Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപ്പ ഭീതിയിൽ ശോഭകുറഞ്ഞ് കൊട്ടിയൂരിലെ വൈശാഖ മഹോത്സവം; ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രത്തിൽ ആളില്ലാതായതോടെ വിൽപന പ്രതീക്ഷിച്ച് തുറന്ന ഹോട്ടലുകളും കടകളും പൂട്ടിത്തുടങ്ങി; വരുന്ന അപൂർവം ഭക്തരും കൊട്ടിയൂരപ്പനെ വണങ്ങി അതിവേഗം സ്ഥലംവിടുന്നു; അടുത്തയാഴചയോടെ രോഗഭീതി ഒഴിഞ്ഞ് കൂടുതൽ പേർ എത്തുമെന്ന പ്രതീക്ഷയിൽ കച്ചവടക്കാർ

നിപ്പ ഭീതിയിൽ ശോഭകുറഞ്ഞ് കൊട്ടിയൂരിലെ വൈശാഖ മഹോത്സവം; ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രത്തിൽ ആളില്ലാതായതോടെ വിൽപന പ്രതീക്ഷിച്ച് തുറന്ന ഹോട്ടലുകളും കടകളും പൂട്ടിത്തുടങ്ങി; വരുന്ന അപൂർവം ഭക്തരും കൊട്ടിയൂരപ്പനെ വണങ്ങി അതിവേഗം സ്ഥലംവിടുന്നു; അടുത്തയാഴചയോടെ രോഗഭീതി ഒഴിഞ്ഞ് കൂടുതൽ പേർ എത്തുമെന്ന പ്രതീക്ഷയിൽ കച്ചവടക്കാർ

രഞ്ജിത്ത് ബാബു

കണ്ണൂർ: നീപ ഭീതി വിട്ട് മാറാതെ കൊട്ടിയൂർ വൈശാഖ മഹോത്സവം. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന കൊട്ടിയൂരിൽ ഇപ്പോൾ വരുന്നത് നാമമാത്രമായ ഭക്തർ. പാൽ ചുരം കടന്നെത്തി പാലുകാച്ചി മലയുടെ താഴ്‌വാരത്തു കൂടെ ഒഴുകുന്ന ബാവലി തീർത്ഥത്തിൽ മുങ്ങി നിവരാനും തിരുവഞ്ചിറയിൽ വലം വെക്കാനും ഭക്തജനക്കൂട്ടമില്ല.

ലക്ഷണക്കണക്കിന് തീർത്ഥാടകരെ വരവേൽക്കാൻ ഹോട്ടലുകളും ഓടപ്പൂശാലകളും മലർവിൽപ്പന കടകളും ഫാൽസി കടകളുമായി അഞ്ഞൂറിലേറെ കടകൾ ഇവിടെ പ്രവർത്തന സജ്ജമാക്കിയിരുന്നു. തീർത്ഥാടകരില്ലാത്തതിനാൽ കടകളോരോന്നും അടച്ചു പൂട്ടുകയാണ്. കൊട്ടിയൂരിന്റെ ചരിത്രത്തിലെ തീർത്ഥാടകരുടെ അഭാവം കൊണ്ട് ശ്രദ്ധേയമാവുന്ന ആദ്യ മഹോത്സവും ഇതു തന്നെ.

മഹോത്സവത്തിലെ സ്ത്രീ പ്രവേശനത്തിന്റെ ഏഴാം ദിവസം പിന്നിടുമ്പോഴും സ്ത്രീകളുൾപ്പെടെയുള്ള കുടുംബങ്ങൾ കൂട്ടമായി ഇവിടെ എത്തിക്കാണുന്നില്ല. കൊട്ടിയൂരെത്തുന്ന ഭക്തജനങ്ങൾക്ക് വിശേഷപ്പെട്ട പ്രസാദമാണ് ഓടപ്പൂവ്. ഓടപ്പൂവ് വിൽപ്പന സ്റ്റാളുകളിൽ മാത്രം മുന്നൂറിലേറെ പേർ ജോലി നോക്കുന്നുണ്ട്. ഇരുന്നൂറിലേറെ കുടുംബങ്ങൾ ജാതി മതഭേദമെന്യേ ഓടപ്പൂ നിർമ്മാണത്തിൽ സജീവമായുണ്ട്.

എന്നാൽ നീപ ഭിതിയിൽ തീർത്ഥാടകരില്ലാതെ ഒരു സ്ഥാപനത്തിലും നിലനിൽപ്പിനു പോലും കച്ചവടമില്ല. ലക്ഷങ്ങൾ നൽകി ഉത്സവത്തിന്റെ ഭാഗമായി സ്റ്റാളുകൾ ലേലം കൊണ്ടവർ കടുത്ത ദുരിതത്തിലാണ്. കനത്ത തിരിച്ചടിയാണ് കൊട്ടിയൂർ മഹോത്സവത്തിന് നിപ ഭീതി മൂലമുണ്ടായത്.

കണ്ണൂർ ജില്ലക്ക് പുറമേ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, ബാലുശ്ശേരി, വടകര, കുറ്റ്യാടി, പ്രദേശങ്ങളിൽ നിന്നാണ് കൂട്ടമായി ഭക്തജനങ്ങൾ എത്താറ് പതിവ്. എന്നാൽ ഈ മേഖലകളിൽ നിന്നും തീർത്ഥാടകരുണ്ടെന്നതിൽ സംശയിച്ച് മറ്റ് പ്രദേശങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഇത്തവണ കൊട്ടിയൂർ ദർശനത്തിന് ഇനിയും പുറപ്പെട്ടിട്ടില്ല. കുടുംബസമേതം കൊട്ടിയൂരിൽ ദർശനത്തിനെത്തുന്നവർ പ്രഭാത ഭക്ഷണം മുതൽ ഒരു ദിവസം മുഴുവൻ ഇവിടെ ചിലവഴിക്കാറാണ് പതിവ്.

എന്നാൽ ഇപ്പോൾ വരുന്ന അപൂർവ്വം തീർത്ഥാടകർ വരെ കൊട്ടിയൂരപ്പനെ വണങ്ങി പെട്ടെന്ന് തന്നെ തിരിക്കുകയാണ്. ജൂൺ 5 ഓടെ നീപ ഭയം കെട്ടടങ്ങുമെന്നായിരുന്നു ആരോഗ്യ വകുപ്പ് അധികൃതരുടെ കണക്കു കൂട്ടൽ. അതിനു ശേഷം കൊട്ടിയൂരിലെത്താമെന്ന് കരുതുമ്പോഴാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും മറ്റും അവധി വീണ്ടും നീട്ടിയത്.

വിദൂര ദേശങ്ങളിൽ നിന്നു പോലും വാഹനങ്ങളിൽ തിങ്ങി നിറഞ്ഞ് തീർത്ഥാടകർ എത്താറുണ്ട്. എന്നാൽ ഇപ്പോൾ ബസ്സുകളിലെ സീറ്റിൽ പോലും തികയാനാളുകളില്ല. നെയ്യാട്ടത്തിനും ഭണ്ഡാര എഴുന്നള്ളത്തിനും ശേഷമുള്ള പ്രധാന ചടങ്ങാണ് ഇന്ന് നടക്കുന്ന തിരുവോണ ആരാധന. പതിവനുസരിച്ച് രാവിലെ തന്നെ വിശ്വാസികൾ എത്തിച്ചേരാറുണ്ട്.

എന്നാൽ ഇത്തവണ അതുമുണ്ടാകുന്ന സൂചനയില്ല. നാളത്തെ ഇളനീർ വെപ്പിനും വിശ്വാസികൾ കൂട്ടമായി എത്തിച്ചേരാറുണ്ട്. വരും ദിവസങ്ങളിലെങ്കിലും ഭക്തജനങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം അധികൃതരും നാട്ടുകാരും.

മൂന്നാം ഘട്ടത്തിൽ നീപ രോഗബാധക്ക് സാധ്യതയില്ലെന്ന് മണിപ്പാൽ വെറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ. അരുൺ കുമാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആശങ്കക്ക് ഇനിയും അയവു വന്നിട്ടില്ല. രോഗം മൂർച്ഛിച്ചവരിൽ നിന്ന് മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരൂ എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഇതെല്ലാം കൊട്ടിയൂരിൽ ഭക്തജനങ്ങൾ ഇനിയെങ്കിലും എത്തുമെന്ന പ്രതീക്ഷക്ക് വക നൽകുന്നു. കൊട്ടിയൂർ ഉത്സവ നഗരിയിൽ ആരോഗ്യ വകുപ്പിന്റെ സർവ്വ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരുമടങ്ങുന്ന 30 അംഗ സംഘം 24 മണിക്കൂറും ഇവിടെ സേനവനമനുഷ്ഠിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP