Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതാണ് ഞങ്ങൾ മലപ്പുറത്തുകാർ! വർഗീയ കുത്തുവാക്കുകൾ കൊണ്ട് നോവിച്ചവർക്ക് കാണാം നാട്ടിലെ മണ്ണിന്റെ കൂട്ട്; വെട്ടിച്ചിറ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ഇഫ്താർ സംഗമം; പുന്നത്തല ഗ്രാമവാസികൾ കൊണ്ടാടിയത് വേനൽകാലത്തെ സൗഹൃദോത്സവം

ഇതാണ് ഞങ്ങൾ മലപ്പുറത്തുകാർ! വർഗീയ കുത്തുവാക്കുകൾ കൊണ്ട് നോവിച്ചവർക്ക് കാണാം നാട്ടിലെ മണ്ണിന്റെ കൂട്ട്;  വെട്ടിച്ചിറ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ഇഫ്താർ സംഗമം; പുന്നത്തല ഗ്രാമവാസികൾ കൊണ്ടാടിയത് വേനൽകാലത്തെ സൗഹൃദോത്സവം

എംപി റാഫി

മലപ്പുറം: ഇഫ്താർ വിരുന്നൊരുക്കി മലപ്പുറത്തിന്റെ മതസൗഹാർദം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് വെട്ടിച്ചിറയിലെ ലക്ഷ്മി നരസിംഹമൂർത്തി വിഷ്ണു ക്ഷേത്രം. വ്യക്തികളും സംഘടനകളും നടത്തുന്ന സമൂഹ നോമ്പുതുറകൾ നിരവധിയാണെങ്കിലും ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്ര വളപ്പിലെ റംസാൻ നോമ്പുതുറ സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും വ്യത്യസ്ത അനുഭൂതി പകരുന്നതായിരുന്നു.

വെട്ടിച്ചിറ പുന്നത്തല ലക്ഷ്മി നരസിംഹ മൂർത്തി വിഷ്ണു ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം തുടക്കമിട്ട ഇഫ്താർ സംഗമം തുടരാൻ ക്ഷേത്ര കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ജീർണിച്ച നിലയിലായിരുന്ന ക്ഷേത്രം നാട്ടുകാരുടെ സഹായ സഹകരണത്തോടെ കഴിഞ്ഞ റംസാനിൽ പുനഃപ്രതിഷ്ഠ നടത്തുകയും പുതുക്കിപ്പണിയുകയുമായിരുന്നു. പ്രതിഷ്ഠ നടന്ന ശേഷം ക്ഷേത്ര
നിർമ്മാണത്തിനായി രംഗത്തിറങ്ങിയ നാട്ടുകാരായ മുസ്ലിം സഹോദരങ്ങൾക്ക് റംസാനായതിനാൽ ഭക്ഷണം കൊടുക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ നിന്നാണ് ഇഫ്താർ സംഗമം എന്ന ആശയത്തിന് ക്ഷേത്ര കമ്മിറ്റി തുടക്കമിട്ടത്. പ്രതിഷ്ഠ നടന്നതിന്റെ ഒന്നാം വാർഷികം കൂടിയാണ് നാളെ.

ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്ന് നാട്ടുകാർക്കായി ക്ഷേത്രവളപ്പിൽ നോമ്പുതുറ ഒരുക്കിയതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ മറുനാടൻ മലയാളിയോടു പറഞ്ഞു.വിവിധ രീതിയിലുള്ള വർഗ്ഗീയ പരാമർശങ്ങൾ കൊണ്ട് അടുത്തിടെ വേട്ടയാടപ്പെട്ടവരാണ് മലപ്പുറത്തുകാർ. എന്നാൽ അതിനെയൊക്കെ മലർത്തിയടിച്ച് മലപ്പുറം മതസൗഹാർദ്ദത്തിന്റെ മണ്ണാണെന്ന് മലപ്പുറത്തുകാർ തെളിയിച്ചിട്ടുണ്ട്. 400-ഓളം പേർക്ക് ഇഫ്താർവിരുന്നൊരുക്കി വീണ്ടും മതസൗഹാർദ്ദത്തിന്റെ കാഴ്‌ച്ചയൊരുക്കിയിരിക്കുകയാണ് മലപ്പുറത്തെ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം.

ഇഫ്താറിൽ ക്ഷണിക്കപ്പെട്ട എല്ലാ വീടുകളിൽ നിന്നുള്ളവരും പങ്കെടുത്തു.പുന്നത്തല ഗ്രാമവാസികളുടെ ഒത്തുചേരൽ കൂടിയായിരുന്നു ഈ ഇഫ്താർ സംഗമം. വരും വർഷങ്ങളിലും ഇഫ്താർ വരുന്ന് തുടരാനാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. മതസൗഹാർദ്ദത്തിന്റെ നല്ല അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നതെന്നും തങ്ങൾ മാനവികതക്കാണ് പ്രാധാന്യം നൽകുന്നതെന്നും ക്ഷേത്രസംരക്ഷണ സമിതി ചെയർമാൻ മമ്മു മാസ്റ്റർ മറുനാടൻ മലയാളിയോടു പറഞ്ഞു. കഴിഞ്ഞ വർഷം ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് സഹായം നൽകിയിരുന്നത് മുന്നൂറിലേറെയുള്ള മുസ്ലിംകുടുംബങ്ങളായിരുന്നുവെന്നതും മതസൗഹാർദ്ദത്തിന്റെ മാറ്റ് കൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP