Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോട്ട് പെട്ടിയിൽ വീഴും മുമ്പ് പെട്രോൾ അടിച്ചാൽ പണം കുറച്ചു ലാഭിക്കാം..! കർണാടക വോട്ട് കഴിഞ്ഞാൽ ഇന്ധന വില വീണ്ടും കുതിച്ചുയരും; ലിറ്ററിന് രണ്ടു രൂപവരെ വർധിക്കുമെന്ന് ആശങ്ക; രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ വർദ്ധനവിന്റെ മറവിൽ വീണ്ടും കൊള്ളയടിക്ക് അവസരം ഒരുങ്ങുന്നു

വോട്ട് പെട്ടിയിൽ വീഴും മുമ്പ് പെട്രോൾ അടിച്ചാൽ പണം കുറച്ചു ലാഭിക്കാം..! കർണാടക വോട്ട് കഴിഞ്ഞാൽ ഇന്ധന വില വീണ്ടും കുതിച്ചുയരും; ലിറ്ററിന് രണ്ടു രൂപവരെ വർധിക്കുമെന്ന് ആശങ്ക; രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ വർദ്ധനവിന്റെ മറവിൽ വീണ്ടും കൊള്ളയടിക്ക് അവസരം ഒരുങ്ങുന്നു

ന്യൂഡൽഹി: ഇന്ന് വൈകുന്നേരത്തിന് മുമ്പ് പെട്രോൾ അടിച്ചാൽ പോക്കറ്റിൽ പണം ലാഭിക്കും. കർണാടക വോട്ടെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില വീണ്ടും കുതിച്ചുയരാനുള്ള സാധ്യത വളരെ കൂടുതലാണ്. എണ്ണവില ഉയരുമെന്ന ആശങ്കയിൽ തന്നെ ഇന്ന് പെട്രോൾ പമ്പുകളിൽ വലിയ തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്. ലിറ്ററിന് രണ്ട് രൂപവരെ പെട്രോളിനും ഡീസലിനും ഉയരുമെന്നാണ് ആശങ്ക. ഏപ്രിൽ 24നു ശേഷം ഇന്ധനവിലയിൽ മാറ്റമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെയാണ് ഈ വിലവർദ്ധനവിനെ കുറിച്ച് ആശങ്കയുള്ളത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ത്യയിൽ വില വർദ്ധനവിന് ഇടയാക്കും. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഒരു ഡോളർ ഉയരുമ്പോൾ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 40 പൈസ വീതമാണ് എണ്ണക്കമ്പനികൾ വില ഉയർത്തുന്നത്. ഏപ്രിൽ 24 നു ശേഷം രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ഡോളറോളം ഉയർന്നിട്ടുണ്ട്. ഇതാണ് രണ്ടു രൂപ വില വർധന പ്രതീക്ഷിക്കാനുള്ള കാരണം.

അവസാന വിലനിർണയം നടന്ന 24ന് ബാരലിന് 74.01 ഡോളറായിരുന്നു അസംസ്‌കൃത എണ്ണവില. അന്ന് പെട്രോളിന് 13 പൈസയും ഡീസലിന് 18 പൈസയുമാണ് വർധിപ്പിച്ചത്. കർണാടക തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യം കാരണമാകാം പിന്നീട് വില പുനർ നിർണയം ഉണ്ടായിട്ടില്ല. ഏപ്രിൽ 25ന് അസംസ്‌കൃത എണ്ണവില 73.07 ഡോളറായി കുറഞ്ഞെങ്കിലും വിലയിൽ മാറ്റം വരുത്താൻ എണ്ണ വിതരണ കമ്പനികൾ തയാറായില്ല. ഇതിനു ശേഷം ക്രൂഡ് വില പടിപടിയായി ഉയരുകയായിരുന്നു. ഇന്നലെ 77.29 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡിന്റെ രാജ്യാന്തര വില. ബ്രെന്റ് ക്രൂഡിന് ബാരലിന് ഒരു ഡോളർ വിലയുയർന്നാൽ ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ കറന്റ് അക്കൗണ്ട് നഷ്ടം ആകെ 100 കോടി ഡോളർ വരുമെന്നാണ് കണക്ക്.

ഇത്തരത്തിൽ തുടരെ മൂന്നാഴ്ചയിലെ വരുമാന നഷ്ടവും ഓഹരി വിലയിടിവുമൊക്കെ പരിഗണിച്ചാകും എണ്ണക്കമ്പനികളുടെ അടുത്ത വിലനിർണയം എന്നാണ് കരുതപ്പെടുന്നത്. ലീറ്ററിന് 3.14 രൂപ മാർജിൻ ലഭിച്ചിരുന്ന കമ്പനികൾക്ക് ഇപ്പോൾ കിട്ടുന്നത് 1.8 രൂപയാണ്.

നേരത്തെ ന്യൂഡൽഹി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും എണ്ണവില ഇങ്ങനെ പിടിച്ചു നിർത്തിയിരുന്നു. എന്നാൽ വോട്ടെടുപ്പിനു ശേഷം വില കാര്യമായി ഉയർത്താൻ കമ്പനികൾക്ക് കഴിഞ്ഞു. ഇത്തവണയും വില പിടിച്ചു നിർത്താൻ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു എന്ന ആരോപണം പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാൻ നിഷേധിച്ചിട്ടുണ്ട്. പക്ഷേ, രാജ്യാന്തര വില ഉയരുമ്പോഴും ആഭ്യന്തര വില പുനർ നിർണയിക്കാതെ മൂന്നാഴ്ച എണ്ണക്കമ്പനികൾ നഷ്ടം സഹിച്ചെങ്കിൽ അവയ്ക്കുമേൽ ശക്തമായ രാഷ്ട്രീയ സമ്മർദം ഉണ്ടായി എന്നുറപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP