Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചിയിൽ ഫ്‌ളാറ്റ് തട്ടിപ്പുകാരുടെ അധോലോകം അരങ്ങു വാഴുന്നു! കോടികൾ നൽകിയിട്ടും ഫ്‌ളാറ്റു കിട്ടാതെ പ്രവാസികൾ അടക്കം പതിനായിരത്തോളം പേർ; തട്ടിപ്പുകാരിൽ സഹാറയടക്കം പ്രമുഖ നിർമ്മാതാക്കളും

കൊച്ചിയിൽ ഫ്‌ളാറ്റ് തട്ടിപ്പുകാരുടെ അധോലോകം അരങ്ങു വാഴുന്നു! കോടികൾ നൽകിയിട്ടും ഫ്‌ളാറ്റു കിട്ടാതെ പ്രവാസികൾ അടക്കം പതിനായിരത്തോളം പേർ; തട്ടിപ്പുകാരിൽ സഹാറയടക്കം പ്രമുഖ നിർമ്മാതാക്കളും

കൊച്ചി: മലയാളം ഗ്യാങ്സ്റ്റർ സിനിമകളിൽ അധോലോക പശ്ചാത്തലമൊരുക്കുന്ന കേരളനഗരം പലപ്പോഴും കൊച്ചിയാണ്. മട്ടാഞ്ചേരിയിലും ഫോർട്ടുകൊച്ചിയിലുമാണ് അധോലോക നേതാക്കളുടെ താവളം..! എന്നാൽ കൊച്ചിയിലെ യഥാർത്ഥ അധോലോകം സിനിമാക്കാർ പറയുന്നതൊന്നുമല്ല. പ്രവാസികൾ അടക്കം മികച്ചൊരു ഫ്‌ളാറ്റ് സ്വപ്നം കാണുന്ന അനവധി പേരെ കബളിപ്പിച്ച് പണം തട്ടുന്ന ഒരു കൂട്ടം ഫ്‌ളാറ്റ് നിർമ്മാതാക്കൾ അധോലോകത്തെയും കടത്തിവെട്ടുന്ന പ്രവർത്തനമാണ് കാഴ്‌ച്ചവെക്കുന്നത്. പ്രമുഖരായ അമ്പതോളം ഫ്‌ളാറ്റ് നിർമ്മാതാക്കൾ പണം വാങ്ങിയിട്ടും ഫ്‌ളാറ്റ് നിർമ്മാതാക്കളെ കബളിപ്പിക്കുകയാണെന്നാണ് മനോരമ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തത്. കാക്കനാട്ടെ സഹാറ ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് സമുച്ഛയത്തിന്റെ തട്ടിപ്പിനെ മുൻനിർത്തിയാണ് വാർത്ത.

കൊച്ചിയിൽ സ്വപ്നഭവനം മോഹിച്ച് ഫ്‌ളാറ്റിനായി ബുക്കു ചെയ്തവരിൽ നല്ലൊരു ശതമാനം തന്നെ ഇപ്പോഴും തട്ടിപ്പിന് ഇരയായികൊണ്ടിരിക്കയാണ്. ആപ്പിൾ എ ഡേ തട്ടിപ്പ് മാത്രമാണ് അടുത്തകാലത്ത് പുറത്തുവന്ന ഏറ്റവും വലിയ ഫ്‌ളാറ്റ് തട്ടിപ്പെങ്കിൽ ഇത് പുറത്തുവന്ന ഒരു കഥ മാത്രമാണെന്നാണ് അറിയുന്നത്. ചെറുതും വലുതുമായ ഫ്‌ളാറ്റു തട്ടിപ്പുകാർ കൊച്ചിയിൽ വിലസുകയാണ്. കായൽ കൈയേറിയും മറ്റു ഫ്‌ളാറ്റ് നിർമ്മിച്ച പ്രമുഖ ബിൽഡേഴ്‌സ് ആകട്ടെ കോടതിയുടെ നൂലാമാലകളിൽ പെട്ട് ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഇതിന്റെ ഒക്കെ ഭവിഷ്യത്ത് അനുഭവിക്കുന്നത് പ്രവാസികൾ അടക്കം ഫ്‌ളാറ്റിനായി പണം മുടക്കിയവരാണ്. ഫ്‌ളാറ്റിനായി മുഴുവൻ പണം നൽകിയവരും തട്ടിപ്പിന് ഇരയായവരുടെ കൂട്ടത്തിൽ പെടും.

കാക്കനാട്ടെ സഹാറ ഗ്രൂപ്പിന്റെ പദ്ധതിയിൽ പണം മുടക്കിയവരാണ് പൂർണ്ണമായും വഞ്ചിക്കപ്പെട്ടത്. കൊച്ചി കാക്കനാട്ട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തായി പ്രഖ്യാപിക്കപ്പെട്ട സഹാറ ഗ്രെയ്‌സ് പദ്ധതിയിൽ കബളിപ്പിക്കപ്പെട്ടത് നൂറ്റിയറുപതിലേറെ പേരാണ്. 11 ടവറുകളിലായി 1500 ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നു എന്നാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രണ്ട് ടവറുകൾ പോലും പൂർണ്ണമായും പണി തീർക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. ഈ രണ്ട് ടവറുകളിൽ 160തോളം ഫ്‌ളാറ്റുകൾക്കായി പണം മുടക്കിയവർക്ക് അഞ്ച് വർഷം പിന്നിട്ടിട്ടും ഫ്‌ളാറ്റ് ലഭിച്ചിട്ടില്ല.

മാസങ്ങൾക്കുമുൻപ് ഗ്രൂപ്പ് മേധാവി സുബ്രതോ റോയ് അറസ്റ്റിലാകുന്നതിനും വർഷങ്ങൾക്കുമുമ്പേ സഹാറയുടെ കാക്കനാട്ടെ പദ്ധതിയുടെ നിർമ്മാണം നിലച്ചിരുന്നു. സീപോർട് എയർപോർട് റോഡിനരുകിൽ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു സമീപത്തായി 15 ഏക്കറിലാണ് സഹാറ ഗ്രെയ്‌സ് പദ്ധതി. 2008ൽ നിർമ്മാണ മാരംഭിച്ച് 2010ൽ കൈമാറുമെന്നായിരുന്നു വാഗ്ദാനം. ചതുരശ്രയടിക്ക് മൂവായിരം രൂപവച്ച് അൻപതുലക്ഷം വരെ പലരും നൽകിക്കഴിഞ്ഞു. ഫ്‌ളാറ്റിനായി പണം മുടക്കിയവരിൽ അധികവും പ്രവാസികൾ ആയിരുന്നു. രണ്ടു ടവറുകളിലായി 160 ഫളാറ്റുകളാണുള്ളത്. ആറു വർഷം കഴിഞ്ഞിട്ടും അവസാനവട്ട പണികൾ ഇനിയും ബാക്കി. 15 ഏക്കറിലെ ഈ പദ്ധതിയിൽ ഇത്തരത്തിൽ 11 ടവറുകൾ നിലവിൽ വരുമെന്നാണ് കമ്പനി പറഞ്ഞിരുന്നത്.

ഇത്തരത്തിൽ സഹാറ മാതൃകയിൽ കൊച്ചിയിലെ അമ്പതോളം ഫ്‌ളാറ്റ് സമുച്ഛയങ്ങളിൽ പണം മുടക്കിയിട്ടും ഫ്‌ളാറ്റ് ലഭിക്കാത്ത പതിനായിരത്തോളം പേരുണ്ടെന്നാണ് അറിയുന്നത്. പ്രമുഖ ബിൽഡർമാരായ ഹീരയും ഗ്യാലക്‌സി ഗ്രൂപ്പും ഫ്‌ളാറ്റിനായി പണം മുടക്കിയവർക്ക് ഫ്‌ളാറ്റ് നൽകാത്തവരുടെ കൂട്ടത്തിൽപെടും. ഇപ്പോൾ വിവാദത്തില്പെട്ട് നിർമ്മാണം നിർത്തിവച്ച കൊച്ചിയിലെ ഡിഎൽഎഫിന്റെ ഫ്‌ളാറ്റിനായി പണം മുടക്കിയവരും കുടുങ്ങിയിരിക്കയാണ്. നിർമ്മാണം പറഞ്ഞ സമയത്ത് പൂർത്തീകരിച്ച് ഫ്‌ളാറ്റ് ഉടമസ്ഥർക്ക് കൈമാറാൻ കമ്പനിക്ക് സാധിക്കില്ലെന്ന കാര്യം വ്യക്തമായി കഴിഞ്ഞു. മുഴുവൻ പണവും നൽകിയവരും 90 ശതമാനം പണവും നൽകിയവരും ഇനി എന്തു ചെയ്യണമെന്ന ആശങ്കയിലാണ്.

അതേസമയം ആപ്പിൾ, പാർഥസാരഥി ഫ്‌ളാറ്റ് തട്ടിപ്പിന്റെ പശ്ചാത്തലത്തൽ സർക്കാറിന്റെ ഭാഗത്തു നിന്നും ചില നീക്കങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം പിന്നീട് കാറ്റില്പറത്തുന്ന ശ്രമമാണ് ബിൽഡർമാരുടെ ഭാഗത്തു നിന്നുമുണ്ടായത്. പണം മുൻകൂറായ സമാഹരിച്ച് പദ്ധതി പൂർത്തിയാക്കുന്ന ശ്രമമാണ് പൊതുവേ എല്ലാ ബിൽഡർമാരും ചെയ്യുന്നത്. എന്നാൽ വേഗം വളരാനുള്ള ശ്രമത്തിനിടെ മറ്റ് പ്രോജക്ടുകൾ കൂടി പ്രഖ്യാപിക്കുമ്പോൾ ഒരു പ്രൊജക്ടും പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് പൊതുവിൽ ഉണ്ടാകാറുള്ളത്. ഇങ്ങനെ നേരത്തെ തന്നെ പണം നൽകി വഞ്ചിതരായവർ നിരവധിയാണ്.

അതേസമയം തട്ടിപ്പുകാർ ചെറിയൊരു പക്ഷം മാത്രമേ ഉള്ളൂവെന്നാണ് ബിൽഡർമാരുടെ കൂട്ടായ്മ പറയുന്നത്. ഈ ചെറിയ പക്ഷത്തിന്റെ പേരിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ബിൽഡേഴ്‌സിനെ കുറ്റപ്പെടുത്തരുതെന്നും ഇവർ പറയുന്നു. എന്നാൽ കൊച്ചിയിലെ 20 ശതമാനം ബിൽഡേഴ്‌സിനെതിരെയും ഉപഭോക്താകൾക്ക് പരാതി ഉണ്ടെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP