Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യന്മാർക്കെതിരെ കെഎസ്ആർടിസി കേസുകൾ തോറ്റുകൊടുക്കുന്ന സ്ഥിതിയും മാറുന്നു; ദേശസാൽകൃത റൂട്ടുകളിൽ അനുവദനീയമായ ദൂരപരിധിക്ക് അപ്പുറത്ത് സ്വകാര്യ ബസ് സർവീസ് അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; പുതിയ റൂട്ടുകളുണ്ടാക്കി താൽക്കാലിക പെർമിറ്റ് അനുവദിക്കാനാവില്ലെന്നും ഉത്തരവ്

സ്വകാര്യന്മാർക്കെതിരെ കെഎസ്ആർടിസി കേസുകൾ തോറ്റുകൊടുക്കുന്ന സ്ഥിതിയും മാറുന്നു; ദേശസാൽകൃത റൂട്ടുകളിൽ അനുവദനീയമായ ദൂരപരിധിക്ക് അപ്പുറത്ത് സ്വകാര്യ ബസ് സർവീസ് അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; പുതിയ റൂട്ടുകളുണ്ടാക്കി താൽക്കാലിക പെർമിറ്റ് അനുവദിക്കാനാവില്ലെന്നും ഉത്തരവ്

ന്യൂഡൽഹി: സ്വകാര്യന്മാർക്കെതിരെ കെഎസ്ആർടിസിയുടെ കേസുകൾ പലപ്പോഴും തോറ്റുപോകുന്ന സ്ഥിതിയാണ് അടുത്തകാലംവരെ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനുള്ള അവസാനവട്ട ശ്രമത്തിലാണ് കേരള സർക്കാർ. ഇതിനായി ഐജി ടോമിൻ ജെ തച്ചങ്കരിയെ മേധാവിയാക്കി പുതിയ പരിഷ്‌കാരങ്ങൾ അനുദിനം നടപ്പാക്കുന്നു. ഇതിനിടയിൽ സർക്കാരിനും കോർപ്പറേഷനും ആശ്വാസമായി ഒരു കോടതിവിധിയും പുറത്തുവന്നു.

മുൻകാലങ്ങളിൽ സ്വകാര്യ ബസ്സുകാർ കെഎസ്ആർടിസിക്ക് എതിരെ നൽകപ്പെടുന്ന കേസുകളിൽ പലരും മനപ്പൂർവമായും അല്ലാതെയുമെല്ലാം ഭൂരിഭാഗവും തോറ്റുപോകുന്ന സ്ഥിതി നേരിട്ടിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും ഓരോ കാലത്തും ഇടയാക്കിയിരുന്നു. എന്നാൽ ഈ സ്ഥിതി മാറുകയാണ്ിപ്പോൾ. കെഎസ്ആർടിസി സർവീസ് നടത്തുന്ന ദേശസാൽകൃത റൂട്ടുകളിൽ അനുവദനീയ ദൂരപരിധിക്കപ്പുറം സ്വകാര്യ ബസ് സർവീസ് അനുവദിക്കാനാവില്ലെന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

അങ്കമാലി പെരുമ്പാവൂർ റൂട്ടിൽ സ്വകാര്യ ബസിന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അനുവദിച്ച താൽക്കാലിക പെർമിറ്റ് റദ്ദാക്കാനും ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു. ഇതോടെ സമാനമായ സ്ഥിതിയിൽ മുമ്പ് അനുവദിക്കപ്പെട്ട റൂട്ടുകൾ ഉണ്ടോയെന്ന് പരിശോധിക്കാനും അവയിലും നടപടിയെടുക്കാനും കെഎസ്ആർടിസിക്കും സർക്കാരിനും സാധ്യത തെളിയുകയുമാണ്.

സ്വകാര്യ ബസുടമകൾക്ക് അനുകൂലമായി സംസ്ഥാന ഗതാഗത അപ്പലേറ്റ് ട്രിബ്യൂണൽ (എസ്ടിഎടി) നൽകിയ ഉത്തരവും അതു ശരിവച്ച ഹൈക്കോടതി ഉത്തരവും ചോദ്യം ചെയ്ത് കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് വിധി. ബസ് റൂട്ടുകൾ സംബന്ധിച്ച് 2009 ജൂലൈ 14ന് സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്ത സ്‌കീം കോടതി ശരിവച്ചു. ദേശസാൽകൃതവും അല്ലാത്തതുമായ റൂട്ടുകൾ ബന്ധിപ്പിച്ച് പുതിയ റൂട്ടുകളുണ്ടാക്കി താൽക്കാലിക പെർമിറ്റ് അനുവദിക്കാനാവില്ലെന്നും താൽക്കാലിക പെർമിറ്റ് അനുവദിക്കാൻ ആർടിഎയ്ക്ക് അധികാരമുണ്ടെന്ന എസ്ടിഎടി നിലപാട് സർക്കാരിന്റെ സ്‌കീമിനെ അട്ടിമറിക്കുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

യാത്രക്കാർക്കുള്ള അസൗകര്യം കണക്കിലെടുത്തെന്ന പേരിൽ നിരോധിത റൂട്ടുകളിലോ അവയുടെ ഏതാനും ഭാഗങ്ങളിലോ സർവീസ് നടത്താനുള്ള സ്വകാര്യ ബസുകാരുടെ ശ്രമവും ഈയൊരു പദ്ധതിയെ അട്ടിമറിക്കുന്നതാണെന്നും കോടതി പറഞ്ഞു.

പെല്ലിശേരി-അങ്കമാലി പെരുമ്പാവൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസിനു താൽക്കാലിക പെർമിറ്റ് അനുവദിക്കാൻ പി.പി.ബേബിയെന്നയാൾ നൽകിയ അപേക്ഷ റീജനൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) തള്ളിയതോടെയാണ് കേസിലേക്ക് നീങ്ങിയ സംഭവങ്ങളുടെ തുടക്കം. . കോട്ടയം കോഴിക്കോട് ദേശസാൽകൃത റൂട്ടിലെ 13 കിലോമീറ്റർ ഉൾപ്പെടെ 28 കിലോമീറ്ററിനാണ് അപേക്ഷയെന്നും അത് അനുവദനീയ പരിധിയിൽ കൂടുതലാണെന്നും (അഞ്ചു കിലോമീറ്റർ അല്ലെങ്കിൽ മൊത്തം റൂട്ടിന്റെ അഞ്ചു ശതമാനം) വ്യക്തമാക്കിയായിരുന്നു ആർടിഎയുടെ നടപടി. ഇതിനെതിരെയുള്ള അപ്പീലാണ് എസ്ടിഎടി അനുവദിച്ചത്. അതു ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരെയാണ് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചതും ഇപ്പോൾ അനുകൂല വിധി നേടുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP