Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീടു വിട്ടിറങ്ങിയത് സിദ്ധനുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതിനെ തുടർന്നെന്ന് സൗദാബി; മനസിന് സമാധാനം കിട്ടുന്നതിനു വേണ്ടി തീർത്ഥാടന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറങ്ങുകയായിരുന്നെന്നും മൊഴി; യുവതിയും മക്കളും ബീമാപ്പള്ളിയിൽ താമസിച്ചിരുന്നത് സിദ്ധന്റെ അടുപ്പക്കാരന്റെ ഫ്‌ളാറ്റിൽ; കാണാതെ പോയവർ തിരിച്ചെത്തിയെങ്കിലും സിദ്ധനെ കുറിച്ചുള്ള ദുരൂഹത നീക്കാൻ അന്വേഷണം തുടരും

വീടു വിട്ടിറങ്ങിയത് സിദ്ധനുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതിനെ തുടർന്നെന്ന് സൗദാബി; മനസിന് സമാധാനം കിട്ടുന്നതിനു വേണ്ടി തീർത്ഥാടന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറങ്ങുകയായിരുന്നെന്നും മൊഴി; യുവതിയും മക്കളും ബീമാപ്പള്ളിയിൽ താമസിച്ചിരുന്നത് സിദ്ധന്റെ അടുപ്പക്കാരന്റെ ഫ്‌ളാറ്റിൽ; കാണാതെ പോയവർ തിരിച്ചെത്തിയെങ്കിലും സിദ്ധനെ കുറിച്ചുള്ള ദുരൂഹത നീക്കാൻ അന്വേഷണം തുടരും

എംപി റാഫി

മലപ്പുറം: സിദ്ധനുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതിൽ മനംനൊന്താണ് താൻ വീട് വിട്ടിറങ്ങിയതെന്ന് കരിപ്പൂരിൽ നിന്നും മൂന്നു പെൺമക്കളുമായി ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതി. തിരിച്ചെത്തിയ ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് സൗദാബി ഇക്കാര്യം പറഞ്ഞത്. സൗദാബിക്ക് അസുഖം വന്നപ്പോൾ വീട്ടിലെത്തി ചികിത്സിച്ചിരുന്നതും വെള്ളം മന്ത്രിച്ചു നൽകിയതുമെല്ലാം കൊണ്ടോട്ടി പുളിയംപറമ്പിലെ ഈ സിദ്ധനായിരുന്നു. തുടർന്ന് പല തവണ സിദ്ധൻ യുവതിയുടെ വീട്ടിൽ വന്നിരുന്നു. സിദ്ധനെ കാണാനായി യുവതി ചികിത്സാ കേന്ദ്രത്തിലേക്കും പോയിരുന്നു.

എന്നാൽ സിദ്ധനും സൗദാബിയും തമ്മിലുള്ള ഈ ബന്ധം ചില ബന്ധുക്കൾ സംസാര വിഷയമാക്കുകയും ഇതിനെ ചൊല്ലി പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ശേഷം സിദ്ധൻ സൗദാബിയുടെ വീട്ടിലേക്കുള്ള വരവ് നിർത്തി. എന്നാൽ ഇവർ തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന രീതിയിൽ സംസാരം പരന്നു. ഈ സാഹചര്യത്തിൽ താൻ മനസിന് സമാധാനം കിട്ടുന്നതിനു വേണ്ടി തീർത്ഥാടന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറങ്ങുകയായിരുന്നെന്ന് സൗദാബി പൊലീസിനോടു പറഞ്ഞു.

അതേസമയം സൗദാബിയും കുട്ടികളും സിദ്ധന്റെ അടുപ്പക്കാരനായ മറ്റൊരാളുടെ ബീമാപള്ളിക്കു സമീപത്തെ ഫ്ളാറ്റിലായിരുന്നു താമസിച്ചതെന്ന് കരിപ്പൂർ എസ്‌ഐ കെ.ബി ഹരികൃഷ്ണൻ മറുനാടൻ മലയാളിയോടു പറഞ്ഞു. നിലമ്പൂർ സ്വദേശിയായ ഇയാൾ തിരുവനന്തപുരം ബീമാപള്ളിയിലെ വീട്ടിലാണ് താമസം. ഇവിടെ ഐ.ടി സ്ഥാപനത്തിൽ ജോലിചെയ്യുകയാണിയാൾ. മുമ്പും ബീമാപള്ളിയിൽ വന്നപ്പോൾ താമസിച്ചിരുന്നത് ഇയാളുടെ ഫ്ളാറ്റിലായിരുന്നു. ഈ വ്യക്തിക്ക് കൊണ്ടോട്ടി പുളിയംപറമ്പിലെ സിദ്ധനുമായി അടുത്ത ബന്ധമാണുള്ളതെന്ന് പൊലീസ് കണ്ടെത്തി.

'എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാൻ ഖാജയുടെ ഹള്റത്തിലേക്ക് പോകുന്നു'. പടച്ചവനും റസൂലൂം ഖാജായും എന്നെ കൈവിടില്ല..' എന്നായിരുന്നു കത്തിൽ എഴുതിയിരിക്കുന്നത്. ഇത് പ്രകാരം പെൺകുട്ടികളുമായി വീട്ടമ്മ അജ്മീറിലോ മറ്റോ തീർത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി. ഇതോടെ എസ്ഐ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കരിപ്പൂർ പൊലീസ് അജ്മീറിൽ എത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അവിടെ സിസി ടിവി അടക്കം പരിശോധിച്ചിരുന്നു.

ഏർവാടിയിൽ പോയിരിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ അവിടെയും പൊലീസ് പരിശോധന നടത്തി. ഒടുവിൽ സൗദാബിയുടെ പരിചയക്കാരുടെയും മുമ്പ് താമസിച്ചവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇക്കൂട്ടത്തിൽ ബീമാപള്ളിയിൽ താമസിക്കുന്ന നിലമ്പൂർ സ്വദേശിയുടെ വിവരവുമുണ്ടായിരുന്നു. ഇയാൾ അന്വേഷണത്തിന് സഹകരിക്കാതായതോടെ പൊലീസിന് സംശയം തോന്നി. ഈ സാഹചര്യത്തിൽ ഇയാളുടെ നിലമ്പൂരിലുള്ള വീട്ടിലും ബീമാപള്ളിയിലുള്ള വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. റെയ്ഡ് വീണ്ടും ആവർത്തിച്ചതോടെ പുലിവാലാകുമെന്നായതോടെ ഇായാൾ ഫ്ളാറ്റിൽ താമസിച്ചിരുന്ന സൗദാബിയേയും മൂന്ന് കുട്ടികളേയും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് ട്രൈനിൽ കയറ്റി വിടുകയായിരുന്നു.

കോഴിക്കോട്ടെത്തിയ സൗദാബിയും മക്കളും സ്നേഹിതയിലെത്തി അഭയം തേടുകയായിരുന്നു ഇവർക്കായി അന്വേഷണം നടക്കുന്നത് മനസ്സിലാക്കിയ സ്നേഹിത പ്രവർത്തകർ നടക്കാവ് പൊലീസിൽ അറിയിച്ചു. നടക്കാവിലെത്തി കരിപ്പൂർ പൊലീസ് നാലുപേരെയും നാട്ടിലേക്ക് കൊണ്ടുവന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങൾ സമ്മതിച്ചത്. സൗദാബിയെയും മൂന്ന് പെൺകുട്ടികളെയും കോടതിയിൽ ഹാജരാക്കി. കോടതി തീരുമാനം ആരാഞ്ഞപ്പോൾ ഭർത്താവിനൊപ്പം പോകാനാണ് താൽപര്യമെന്ന് അറിയിച്ചു. ഭർത്താവ് സ്വീകരിക്കാനും തയ്യാറായിരുന്നു. അതേസമയം സിദ്ധനെയും ഒളിവിൽ പാർപ്പിച്ചയാളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്ന് എസ്‌ഐ അറിയിച്ചു.

ഏപ്രിൽ 30നാണ് മലപ്പുറം കൊണ്ടോട്ടി പള്ളിക്കലിൽ നിന്നും വീട്ടമ്മയെയും മക്കളെയും കാണാതായത്. പുളിയപറമ്പ് സ്വദേശി സൗദാബി , മക്കളായ ഷാസിയ(18), മുസ്‌കിന(6), ഹാനിയ(4) എന്നിവരെ കാണാതായെന്ന വിവരം ലഭിച്ചതോടെ പൊലീസ് വ്യാപകമായി അന്വേഷണം നടത്തി വരുന്നതിനിടെയായിരുന്നു നിലമ്പൂർ സ്വദേശിയുടെ ബീമാപള്ളിക്കു സമീപത്തെ ഫ്ളാറ്റിൽ കഴിയുകയായിരുന്ന യുവതിയും കുട്ടികളും തിരിച്ചെത്തിയത്. ഇവരെ കണ്ടെത്താൻ കഴിഞ്ഞതോടെ ആശങ്കയൊഴിഞ്ഞെങ്കിലും സംഭവത്തിനു പിന്നിലെ ദുരൂഹതയുടെ ചുരുളഴിക്കാനാണ് പൊലീസിന്റെ തീരുമാനം.

പ്ലസുവിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഷാസിയ. സൗദാബിയുടെ ഭർത്താവ് മുഹമ്മദ് ബഷീർ ദ്വീർഘകാലമായി ഗൾഫിൽ ജോലി നോക്കുന്ന ആളാണ്. ഇവർക്ക് 21 വയസുള്ള മൂത്ത മകനുമുണ്ട്. സുഹൃത്തിന്റെ വീട്ടിൽ മരണം ഉണ്ടായപ്പോൾ മൂത്ത മകൻ അവിടെ പോയ ഘട്ടത്തിലാണ് ഉമ്മയെയും പെൺമക്കളേയും കാണാായത്. ഇവർ ഓട്ടോ വിളിച്ച് കൊണ്ടോട്ടിയിലെ ജാറത്തിൽ പോയതിന് ശേഷമാണ് നാടുവിട്ടത്. കേസന്വേഷണത്തിന്റെ ഭാഗമായി ഈ ഓട്ടോ ഡ്രൈവറെയടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വിശ്വാസ കാര്യത്തിൽ അന്ധമായ നിലപാടുകാരിയായിരുന്നു സൗദാബി എന്നാണ് നാടുകാരും ബന്ധുക്കളും നൽകിയ വിവരം. മക്കളെയും ഉമ്മയുടെ വിശ്വാസത്തിൽ വളർത്തുകയായിരുന്നു ഇവർ. ഒരിക്കൽ അസുഖം വന്ന വേളയിലാണ് പുളിയംപറമ്പിലുള്ള ഒരു സിദ്ധനെ കാണാൻ സൗദാബി പോയത്. അദ്ദേഹം വെള്ളം മന്ത്രിച്ചു നൽകിയതോടെ രോഗം മാറിയെന്നും ഇതോടെ സിദ്ധന്റെ കടുത്ത അനുയായി ആയി ഇവർ മാറിയെന്നുമാണ് നാട്ടുകാർ പറയുന്നത്.

സിദ്ധനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സിദ്ധന്റെ കേന്ദ്രം കരിപ്പൂർ പൊലീസ് പരിശോധിച്ചെങ്കിലും സൗദാബിയെയും മക്കളെയും ഇവിടെ കണ്ടെത്താനായില്ല. മാസങ്ങളായി സൈദാബിയുമായി ഒരുബന്ധമില്ലെന്നും ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നുമായിരുന്നു സിദ്ധൻ പൊലീസിനു നൽകിയ മൊഴി. എന്നാൽ സൗദാബി ഒളിച്ചു താമസിച്ചത് സിദ്ധനുമായി ബന്ധമുള്ള കേന്ദ്രത്തിലാണെന്നത് കൂടുതൽ ദുരൂഹത വർധിപ്പിക്കുന്നു. ഇത് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രവാസിയായ ഭർത്താവും പെൺകുട്ടികളെയും ഭാര്യയെയും കാണാതായതോടെ നാട്ടിൽ എത്തിയിരുന്നു. ഭർത്താവുമായി യാതൊരു പ്രശ്നവും സൗദാബിക്ക് ഉണ്ടായിരുന്നില്ലെന്ന് പൊലീസിൽ യുവതി പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP