Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പതിമൂന്ന് പേരിൽ പതിനൊന്ന് പേരും മരിച്ചു; രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു; രോഗപ്രതിരോധത്തിന് സഹായിക്കുന്ന മരുന്നായ റിബാവൈറിൻ കേരളത്തിൽ എത്തിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച മരുന്നിന്റെ വിതരണം പരിശോധനയ്ക്ക് ശേഷം തുടങ്ങും: നാദാപുരം സ്വദേശിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലും അതീവ ജാഗ്രതാ നിർദ്ദേശം

നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പതിമൂന്ന് പേരിൽ പതിനൊന്ന് പേരും മരിച്ചു; രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു; രോഗപ്രതിരോധത്തിന് സഹായിക്കുന്ന മരുന്നായ റിബാവൈറിൻ കേരളത്തിൽ എത്തിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച മരുന്നിന്റെ വിതരണം പരിശോധനയ്ക്ക് ശേഷം തുടങ്ങും: നാദാപുരം സ്വദേശിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലും അതീവ ജാഗ്രതാ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാൾ കൂടി മരിച്ചതായി സ്ഥിരീകരണം. ഇന്ന് ഒരാൾ കൂടി മരിച്ചതോടെ വൈറസ് ബാധിച്ച പതിമൂന്ന് പേരിൽ പതിനൊന്ന് പേരും മരണം വരിച്ചു. രോഗബാധയേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 22 പേരാണു രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിൽസ തേടിയത്. ഇവരെല്ലാം ഡോക്ടർമാരുടെ ശക്തമായ നിരീക്ഷണത്തിലാണ്. അതേസമയം മലപ്പുറത്തുള്ളവർക്ക് കോഴിക്കോട്ടുനിന്നാണ് വൈറസ് ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, രോഗികൾക്ക് ആശ്വാസം പകർന്ന് രോഗപ്രതിരോധത്തിന് സഹായിക്കുന്ന 'റിബവൈറിൻ' എന്ന മരുന്ന് സംസ്ഥാനത്തെത്തിച്ചു. 8000 ഗുളികകളാണ് എത്തിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലാണ് മരുന്നെത്തിച്ചത്. അതേസമയം പരിശോധനയ്ക്കു ശേഷമേ മരുന്നു നൽകിത്തുടങ്ങുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം ഇന്നലെ നാദാപുരം സ്വദേശി മരിച്ചതിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നാദാപുരം സ്വദേശിയായ അശോകൻ തലശേര സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ഈ സാഹചര്യത്തിലാണ് കണ്ണൂരിലും ജാഗ്രതാ നിർദ്ദേശം പുലർത്താൻ തീരുമാനം ആയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉൾപ്പെടുത്തി കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലെടുക്കാൻ നിർദ്ദേശം നൽകി.

തലശ്ശേരി ആശുപത്രിയിൽ അശോകനെ പരിചരിച്ച നഴ്‌സിന് പനി ബാധിച്ചത് ഗൗരവമായെടുക്കാനും അവരെ ഒറ്റപ്പെട്ട പ്രത്യേക വാർഡിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. അശോകനെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറെയും രോഗലക്ഷണമുണ്ടെന്ന സംശയത്തെത്തുടർന്ന് പ്രത്യേക വാർഡിലേക്കു മാറ്റും. ആശുപത്രിയിൽ മറ്റു ജീവനക്കാർക്ക് ആർക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിർദ്ദേശിച്ചു.

അതിനിടെ നിപാ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മക്കൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഞ്ചു ലക്ഷം വീതം ദൈനംദിന ആവശ്യങ്ങൾക്കും അഞ്ചു ലക്ഷം വീതം സ്ഥിരനിക്ഷേപമായി നൽകുന്നതിനുമാണ് തീരുമാനം. ലിനിയുടെ ഭർത്താവ് സജീഷിന് സർക്കാർ ജോലി നൽകുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

അതേസമയം രോഗം പിടിപെട്ട പ്രദേശങ്ങളിലുള്ള കുടുംബങ്ങളെല്ലാം ഭീതിയാൽ പലായനം ചെയ്യുന്ന കാഴ്ചയാണ്. ഇവിടങ്ങളിലെ വീടുകളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. വൈറസ് പടുരുമെന്ന ഭീതിയാണ് ബന്ധു വീടുകളിലേക്കോ മറ്റോ താമസം മാറാൻ കുടുംബങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളത്. വൈറസിന്റെ ഉറവിടമെന്ന് കണക്കാക്കുന്ന പേരാമ്പ്രയസൂപ്പിക്കടി, വൈറസ് ബാധയേറ്റ് മരിച്ച തിരൂരങ്ങാടി മൂന്നിയൂർ, തെന്നല എന്നിവിടങ്ങളിൽ നിന്നാണ് പ്രദേശവാസികൾ കൂട്ടത്തോടെ പലായനം ചെയ്തിട്ടുള്ളത്.

മരണം നടന്ന വീടകളിലേക്കോ പരിസരങ്ങളിലേക്കോ ഒരാളുപോലും വരുന്നില്ല. പരിസരത്തൊന്നും ആളനക്കങ്ങളുമില്ല. വൈറസ് വായുവിലൂടെ പടരുമെന്ന ഭീതിയും സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ സന്ദേശങ്ങളുമാണ് മിക്ക കുടുംബങ്ങളും മാറി താമസിക്കാൻ ഇടയാക്കിയിട്ടുള്ളത്. മാറി താമസിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് അധൃകൃതർ വ്യക്തമാക്കുമ്പോഴും ഈ പ്രദേശങ്ങളിൽ നിന്ന് 30ഓളം വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.

മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചിലെ ഹെഡ് ഡോ.ജി അരുൺകുമാർ സ്ഥലം സന്ദർശിച്ച് വീടുകൾ ഒഴിഞ്ഞു പോകേണ്ട സാഹചര്യമില്ലെന്ന് നാട്ടുകാരോടു പറഞ്ഞെങ്കിലും ആരും തിരിച്ചു വരാൻ തയ്യാറായിട്ടില്ല. മരിച്ച മുഹമ്മദ് സാലിഹിന്റെ വീട് മരണം സംഭവിച്ചതു
മുതൽ അടഞ്ഞു കിടക്കുകയാണ്. ഉമ്മയും ഇളയ മകനും ബന്ധുവീട്ടിലാണ്. മറിയത്തിന്റെ വീട്ടുകാർ ബന്ധു വീട്ടിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം തിരിച്ചെത്തി. മറിയത്തിന്റെ ഭർത്താവ് മൊയ്തു ഹാജി ഇന്നലെ രാവിലെ മുതൽ വീട്ടിലുണ്ടായിരുന്നു. എന്നാൽ വീട്ടിൽ ആളുള്ളപ്പോഴും ആരും അടുത്തേക്ക് വരുന്നില്ലെന്നതാണ് വീട്ടിലേക്കു വന്നയുടനെ ഇവരുടെ അനുഭവം.

തിരൂരങ്ങാടി മൂന്നിയൂരിലും തെന്നലയിലും മരിച്ച ഷിജിതയും സിന്ധുവും നിപ്പ വൈറസ് ബാധിച്ചാണെന്നറിഞ്ഞതോടെ ഇവരുടെ വീട്ടിലേക്കു ആരും പോകാതായി. അയൽപകക്കത്തുള്ളവർ വീടുകൾ പൂട്ടി ബന്ധുവീടുകളിൽ പോലും താമസം മാറിയ സ്ഥിതിയാണ്. ഇവരുടെ അടുത്ത ബന്ധുക്കൾ പോലും മരണ വീടുകളിലേക്കു പോകാൻ ഭയപ്പെടുകയാണ്. ഈ രണ്ട് കുടുംബവും തികച്ചും ഒറ്റപ്പെട്ട നിലയിലാണിപ്പോൾ. വായുവിലൂടെ പോലും വൈറസ് പരക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിലൂടെയുള്ള പ്രചാരണം ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP