Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിയാകാനുള്ള രാഹുലിന്റെ മോഹം ഉടനെങ്ങും നടക്കില്ലെന്ന് സൂചന നൽകിയ തെരഞ്ഞെടുപ്പ് ഫലം; യുപിയിലും എംപിയിലും ഉപതെരഞ്ഞെടുപ്പിലുണ്ടായ നേട്ടത്തിന്റെ ശോഭ തളർത്തിയ പരാജയം; പ്രതിപക്ഷ ഐക്യം നിലനിർത്താൻ രാഹുൽ ഗാന്ധി ഇനി ഒരുപാട് വില കൊടുക്കേണ്ടി വരും; ആത്മവിശ്വാസത്തോടെ ഇനി ബിജെപിക്ക് പൊതുതെരഞ്ഞെടുപ്പിനെ നേരിടാം

പ്രധാനമന്ത്രിയാകാനുള്ള രാഹുലിന്റെ മോഹം ഉടനെങ്ങും നടക്കില്ലെന്ന് സൂചന നൽകിയ തെരഞ്ഞെടുപ്പ് ഫലം; യുപിയിലും എംപിയിലും ഉപതെരഞ്ഞെടുപ്പിലുണ്ടായ നേട്ടത്തിന്റെ ശോഭ തളർത്തിയ പരാജയം; പ്രതിപക്ഷ ഐക്യം നിലനിർത്താൻ രാഹുൽ ഗാന്ധി ഇനി ഒരുപാട് വില കൊടുക്കേണ്ടി വരും; ആത്മവിശ്വാസത്തോടെ ഇനി ബിജെപിക്ക് പൊതുതെരഞ്ഞെടുപ്പിനെ നേരിടാം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ താൻ പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയ തെരഞ്ഞെടുപ്പായിരുന്നു കർണ്ണാടകയിലേത്. 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി താൻ തന്നെയാണെന്നും രാഹുൽ പറഞ്ഞു. അത്രയേറെ ആത്മവിശ്വാസവുമായാണ് കർണ്ണാടകയിൽ ബിജെപിക്കെതിരെ പോരിന് രാഹുൽ എത്തിയത്. സിദ്ദരാമയ്യരുടെ തന്ത്രങ്ങളിലായിരുന്നു പ്രതീക്ഷ. യുപിയിലും രാജസ്ഥാനിലും നേടിയ ഉപതെരഞ്ഞെടുപ്പ് വിജയമായിരുന്നു എല്ലാത്തിനും ആധാരം. അന്ധ്രയിൽ ചന്ദ്രബാബു നായിഡു എൻഡിഎ വിട്ടുവന്നതും പ്രതീക്ഷകളെ ഇരട്ടിപ്പിച്ചു. ശിവസേന പോലും മോദിയെ ഏകാധിപതിയെന്ന് വിളിച്ചതും കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടി. ഇതെല്ലാം കർണ്ണാടകയിൽ തകർന്നടിഞ്ഞു. പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്ന് ഇനി രാഹുലിന് പറയാനാകില്ല.

പ്രതിപക്ഷ ഐക്യത്തിൽ കോൺഗ്രസിന് വലിയൊരു സ്ഥാനം ഇനിയുണ്ടാകില്ല. മമതാ ബാനർജിയുടെ നേതൃത്വത്തിൽ മറ്റൊരു കൂട്ടായ്മ ഉയർന്നു വരുന്നുണ്ട്. പ്രതിപക്ഷ ഐക്യനിരയിലൂടെ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് ഇനി മമതയോട് കൂട്ട് കൂടേണ്ടി വരും. സിപിഎമ്മിനെ പോലുള്ളവർക്ക് മമതയുമായി അടുക്കാൻ പ്രശ്‌നങ്ങളുമുണ്ട്. അങ്ങനെ വിശാല ഐക്യത്തിലേക്ക് പാർട്ടികളെ എത്തിക്കാൻ കർണ്ണാടക തെരഞ്ഞെടുപ്പോടെ ഏറെ പ്രയാസങ്ങൾ ഉണ്ടാവുകയാണ്. കർണ്ണാടകയിൽ ബിജെപി തോറ്റിരുന്നുവെങ്കിൽ അത് രാഹുലിന്റെ മികവായി വാഴ്‌ത്തുമായിരുന്നു. ഈ ഒറ്റ വിജയം ഉയർത്തി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനായിരുന്നു രാഹുലിന്റെ ശ്രമം. ഇതിനായി തന്ത്രപരമായ ഇടപെടലും നടത്തി. ഇതെല്ലാം പൊളിഞ്ഞുവെന്നതിന് തെളിവാണ് കർണ്ണാടകയിലെ ഫലം.

ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. അതിൽ കോൺഗ്രസിന് മുൻതൂക്കം എന്ന് വരുത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. ലിംഗായത്തുകൾ കൂട്ടത്തോടെ ബിജെപിയെ കൈവിടുമെന്നായിരുന്നു പ്രതീക്ഷ. ന്യൂനപക്ഷ വോട്ടുകളിലും അമിത പ്രതീക്ഷ വച്ചു. പക്ഷേ എല്ലാം അനുകൂലമാക്കിയത് ബിജെപിയായിരുന്നു. ചിട്ടയായ സംഘടനാ പ്രവർത്തനമായിരുന്നു ഇതിന് കാരണം. കോൺഗ്രസ് മാധ്യമങ്ങളിലൂടെ ആവേശമുയർത്തിയപ്പോൾ ബിജെപി അടിത്തട്ടിൽ പ്രവർത്തിച്ചു. പണമൊഴുക്കാനുള്ള കോൺഗ്രസ് നീക്കത്തെ ഐടി വകുപ്പിനെ ഉപയോഗിച്ച് തടഞ്ഞു. സ്ഥിരമായ റെയ്ഡുകൾ അതിന്റെ ഭാഗമായിരുന്നു. ഗുജറാത്തിൽ ബിജെപിയെ പ്രതിസന്ധിയിലാക്കിയത് കർണ്ണാടകയിലെ കോൺഗ്രസ് നേതാക്കളായിരുന്നു. ഇത് മനസ്സിൽ വച്ച് അമിത് ഷാ തന്ത്രങ്ങളൊരുക്കി. ഇതോടെ വിജയം ബിജെപിക്കൊപ്പമായി.

വാചകമടിക്ക് മാത്രമേ രാഹുലിന് കഴിയൂവെന്ന് വരുത്തുകയാണ് ബിജെപി ഇവിടെ. നോർത്ത് ഈസ്റ്റിൽ കോൺഗ്രസിന് വേണ്ട രീതിയിൽ പ്രചരണം പോലും നടത്താനാകാതെ തളർത്താൻ അമിത് ഷായ്ക്ക് ആയിരുന്നു. മറ്റൊരു തന്ത്രമാണ് കർണ്ണാടകയിൽ അമിത് ഷാ പ്രയോഗിച്ചത്. ആദ്യ ഘട്ടത്തിൽ ബിജെപി ഏറെ പിന്നിലാണെന്ന് വരുത്തി തീർത്തു. ഇതോടെ അമിത ആത്മവിശ്വാസത്തിൽ രാഹുലും കോൺഗ്രസും എത്തി. ഇത് അവർക്ക് തന്നെ വിനയായി മാറുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിലെ ബർക്കേലി സർവകലാശാലയിൽ വിദ്യാർത്ഥികളോട് സംവദിക്കവേയാണ് രാഹുൽ പ്രധാനമന്ത്രി പദത്തിലേറാൻ പൂർണ സമ്മതമെന്ന് അറിയിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്.

ഇതിനെ പ്രധാനമന്ത്രി മോദി തന്നെ വിമർശിച്ചിരുന്നു. ഇതിനെ രാഹുലും കടന്നാക്രമിച്ചു. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രാഹുൽ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. എയർപ്ലെയ്ൻ മോദിലിടുന്ന മൊബൈൽ ഫോൺപോലെയാണ് മോദിയെന്ന് രാഹുൽ പരിഹസിച്ചു. രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായേയും ബി.എസ്.യദ്യൂരപ്പയേയും കടന്നാക്രമിക്കാനും രാഹുൽ മറന്നില്ല. അഴിമതിക്കേസിൽപ്പെട്ടയാളെ മാത്രമ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ കിട്ടിയുള്ളോ എന്നു ചോദിച്ച കോൺഗ്രസ് അധ്യക്ഷൻ കർണാടകത്തിലെ ബിജെപിയുടെ പ്രചരണം നയിക്കുന്നതുകൊലക്കുറ്റം സംബന്ധിച്ച് ആരോപണം നേരിടുന്ന അമിത് ഷായാണെന്നത് പരിതാപകരമാമെന്നും കൂട്ടിച്ചേർത്തു. അങ്ങനെ വ്യക്തികളെ കടന്നാക്രമിച്ച് രാഹുൽ പുതിയ തലത്തിലേക്ക് മാറി. ഇതൊന്നും ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നില്ലെന്നാണ് കർണ്ണാടക ഫലം നൽകുന്ന സൂചന.

ഇത് കോൺഗ്രസിനേയും ബാധിക്കും. രാഹുലിനെ വച്ച് മുന്നോട്ട് പോയാൽ കോൺഗ്രസ് തകരുമെന്ന വാദം വീണ്ടും സജീവമാകും. എല്ലാ സംസ്ഥാനത്തും ഇഷ്ടക്കാരെ നിയോഗിക്കാനാണ് രാഹുലിന്റെ പദ്ധതി. ഇതെല്ലാം ചോദ്യം ചെയ്യാൻ ഇനി നേതാക്കളുണ്ടാകും. കേരളത്തിലടക്കം ഗ്രൂപ്പുകളെ മറന്ന് തീരുമാനമെടുക്കാൻ രാഹുലിന് ഇനി കഴിയില്ല. എല്ലാ നേതാക്കളുമായി എല്ലാം ചർച്ച ചെയ്യേണ്ടി വരും. ഇതിനൊപ്പം പ്രിയങ്കാ ഗന്ധിക്ക് വേണ്ടി വാദിക്കുന്നവർക്കും അവസരമാണ് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ്. സോണിയാ ഗാന്ധി രോഗത്തെ തുടർന്ന് സജീവ രാഷ്ട്രീയം വിട്ടാൽ പ്രിയങ്ക വേണമെന്ന് അക്കൂട്ടർ നിർബന്ധം പിടിക്കും. ഇതും രാഹുലിന്റെ മോഹങ്ങൾക്ക് തിരിച്ചടിയാകും.

ഇനി ഏത് നിമിഷവും ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാം. അടുത്ത മെയ്‌ വരെ മോദിക്ക് ഭരിക്കാൻ കഴിയും. എന്നാൽ രാജസ്ഥാനിലും ചത്തീസ് ഗഡിലും മധ്യപ്രദേശിലും ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കും. ഇവിടെ എല്ലാം ബിജെപി ഭരണമാണ്. ഭരണ വിരുദ്ധ വികാരം രാജസ്ഥാനിൽ ശക്തമാണ്. ഈ സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പൊരു തോൽവി മോദിയും അമിത് ഷായും ആഗ്രഹിക്കുന്നില്ല. കർണ്ണാടക ജയിച്ച ആത്മവിശ്വാസവുമായി അവർ വീണ്ടും ജനവിധിക്ക് തുനിഞ്ഞേക്കും. അങ്ങനെയെങ്കിൽ ഈ വർഷം തന്നെ ലോക്‌സഭയിലേക്കും പോര് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP