Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി വിചാരിച്ചാൽ സിപിഐഎമ്മിനെ കടലിൽ താഴ്‌ത്താൻ സാധിക്കും; ചെങ്ങന്നൂരിൽ ബിജെപിയെ വിജയിപ്പിച്ചാൽ കേരളം നമ്പർ വണ്ണാക്കും; ചൈനീസ് ന്യൂഡിൽസിനോട് മത്സരിച്ച് നിൽക്കാൻ കേരളത്തിന്റെ ദോശക്കും ഇഡ്ഢലിക്കുമൊക്കെ സാധിക്കും; അതുപോലെ എല്ലാ കാര്യത്തിലും മുന്നിലെത്താനും; പിണറായിയെയും കാത്തിരിക്കുന്നത് മണിക് സർക്കാരിന്റെ ഗതി: ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ളക്ക് വോട്ടുചോദിച്ച് എത്തിയ ബിപ്ലവ് ദേവ് മലയാളത്തിലും ഹിന്ദിയിലും പ്രസംഗിച്ചത് ഇങ്ങനെ

ബിജെപി വിചാരിച്ചാൽ സിപിഐഎമ്മിനെ കടലിൽ താഴ്‌ത്താൻ സാധിക്കും; ചെങ്ങന്നൂരിൽ ബിജെപിയെ വിജയിപ്പിച്ചാൽ കേരളം നമ്പർ വണ്ണാക്കും; ചൈനീസ് ന്യൂഡിൽസിനോട് മത്സരിച്ച് നിൽക്കാൻ കേരളത്തിന്റെ ദോശക്കും ഇഡ്ഢലിക്കുമൊക്കെ സാധിക്കും; അതുപോലെ എല്ലാ കാര്യത്തിലും മുന്നിലെത്താനും; പിണറായിയെയും കാത്തിരിക്കുന്നത് മണിക് സർക്കാരിന്റെ ഗതി:  ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ളക്ക് വോട്ടുചോദിച്ച് എത്തിയ ബിപ്ലവ് ദേവ് മലയാളത്തിലും ഹിന്ദിയിലും പ്രസംഗിച്ചത് ഇങ്ങനെ

പീയൂഷ് ആർ

ചെങ്ങന്നൂർ: മണ്ടത്തരം പ്രസ്താവനകൾ കൊണ്ട് മാധ്യമ വാർത്തകളിൽ ഇടംപിടിച്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. ബിജെപി സ്ഥാനാർത്ഥി പി എസ് ശ്രീധരൻ പിള്ളക്ക് വോട്ടുപിടിക്കാൻ വേണ്ടിയാണ് അദ്ദേഹം എത്തിയത്. പ്രസംഗ വേദിയിൽ മലയാളം മാധ്യമങ്ങൾ കാത്തിരുന്നത് ബിപ്ലവിന്റെ വായിൽ നിന്നും എന്തെങ്കിലും വെള്ളി വീഴുന്നുണ്ടോ എന്നു നോക്കിയിരിക്കുകയാണ് ചെയ്തത്. സിപിഎമ്മിനെ വെല്ലുവിളിച്ചു കൊണ്ടാണ് ത്രിപുര മുഖ്യമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്.

കേരള സർക്കാറിനെ വിമർശിച്ചു കൊണ്ടാണ് ബിപ്ലവ് പ്രസംഗം തുടങ്ങിയത്. ഹിന്ദിയിലും മലയാളത്തിലുമായിരുന്നു ബിപ്ലവിന്റെ പ്രസംഗം. ത്രിപുര പോലെ കേരളത്തെയും സിപിഎമ്മിനെ അധികാരഭ്രഷ്ടരാക്കുമെന്നാണ് ബിപ്ലവ് പറഞ്ഞത്. ഇവിടെയിരിക്കുന്ന എല്ലാവർക്കും ഹിന്ദി മനസിലാകുമെന്നാണ് കരുതുന്നത്. മുഖഭാവത്തിൽനിന്നും അംഗവിക്ഷേപ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യമാണ് ഞാൻ പറയുന്നത്. കേരളത്തിൽ 15 ശതമാനം ബിജെപിക്ക് വോട്ടുണ്ട്. ബിജെപി വിചാരിച്ചാൽ സിപിഐഎമ്മിനെ കടലിലാഴ്‌ത്താൻ സാധിക്കും.- അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരിൽ നിങ്ങൾ ശ്രീധരൻ പിള്ളക്കുവേണ്ടിയല്ല കേരളത്തിനു വേണ്ടിയാണ് വോട്ടുചെയ്യേണ്ടത്. ത്രിപുരയിൽ ദൈവമല്ല അത്ഭുതം കാണിച്ചത്. ത്രിപുരയിലെ ജനങ്ങളാണ്. സിപിഎമ്മിന്റെ 25 വർഷത്തെ ഭരണത്തിനെതിരായ ജനങ്ങളാണ്. പിണറായിയെയും കാത്തിരിക്കുന്നത് മണിക് സർക്കാരിന്റെ ഗതിയാണ്. ജനകീയ സർക്കാരല്ല ഇവിടെ ഭരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുന്ന സമീപനമായിരുന്നു ത്രിപുരയിൽ. മോദി അവിടെ പ്രചാരണത്തിനെത്തി. ഞങ്ങൾ അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്ന് ഞങ്ങളെ കൊല്ലൂ എന്ന് പറഞ്ഞു. ഇതോടെ സിപിഐഎം പേടിച്ചു.

ഞങ്ങൾ അങ്ങനെയാണ് ജനങ്ങളെ ഒപ്പം നിർത്തിയത്. ത്രിപുരയിൽ ഇനിയൊരിക്കലും ചെങ്കൊടി ഉയരില്ല. നിരവധി വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണ് ത്രിപുരയ്ക്ക് പുറത്തുപോയി ജോലി ചെയ്യുന്നത്. അവരെയൊക്കെ ത്രിപുരയിലേക്ക് തിരിച്ചുകൊണ്ടുവന്ന് അവിടെ ഐ ടി ഹബ്ബാക്കും. ചെങ്ങന്നൂരിൽ ബിജെപിയെ വിജയിപ്പിച്ചാൽ കേരളം നമ്പർ വണ്ണാകും. മാധ്യമങ്ങൾ കേരളത്തിൽ എന്ത് ഇല്ല എന്ന് ശ്രദ്ധിക്കണം. നമ്പർ വൺ എന്ന് വെറുതേ പറഞ്ഞാൽ പോര. ശ്രീധരൻ പിള്ളക്ക് തുല്യം അദ്ദേഹം മാത്രം. രണ്ടു എൽഡിഎഫും യുഡിഎഫും എന്തിനാണ് രണ്ടായി മത്സരിക്കുന്നത്. ഒന്നിച്ച് മത്സരിക്കൂ. ബംഗളുരുവിൽ ഒന്നിച്ചല്ലേ. പിന്നെന്തിനാ രാഷ്ട്രീയ നിലപാട് മാറ്റുന്നത്.

ബംഗളുരുവിൽ നിന്ന് ഇവിടെയെത്തുമ്പോൾ മാറുന്ന രാഷ്ട്രീയം എന്ത് രാഷ്ട്രീയമാണ്. ? രാഷ്ട്രീയത്തിൽ വളരെ ജൂനിയറായ ആളാണ് ഞാൻ. ഞാനെങ്ങനെ മുഖ്യമന്ത്രിയായി എന്ന് ഇടക്കിടെ തോന്നാറുണ്ട്. ഇവരോടൊപ്പം നടക്കുമ്പൊ ഞാൻ മുഖ്യമന്ത്രിയാണോ എന്ന് തോന്നാറുണ്ട്. അമിത് ഷായും മോദിയും എന്നെ പെട്ടെന്ന് മുഖ്യമന്ത്രിയാക്കി. സാധാരണക്കാരനായി ജീവിക്കാനാണ് എനിക്കിഷ്ടം. പക്ഷെ ഞാൻ ത്രിപുരയെ മികച്ച സംസ്ഥാനമാക്കും എന്ന വാക്ക് എനിക്ക് പാലിക്കണം. ത്രിപുരയിലെ പോലെ തന്നെയാണ് ഇവിടത്തെ ചോറും മീനുമൊക്കെ. ചൈനീസ് ന്യൂഡിൽസിനോട് മത്സരിച്ച് നിൽക്കാൻ കേരളത്തിന്റെ ദോശക്കും ഇഡ്ഢലിക്കുമൊക്കെ സാധിക്കുമെങ്കിൽ അതുപോലെ എല്ലാക്കാര്യത്തിലും മുന്നിൽ നിൽക്കാൻ കേരളത്തിന് കഴിയും.- ബിപ്ലവ് പറഞ്ഞു.

കേരളം ഭരിക്കുന്നത് ദളിത് വിരുദ്ധ സർക്കാരാണ്. ത്രിപുരയിലെ ബിജെപി പക്ഷെ ദളിത് അനുകൂലമാണ്. പട്ടികജാതി സംവരണ സീറ്റുകളിൽ ബിജെപിയാണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വാരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തെ ബിപ്ലവ് കുമാർ സന്ദർശിച്ചിരുന്നു. പിണറായി വിജയൻ പാർട്ടിയുടെ മുഖ്യമന്ത്രിയല്ലെന്നും കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന കാര്യം അദ്ദേഹം ഓർക്കണമെന്നും അദ്ദേഹം സന്ദർശന ശേഷം പറഞ്ഞു.

പിണറായി അഹങ്കാരിയാണെന്നും അതുകൊണ്ടാണ് അദ്ദേഹം ശ്രീജിത്തിന്റെ വീട് സന്ദർശിക്കാത്തതെന്നും ബിപ്ലവ് പറഞ്ഞു. മണിക് സർക്കാറിന്റെ അവസ്ഥയിലേക്കാണ് പിണറായി സർക്കാർ പോകുന്നതെന്നും കേരളത്തിൽ ബിജെപി സർക്കാർ ഭരണത്തിൽ വരുമെന്നും ബിപ്ലവ് കൂട്ടിച്ചേർത്തു. ത്രിപുര സർക്കാർ ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും ബിപ്ലവ് കുമാർ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP