രീകളാകുമ്പോൾ രോഗിയുടെ പ്രശ്നം മനസ്സിലാക്കാൻ എളുപ്പമാണ്, സഹാനുഭൂതി കൂടും, ഉപേക്ഷ ഉണ്ടാവില്ല'' ഇത്തരം മതം തിരിച്ചുള്ള വാദങ്ങൾക്കും അപ്പുറത്തായി. 'സ്ത്രീകൾക്ക് മാത്രമേ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാകൂ അതുകൊണ്ടുതന്നെ സ്ത്രീ എഴുതാത്ത സ്ത്രീസാഹിത്യമെല്ലാം വ്യാജമാണ് ' എന്ന സൂപ്പർ വാദങ്ങളുമുണ്ട്.

സ്വന്തം ജാതിയിൽപെട്ടവരെ കാണുമ്പോൾ മാത്രം ഒരു ഉദ്യോഗസ്ഥന് പ്രത്യേക മമതയും ഉത്തരവാദിത്വബോധവും സഹാനുഭൂതിയും ഉണ്ടാകുന്നുവെങ്കിൽ അവിടെ കാര്യമായ പ്രശ്നമുണ്ട്. 'മമതയോ രാഗമോ ദ്വേഷമോ കൂടാതെ പ്രവർത്തിക്കാം' എന്നാണല്ലോ ഭരണാധികാരികളും നിയമനിർമ്മിക്കുന്നവരും ജോലിക്ക് കയറുമ്പോൾ ശപഥം ചെയ്യുന്നത്. ദളിതർക്കുള്ള പ്രോജക്റ്റുകളിൽ ദളിത് ഓഫീസർമാരാകുമ്പോൾ ക്രമക്കേട് കാണിക്കില്ല എന്നൊക്കെ വാദിക്കുന്നവരുണ്ട്. അങ്ങിനെയാണെങ്കിൽ പ്രോജക്റ്റിലെ ലൂപ്ഹോളുകളും സ്വസമുദായത്തിന്റെ സാഹചര്യങ്ങളും നന്നായി മനസ്സിലാക്കുന്നവർ കൂടുതൽ അഴിമതി നടത്തുമെന്നും ചിന്തിക്കാമല്ലോ!

ഏതെങ്കിലും ജാതിയിൽ പെട്ടവരെ റിക്രൂട്ട് ചെയ്താൽ അയാൾ സ്വന്തം ജാതിയോട് കൂടുതൽ മമത കാണിച്ചുകൊള്ളും എന്ന് സങ്കൽപ്പിച്ചാണ് ജാതിസംവരണം കൊണ്ടുവന്നതെന്ന് അതിന്റെ വിമർശകർ പോലും പറയാറില്ല. ഉത്തരേന്ത്യയിലെ ചില പൊലീസ് സ്റ്റേഷനുകളിൽ ദളിത് സബ് ഇൻസ്പെക്ടർമാർ വന്നതിന് ശേഷം തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന പരിഗണനപോലും കിട്ടുന്നില്ലെന്ന് ദളിതർ പരാതിപ്പെടുന്നതായി വാർത്ത വായിച്ചതോർക്കുന്നു. അന്യമതസ്ഥരെ തൃപ്തിപെടുത്തുന്നതിന്റെ ഭാഗമായി ദളിത് ഓഫീസർമാർ 'ഓവറാക്കി ചളമാക്കുന്നു'വെന്നായിരുന്നു പരാതി. സംവരണം കിട്ടുന്ന സമുദായാംഗങ്ങളുടെ ഏറ്റവും വലിയ പരാതി തന്നെ സമുദായാംഗമായതിനാൽ നേട്ടം ലഭിച്ചവർ സ്വന്തം സമുദായത്തെ മറന്ന് മേൽതട്ട് സമ്പർക്കത്തിനായി (upward social mobility) കൂടുതൽ ശ്രമിക്കുന്നു എന്നതാണ്.

സ്വന്തം ഗോത്രം എതിർ ഗോത്രത്തിലെ സ്ത്രീകളെ കൂട്ട മാനഭംഗത്തിന് വിധേയമാകുമ്പോൾ വൈകാരിക ഉന്നതി ലഭിക്കുന്ന ഗോത്രങ്ങളെ കുറിച്ചുള്ള കഥകൾ പാക്കിസ്ഥാനിൽ നിന്ന് ((പാക്കിസ്ഥാനിൽ മാത്രമല്ല)വരാറുണ്ട്. മാനഭംഗത്തിന് വിധേയമാകുന്ന ഗോത്രത്തിന് ഒന്നടങ്കം അപമാനവും ദുഃഖവും അനുഭവപ്പെടാറുണ്ട്. ഇതാണോ ജാതിസംവരണത്തിലും പ്രവർത്തിക്കുന്ന തത്വം?  അപ്പോൾ ചോദ്യമിതാണ് ; സ്വന്തം സമുദായത്തിനോ ജാതിക്കൂമ്പാരത്തിനോ നേട്ടമുണ്ടാകുമ്പോൾ വ്യക്തി എന്തിനാണ് ഇത്രമാത്രം സന്തോഷിക്കുന്നത്? മറ്റുള്ളവരെ തഴഞ്ഞ് തനിക്ക് വേണ്ടി അയാൾ പ്രവർത്തിക്കുമെന്നാണോ? തനിക്ക് വേണ്ടി പക്ഷപാതവും അഴിമതിയും കാണിക്കുമെന്നാണോ? അങ്ങനെയെങ്കിൽ ആ സങ്കൽപ്പത്തിൽ തന്നെ കാതലായ ചില ക്രമപ്രശ്നങ്ങൾ ഉൾച്ചേർക്കപ്പെട്ടിട്ടില്ലേ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP