Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ മൂന്നാമതായിരുന്ന ശ്രീധരൻ പിള്ളയെ കർണ്ണാടക തെരഞ്ഞെടുപ്പ് രക്ഷിക്കുമോ? മോദി തരംഗത്തിന് ഒരു ക്ഷീണവും ഇല്ലെന്ന തിരിച്ചറിവ് വിജയകുമാറിലേക്ക് തിരിഞ്ഞ ഹിന്ദു വോട്ടുകൾ തിരികെ പിടിക്കാൻ കാരണമായേക്കും; അകലം പാലിച്ചു നിൽക്കുന്ന നേതാക്കൾക്കും രംഗത്തിറങ്ങേണ്ടി വരും; ഇനി ചെങ്ങന്നൂരിന്റെ നിയന്ത്രണം അമിത് ഷാ നേരിട്ടേറ്റെടുക്കും

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ മൂന്നാമതായിരുന്ന ശ്രീധരൻ പിള്ളയെ കർണ്ണാടക തെരഞ്ഞെടുപ്പ് രക്ഷിക്കുമോ? മോദി തരംഗത്തിന് ഒരു ക്ഷീണവും ഇല്ലെന്ന തിരിച്ചറിവ് വിജയകുമാറിലേക്ക് തിരിഞ്ഞ ഹിന്ദു വോട്ടുകൾ തിരികെ പിടിക്കാൻ കാരണമായേക്കും; അകലം പാലിച്ചു നിൽക്കുന്ന നേതാക്കൾക്കും രംഗത്തിറങ്ങേണ്ടി വരും; ഇനി ചെങ്ങന്നൂരിന്റെ നിയന്ത്രണം അമിത് ഷാ നേരിട്ടേറ്റെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ബിജെപിക്ക് കേരളത്തിലെ വാട്ടർ ലൂവാണ് ചെങ്ങന്നൂർ. രണ്ട് വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ 42,000 വോട്ട് നേടിയ മണ്ഡലം. മൂന്നാം സ്ഥാനത്താണ് എത്തിയതെങ്കിലും ഉപതെരഞ്ഞെടുപ്പിൽ ഒത്തുപിടിച്ചാൽ ജയിച്ച് കയറാം. ഈ മണ്ഡലത്തിലെ നായർ വോട്ടുകളാണ് ബിജെപിയുടെ സാധ്യതകൾക്ക് അടിസ്ഥാനം. ഇത് മനസ്സിലാക്കിയാണ് ഉപതെരഞ്ഞെടുപ്പിലും മുൻ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള തന്നെ സ്ഥാനാർത്ഥിയായി എത്തിയത്. ബിജെപി ലക്ഷ്യമിടുന്ന ഹൈന്ദവ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ സമർത്ഥമായ നീക്കം കോൺഗ്രസും നടത്തി. അയ്യപ്പ സേവാ സംഘം നേതാവ് വിജയകുമാർ സ്ഥാനാർത്ഥിയായതോടെ ബിജെപിയുടെ പ്രതീക്ഷകൾ ചുരുങ്ങി. ബിജെപി ക്യാമ്പിൽ ആവേശം കെട്ടു. ഇതിന് പുതു ജീവൻ നൽകുന്നതാണ് കർണ്ണാടകയിലെ ബിജെപിയുടെ വിജയം.

ഇന്ത്യ മോദിക്ക് പിന്നിലാണെന്ന ചർച്ച ചെങ്ങന്നൂരിൽ ഇനി ബിജെപി സജീവമാകും. മോദി തരംഗം ചെങ്ങന്നൂരിലും വീശിയടിക്കുമെന്ന പ്രചരണത്തിന് പുതു തലം നൽകാൻ പ്രവർത്തനങ്ങൾ ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ട് വിലയിരുത്തുകയും ചെയ്യും. ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സാധാരണ പ്രധാനമന്ത്രി മോദിയും അമിത് ഷായും പങ്കെടുക്കാറില്ല. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പ്രചരണം കൊഴുപ്പിക്കാൻ അമിത് ഷാ പ്രചരണത്തിന്റെ അവസാന നാളുകളിൽ ചെങ്ങന്നൂരിൽ എത്താൻ സാധ്യത ഏറെയാണ്. കടുത്ത ഗ്രൂപ്പിസത്തിന്റെ പിടിയിലാണ് കേരളത്തിലെ ബിജെപി. അതുകൊണ്ട് തന്നെ പല നേതാക്കളും ചെങ്ങന്നൂരിൽ സജീവമല്ല. ഇനി അത് നടക്കില്ല. എല്ലാ നേതാക്കൾക്കും ചെങ്ങന്നൂരിൽ നിറയേണ്ടി വരും. ബിഡിജെഎസിനെ അനുകൂലമാക്കാനും തന്ത്രങ്ങൾ ഒരുക്കും. ഏത് വിധേനയും ചെങ്ങന്നൂരിൽ ജയം ഉറപ്പാക്കാൻ അമിത് ഷാ എത്തുമ്പോൾ ശ്രീധരൻ പിള്ളയ്ക്ക് വീണ്ടും സാധ്യത കൂടും. ജനതാദള്ളുമായി ചേർന്ന് അധികാരം നിലനിർത്താൻ കോൺഗ്രസിനായാലും കർണ്ണാടക ഫലം രാഹുലിനും പിന്നണിയിൽ പ്രവർത്തിച്ചവർക്കും വലിയ തിരിച്ചടിയാണ്.

പ്രചരണം വിലയിരുത്തുമ്പോൾ സിപിഎമ്മിനാണ് ചെങ്ങന്നൂരിൽ മേൽകൈ. വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കോൺഗ്രസ് ഉണ്ടാക്കിയ മേൽകൈയാണ് കർണ്ണാടക തകർക്കുന്നത്. കേരളത്തിലെ ഭരണ സംവിധാനം എൽഡിഎഫിന്റെ കൈയിലാണ്. ഇടതുപക്ഷത്തിന്റെ കേഡർ ശൈലി. ഇതെല്ലാം എൽഡിഎഫിനു തുണയാകും. കഴിഞ്ഞ തവണ ആറു ശതമാനം വോട്ടിൽ നിന്നു 29 ശതമാനത്തിലെത്തി കഴിവുകാട്ടിയ ബിജെപി കൂടുതൽ വീര്യത്തോടെ ആഞ്ഞടിക്കും. ഇതോടെ വിജയകുമാറിനെ പിന്തുണച്ച ഹൈന്ദവ രാഷ്ട്രീയം ബിജെപി പക്ഷത്തേക്ക് വഴിമാറുമെന്നാണ് വിലയിരുത്തൽ. നിലവിൽ ബിഡിജെഎസ് ബിജെപിയുമായി സഹകരിക്കുന്നില്ല. ഇത് പിള്ളയുടെ പ്രതീക്ഷകളെ ബാധിച്ചിട്ടുണ്ട്. കർണ്ണാടകയിലെ വിജയത്തോടെ തുഷാർ വെള്ളാപ്പള്ളി വീണ്ടും എൻഡിഎ പക്ഷത്ത് സജീവമാകുമെന്ന പ്രതീക്ഷയും പിള്ളയ്ക്കുണ്ട്.

കർണ്ണാടക ഫലം ചെങ്ങന്നൂരിൽ പ്രതിഫലിക്കും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കർണ്ണാടകയിൽ അട്ടിമറി വിജയം ഉണ്ടായാൽ അതിന്റെ പ്രകമ്പനം 13 ദിവസം കഴിഞ്ഞു നടക്കുന്ന ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് ബിജെപി കരുതുന്നത്. ചെങ്ങന്നൂരിനെ സ്വാധീനിക്കാനുള്ള ശേഷി കർണ്ണാടക തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങൾക്കുണ്ടാവില്ലെന്ന് തന്നെയാണ് ഇടതുപക്ഷം കരുതുന്നത്. കോൺഗ്രസിലേയും ബിജെപിയുടേയും ദേശീയ നേതാക്കൾ ചെങ്ങന്നൂരിലേയ്ക്ക് വരുംദിവസങ്ങളിൽ എത്തും. അഭിമാന പോരാട്ട വേദിയായാണ് ബിജെപി ഇത്തവണ ചെങ്ങന്നൂരിനെ കാണുന്നത്. എൻഡിഎ സ്ഥാനാർത്ഥി ശ്രീധരൻപിള്ള 2016 -ൽ 42,683 വോട്ടുകൾ സ്വന്തമാക്കി. അതായത് 29.36 %. 2011-ൽ ബിജെപിക്ക് വെറും 4.84% സമ്മതിദായകരുടെ പിന്തുണ നേടാനേ കഴിഞ്ഞിരുന്നുള്ളൂ.

എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനും യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറും എൻഡിഎ സ്ഥാനാർത്ഥി പി എസ് ശ്രീധരൻപിള്ളയും പ്രചരണവുമായി രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. പ്രചാരണം അമിത് ഷാ നേരിട്ടെത്തി നിയന്ത്രിക്കും എന്നായിരുന്നു ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ. മുരളീധര പക്ഷം ഇപ്പോഴും ചെങ്ങന്നൂരിൽ സജീവമല്ല. കെ സുരേന്ദ്രൻ ഇതുവരെ കർണ്ണാടക തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു. വിജയ പ്രതീക്ഷ സജീവമായതിനാൽ മുരളീധരനോട് ചെങ്ങന്നൂരിൽ സജീവമാകാൻ ബിജെപി ദേശീയ നേതൃത്വം നേരിട്ട് ആവശ്യപ്പെടും. സുരേന്ദ്രനും ശ്രീധരൻ പിള്ളയ്ക്ക് വേണ്ടി വോട്ട് തേടിയെത്തും. ഇതോടെ എല്ലാ വിഭാഗത്തേയും അണിനിരത്താനാകുമെന്നാണ് പിള്ളയുടെ പ്രതീക്ഷ. അതിശക്തമായ ത്രികോണപോര് നടക്കുന്നതിനാൽ അടിയൊഴുക്കുകളാകും ചെങ്ങന്നൂരിൽ വിജയം നിശ്ചയിക്കുക. ഇവിടെയാണ് കർണ്ണാടകയുടെ പ്രസക്തി.

ത്രിപുരയിലെ ബിജെപി വിജയം ഏറെ ചർച്ചയായത് കേരളത്തിലാണ്. എന്നാൽ യുപിയിലും രാജസ്ഥാനിലും ഉപതെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തോൽവികൾ ബിജെപിയെ വീണ്ടും പിറകോട്ടടിച്ചു. മോദി പ്രഭാവം മങ്ങിയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രിസന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി അധികാരം പിടിച്ചെടുക്കുമെന്ന് പോലും പ്രചരണം സജീവമായി. കർണ്ണാടകയിൽ കോൺഗ്രസിന് അടിതെറ്റിയതോടെ എല്ലാം മാറി മറിഞ്ഞു. മോദി പ്രഭാവം ദക്ഷിണേന്ത്യയിലും അടിയടിക്കുമെന്ന് ബിജെപിക്ക് തെളിയിക്കാനായി. ഉത്തരേന്ത്യയും മധ്യേന്ത്യയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും പിന്നിട്ട് ബിജെപി കാറ്റ് തെന്നിന്ത്യയിലേക്ക് എത്തുമ്പോൾ അത് ചെങ്ങന്നൂരിനേയും സ്വാധീനിക്കുമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രതീക്ഷ.

കർണാടകവും കൂടി കൈവിട്ടതോടെ മോദിയുടെ പ്രസ്താവന പോലെ പഞ്ചാബ്, പുതുച്ചേരി പരിവാർ പാർട്ടിയായി കോൺഗ്രസ് ചുരുങ്ങി. മോദിക്കെതിരെ ഗുജറാത്തിൽ അങ്കം കുറിച്ച് കരുത്ത് കാട്ടിയ രാഹുലിനും കർണാടകത്തിലെ തോൽവി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കർണാടകത്തിലെ ആറ് മേഖലകളിൽ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി. ഈ ഒരു സാഹചര്യത്തിലാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരായ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം പിള്ളയ്ക്ക് അനുകൂലമാകുമെന്ന് ബിജെപി വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP