Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈവത്തിന്റെ സ്വന്തം നാടിനെ തൊഴിലാളി സൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന തൊഴിൽ നയത്തിന് അംഗീകാരം; നിയമസഭാ സമ്മേളനം ജൂൺ നാലുമുതൽ; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

ദൈവത്തിന്റെ സ്വന്തം നാടിനെ തൊഴിലാളി സൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന തൊഴിൽ നയത്തിന് അംഗീകാരം; നിയമസഭാ സമ്മേളനം ജൂൺ നാലുമുതൽ; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കേരളത്തെ തൊഴിലാളി സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന പുതിയ തൊഴിൽനയം മന്ത്രിസഭ അംഗീകരിച്ചു.
തൊഴിൽമേഖലകളിലെ അനാരോഗ്യപ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നയം വ്യക്തമാക്കുന്നു. തൊഴിൽ തർക്കങ്ങൾ പരമാവധി ഒഴിവാക്കുന്നതിന് നല്ല തൊഴിലാളി-തൊഴിലുടമ ബന്ധം ഉറപ്പാക്കും. ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഗാർഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബർ ബാങ്ക് രൂപീകരിക്കും. ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങുന്ന പ്രവണത അവസാനിപ്പിക്കും. മിന്നൽ പണിമുടക്കുകൾ നിരുൽസാഹപ്പെടുത്തും. കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ തൊഴിൽ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇടപെടും. സ്ത്രീ തൊഴിലാളികൾക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തും. ഇവയാണ് നയത്തിലെ പ്രധാന നിർദ്ദേശങ്ങൾ.

സ്പോർട്സ് നിയമത്തിൽ ഭേദഗതി

കേരളാ സ്റ്റേറ്റ് സ്പോർട്സ് ആക്ട് (2000) ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പത്തുവർഷത്തിൽ കൂടുതൽ സ്ഥാനം വഹിക്കാൻ കഴിയില്ല. 70 വയസ്സ് പൂർത്തിയാകുന്നവർക്ക് സ്പോർട്സ് കൗൺസിലിൽ അംഗമായി തുടരാൻ പാടില്ല. സ്പോർട്സ് കൗൺസിലിന്റെ രൂപീകരണവും പ്രവർത്തനവും കൂടുതൽ ജനാധിപത്യപരമാക്കാൻ ഉദ്ദേശിച്ചാണ് ഭേദഗതി കൊണ്ടുവരുന്നത്.

സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരായ ആക്രമണങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾ, രജിസ്റ്റർ ചെയ്ത സാമൂഹ്യസംഘടനകൾ എന്നിവയുടെ ഓഫീസുകൾക്കും മറ്റ് വസ്തുവകകൾക്കും നാശം വരുത്തുന്നതിനുമുള്ള ശിക്ഷ കൂടുതൽ കർക്കശമാക്കുന്നതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലും ക്രിമിനൽ നടപടിച്ചട്ടത്തിലും ഭേദഗതി കൊണ്ടുവരാനുള്ള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ വൈരാഗ്യപൂർവ്വം ആക്രമണം നടത്തിയെന്നു തെളിഞ്ഞാൽ മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് ഭേദഗതി നിർദ്ദേശങ്ങളിൽ ഒന്ന്. മാരകമായ പരിക്കുകൾ ഏൽപ്പിച്ചുവെന്ന് തെളിഞ്ഞാൽ പത്തുവർഷംവരെ തടവ് ശിക്ഷ ലഭിക്കും. രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധസംഘടനകളുടെയും വസ്തുവകകൾ നശിപ്പിച്ചാൽ അഞ്ചുവർഷംവരെ തടവ് ശിക്ഷ ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കിയാലും അഞ്ചുവർഷവരെ തടവ് ശിക്ഷ ലഭിക്കും. എല്ലാ കേസുകളിലും പിഴ ഈടാക്കാനും കരട് ബില്ലിൽ വ്യവസ്ഥയുണ്ട്.

ധനകാര്യകമ്മീഷൻ

പതിനഞ്ചാം ധനകാര്യ കമ്മീഷന് സമർപ്പിക്കാൻ തയ്യാറാക്കിയ നിവേദനത്തിലെ നിർദ്ദേശങ്ങളും ശുപാർശകളും മന്ത്രിസഭ അംഗീകരിച്ചു. കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിലെ പല നിർദ്ദേശങ്ങളും സംസ്ഥാനത്തിന് ആശങ്ക ഉളവാക്കുന്നതാണ്. നികുതി വിഭജനം 2011-ലെ സെൻസസ് അടിസ്ഥാനമാക്കി നടത്തണമെന്ന നിർദ്ദേശം കേരളത്തിന് ദോഷകരമാണ്. അതിനാൽ 1971-ലെ സെൻസസ് പ്രകാരം നികുതി വിഭജനം നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. 14-ാം ധനകാര്യകമ്മീഷൻ കേരളത്തിന് ശുപാർശ ചെയ്ത നികുതി വിഹിതത്തിൽ കുറവ് വരാത്ത രീതിയിൽ നികുതി വിഭജന മാനദണ്ഡം സ്വീകരിക്കേണ്ടതാണ്. റവന്യൂ കമ്മി നികത്തുന്നതിന് ഗ്രാന്റ് നൽകുന്നതിനുള്ള വ്യവസ്ഥ പുനഃപരിശോധിക്കാനുള്ള നിർദ്ദേശം നടപ്പായാൽ സംസ്ഥാനത്തിന്റെ മൂലധനവികസന ചെലവുകൾ വെട്ടിച്ചുരുക്കേണ്ടി വരും. അതിനാൽ ആ നിർദ്ദേശം പിൻവലിക്കണം.

സംസ്ഥാനങ്ങൾക്ക് വിഭജിച്ചുനൽകുന്ന കേന്ദ്രനികുതി വിഹിതം 42 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെടും. ധനക്കമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനമായി നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ധനക്കമ്മി ജി.എസ്.ഡി.പിയുടെ 1.7 ശതമാനമായി നിജപ്പെടുത്താനുള്ള ശുപാർശ കേരളത്തിന് ദോഷം ചെയ്യും. അതിനാൽ നിലവിലുള്ള നിയമത്തിൽ ഒരു മാറ്റവും വരുത്തരുത്.

തീരസംരക്ഷണം, റബ്ബർ കർഷകർക്ക് ആശ്വാസം, വനസംരക്ഷണം, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനുള്ള പദ്ധതികൾ, നൈപുണ്യവികസനം എന്നിവയ്ക്ക് പ്രത്യേക ഗ്രാന്റ് നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടും.

ലൈഫ് മിഷൻ: 4000 കോടി രൂപ വായ്പയെടുക്കാൻ അനുമതി

ലൈഫ് മിഷന്റെ ഭാഗമായി നടപ്പാക്കുന്ന സമ്പൂർണ്ണ ഭവന പദ്ധതിക്കു വേണ്ടി ഹഡ്‌കോയിൽ നിന്ന് 4000 കോടി രൂപ വായ്പയെടുക്കാൻ മന്ത്രിസഭ അനുമതി നൽകി. കെ.യു.ആർ.ഡി.എഫ്.സി മുഖേനയാണ് വായ്പയെടുക്കുന്നത്.

ആരോഗ്യകുടുംബക്ഷേമ വകുപ്പ്

ആർദ്രം പദ്ധതിക്കുവേണ്ടി 17 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ 24 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി പൊലീസ് വകുപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദിവാസി ഉദ്യോഗാർത്ഥികളുടെ നൽകേണ്ട ബോണ്ടു തുകയും ജാമ്യവ്യവസ്ഥയും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള ചട്ടപ്രകാരം പൊലീസിൽ നിയമനം ലഭിക്കുന്ന പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾ 25000 രൂപയുടെ ബോണ്ടും രണ്ടു സർക്കാർ ഉദ്യോഗസ്ഥരുടെ ജാമ്യവും നൽകേണ്ടതുണ്ട്. ഈ വ്യവസ്ഥകൾക്ക് ആദിവാസി ഉദ്യോഗാർത്ഥികൾക്ക് പ്രയാസമുണ്ടാക്കുന്നു എന്നത് കണക്കിലെടുത്താണ് ഇളവ് നൽകാൻ തീരുമാനിച്ചത്.

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം

മാൻഹോളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഞ്ചുപേരുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കാൻ തീരുമാനിച്ചു. പൂക്കാട്ടുപറമ്പിൽ സുബ്രഹ്മണ്യൻ, കളപറമ്പ് കെ.കെ. വേണു (എറണാകുളം), നടക്കുമ്പുറത്ത് പി.വി. രാധ (ചേന്നമംഗലം), കങ്ങരപ്പടി പല്ലങ്ങാട്ടുമുകൾ അശോകൻ, തെക്കേത്തുറാവ് ദേശം ഷൺമുഖൻ (തൃശ്ശൂർ) എന്നിവരുടെ ആശ്രിതർക്കാണ് ധനസഹായം.

നിയമസഭ ജൂൺ 4 മുതൽ

നിയമസഭാസമ്മേളനം ജൂൺ 4 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP